UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസിന്റെ കാര്യസ്ഥപ്പണിയല്ല കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത്

ഗാന്ധിവധക്കേസില്‍ ആദ്യം അറസ്റ്റിലായവരില്‍ ഒരാളായ അവരുടെ ഗുരു ഗോള്‍വാള്‍ക്കറെ രാഷ്ട്രപിതാവായും ദീനദയാലിനെ പ്രഥമ പ്രധാനമന്ത്രിയുമായാണ് ആര്‍എസ്എസിന്റെ ആശയലോകം കണക്കാക്കുന്നത്

വിദ്യഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഐറ്റമാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ചുമതലയുള്ളത്. അതില്‍ സാങ്കേതികത്വം മാത്രമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന് ഒരു കേന്ദ്രബജറ്റില്‍ നീക്കിവയ്ക്കുന്ന നക്കാപ്പിച്ചയില്‍ ശമ്പളമൊക്കെ കഴിഞ്ഞ് ബാക്കിയുള്ളത് വച്ച് പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ മണ്ഡലങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭരണം പിടിക്കാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളില്‍… അങ്ങനെ വീതം വച്ചു കഴിയുമ്പോള്‍ ബാക്കിയുള്ളത് എപ്പോഴും പുതിയ പദ്ധതികള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെയും നിരന്തരം അപേക്ഷകള്‍ നല്‍കുന്ന എം.പിമാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.

അഥവാ ഒരു സംസ്ഥാനത്തിന്റെ പൊതുവിദ്യഭ്യാസ പരിപാടിയുടെ നടത്തിപ്പില്‍ നേരിട്ടൊരു പങ്കും കേന്ദ്രസര്‍ക്കാരിനില്ല. അല്ലെങ്കില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയെല്ലാം പൊതുവിദ്യാഭ്യാസ നിലവാരം, അധ്യാപകരുടെ നിയമനം, ശമ്പളം, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഏകദേശമെങ്കിലും ഒരുപോലെയായേനെ. അതല്ല നിലവിലുള്ള സ്ഥിതി.

കേരളം വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രപൊതുശരാശരിയേക്കാള്‍ ഒട്ടേറെ മുകളിലായതിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നയിച്ച പ്രക്ഷോഭങ്ങള്‍ മുതല്‍ 19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച മിഷനറി വിദ്യാഭ്യാസം മുതല്‍ തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയ ദുരാചാരങ്ങളെ ചോദ്യം ചെയ്യാന്‍ പോലും സാമൂഹ്യപരിഷകര്‍ത്താക്കള്‍ ഉപകരണമായി ഉപയോഗിച്ചത് വിദ്യാഭ്യാസവും വിദ്യാലയങ്ങളുമാണ് എന്നത് മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അഥവാ ദുരാചാരങ്ങളോടും പട്ടിണിയോടും വ്യവസ്ഥയോടും പൊരുതാനുളള മാര്‍ഗ്ഗമായി പൊതുവിദ്യാഭ്യാസത്തെ കണ്ട ഒരു ജനതയുടെ ചരിത്രത്തിന്റെ മുകളിലാണ് ഇന്ന് അമിത് ഷാ, ആദിത്യനാഥ് തുടങ്ങിയ ദുരന്തങ്ങള്‍ കേരളത്തില്‍ വന്ന് വിഷം ചീറ്റുമ്പോള്‍ കടക്ക് കോപ്പുകളെ പുറത്ത് എന്ന് പറയാനീ നാടിന് ആര്‍ജ്ജവുമുണ്ടാകുന്നത്.

ആ നാട്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ദീനദയാലുപാധ്യായ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് തിട്ടൂരമയയ്ക്കുമ്പോള്‍ ‘ഓമ്പ്രാ’ എന്ന് തലേക്കെട്ടഴിച്ച് അരക്കെട്ട് വളച്ച് നില്‍ക്കുന്ന വിദ്യാഭ്യാസ വകുപ്പുണ്ടെങ്കില്‍ ആ മന്ത്രിയെ കാര്യസ്ഥ പണിക്കാണ് വിടേണ്ടത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാഘോഷിക്കണമെന്നാരെങ്കിലും പറയുമ്പോ ‘അതാരാ’ എന്ന് തിരിച്ചു ചോദിക്കാനുള്ള കെല്‍പ്പ് ഇല്ലെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയ ബോധമല്ല, മറ്റെന്തോ ആണ് നിങ്ങളെ നയിക്കുന്നത്.

