UPDATES

സിനിമ

താരരാജാവിന് സിംഹാസനം പണിയുന്ന പ്രക്രിയയില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതും രാഷ്ട്രീയമാണ്

കലാകാരന്റെ വ്യക്തിജീവിതത്തില്‍ നിന്നും വിമുക്തമായി നിലനില്‍ക്കുന്ന ഉന്നതമായ ഉല്‍പന്നമാണ് കലയെന്നുള്ളത് കാലങ്ങളായി വിമര്‍ശനവിധേയമായിട്ടുള്ള ആശയമാണ്.

സിനിമകളിലെ കഥാപാത്രങ്ങള്‍ക്കുപരിയായി, വ്യക്തിയെന്ന നിലയ്ക്കുള്ള അധികാരനിലയാണ് സൂപ്പര്‍താരങ്ങള്‍ക്കുള്ളത്. അവരുടെ കഥാപാത്രങ്ങളുടെ പേരിലല്ല, താരങ്ങളുടെ പേരില്‍ തന്നെയാണ് ഫാന്‍സ് അസോസിയേഷനുകളും, അനുബന്ധ പവര്‍ പൊളിറ്റിക്‌സും മാനിപ്പുലേഷനുകളും നടക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപ് എന്ന വ്യക്തിയെ മാറ്റിനിര്‍ത്തി ദിലീപെന്ന നടനെ മാത്രം നോക്കിക്കണ്ട് സിനിമ കാണുകയെന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതും ഉദാത്തവത്കരിക്കപ്പെട്ടതുമായ ഒരു പൊസിഷനാണ്. സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, ജനപ്രിയനായകന്‍ എന്നീ ബ്രാന്‍ഡുകളായി തന്നെയാണ് സിനിമയ്ക്കുള്ളിലും അവര്‍ നിലനില്‍ക്കുന്നത്, അതു തന്നെയാണ് അവരുടെ വിപണിമൂല്യവും.

കലാകാരനാണോ, ബ്രാന്‍ഡ് ആണോ എന്നുള്ളതല്ല, കലാകാരനും ബ്രാന്‍ഡുമായി മാറുന്നു എന്നുള്ളതാണ് കാര്യം. തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് പരാജയങ്ങള്‍ നേരിടുമ്പോളും അതൊന്നും ബാധിക്കാത്തവരായി തുടരാനും ക്വാളിറ്റിയെക്കുറിച്ച് ആശങ്കപ്പെടാതെയിരിക്കാനും അവര്‍ക്ക് സാധിക്കുന്നത് ലാഭകരമായി വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായി അവര്‍ മാറിയതിനാലാണ്. സാറ്റലൈറ്റ് വാല്യു എന്നത് ആരെ നായകനാക്കി സിനിമ ചെയ്യണം എന്നതില്‍ നിര്‍ണ്ണായകമാണ്. ബ്രാന്‍ഡ് വാല്യു എന്നത് ഏത് നടനു നേരെയും ഒരുപോലെ ഉന്നയിക്കാവുന്ന ഒന്നല്ല. മലയാള സിനിമയില്‍, ഏറ്റവും സാറ്റലൈറ്റ് വാല്യുവുള്ള രണ്ടോ, മൂന്നോ നടന്മാരിലൊരാളാണ് ദിലീപ്. അതിനാല്‍ തന്നെ അയാൾ കലാകാരൻ മാത്രമല്ല, വിപണനമൂല്യമേറിയ ബ്രാന്‍ഡ് കൂടിയാണ്.

