UPDATES

ട്രെന്‍ഡിങ്ങ്

ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

കാരണം, ഇന്ന് ബ്രാഹ്മണ്യം കേവലമൊരു ജാതിയല്ല; അതൊരു മനോനിലയാണ്. നിസ്സംശയമായും മനോരോഗനിലയാണ്.

സുരേഷ് ഗോപി ഏതൊരു ബുദ്ധിരഹിതസംഘിയുടെയും സിറോക്സ് കോപ്പിയാണ്. പൂണൂൽമോഹം സ്വാഭാവികം. പൂണൂലിട്ടൊരു പാർട്ടിയുടെ എംപിയായിരിക്കുമ്പോൾ വേറെന്ത് മോഹിക്കാനാണ്? ബ്രാഹ്മണ്യം എന്നാൽ അങ്ങേരു മനസ്സിലാക്കിയിരിക്കുന്നത് ‘ചിന്താമണി കൊലക്കേസ്’ എന്ന ബ്രാഹ്മണാൾ സിൽമയിലെ (അതു മലയാളസിൽമയാണോ സംസ്കൃതസിൽമയാണോ? രണ്ടും സമാസമമുണ്ട്) എന്തോ പരിപാടിയായിട്ടാവണം.

അല്ലെങ്കിലും ഒരു നായർക്ക് ഇജ്ജന്മത്തിലും പരജന്മത്തിലുമായി പരമാവധി പണ്ടേ മോഹിക്കാവുന്നത് രണ്ടു കാര്യമാണ്:

1) ഈ ജന്മത്തിൽ നമ്പൂരി സംബന്ധത്തിനു വരുമ്പോൾ ഇറയത്ത് കിടന്നു ചവിട്ടു കിട്ടാതിരിക്കാനായി ഒരു ഹെൽമറ്റ്.
2) അടുത്തജന്മത്തിൽ വേറെ നായന്മാരുടെ തലയിൽ ചവിട്ടാനായി ഒരു പൂണൂൽ.

അതായത്, ‘ദേ വന്നു, ദാ പോയി’ പറയുന്നത്, അങ്ങനെ ദേ വന്നതും ദേ പോയതുമായ കാര്യമല്ല. നൂറ്റാണ്ടുകളുടെ അന്തർദാഹമാണ് ചങ്ങാതിമാരേ. മറ്റുള്ളവർ അദ്ധ്വാനിച്ചത് തിന്നും മറ്റുള്ളവരുടെ ശരീരത്തിൽ ഉന്മാദം കൊണ്ടും ജീവിച്ചുപോന്ന പൂണൂൽക്കാലം തിരിച്ചുവരണമെന്നും അക്കാലത്തിൽ തനിക്കും മാറിനു കുറുകേ ഒരു പൂണൂൽ വേണമെന്നും മോഹിച്ച് ഈ ജന്മത്തിലേ മനസ്സിനു കുറുകേ ഒരു പൂണൂലിട്ടു ജീവിക്കുന്നവരുടെ പ്രതിനിധിയാണ് ആ സിറോക്സ് കോപ്പി.

ഒരിക്കലൊരു ചാനൽപ്പരിപാടിയിൽ ഇയാൾ ആഴ്വാഞ്ചേരിയിൽ പോയി തമ്പ്രാക്കളെക്കുറിച്ച് ഓച്ഛാനിച്ചു നിന്ന് സംസാരിക്കുന്നത് കേട്ടപ്പോഴേ എനിക്കു തിരിഞ്ഞതാണ്, ആശാന്റെ പൂണുൽഭക്തി. “ഇന്നും ഈ മുറ്റത്തെത്തിയാൽ ‘തമ്പ്രാനേ…’ എന്നേ ആരും വിളിക്കൂ” എന്നൊക്കെയായിരുന്നു താങ്ങ്.