ഈ പറഞ്ഞ ദീന്‍ദയാല്‍ ഉപാധ്യായ എന്ന ഉത്തര്‍പ്രദേശ് സ്വദേശി, മുന്‍ ആര്‍എസ്എസ് പ്രചാരക്, ജനസംഘമെന്ന ബിജെപിയുടെ പ്രാഗ്‌രൂപത്തിന്റെ നടത്തിപ്പിലേയ്ക്ക് അന്നത്തെ സര്‍സംഘ് ചാലക് ഗോള്‍വാള്‍ക്കര്‍ ചുമതലയേല്‍പ്പിച്ചു വിട്ടയാളാണ്. ആര്‍എസ്എസിന്റെ ആദ്യ മേധാവി ഹെഡ്‌ഗേവാറിനോ പിന്‍ഗാമി ഗോള്‍വാള്‍ക്കറിനോ ഒരു രാഷ്ട്രീയ കക്ഷി ആരംഭിക്കാന്‍ യാതൊരു താത്പര്യവുമില്ലായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സെക്കുലിറിസ്റ്റ് നീക്കങ്ങളില്‍ മനം നൊന്താണ് ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് രൂപവത്‌രിക്കുന്നത് തന്നെ. ഹിന്ദു മഹാസഭയും കോണ്‍ഗ്രസും ഒരുമിച്ച് കൊണ്ടുപോയിരുന്ന മദന്‍മോഹന്‍മാളവ്യ മുതല്‍ ഗംഗാധരതിലക് വരെയുള്ളവരുടെ നേതൃത്വത്തില്‍ നിന്ന്, മുസ്ലീങ്ങള്‍ മനുഷ്യരും ഇന്ത്യക്കാരുമാണ് എന്ന് പറയാന്‍ ധൈര്യം കാണിച്ച മോഹന്‍ദാസ് ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ മേധാവിത്വം കിട്ടിത്തുടങ്ങിയതോടെയാണ് ആര്‍എസ്എസിന്റെ ആവശ്യകത ഹെഡ്‌ഗേവാര്‍ക്ക് ബോധ്യപ്പെട്ടത്. അല്ലെങ്കില്‍ കോണ്‍ഗ്രസിനെ തന്നെ ആര്‍എസ്എസ് ആക്കി അവര്‍ മാറ്റിയേനെ.

എന്തായാലും ഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടതിന് ശേഷമാണ് ഗോള്‍വാള്‍ക്കര്‍ക്ക് ആര്‍എസ്എസിന് ഒരു രാഷ്ട്രീയ മുഖം വേണമെന്ന് തോന്നിയത്. അങ്ങനെയാണ് ആര്‍എസ്എസുമായി ബന്ധമില്ലെങ്കിലും പഴയ ഹിന്ദുമഹാസഭ പ്രവര്‍ത്തകനും ജവഹര്‍ലാലിന്റെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്നതിന് ശേഷം പുറത്ത് വന്നയാളുമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഇന്ത്യന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ സംഘടന ഗോള്‍വാള്‍ക്കറിന്റെ ശ്രദ്ധയില്‍ പെടുന്നത്. ആര്യസമാജത്തിന്റെ പിന്തുണകൂടിയുള്ള ഈ പാര്‍ട്ടിയെ ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമാക്കാം എന്ന കാര്യത്തില്‍ പലരും യോജിച്ചുവെങ്കിലും ഗോള്‍വാള്‍ക്കര്‍ക്കും ശ്യാമപ്രസാദ് മുഖര്‍ജിയും സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ഒടുവില്‍ കാവിക്കൊടിയാകണം പതാക, ഭാരതീയ ലോക് സംഘ്, അല്ലെങ്കില്‍ ഭാരതീയ ജനസംഘ് എന്ന് പേര് മാറ്റണം, ആര്‍എസ്എസിന്റെ സിദ്ധാന്തങ്ങളാകണം പാര്‍ട്ടിക്കുള്ളത് എന്നീ ഗോള്‍വാള്‍ക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ശ്യാമപ്രസാദ മുഖര്‍ജി വഴങ്ങി. എന്നിട്ടും മതിവരാതെ, പാര്‍ട്ടിയുടെ സംഘടന ചുമതല ആര്‍എസ്എസിനായിരിക്കും, അതിനായി ഒരു ജനറല്‍ സെക്രട്ടറിയെ സംഘപരിവാര്‍ നല്‍കും എന്നും നിശ്ചയിച്ചു.

