UPDATES

ബ്ലോഗ്

പെൺകുട്ടികളെ എങ്ങനെ വളർത്തണം? ഒരസ്സൽ പുരുഷുവിന്റെ വാട്സ്ആപ്പ് സന്ദേശം

ഉത്തരവാദിത്തപ്പെട്ട തസ്തികയിൽ ഇരിക്കുന്ന, ഒരു ജില്ലയിലെ ചൈൽഡ് വെൽഫെയർ ചെയർമാന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്

റസീന കെ കെ

റസീന കെ കെ

പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് വിശദീകരിക്കുന്ന ഒരു വാട്സ് ആപ് സന്ദേശം ഒരു സുഹൃത്തയച്ചു തന്നു. ഒരസ്സൽ പുരുഷൂ ഐറ്റം! എഴുതിയുണ്ടാക്കിയ പുരുഷൂന്റെ പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും മെയിൽ ഐഡിയും എല്ലാമുണ്ട് മെസേജില്‍. ആള് ചില്ലറക്കാരനല്ല. വിലാസം ശരിയാണെങ്കിൽ ഉത്തരവാദിത്തപ്പെട്ട തസ്തികയിൽ ഇരുന്ന മഹാനാണ്! വങ്കത്തരമായി എഴുതിയുണ്ടാക്കിയ ഈ വിഷയത്തെ, ശരിയായി കൈകാര്യം ചെയ്യാൻ ബാധ്യതഉള്ള ആൾ. ഒരു ജില്ലയിലെ ചൈൽഡ് വെൽഫെയർ ചെയർമാൻ! ആ തസ്തികയിൽ അങ്ങിനെ ഒരാളുണ്ടോ എന്ന് ഓഫീസ് നമ്പർ ഗൂഗിൾ വഴി സംഘടിപ്പിച്ച് ഉറപ്പാക്കി. പുരുഷൂന്റെ നമ്പറിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല, പക്ഷെ വാട്സ് ആപ് ആക്റ്റീവ് ആണ്.

നല്ല മെസ്സേജുകൾ ആണല്ലോ സാർ, ക്ലാസ്‌ എടുക്കാൻ വരോന്നു ചോദിച്ചുകൊണ്ട് ഒരു മെസ്സേജ് അങ്ങോട്ട്‌ അയച്ചു. എഴുതിയത് ഈ മഹാൻ ആണോ എന്ന് അറിയുക ആയിരുന്നു ഉദ്ദേശം. പുരുഷു അമ്മാവൻ തിരിച്ചു വിളിച്ചു. മെസേജ് തന്റെയല്ല, എന്റെ മെസ്സേജ് ഇങ്ങനെ അല്ലാന്നൊക്കെ കൊറേ പറഞ്ഞു. തന്റെ മെസേജില്‍ ആരോ മനപ്പൂർവം വേണ്ടാത്തത് എഴുതി ചേർത്തു എന്നാണ് വാദം. എന്നിട്ട് തെളിവിനായി എന്റെ സ്വന്തം മെസ്സേജ് ഇതാണ് എന്നും പറഞ്ഞു വേറെ ഒന്ന് അയച്ചു തന്നു . അതു വായിച്ചു പറന്നു പോയ കിളി അപ്പൊറത്തെ വീട്ടിലെ മാവിൻ കൊമ്പിലിരിപ്പുണ്ട്.

അമ്മാവൻ സംസാരിക്കുന്നതിനിടെ എനിക്ക് മനസ്സിലായ കാര്യങ്ങൾ ഇതാണ് ?

  1. ഈ വാട്സ് ആപ് മെസ്സേജ് കണ്ട് പലരും വിളിക്കാറുണ്ട്, തെറികൾ കൊറേ കേൾക്കാറുണ്ട്! ദിവസവും രണ്ടോ മൂന്നോ പേര് നിങ്ങളിതെന്ത് തോന്ന്യവാസം ആണ് എഴിതിയിരിക്കുന്നെ എന്ന് ചോദിച്ചു വിളിക്കുമത്രേ! ജാർഖണ്ഡിൽ നിന്നൊരു സ്ത്രീവിളിച്ച കഥനകഥയൊക്കെ പറഞ്ഞു. (ലോകം പ്രതീക്ഷാനിർഭരമാണ്).
  2. ഈ മെസ്സേജിനു ശേഷം പുരുഷു ജോലി മതിയാക്കി വിദേശത്തേക്ക് പോയിരിക്കയാണ്‌!
  3. പ്രചരിക്കപ്പെടുന്ന നമ്പർ ചിലപ്പോൾ ഉപേക്ഷിക്കും! തെറിവിളി അത്രയ്ക്ക് ഉണ്ടേയ്…

