UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങളിനിയും മോദിക്കൊപ്പം ചേര്‍ന്ന് അയാളെ പപ്പുമോന്‍ എന്നു വിളിച്ചോളൂ

പൊട്ടക്കിണറ്റിലെ കൂപമണ്ഡൂകങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല. അവർ രാഹുൽ ഗാന്ധിയെ കോക്രി കാണിച്ചു കൊണ്ടിരിക്കും

കെ.എ ഷാജി

കെ.എ ഷാജി

1984ലെ സിക്ക് വിരുദ്ധ കലാപത്തിന് അന്ന് ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി മറുപടി പറയണമെന്ന രാജ്നാഥ് സിംഗിന്റെ ആവശ്യത്തിൽ അത്ഭുതമില്ല. അദ്ദേഹത്തിന്റെ നേതാവ് നരേന്ദ്ര മോദി ആയിരുന്നെങ്കിൽ മരിച്ചുപോയ ജവഹർലാൽ നെഹ്രു എഴുന്നേറ്റ് വന്ന് മറുപടി പറയണം എന്ന് പറഞ്ഞേനെ. സിക്ക് വിരുദ്ധ കലാപത്തിന് തുല്യവും സമാനവുമായ ഇതര കലാപങ്ങളുടെ ഉത്തരവാദികൾ ആരെന്നൊന്നും അവരോട് ചോദിക്കരുത്.

അവർ അടിയന്തരാവസ്ഥയെക്കുറിച്ച് പറയും. ബാബറി മസ്ജിദ് തകർത്തതും തുടർന്നു കലുഷിതമായ ഇന്ത്യൻ അവസ്ഥയും സംബന്ധിച്ച് മിണ്ടില്ല. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പറയും. അദാനിയേയും അംബാനിയേയും പോലുള്ള കോർപ്പറേറ്റുകൾ നേരിട്ട് രാജ്യം ഭരിക്കുന്ന അവസ്ഥ അഴിമതിയിലും ഭീകരമെന്ന് പറയില്ല. പറയാനാകില്ല.
പൊതുഖജനാവിൽ നിന്ന് നിരവധി കോടികൾ ചെലവിട്ട് സ്ഥിരമായി വിദേശയാത്ര നടത്തുകയും അവയിൽ നിന്ന് കാര്യമായി നാടിന് നേട്ടമൊന്നും ഉണ്ടാക്കി കൊടുക്കാതിരിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രി ഒരമേരിക്കൻ സന്ദർശനം നടത്തിയതിന് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ പരസ്യമായി അവഹേളിച്ചത് നാം കണ്ടു. ഭരണത്തലവന് നിവേദനം നല്‍കാൻ പോയ സർവ്വകക്ഷി സംഘം പോലും അപമാനിതമായി.

രാജ്യമെങ്ങും ജനങ്ങൾ അതൃപ്തരാണ്. ജി എസ് ടിയും ഡീമോണിട്ടൈസേഷനും പുതുക്കിയ തൊഴിൽ നിയമങ്ങളും നാടിന്റെ നടുവൊടിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയേയും അയാളുടെ മുതുമുത്തച്ഛൻ നെഹ്രുവിനെയും പരിഹസിച്ചും ചീത്തവിളിച്ചും നാളുകൾ നീക്കുകയാണ് സാർത്ഥവാഹക സംഘം.

രാഹുൽഗാന്ധിയിൽ കാണുന്ന മെച്ചം അയാൾ സ്വയം മഹാനാക്കുകയോ സ്തുതിപാഠകരാൽ നയിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ്. സ്വന്തം അമ്മയും അച്ഛനും അമ്മൂമ്മയും നടന്ന വഴിയിലല്ല അയാൾ നടക്കുന്നത്. മൻമോഹൻ സിംഗിന്റെയും ചിദംബരത്തിന്റേയും ഭാഷയല്ല പറയുന്നത്. അയാൾ പറയുന്നത് ദരിദ്രരുടെയും നിരാലംബരുടേയും നിസ്സഹായരുടേയും ഇന്ത്യയെക്കുറിച്ചാണ്. ദളിതരേയും ആദിവാസികളേയും മത, ഭാഷാ ന്യൂനപക്ഷങ്ങളേയും കുറിച്ചാണ്. ആരോ എഴുതിക്കൊടുത്തത് കാണാതെ പറയുന്നു എന്ന് പരിഹസിക്കാം. എന്നാൽ അയാൾ പറയുന്നതെല്ലാം കാര്യങ്ങളാണ്.

