UPDATES

ട്രെന്‍ഡിങ്ങ്

സംഘികളെ, ഒന്നാലോചിച്ചാല്‍ എത്ര ബലഹീനരാണ് നിങ്ങള്‍; അധിക്ഷേപങ്ങള്‍ക്ക് ആര്‍. സംഗീതയുടെ മറുപടി

എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന, അരാഷ്ട്രീയതയുടെ ഗുരുകുലങ്ങൾ കെട്ടിപ്പടുക്കുന്ന നിങ്ങളുടെ കാവി റിപ്പബ്ലിക്കിന്‌ തത് ക്കാലം സ്കോപ്പില്ല.

Avatar

ആര്‍ സംഗീത

‘ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു’ എന്ന കവിത സമാഹാരത്തിന്റെ രചയിതാവും അധ്യാപികയുമായ ആർ. സംഗീതയ്ക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധ, അശ്ളീല പരാമര്‍ശങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു വിഭാഗം ആളുകളുടെ ഭാഗത്തു നിന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ഈ കവിതാ സമാഹാരത്തിലെ ‘ദി മോട്ടോർ സൈക്ലിസ്റ്റ്’ എന്ന കവിതയിലെ ഏതാനും വരികൾ എടുത്തായിരുന്നു തീര്‍ത്തും ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളുമായി ഒരു വിഭാഗം പുരുഷന്മാരും സ്ത്രീകളും രംഗത്തെത്തിയത്. അവരോട് സംഗീതയ്ക്ക് പറയാനുള്ള മറുപടി ഇതാണ്. 

സൌഹൃദങ്ങളെ,

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഇവിടെ നിന്ന് മാറിനിൽക്കേണ്ടിവന്ന സാഹചര്യങ്ങൾ നിങ്ങൾക്കറിയാം. ആ ദിവസങ്ങളിൽ ഞാൻ കടന്ന് പോയവ അക്കമിട്ടു നിരത്തി ഒരു നാടകീയത സൃഷ്ടിക്കുന്നില്ല. അതെന്റെ പേഴ്സണൽ സ്പേസിൽ നിൽക്കട്ടെ.

ഫേസ്ബുക്കിൽ നിന്ന് മാറിനിന്നത് എന്തിനെന്നു ചോദിക്കുന്നവരോട്; ഒരു സംഘടിതമായ ആക്രമണത്തിന് നടുവിൽ നിന്ന് ഒച്ചയുണ്ടാക്കുന്നതിൽ അർഥമുണ്ടെന്നു തോന്നിയില്ല. സാഹസികതയേക്കാൾ മണ്ടത്തരമാണത്. പേയിളകിയ നായ്ക്കൂട്ടങ്ങൾക്ക് മുന്നിലെ രാഗവിസ്താരം പോലെയുണ്ടാവും അത്, എന്റേതല്ലാത്ത തെറ്റിൽ ഈ കുരക്കൂട്ടങ്ങൾക്ക് മുന്നിൽ എന്റെ ഭാഗത്തെ ന്യായീകരിക്കാനും defend ചെയ്യാനും എനിക്കെന്ത് ബാധ്യതയാണ് ഉള്ളത്?

അഭിവന്ദ്യരായ സംഘമിത്രങ്ങളെ… ഇനി നിങ്ങളോടാണ്. നിങ്ങൾ അണിയിച്ചൊരുക്കി ആഘോഷിച്ച കവിത 2016 ഫെബ്രുവരിയിൽ എഴുതിയതാണ്. 2016 മാർച്ചിൽ ദേശാഭിമാനി വാരികയിൽ അച്ചടിരൂപം കൊണ്ടത്. ആ കവിതയുടെ അവസാന കുറച്ചു വരികളാണ് എന്റെ ഫോട്ടോയോട് കൂടി പോസ്റ്റര്‍ രൂപത്തിലാക്കി നിങ്ങൾ കൊണ്ടാടിയത്.

ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിങ്ങൾ ബാധ്യസ്‌ഥരാണ്‌

1) ആ വരികളിലോ കവിതയിലോ നിങ്ങളുടെ മതവിശ്വാസങ്ങളെയോ ആചാരങ്ങളെയോ പരിഹസിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നോ?

