UPDATES

വിദേശം

അൽ സഊദും വഹാബിസവും വേർ പിരിയുമോ?

പോസ്റ്റ് ഐസിസ് കാലഘട്ടത്തിൽ എടുക്കാച്ചരക്കായ വഹാബിസം, മുഹമ്മദ് ബിൻ സൽമാനെ സംബന്ധിച്ചിടത്തോളം ബാധ്യതയാണ്

മുഹമ്മദ് ബിൻ സൽമാന്റെ ഗാർഡിയൻ അഭിമുഖത്തിൽ രണ്ട് കാര്യങ്ങൾക്കാണ് ഊന്നൽ നൽകിയത്;

ഒന്ന്, ഇറാൻ വിപ്ലവത്തിന് ശേഷം ഈ തീവ്ര ആശയം മേഖലയിലാകെ വ്യാപിച്ചു. സൗദിയിൽ നിലവിലുള്ള മത ചട്ടക്കൂട് തീവ്രമാണ്. കഴിഞ്ഞ 30 വർഷമായി സൗAl-Qaedaദി പിൻ തുടർന്ന് പോരുന്നത് ശരിയായ സമീപനമല്ല. മതത്തിന്റെ മോഡറേറ്റ് രൂപത്തിലേക്ക് സൗദി ‘തിരിച്ചു പോവും’. ഈ പ്രശ്നം ശക്തമായി നേരിടുകയും ഉടനടി ഇല്ലാതാക്കുകയും ചെയ്യും.

രണ്ട്, സൗദി മാറ്റത്തിന്റെ പാതയിലാണ്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരുന്ന 30 വയസ്സിന് താഴെയുള്ള യുവജനതയുടെ ആഗ്രഹാഭിലാഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റങ്ങൾ; സാമ്പത്തിക രംഗത്തുള്ള പരിഷ്കരണ നടപടികളും പദ്ധതികളും ഇതിന്റെ അവിഭാജ്യ ഘടകമാണ്. സ്വപ്ന പദ്ധതിയായ 500 ബില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക മേഖല മുഹമ്മദ് എടുത്തു പറയുന്നുണ്ട്.

ഇതിലൊന്നാമത്തെ കാര്യമെടുത്താൽ ഒരു കാര്യം വ്യക്തവും കൃത്യവുമാണ്. അൽ സൗദ് ഭരണകൂടം പതിറ്റാണ്ടുകളായി ബില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് ലോക മുസ്ലിങ്ങളിൽ വളർത്തിയെടുക്കുന്ന വഹാബിസ്റ്റ് ആശയധാരയെ ഭരണകൂടം കയ്യൊഴിയുകയാണ്. ഇത് പക്ഷേ മുഹമ്മദ് പറയുന്നത് പോലെ കഴിഞ്ഞ 30 വർഷം കൊണ്ട് രൂപപ്പെട്ട പ്രതിഭാസമൊന്നുമല്ല. അൽ സഊദ് ഭരണകൂടവും വഹാബിസവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിന് അതിലുമെത്രയോ പഴക്കമുണ്ട്. മത വ്യവഹാരങ്ങളിൽ വഹാബിസ്റ്റുകൾക്ക് സമ്പൂർണ നിയന്ത്രണവും തിരിച്ച് അൽ സളൗദ് കുടുംബാധിപത്യത്തിന് മതപരവും രാഷ്ട്രീയപരവുമായ ലെജിറ്റമസിയും പരസ്പരം നൽകുക എന്നതായിരുന്നു ഡീൽ. അതിന് നേതൃത്വം നൽകിയവരൊക്കെ മുഹമ്മദിന് ഒരിക്കലും തള്ളിക്കളയാൻ പറ്റാത്ത സ്ഥാപകനായ അബ്ദുൽ അസീസ് തൊട്ട് ശിഷ്ടകാലം കൂടുതലും ഭരിച്ച സുദൈരി ചേരിയിൽ പെട്ടവരുമൊക്കെയായിരുന്നു. അബ്ദുൽ അസീസിന്റെ കാലത്താണ് വഹാബി തീവ്രവാദികൾ ആയിരങ്ങളെ കൊന്നു തള്ളിയിരുന്നത്. പക്ഷേ സുദൈരിയിലെ രണ്ടാം തലമുറക്കാരനായ മുഹമ്മദ് പരോക്ഷമായി കുറ്റം ചാർത്തുന്നത് കഴിഞ്ഞ 30 വർഷത്തിൽ കൂടുതലും ഭരിച്ച (സുദൈരിയിൽ പെടാത്ത) അബ്ദുള്ളയിലാണ്. മുഹമ്മദ് ബിൻ സൽമാന് അബ്ദുള്ളയുമായുള്ള ശത്രുത അറിയാവുന്നത് കൊണ്ട് ഇതിലത്ഭുതമുണ്ടാവില്ല. പതിവ് പോലെ ഇറാനെയും കുറ്റപ്പെടുത്തുന്നു. സൗദിയിൽ നിലവിലുള്ള വഹാബിസത്തിന്റെ ഏറ്റവും അടിസ്ഥാന സ്വഭാവം തന്നെ തീവ്ര സുന്നി നിലപാടുകളും ഇറാൻ/ശിയാ വിരുദ്ധതയുമാണ് എന്നത് ആർക്കുമറിയാവുന്ന കാര്യമാണ്.

