UPDATES

ബ്ലോഗ്

പ്രകാശ് രാജോ കൻഹയ്യ കുമാറോ മത്സരിക്കുന്നിടത്തു മാത്രം മുസ്ലീം പ്രാതിനിധ്യത്തെപ്പറ്റി വേവലാതിപ്പെടുന്നത് എന്തുകൊണ്ടാവാം?

ഇപ്പറയുന്ന ബെഗുസറായി സീറ്റ് മുസ്ലിങ്ങൾ സ്ഥിരമായി മത്സരിച്ചു ജയിച്ചിരുന്ന സീറ്റ് ആണെന്ന് തോന്നും ചിലരുടെ പ്രചാരണം കണ്ടാൽ

കൻഹയ്യ കുമാർ ബെഗുസറായിൽ മത്സരിക്കുമ്പോൾ ഒരു മുസ്ലിം സ്ഥാനാർത്ഥിയുടെ പാർലമെൻറിൽ എത്താനുള്ള അവസരമാണ് തട്ടിക്കളയുന്നതെന്ന് വാദിച്ച ഇസ്ലാമിസ്റ്റുകൾ ഉണ്ട്. ഈ വാദം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ മറുഭാഗത്തു നിന്ന് ചിലർ ഉയർത്തുന്നുമുണ്ട്. ഇങ്ങനെ തർക്കിച്ചു ജയിക്കാൻ വേണ്ടി മാത്രം ഇസ്ലാമിസ്റ്റ് വാദങ്ങൾക്ക് വെറുതെ പ്രാബല്യം കൊടുക്കുന്ന പരിപാടി ആളുകൾ നിർത്തണം.

ബിഹാറിൽ സിപിഐക്കും സിപിഎമ്മിനും മാത്രം 2015 നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി vs മഹാസഖ്യം bipolar തിരഞ്ഞെടുപ്പിൽ പോലും 8 ലക്ഷം വോട്ടുകളുണ്ട്. ഇത്തവണ ഒരു മണ്ഡലത്തിൽ മാത്രമേ സിപിഐ മത്സരിക്കുന്നുള്ളൂ. മറ്റെല്ലാ മണ്ഡലങ്ങളിലും ആർജെഡി- കോൺഗ്രസ് സഖ്യത്തിനാണ് അവരുടെ വോട്ട്. ബെഗുസറായിലാണെങ്കിൽ കന്‍ഹയ്യ മത്സരിക്കാനുള്ള ഒരുക്കം തുടങ്ങിയിട്ട് ആറു മാസത്തിലധികമായി.

ഇവരെല്ലാവരും പറയുന്ന പോലെ കഴിഞ്ഞ ബിജെപി സർക്കാർ ആണ് ഏറ്റവും വലിയ പ്രശ്നമെങ്കിൽ അതിനെ ഏറ്റവും നന്നായി പ്രതിരോധത്തിലാക്കിയ, ഇന്ത്യ മുഴുവനും ആ സർക്കാരിനെതിരെ ഏറ്റവും ഫലപ്രദമായ രീതിയിൽ യുവ മനസ്സുകളെ ആലോചിപ്പിച്ച, ഇന്ന് ഇന്ത്യയിൽ തന്നെയുള്ള ഏറ്റവും നല്ല പൊളിറ്റിക്കൽ ക്യാമ്പയിനറെ അക്കോമഡെറ്റ് ചെയ്യാൻ കഴിയാത്തത് പല നിലയിൽ തെറ്റാണ്. രാഷ്ട്രീയ ചർച്ചകൾ കാലത്തെ ഉൾക്കൊണ്ടു മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്. മണ്ഡൽ രാഷ്ട്രീയത്തെ എത്ര നന്നായി ഉൾക്കൊണ്ടു കൊണ്ടുള്ള ഇടതുപക്ഷ ഭാഷയാണ്, നമ്മുടെ കാലത്തെ ജീവിതാനുഭവങ്ങളോട് എങ്ങനെ സംവദിക്കുന്ന ജൈവികമായ ശൈലിയാണ് കൻഹയ്യയുടെത് എന്ന് നോക്കൂ.