നിങ്ങൾക്കയാളെ പരിഹസിക്കാം. പപ്പു എന്ന് വിളിക്കാം. കോൺഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങൾ മുഴുവൻ അയാളുടെ തലയിൽ കെട്ടിവയ്ക്കാം. എന്നാലയാൾ പ്രകോപിതനാകുന്നില്ല. ചോദ്യങ്ങളിൽ നിന്നൊളിച്ചോടുന്നില്ല. ധിക്കാരത്തിന്റെ ശരീരഭാഷയില്ല.

ചില മതേതര പുരോഗമനവാദികൾക്ക് രക്ഷകൻ ഇനിയും ജനിക്കാൻ ഇരിക്കുന്നതേയുള്ളു. അതുവരെ വർഗ്ഗീയ ഫാസിസം തുടരുന്നതിൽ അവർക്ക് കുഴപ്പമില്ല. അതു കൊണ്ടവർ മോദിയുടെ അതേ ആവേശത്തിൽ പപ്പു മോൻ വിളി തുടരുന്നു.

രാഹുൽ ഗാന്ധി രക്ഷകനല്ല. പക്ഷെ രാജ്യം ഇന്നായിരിക്കുന്ന ദുരിതാവസ്ഥ മാറ്റാൻ എന്തെങ്കിലും ചെയ്യാനാകുന്നവരിൽ ഒരാളാണ്. നിരവധി പോരായ്മകൾ അയാൾക്കുണ്ട്. അവസരവാദികളുടെ പാർട്ടിയാണ് അയാളുടേത്. ഇത് രാഹുലിന്റെ മാത്രം പ്രശ്നമല്ല. അയാൾക്കൊപ്പം ഫാസിസ്റ്റ്‌ വിരുദ്ധ മുന്നേറ്റം നടത്തേണ്ടവർ ആരും പൂർണ്ണരല്ല. അവരുടെ പാർട്ടികൾ കോൺഗ്രസ്സിലും കൂതറകളാണ്. മായാവതിയും അഖിലേഷ് യാദവും ലാലു പ്രസാദിന്റെ മക്കളും മമതയും കുമാരസ്വാമിയും എംകെ സ്റ്റാലിനുമൊക്കെ പത്തരമാറ്റല്ല. പക്ഷെ അവരില്ലാതെ മതേതര ജനാധിപത്യത്തിന് മോചനമില്ല. ആകാശത്തു നിന്ന് പുണ്യാത്മാക്കൾ കെട്ടിയിറക്കപ്പെടാത്തിടത്തോളം രാജ്യത്തിന് ഇവരെയൊക്കെ ആവശ്യമുണ്ട്. കയ്യാലപ്പുറത്തിരിക്കുന്ന നവീൻ പട്നായിക്കും ചന്ദ്രബാബു നായിഡുവുമടക്കം. ഇവിടെ ഏകോപനവും കൂട്ടായ മുന്നേറ്റവും ഉറപ്പാക്കലാണ് ഇടതുപക്ഷത്തിന്റെ ദൗത്യം. മുഖ്യശത്രുവിനെ തോല്പിച്ചിട്ട് ചെറിയ ശത്രുക്കളെ നേരിടാം.

പൊട്ടക്കിണറ്റിലെ കൂപമണ്ഡൂകങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല. അവർ രാഹുൽ ഗാന്ധിയെ കോക്രി കാണിച്ചു കൊണ്ടിരിക്കും.

(കെ.എ ഷാജി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

രാഹുലിന് അധികാരത്തിലേറാന്‍ എന്തിനിത്ര തിരക്ക്? നരേന്ദ്ര മോദി

അമ്പരപ്പിച്ചു രാഹുല്‍; ആദ്യം കടന്നാക്രമണം, പിന്നെ കെട്ടിപ്പിടുത്തം

2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