2) ദേശവിരുദ്ധമായ ഏതു എലമന്റ് ആണ് അതിലുള്ളത്?

3) വംശീയതയോ വർഗ്ഗീയതയോ പ്രചരിപ്പിക്കുന്നഒരു വാക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ?

4) മതന്യൂനപക്ഷങ്ങളെയോ ദളിതരെയോ ലൈംഗിക അപരങ്ങളെയോ അവഹേളിച്ചിട്ടുണ്ടോ?

5) politically incorrect ആയ എന്താണ് അതിലുള്ളത്?

6) സാമൂഹ്യ വിരുദ്ധമായതോ പ്രതിലോമകരമായതോ ആയ ആശയങ്ങൾ ഒളിച്ചു കടത്തുന്നുണ്ടോ?

ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക. ഇല്ലെന്നാണ് ഉത്തരമെങ്കിൽ തുടർന്ന് വായിക്കുക.

Also Read: സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

വിമർശനാത്മകമായി കലയിൽ ഇടപെടുകയും പഠനവിധേയമാക്കുകയുംചെയ്യുകയെന്ന സങ്കേതം നിലവിലുണ്ട്. കവിതാ വിമർശനം സർഗ്ഗാത്മകമായ ഒരു സാംസ്കാരിക പ്രവർത്തനമാണ്. നിങ്ങൾക്കതിന്റെ ഭാഷയെ, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ, ഭാവുകത്വത്തെ വിമർശിക്കാം. എന്നാൽ നിങ്ങൾ ചെയ്തതോ സ്ത്രീവിരുദ്ധമായ കേവലയുക്തികൾ കൊണ്ട് ആ വരികളെ കീറിത്തുന്നി നിങ്ങൾക്ക് ബദലായ രാഷ്ട്രീയപ്രസ്‌ഥാനത്തെ തോൽപ്പിക്കാൻ തരംതാണ കളികളിച്ചു.

നിങ്ങൾക്ക് ബിഷപ്പിനെയോ പി. ശശിയേയോ വിമർശിക്കാൻ ജനാധിപത്യപരമായ അവകാശമുണ്ട്; കത്തോലിക്കാ സഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിമർശനാതീതമൊന്നുമല്ല. അതിൽ ഒരു സ്ത്രീയുടെ കണ്‍സന്റ് ഇല്ലാതെ അവരുടെ ഫോട്ടോ വച്ച പോസ്റ്റർ ഉപയോഗിക്കാൻ നിങ്ങൾക്കാരാണ് അനുവാദം തന്നത്? അതിനു താഴെ സാധുക്കളായ എന്റെ കുടുംബാംഗങ്ങളെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നത് ഏതു ഹിംസാത്മക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നാണ്? ഒന്നാലോചിച്ചാൽ എത്ര ബലഹീനരാണ് നിങ്ങൾ.

ഓർക്കുമ്പോൾ സഹതാപം തോന്നുന്നു. മറ്റൊരു പാർട്ടിയിലെ പുഴുക്കുത്തുകൾ പ്രശ്നവത്ക്കരിക്കാൻ സ്വന്തമായി ഒരു ഭാഷ പോലുമില്ല. അജ്ഞാതയായ ഒരു സ്ത്രീയുടെ കവിതയിലെ വരികളെ വികലമായി വളച്ചൊടിച്ചിട്ട് രാഷ്ട്രീയ വിയോജിപ്പുകൾ പറയേണ്ടി വരുന്ന നിങ്ങളുടെ ആശയപാപ്പാരത്തവും ഭാഷാദാരിദ്ര്യവും കഷ്ടം തന്നെ!