ഇനി ഇപ്പറയുന്ന ബെഗുസറായി സീറ്റ് മുസ്ലിങ്ങൾ സ്ഥിരമായി മത്സരിച്ചു ജയിച്ചിരുന്ന സീറ്റ് ആണെന്ന് തോന്നും ചിലരുടെ പ്രചാരണം കണ്ടാൽ. 2009-ലെ ഒരൊറ്റ ഇലക്ഷനിൽ ഡോ. മോനസീർ ഹസൻ (ജനതാദൾ യുണൈറ്റഡ്) ജയിച്ചത് മാറ്റി നിർത്തിയാൽ ലോക്സഭയിലേക്ക് ഇന്ന് വരെ നടന്ന 16 ഇലക്ഷനുകളിൽ 15 പ്രാവശ്യവും ജയിച്ചത് മുസ്ലിങ്ങളല്ല എന്നോർക്കണം.

മുസ്ലിം പ്രാതിനിധ്യത്തിന് ഒരു പ്രാധാന്യവും ഇല്ലെന്നാണോ? മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും ഹിന്ദുക്കൾ മുസ്ലിങ്ങളെയും ബ്രാഹ്മണർ ദളിതരെയും ദളിതർ ബ്രാഹ്മണരെയും സ്ത്രീകൾ പുരുഷന്മാരെയും പുരുഷന്മാർ സ്ത്രീകളെയും എല്ലാം പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് നമുക്ക് ആവശ്യം. “ആദ്യവും അവസാനവും നാമെല്ലാം ഇന്ത്യക്കാർ മാത്രമായിരിക്കണം” എന്ന് ഭരണഘടനാപരമായ ദേശീയത ഉയർത്തിപ്പിടിച്ചു കൊണ്ട് ബാബാസാഹേബ് അംബേദ്‌കർ പറഞ്ഞതിന്റെ സാരവും അതാണ്. അവിടെ നിന്ന് വളരെ അകലെയാണ് നാം എന്നതിനാൽ വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിനായി എല്ലാ ജാതി-മത-പ്രദേശ-ലിംഗ-ലൈംഗികവിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് പ്രതിനിധാനം ഉണ്ടാവാൻ ശ്രമിക്കുന്നത് ഇന്ത്യ എന്ന ആശയത്തിൽ ധാർമികമായി വിശ്വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

മത-ജാതി-ലിംഗ സ്വത്വങ്ങൾ മാത്രം മാനദണ്ഡമായെടുത്താൽ ഏതു പ്രത്യശാസ്ത്രക്കാരെയും അപ്പേരിൽ മാത്രം എടുക്കേണ്ടി വരും. മുഖ്‌താർ അബ്ബാസ് നഖ്‌വിയെ ബിജെപി ബെഗുസറായിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ, ആർജെഡി-കോൺഗ്രസ് സഖ്യ സ്ഥാനാർഥി യാദവ/ദളിത് സമുദായത്തിൽ നിന്നായിരുന്നെങ്കിൽ ഈ മൊത്തം ചർച്ച പൊളിഞ്ഞു പോയേനെ എന്ന് ഓർക്കണം. മണ്ഡൽ രാഷ്ട്രീയത്തെ/സ്വത്വ രാഷ്ട്രീയത്തെ ഇങ്ങനെ കാരിക്കേച്ചർ ആക്കരുത്.