സ്ത്രീകളെക്കുറിച്ച് വിവരക്കേട് എഴുതിവിടുന്നവർക്കും അത്‌ പ്രചരിപ്പിക്കുന്നവർക്കും മേല്പറഞ്ഞ പോയിന്റ്കളിൽ ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്, അതിന് ഞമ്മക്ക് ചിന്തിക്കാൻ അറിഞ്ഞുടാല്ലോ, സ്ത്രീകളുടെ മെക്കിട്ട് കേറാനല്ലേ അറിയൂ!

പ്രസ്തുത മെസ്സേജ് വ്യക്തിവിവരങ്ങൾ ഒഴിവാക്കി ഇവിടെ ചേർക്കുന്നു. ??(സമയക്കുറവുള്ളവർ 18, 19 മാത്രം വായിച്ചിട്ട് പോയ്ക്കോളൂ)

?
പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ….. പറയുന്നത്:
?
?പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്?

നിങ്ങളുടെ പെണ്മക്കൾ നന്നായി വരാനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ:

….. ഇതേ വരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിയമാവലികൾ ഉണ്ടാക്കിയത്. വായിച്ചു മനസ്സിലാക്കുകയും ഷെയർ ചെയ്താലും മാത്രം പോരാ… പ്രാവർത്തികമാക്കുക… ഇതൊക്കെ നടപ്പിൽ വരുത്തുമ്പോൾ അച്ഛനും അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വരാം.

അല്പം പണം ചിലവായേക്കാം, സാരമില്ല, പിന്നീട് “മകൾ പോയേ…” എന്നു വിലപിക്കേണ്ടി വരില്ല…

1. അത്യാവശ്യത്തിനല്ലാതെ *മൊബൈൽ* കൊടുക്കാതിരിക്കുക *(basic)*

2. സുഹൃത്തുക്കൾ വിളിക്കുമ്പോൾ നമ്മുടെ *സാന്നിധ്യത്തിലല്ലാതെ* സംസാരിക്കാൻ അനുവദിക്കാതിരിക്കുക.

3. വീട്ടിൽ ജോലിക്കു വരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ട ഭക്ഷണവും മറ്റും *നിങ്ങൾ തന്നെ* എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം *നിരീക്ഷിക്കുക.*

4. പരിചിതരും അപരിചിതരുമായ പുരുഷൻമാരോട് സംസാരിക്കേണ്ടി വരുമ്പോൾ *ഗൗരവത്തിൽ തന്നെ* സംസാരിക്കാൻ പഠിപ്പിക്കുക. ഇതിന് *അമ്മയടക്കമുള്ള* മറ്റ് മുതിര്‍ന്ന സ്ത്രീകൾ *മാതൃകയായിരിക്കുക.* നിങ്ങളുടെ *മൃദുല ഭാഷ* അന്യരുടെ മനസ്സിൽ *വേണ്ടാത്ത ചിന്ത* മുളപ്പിക്കും.

5. നിങ്ങളുടെ പെണ്മക്കളുടെ *കൂട്ടുകാരികളോട് അമ്മമാർ* ചങ്ങാത്തം കൂടുക.

6. മകൾക്ക് ഈശ്വരവിചാരം – പുരാണ പഠനം, വേദപാഠം ഇവ നിർബന്ധമാക്കുക. *ദൈവവിശ്വാസത്തിലും ദേശസ്റ്റേഹത്തിലും* മാതൃകയായിജീവിച്ച ധീരവനിതകളുടെ ചരിത്രങ്ങൾ പറഞ്ഞു കൊടുക്കുകയോ കേൾപ്പിക്കുകയോ (Disc) ബുക്ക്സ് വാങ്ങി കൊടുക്കുകയോ ചെയ്യുക.