ഇതാണോ നിങ്ങൾ ഉച്ചസ്‌ഥയിയിൽ ഉത്‌ഘോഷിക്കുന്ന ആർഷഭാരത സംസ്കാരം? ഗാർഗ്ഗിയെയും മൈത്രേയിയെയും പോലെ വിദുഷികളായ സ്ത്രീരത്നങ്ങളെ ഉയർത്തിക്കാട്ടി മനുസ്മൃതിയിൽ അഭിരമിച്ച്, നളന്ദയുടെയും തക്ഷശിലയുടെയും പാരമ്പര്യത്തിൽ ഊറ്റംകൊണ്ട്, അറബ് അധിനിവേശങ്ങളുടെ കാലംതൊട്ട് കൈവിട്ടു പോയെന്ന് മൈക്കിന് മുന്നിൽ നെഞ്ചത്തടിക്കുന്ന ഹസാർ സാൽ കി ഗുലാമിയുടെ വൃണങ്ങൾ പേറുന്ന നിങ്ങളുടെ രാഷ്ട്രബോധം? ഒരു സ്ത്രീയെ പബ്ലിക് ഡൊമൈനില്‍ വ്യക്തിഹത്യ ചെയ്യുകയും അവരുടെ ആത്മാഭിമാനത്തെയും സ്വത്വത്തെയും ഇല്ലാതാക്കുകയും ചെയ്ത് ആനന്ദിക്കുന്ന മനോനിലയുടെ ബീജങ്ങൾ തിരയേണ്ടത് ആര്‍ഷഭാരതത്തിലല്ല; ഹിറ്റ്ലറുടെ നാസി ജർമ്മനിയിലാണ്.

പശുമനുഷ്യരേ… ഇനി നിങ്ങൾക്ക് മനസ്സിലാവാത്ത ചിലത് പറയാം. ഏർണെസ്റ്റോ ചെ ഒരു പ്രതീകമാണ്. നിരന്തരമായ അവകാശ പോരാട്ടങ്ങളുടെ ,ആശയ സമരങ്ങളുടെ, അധികാരകേന്ദ്രങ്ങൾക്ക് നേരെയുയരുന്ന വിമതശബ്ദങ്ങളുടെ നക്ഷത്ര ചിഹ്നം. ലോകത്തിന്റെ ഏതുകോണിൽ നടക്കുന്ന സമരങ്ങളുടെയും വിപ്ലവങ്ങളുടെയും ആകാശത്തെ ചുംബിക്കുന്ന മുഷ്ടികളുടെയും ഇടയ്ക്ക് അയാൾ ആരും വിളിക്കാതെ വന്നുചേരും. അത്രമാത്രമുണ്ട് ലോകത്തിൽ അയാളവശേഷിപ്പിച്ച അടയാളം.

ഈ കവിതയിൽ ക്യൂബയെ ഗർഭത്തിൽ പേറുന്ന പ്രതീകാത്മകതയെ നിങ്ങൾ ലൈംഗികമായി കണ്ട് ആനന്ദിച്ചു. (ചെ ജനിക്കുന്നത് 1928-ല്‍, ഇത് അര്‍ജന്റീനയിലാണ്. എന്നാൽ ലാറ്റിന്‍ അമേരിക്കന്‍ പര്യടനങ്ങൾക്ക് ശേഷം അയാളിലെ വിപ്ലവകാരിയെ രൂപപ്പെടുത്തിയത് ക്യൂബയാണ്. ചെയുടെ ആത്മാവ് അര്‍ജന്റീനയിലേക്കാൾ ക്യൂബൻ മണ്ണിലാണ് അലിഞ്ഞിട്ടുണ്ടാവുക) ക്യൂബയെ ഗർഭത്തിൽ പേരുകയെന്നാൽ കമ്യൂണിസം വിഭാവനം ചെയ്യുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം പുലരുന്ന വ്യവസ്‌ഥിയെ പേറുക എന്നാണ് വിവക്ഷ.

Also Read: ‘ദി മോട്ടോർ സൈക്ലിസ്റ്റ്’ എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

അല്ല ഞാനാരോടാണീ പറയുന്നത്. രണ്ടേരണ്ടു പേജുകൾ ഉള്ള നോവലാണ് മീശയെന്ന് വിശ്വസിക്കുന്നവരോടോ? എന്റെ പിഴ.