ഈ ശ്രമമോ അതുണ്ടാവുന്നില്ല എന്ന വിമര്‍ശനമോ മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ട്രെൻഡുകളുടെ പഠനത്തിലൂടെയാണ് ഉണ്ടാവേണ്ടത്. അതിന് പ്രതിനിധാനത്തെപ്പറ്റി ആലോചന മാത്രം പോരാ, അതിനു പറ്റിയ ആളുകളെ ഉണ്ടാക്കുന്ന സാമൂഹ്യസ്ഥിതി ഉണ്ടാക്കാൻ പ്രവര്‍ത്തിക്കേണ്ടതുമുണ്ട്- ഇതൊക്കെ ആലോചനയും ഗ്രൗണ്ടിലിറങ്ങിയുള്ള പ്രവർത്തനവും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. സ്ഥാനാര്‍ഥിപ്പട്ടികയിലെ പേര് മാത്രം നോക്കി ഇങ്ങനെ ഓരോ ചർച്ചകൾ കൊണ്ടുവന്ന് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് എളുപ്പപ്പണി മാത്രമല്ല; ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് രക്ഷയില്ല എന്നും ഉണ്ടാവില്ല എന്നും ഇസ്‌ലാമിസ്റ്റുകൾ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന സിനിക്കൽ വാദത്തിന്റെ അജണ്ടാപൂരണം കൂടിയാണ്.

പിന്നെ ഏറ്റവും കൂടുതൽ അവഹേളനവും ആക്രമണവും നേരിട്ട പ്രകാശ് രാജോ കൻഹയ്യ കുമാറോ വരുന്നിടത്തു മാത്രം മുസ്ലീം പ്രാതിനിധ്യത്തെപ്പറ്റി വേവലാതിപ്പെടുന്നത് എന്തുകൊണ്ടാവാം? ഇവർ പ്രതിനിധീകരിക്കുന്ന പുരോഗമന ആശയങ്ങളെ പേടി കൂടി ഉള്ളത് കൊണ്ട് എന്നാണെനിക്കു തോന്നുന്നത്.

ഈ വാദം രാഹുൽ ഗാന്ധിയെ വിമർശിക്കാൻ വേണ്ടി ഏറ്റെടുക്കുന്നവരും ഈ അജണ്ടയ്ക്ക് ഇടം കൊടുക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വയനാട് മത്സരത്തെ, രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ ഇന്ത്യൻ പാർലമെന്ററി ഡെമോക്രസിയുടെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് മണ്ഡലമെന്ന ആശയത്തെ തകർക്കുന്നു എന്ന ധാർമിക പ്രശ്നവും, രാജ്യാർത്ഥത്തിൽ ഒരു വിശാല സഖ്യം എന്ന ആശയത്തിന് വിനയാവുന്നു എന്ന സ്ട്രാറ്റജി പ്രശ്നവും ചൂണ്ടിക്കാണിച്ചു വിമർശിക്കുന്നതും, മുസ്ലിം എംപിമാരുടെ എണ്ണം കുറയുന്നേ എന്നു മാത്രം പറഞ്ഞു കുറ്റപ്പെടുത്തുന്നതും രണ്ടും രണ്ടു കാര്യങ്ങളാണ്.

കൻഹയ്യയും രാഹുൽ ഗാന്ധിയും തീർച്ചയായും പല സ്വത്വങ്ങളുടെ കൂട്ടിവെക്കലുകളാണ്. ആണുങ്ങളോ മേല്ജാതിക്കാരോ (രാഹുൽ ഗാന്ധിയുടെ ജാതിയൊക്കെ നോക്കിയാൽ കിട്ടാത്തതുമാണ്!) ഹിന്ദുക്കളോ ഭൂവുടമയോ അംഗനവാടി ടീച്ചറുടെയും കര്‍ഷകന്റെയും മകനോ ഒക്കെ ആണ്. ഇതിൽ പലതാവും പലപ്പോഴും പ്രവർത്തിക്കുക. ഇവയ്ക്കൊപ്പം ഇവരുടെ നിലപാടുകളുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളുടെയും ചരിത്ര ഘട്ടത്തിന്റെയും പ്രശ്നങ്ങളുണ്ട്. ചരിത്രബോധവും ധാര്‍മികബോധവും ഉപയോഗിച്ച് നടത്തേണ്ട വിമർശനങ്ങളെ ഒറ്റവാക്കിൽ ചുരുക്കിയെഴുതി തള്ളിക്കളയാന്‍ ശ്രമിക്കുന്നത് ശരിയോ ഗുണപരമോ ആവില്ല തന്നെ!

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