ഏതായാലും ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് മുഹമ്മദിന്റെ നിലപാടുകൾക്ക് ഉണ്ടാവുക എന്നതിൽ സംശയമില്ല. സൗദി പിന്തുണയുടെ പിൻബലത്തിൽ വളർന്ന തീവ്ര വഹാബിസ്റ്റ് സംഘങ്ങളിലാണ് അൽ ഖായിദ, അൽ-നുസ്റ, ഐസിസ് തുടങ്ങിയ നിരവധിയായ ഭീകര സംഘങ്ങളുടെ ബീജം. കൊച്ചു കേരളത്തിലെ പ്രഖ്യാപിത വഹാബിസ്റ്റ് വിരുദ്ധ നിലപാടുകാരായ സുന്നി സംഘടനകൾ വരെ സൗദി/വഹാബിസ്റ്റ് വിരുദ്ധ നിലപാടുകൾ മയപ്പെടുത്തുന്ന രീതിയിലേക്ക് മുസ്ലിം ലോകത്തെ നിയന്ത്രിക്കാൻ സൗദിക്ക് സാധിച്ചിരുന്നു. മുസ്ലിം ലോകത്ത് നിന്നും സൗദിയെയും അൽ സഊദ് ഭരണകൂടത്തെയും വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകങ്ങളോ പ്രസിദ്ധീകരണങ്ങളോ തുലോം കുറവാണ്. ഹജ്ജും ഉംറയും മക്കയും മദീനയും മാത്രമല്ല, കുമിഞ്ഞു കൂടിയിരുന്ന പെട്രോ ഡോളറും സമർത്ഥമായി ഉപയോഗിച്ചാണ് കുറഞ്ഞ പതിറ്റാണ്ടുകൾ കൊണ്ട് വഹാബിസം മുസ്ലിം ലോകത്ത് പടർന്നു പന്തലിച്ചത്.