അങ്ങനെ ഗോള്‍വാള്‍ക്കര്‍ ജനസംഘിന് ആദ്യമായി നല്‍കിയ സംഘടന ജനറല്‍ സെക്രട്ടറിയാണ് ദീന്‍ദയാന്‍ ഉപാധ്യായ. ആദ്യം ഉത്തര്‍പ്രദേശ് വിഭാഗം സംഘടന ജനറല്‍ സെക്രട്ടറിയായും പിന്നീട് പാര്‍ട്ടി ദേശീയതലത്തിലേയ്ക്ക് വളര്‍ന്നപ്പോള്‍ ദേശീയ സംഘടന ജനറല്‍ സെക്രട്ടറിയുമായും ദീന്‍ദയാല്‍ മാറി. ആദ്യകാലത്ത് ശ്യാമപ്രസാദ് മുഖര്‍ജി കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമനായി നിന്നുകൊണ്ട് ആര്‍എസ്എസിന്റെ വരിധിയില്‍ തന്നെ നിര്‍ത്തി ജനസംഘിനെ വളര്‍ത്തി. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണശേഷമുള്ള പതിനഞ്ച് വര്‍ഷം സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ ഇരുന്നുകൊണ്ട് തന്നെ സംഘടനയിലെ ഒന്നാമനായി ജനസംഘിനെ നിയന്ത്രിച്ചു. ഒരേയൊരു വര്‍ഷമാണ് ദീന്‍ദയാല്‍ ജനസംഘിന്റെ അധ്യക്ഷ സ്ഥാനത്തിരുന്നത്. അതുകൊണ്ടെല്ലാം തന്നെ ആര്‍എസ്എസിന്, ഇന്നത്തെ ബിജെപിക്ക് കേശവ് ബലിറാം ഹെഡ്‌ഗേവാര്‍, മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ എന്നീ മഹാരാഷ്ട്രീയന്‍ ബ്രാഹ്മണരെപ്പോലെ തന്നെ പ്രധാനമായ ആദര്‍ശരൂപമാണ് മഥുരയില്‍ ജനിച്ച ഈ ബംഗാളി ബ്രാഹ്മണനും. അവരുടെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ, അവരുടെ അങ്കുശമില്ലാത്ത മനുഷ്യവിരുദ്ധതയുടെ പതാഹവാഹകരില്‍ പ്രധാനിയാണ്, നമ്മുടെ രാജ്യത്തെ നിലവിലുള്ള പ്രഥമപൗരന്‍ ആ ചുമതല ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ഗാന്ധിയോട് ഉപമിച്ച, ദീന്‍ദയാല്‍.

ഗാന്ധിവധക്കേസില്‍ ആദ്യം അറസ്റ്റിലായവരില്‍ ഒരാളായ അവരുടെ ഗുരു ഗോള്‍വാള്‍ക്കറെ രാഷ്ട്രപിതാവായും ദീനദയാലിനെ പ്രഥമ പ്രധാനമന്ത്രിയുമായാണ് ആര്‍എസ്എസിന്റെ ആശയലോകം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നെഹ്രുവിന്റെ പേരുള്ള ഇടങ്ങളില്‍ നിന്നെല്ലാം അത് തുടച്ച് മാറ്റി ദീന്‍ ദയാലെന്ന് എഴുതി ചേര്‍ക്കുകയാണ് ആദ്യഘട്ടമായി അവര്‍. ഭഗത്‌സിങ്ങിന്റെ പേര് മായിച്ച് വിനായക് ഗോഡ്‌സേ എന്ന് ആക്കുന്നതിന്റെ മുന്നോടി.

രാജ്യം മുഴുവന്‍ ബീഫിന്റെ പേരില്‍ കലാപം നടക്കുമ്പോള്‍, ബീഫ് എന്നത് ഒരു രാഷ്ട്രീയ നിലപാടാണ് എന്ന് പുരോഗമന ലോകം പ്രഖ്യാപിക്കുമ്പോള്‍, ഏതോ ഊള പ്രകൃതി ചികിത്സകരെ പോലെ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് പ്രഖ്യാപിച്ചയാളാണ് മന്ത്രിക്കസേരയില്‍. എങ്ങനെയാണ് ഇവര്‍ രാഷ്ട്രീയത്തെ പുറത്തിട്ടടച്ച് കാറ്റും വെളിച്ചവും കേറാത്ത മന്ത്രി മന്ദിരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് ആവോ!

(ശ്രീജിത് ദിവാകരന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