അവരെ ഇടയ്ക്കിടക്ക് ആതുരാശ്രമങ്ങളിലും ഹോസ്പിറ്റലുകളിലെ അത്യാഹിത വാർഡുകൾ,
പാലിയേറ്റീവ് സെൻററുകൾ ഇവ *സന്ദർശിക്കുവാൻ* കൊണ്ടു പോകുക.

7. സ്കൂളിൽ നിന്നോ കോളേജില്‍ നിന്നോ ടൂർ പോകുവാൻ *സമ്മതിക്കരുത്*, പകരം നിങ്ങൾ ഫാമിലിയായി ടൂർ പോവുക.

ടൂർ എന്നത് *ആഭാസം* നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു… *ആൺ പെൺ വ്യത്യാസമില്ലാതെ* ഇടപഴകാനും ആഘോഷ തിമിർപ്പിൽ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും *അവസരങ്ങൾ* ലഭിക്കുന്നു.

8. മകളെ വീട്ടിൽ *തനിച്ചാക്കാതിരിക്കുക*യും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുകയും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (Grandma) പ്രസക്തി).

9. മകൾ പഠിക്കുന്ന സ്ഥാപനങ്ങളും *പോകുന്ന വഴികളും* അവരറിഞ്ഞും അറിയാതെയും സന്ദർശിക്കുക *(Surprise visit).*

10. ഇത്തരം സ്ഥാപനങ്ങളിലെ *സമയക്രമം അറിഞ്ഞിരിക്കുക* (സ്പെഷ്യൽ ക്ലാസുള്ള ദിവസങ്ങൾ സ്ഥാപനങ്ങളിൽ *വിളിച്ച് ഉറപ്പുവരുത്തുക*)

11. മകളോട് *സുഹൃത്തിനോടെന്ന*പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മിച്ചെടുക്കുക.

12. സ്നേഹവും കരുതലും *പ്രകടിപ്പിക്കുക*. *നിങ്ങളിൽ നിന്ന് അത് ലഭിക്കാതെ* വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.

13. *തെറ്റുകളോട് മാന്യമായി* പ്രതികരിക്കുക, തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇനി ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും *വാത്സല്യത്തോടെ* ഉപദേശിക്കുക.

14. *ചെറിയ കാര്യങ്ങളിൽ പോലും* അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.
(“സുന്ദരിയായിട്ടുണ്ടല്ലോ….” തുടങ്ങിയ വാക്കുകൾ പറയാൻ മടിക്കേണ്ട) *നിങ്ങളത്* ചെയ്യുന്നില്ലെങ്കിൽ *വഴിയരികിലെ കഴുകൻമാരുടെ* പ്രശംസയ്ക്ക് അവൾ പ്രാധാന്യം നൽകും.

15. വീടുകൾക്കുള്ളിൽ *സൗഹൃദ അന്തരീക്ഷം* സൃഷ്ടിച്ചെടുക്കുക.

16. ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം *പ്രവർത്തിച്ചു കാണിച്ച്* കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17. പഠന സാമഗ്രികളും, ബാഗുകളും മറ്റും *അവരറിഞ്ഞും അറിയാതെയും* പരിശോധിക്കുക. നിങ്ങൾ മൊബൈൽ നൽകിയില്ലെങ്കിലും അവളുടെ കയ്യിൽ *സുഹൃത്തുകൾ മുഖേന* അത് എത്തിച്ചേരാം.

18. *ലെഗ്ഗിൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ* ഒരു കാരണവശാലും മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. *കഴുകൻ കണ്ണുകളിൽ* നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19. വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരിൽ നിന്ന് നേരിട്ടോ സുഹൃത്തുകൾ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് *താത്പര്യം തോന്നിത്തുടങ്ങിയെങ്കിൽ എത്രയും പെട്ടെന്ന്* കാര്യങ്ങൾക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

20. കൗമാരക്കാരിയായ മകൾ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നൽ അവരിലുണ്ടാക്കുക.

ഈ സന്ദേശം ഫാമിലി ഗ്രൂപ്പുകളിലേക് ഷെയർ ചെയ്യുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