ഇന്ന് സാഹചര്യം മാറി. അവസാനിക്കാത്ത യുദ്ധങ്ങളും ഇസ്ലാമോഫോബിയയുമെല്ലാം വഹാബിസം വിചാരണ ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്. ഐസിസും ബാഗ്ദാദിയുമെല്ലാം വഹാബിസ്റ്റ് ആശയധാരയുടെ ഭീകരമായ രൂപാന്തരണം ലോകത്തെ ബോധ്യപ്പെടുത്തി. ഈ ഭീകര സംഘങ്ങൾക്കും ആഭ്യന്തര യുദ്ധങ്ങൾക്കും കാരണമായ പാശ്ചാത്യ ഇടപെടലുകളും ജിയോ പൊളിറ്റിക്കൽ താൽപര്യങ്ങളും വേണ്ട വിധം വിചാരണ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മതപരമായ മാനങ്ങളും വഹാബിസവും ഏറെ വിചാരണ ചെയ്യപ്പെട്ടു. പോസ്റ്റ് ഐസിസ് കാലഘട്ടത്തിൽ എടുക്കാച്ചരക്കായ വഹാബിസം, മുഹമ്മദ് ബിൻ സൽമാനെ സംബന്ധിച്ചിടത്തോളം ബാധ്യതയാണ്. അവരുടെ അനുകൂല ഫത്വകളേക്കാൾ മുഹമ്മദിന് വിശ്വാസം കുന്നുകൂട്ടി വെച്ച ആയുധങ്ങളിലാണ്, പാശ്ചാത്യരുമായുള്ള കച്ചവട ബന്ധത്തിലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളേയും എതിർപ്പുകളെയും ഈ ആയുധങ്ങൾ കൊണ്ട് നേരിടാമെന്നാണ് വിശ്വാസം.

ഒരർത്ഥത്തിൽ അൾജീരിയയിലെ ഹബീബ് ബുർഗൈബ, ടുണിഷ്യയിലെ ബെൻ അലി പോലുള്ള ഒരു ഡസനോളം അറബ് ഏകാധിപതികളുടെ മാതൃകയാണ് മുഹമ്മദും പയറ്റാൻ നോക്കുന്നത്. (പരിമിതമായ) സ്ത്രീ ശാക്തീകരണ, മതേതര, സാമ്പത്തിക ഉദാരവൽകരണ/സ്വകാര്യവൽകരണ നീക്കങ്ങളിലൂടെ തങ്ങളുടെ ഏകാധിപത്യ ഭരണകൂടങ്ങളെ സംരക്ഷിക്കാനും എതിർപ്പുകളെ അടിച്ചമർത്താനും ഇവർക്ക് സാധിച്ചിരുന്നു. കഴിഞ്ഞ മാസം ടുണീഷ്യയിൽ ഈ പാറ്റേണിനൊരു മികച്ച ഉദാഹരണമുണ്ടായിരുന്നു. ബെൻ അലി ഭരണകാലത്തെ കുപ്രസിദ്ധ ഭരണ കർത്താക്കൾക്ക് നിയമ പരിരക്ഷ നൽകുന്ന വിവാദ നിയമം പാസാക്കിയ പിറ്റേന്നായിരുന്നു സ്ത്രീകൾക്ക് ഇതര മതസ്ഥരെ കല്യാണം കഴിക്കാനുള്ള അവസരം നൽകുന്ന സ്വാഗതാർഹമായ നിയമവും കൊണ്ടു വന്നത്. ഈ ചേരുവകളെല്ലാം മുഹമ്മദ് ബിൻ സൽമാനും പയറ്റുന്നുണ്ട്. സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ തീരുമാനിച്ചത് ഈയടുത്താണ്.