ആ ബ്രാന്‍ഡിന്റെ ‘ഡൂ ഓര്‍ ഡൈ’ സിറ്റുവേഷനാണ് ഈ സിനിമയെന്ന പ്രചാരണം ആദ്യം മുന്നോട്ട് വച്ചത് സിനിമയുടെ അണിയറക്കാര്‍ തന്നെയാണ്. ആദ്യം വന്ന ട്രെയിലര്‍ തുടങ്ങി ഇപ്പോള്‍ പുറത്തു വരുന്ന പോസ്റ്ററുകള്‍ വരെ കേസിനെ പരോക്ഷമായി പരാമര്‍ശിക്കുന്നവയാണ്. ദിലീപ് ഫാന്‍സ്, പിആര്‍ പണി ഏറ്റെടുത്തവര്‍ എന്നിങ്ങനെ ഒരു വലിയ ആള്‍ക്കൂട്ടം തന്നെ സിനിമയുടെ വിജയത്തെയും ദിലീപിന്റെ നിരപരാധിത്വത്തെയും തുലനം ചെയ്ത് നിലകൊള്ളുന്നുണ്ട്. ഇത് കേസിനെ ബാധിക്കുമോ, ഇല്ലയോ എന്നതിനേക്കാള്‍ പ്രസക്തമായ മറ്റൊരു കാര്യം നമുക്കു മുന്നിലുണ്ട്.

മലയാള സിനിമയില്‍ ആരൊക്കെ അഭിനയിക്കണം, ആരൊക്കെ അഭിനയിക്കേണ്ട എന്നു തീരുമാനിക്കാന്‍ പാകത്തില്‍ ശക്തനായിരുന്നു ദിലീപ്. സിനിമാ വിതരണം, നിര്‍മാണം, പ്രദര്‍ശനം എന്നിങ്ങനെ എല്ലാ മേഖലകളിലും അയാള്‍ പിടിമുറുക്കിയിരിക്കുകയാണ്. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ആപത്തില്‍ കയ്യൊഴിഞ്ഞത് ശരിയായില്ലെന്നു പറയുന്നത് എംഎല്‍എ കൂടിയായ നടനാണ്. ആ കൂറുതെളിയിക്കലില്‍ താന്താങ്ങളുടെ ഭാഗം ശരിയാക്കാനായി പലരും ജയിലിലേക്ക് തീര്‍ത്ഥാടനം നടത്തുന്നു. ദിലീപിനെതിരെ പരസ്യമായി സംസാരിക്കുന്നത് ഭാവിയില്‍ തങ്ങളുടെ നില പരുങ്ങലിലാക്കിയേക്കുമെന്ന് ഇപ്പോഴും പലരും ആശങ്കപ്പെടുന്നു. ആ സാഹചര്യത്തില്‍, താനിപ്പോഴും, ഗതി നിര്‍ണ്ണയിക്കാന്‍ പാകത്തില്‍ സര്‍വശക്തന്‍ തന്നെയെന്ന് ഇന്‍ഡസ്ട്രിയെ വിശ്വസിപ്പിക്കാനുള്ള മികച്ച അവസരമാണ് ദിലീപ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ. ഇരയാക്കപ്പെട്ട നടിയെ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്താനും, അവരെ പിന്തുണയ്ക്കുന്ന സിനിമാ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനും സിനിമയുടെ വിജയം ഉപയോഗിക്കപ്പെട്ടേക്കാം. അത്തരത്തില്‍ താരരാജാവിന് സിംഹാസനം പണിയുന്ന പ്രക്രിയയില്‍ നിന്നും ഒഴിവായി നില്‍ക്കുന്നതും രാഷ്ട്രീയമാണ്.

കലാകാരന്റെ വ്യക്തിജീവിതത്തില്‍ നിന്നും വിമുക്തമായി നിലനില്‍ക്കുന്ന ഉന്നതമായ ഉല്‍പന്നമാണ് കലയെന്നുള്ളത് കാലങ്ങളായി വിമര്‍ശനവിധേയമായിട്ടുള്ള ആശയമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ ചൂഷണത്തിനു വിധേയരാകുന്ന എല്ലാവരെയും നിശബ്ദരാക്കാന്‍ പാകത്തിലുള്ള മനുഷ്യവിരുദ്ധത ആ ആശയത്തിലുണ്ട്.

(അനില ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനില ബാലകൃഷ്ണന്‍

അനില ബാലകൃഷ്ണന്‍

സാമൂഹ്യ നിരീക്ഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