അവസാനമായി ഒരു കാര്യം കൂടി. ഞാൻ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണെങ്കിലും പഠിച്ചതും വളർന്നതും ഇപ്പോൾ പുലരുന്നതും നിരന്തരം ഇടപെടുന്നതും മനുഷ്യർക്കൊപ്പമാണ്. വെറും മനുഷ്യർക്കൊപ്പം. സ്വതവേ ദുര്‍ബലയും അസുഖക്കാരിയുമായ പെൺകുട്ടിയെ കരുണയോടെ സ്വീകരിച്ച സെന്റ്‌ ജോസഫ്സ് സ്കൂളിലെ കന്യാസ്ത്രീ അമ്മമാർ മുതൽ എന്നെ ഞാനാക്കിയ എസ്ബി കോളേജിലെ അധ്യാപകർ വരെയുള്ളവർ പകുത്തുതന്നതാണ് എന്റെ മാനവികബോധം. കൂടെ നടന്നവരും ചേർത്തുനിർത്തിയവരും അണച്ചുപിടിച്ചവരും ആഹാരം തന്നവരും വീണപ്പോൾ താങ്ങിയവരും ഒക്കെ മനുഷ്യരാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ. സ്നേഹിക്കുന്നവരുടെ മതവും ജാതിയും തിരഞ്ഞ് അവരെ തിരിഞ്ഞുകൊത്തുന്ന വിഷലിപ്തമായ നിങ്ങളുടെ രാഷ്ട്രീയശിബിരങ്ങളിൽ എനിക്ക് അത്താഴമൊരുക്കരുത്. ഒരു രാഷ്ട്രത്തെ അതിന്റെ ദേശീയതയെയും ചരിത്രത്തെയും നിങ്ങൾക്ക് ആവശ്യമായ രീതിയിൽ പതംവരുത്തി അതിനെ മതസ്‌ഥാനാക്കി കൊടികുത്താനുള്ള നിങ്ങളുടെ മോഹം പങ്കുപറ്റാൻ മരണം വരെ ഞാനില്ല. എന്റെ നാട്, അതിന്റെ മതേതര ബോധത്തെ, നൈതികതയെ, സാംസ്കാരിക ആർജ്ജവത്തെ, മാനവിക മൂല്യങ്ങളെ അവസാനം വരെ കാത്തു പോരും.
എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന, അരാഷ്ട്രീയതയുടെ ഗുരുകുലങ്ങൾ കെട്ടിപ്പടുക്കുന്ന നിങ്ങളുടെ കാവി റിപ്പബ്ലിക്കിന്‌ തത് ക്കാലം സ്കോപ്പില്ല.

കൂടെ നിന്നവർ അനവധിയാണ്. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞു സ്വയം ചെറുതാവുന്നില്ല. ഫോണിൽ വിളിച്ചവർ, വാട്സ് ആപ്പിലും മെസഞ്ചറിലും അന്വേഷിച്ചവർ, ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മീഡിയകളിലും പോസ്റ്റുകൾ എഴുതിയവർ, വെറുമൊരു വീട്ടമ്മയും അധ്യാപികയും ഏറിയാൽ ഒരു കവിയുമായി തീരേണ്ടവളെ ഞങ്ങൾക്കൂടി ഉൾപ്പെടുന്ന ലോകമാണ് നിന്റെ കോശങ്ങളിൽ നിറയുന്നത്‌ എന്നോർമ്മിപ്പിച്ച് വിശാലമായ ലോക ബോധ്യങ്ങളിലേക്ക് കണ്ണി ചേർത്തത് നിങ്ങളാണ്. ഇപ്പോൾ ഞാൻ ഒരാളല്ല, ഒരാൾക്കൂട്ടമാണ്. പൂർവാധികം ശക്തയും സ്വസ്‌ഥയുമാണ്. മിണ്ടാതെ മാറി നിന്നവരോടും പരിഭവമില്ല. നിങ്ങളെക്കൂടി ഉൾകൊള്ളാൻ എന്റെ ജനാധിപത്യ ബഹുസ്വര ലോകത്തിനു കരുത്തുണ്ട്. സ്നേഹാഭിവാദ്യങ്ങൾ.

(സംഗീത ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

‘ദി മോട്ടോർ സൈക്ലിസ്റ്റ്’ എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

സെറീനയെ അധിക്ഷേപിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ എന്നു തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും നേരം വെളുത്തിട്ടില്ല എന്നാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