ഇതേ അഭിമുഖത്തിലെ രണ്ടാമത്തെ പോയന്റ് ഇതിന്റെ സാമ്പത്തിക വശം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. 500 ബില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക മേഖല മുഹമ്മദ് എടുത്ത് പറയുന്നു. “രാജ്യത്ത് നിലവിലുള്ള ശരീഅത്ത് നിയമങ്ങൾ” ഒന്നും തന്നെ പദ്ധതി പ്രദേശത്ത് ബാധകമായിരിക്കില്ലെന്ന് നേരത്തേ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ മുഹമ്മദോ മറ്റുള്ളവരോ പരസ്യമായി പറയാത്ത മറ്റൊരു കാര്യം ഈ പദ്ധതിയെ പറ്റി ബ്ലൂംബർഗ് വാർത്ത പറയുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഈജിപ്തുമായി ബന്ധിപ്പിക്കുന്ന വലിയ കോസ് വേ കടന്നു പോവുന്നത് 1979-ലെ കരാർ പ്രകാരം ഇസ്രായേലിന് ആക്സസ് ഉള്ള ടിരാനിലൂടെയാണ്. അത് കൊണ്ട് തന്നെ കോസ് വേ പദ്ധതിക്ക് ഇസ്രായേൽ സഹകരണം ഉണ്ടാവാമെന്നും വാർത്ത പറയുന്നു. ഇപ്പോൾ തന്നെ പല ഇസ്രായേൽ കമ്പനികളും തങ്ങളുടെ അമേരിക്കൻ സബ്സിഡറികൾ വഴി സൗദിയുമായി നല്ല വ്യാപാരം നടത്തുന്നുണ്ടെന്ന് മുമ്പ് ബ്ലൂംബർഗ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിലെ ഇന്നത്തെ രാഷ്ട്രീയ കളികളിൽ നിർണായക റോളുള്ള യുഎഇ അംബാസഡർ യൂസുഫ് അൽ ഒതയ്ബയുടെ ചോർന്ന മെയിലുകളിലും ഇസ്രായേൽ ബന്ധത്തെ പറ്റി പറയുന്നുണ്ട്.

ചുരുക്കത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ ലക്ഷ്യം വ്യക്തമാണ്. വഹാബിസവും ശരീഅത്തുമൊന്നുമില്ലാത്ത, സുലഭമായി മദ്യമൊഴുകുന്ന, പാശ്ചാത്യ രാജ്യങ്ങൾക്കും കമ്പനികൾക്കും വമ്പിച്ച അവസരമൊരുക്കുന്ന ഒരു ‘തുറന്ന’ മാർക്കറ്റ് ആയാണ് മുഹമ്മദ് സൗദിയെ ലോകത്തിന് മുമ്പിൽ വെക്കുന്നത്. അതിനാവശ്യമായ ഫണ്ട്, ‘ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി’യായി വിശേഷിപ്പിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ അരാംകോയുടെ ഭാഗം വിൽക്കുന്നതിലൂടെ സ്വരൂപിക്കാനാവുമെന്നും കണക്ക് കൂട്ടുന്നു. എതിർപ്പുകളെ ആയുധം കൊണ്ട് നേരിടാമെന്നാണ് ഉറച്ച വിശ്വാസം. ആയുധം ഉപയോഗിക്കാൻ ഒരു മടിയുമില്ലെന്ന് യമനിലും സിറിയയിലും രാജ്യത്തിനകത്തെ ശിയാ മേഖലകളിലുമെല്ലാം കാണിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യ/കമ്പനി താൽപര്യങ്ങളും ആയുധ വ്യാപാരവും സജീവമായി നിലനിൽക്കുന്നിടത്തോളം സൗദിയിലെ ജനാധിപത്യം (ഇല്ലാത്തത്) പാശ്ചാത്യരെ സംബന്ധിച്ച് പ്രശ്നമാവില്ല.

വഹാബിസം കൊളോണിയൽ താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ട/രൂപപ്പെടുത്തിയ ഒന്നായിരുന്നു. പിന്നീട് സാമ്രാജ്യത്ത താൽപര്യങ്ങൾക്കനുസരിച്ച് സൗദി കാർമികത്വത്തിൽ അത് വ്യാപിച്ചു. ഇന്നിപ്പോൾ അടിസ്ഥാന സ്രോതസ്സിലെ പിന്തുണയാണ് ഇല്ലാതാവുന്നത്. ഒരിക്കലും ഇസ്ലാമിക രീതി ശാസ്ത്രമനുസരിച്ച് ജൈവികമായി രൂപപ്പെട്ടതല്ലാത്തതിനാൽ അതിന്റെ പതനവും ഇസ്ലാമിന് പുറത്തായിരിക്കും. ഒരു പക്ഷേ അതിന്റെ തുടക്കമാവും മുഹമ്മദ് ബിൻ സൽമാന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

(നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