ഈ ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്നുപറഞ്ഞാലൊണ്ടല്ലോ, ഒരു സംഭവാണ്. മലബാർ മാന്വലെഴുതിയ വില്യം ലോഗന് തമ്പ്രാക്കളുടെ ‘ദേഹം പവിത്ര’മാണെന്നും വീരഭൂമിസപ്ലിയിൽ ചപ്ലിലേഖനമെഴുതുന്ന വികെ ശ്രീരാമന് തമ്പ്രാക്കളുടെ ‘കുലധർമ്മം’ കേമമാണെന്നും തോന്നിയതാണ്. ‘തിരുവിതാംകൂർ മഹാസാമ്രാജ്യ’ത്തിന്റെ (സാമ്യാജ്യമേ! ) രാസാവ് ഉത്രാടം തിരുനാൾ പണ്ട് പറഞ്ഞിട്ടുള്ളത് തമ്പ്രാക്കൾ റോമിലാണെങ്കിൽ പദവി പാപ്പയ്ക്കു തുല്യമായേനേ എന്നാണ്. ഉസ്താദ് പരശുരാമന്റെ പേരിൽ കേരളത്തിലെ ബ്രാഹ്മണരെ ശങ്കരൻ ആഭിജാത്യ യഥാക്രമത്തിൽ തിരിച്ചത് തമ്പ്രാക്കൾ, ആഢ്യൻ, വിശിഷ്ട ബ്രാഹ്മണൻ, സാമാന്യ ബ്രാഹ്മണൻ, ജാതിമത്രേയൻ, സാങ്കേതികൻ, ശാപഗ്രസ്തൻ, പാപിഷ്ഠൻ എന്നിങ്ങനെയാണ്. തമ്പ്രാക്കൾ ബ്രാഹ്മണരിൽ ബ്രാഹ്മണനാണ്.

തമ്പ്രാക്കളെപ്പറ്റി ഒരുപാടു കഥകളുണ്ട്. ഒരു കഥ എനിക്കിഷ്ടപ്പെട്ടതാണ്. ആഴ്വാഞ്ചേരി തമ്പ്രാക്കൾ തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കയറില്ല. കാരണമെന്താണെന്നോ? അവിടെ ‘യോഗ്യാര്’ എന്ന്ഒരു സ്ഥാനമുണ്ട്. യോഗ്യാരുടെ തലമുറ ഇല്ലാതായാൽ പിന്നെ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആ സ്ഥാനം ഏറ്റെടുക്കണം എന്നാണ് വ്യവസ്ഥ. തച്ചുടയ കൈമളാണ് ആ സ്ഥാനം കൈയ്യേറ്റിരുന്നത്. അവർ മരിച്ചുപോയി. പിന്നെ തമ്പ്രാക്കൾ അവിടെച്ചെന്നാൽ അവിടത്തെ കാര്യങ്ങലൊക്കെ നോക്കി നടത്തേണ്ടിവരും. അതുകൊണ്ട് തമ്പ്രാക്കൾ അവിടെ പോവില്ല.

അതായത്, തൃശ്ശൂക്കാരടെ ഭാഷയിൽ പറഞ്ഞാൽ, “പണി മേല്ക്ക് എടുക്കുംന്നാ വന്നപ്പൊ ഗഡി സ്കൂട്ടായി!”

അപ്പോൾ പറഞ്ഞുവന്നത്, പൂണൂൽമോഹമൊക്കെ ആയി നടക്കുന്നവർ അങ്ങനങ്ങ് പോവും. “പാഞ്ഞുപോം കാലത്തിനെത്തളച്ചു നിർത്താം തന്റെ ചീഞ്ഞ പൂണൂലാൽ, ഇതേ നമ്പൂരിക്കിന്നും മോഹം” എന്ന് എത്രയോ മുൻപ് എം ആർ ബി, നമ്പൂരി മോഹത്തെക്കുറിച്ച് എഴുതിയിരുന്നു. മാറിനു കുറുകേയുള്ള പൂണൂലിലും മനസ്സിനു കുറുകേയുള്ള പൂണൂലിലും ഇന്നും മോഹം അതുതന്നെയാണ്, ഒരു മാറ്റവുമില്ല. കാരണം ഇന്ന് ബ്രാഹ്മണ്യം കേവലമൊരു ജാതിയല്ല, സന്ധ്യാവന്ദനവും പൂജയും കദകമാലകെട്ടലും ഒക്കുവച്ചടക്കലും കഴുത്തിൽ ചരടുപിടിച്ച് ജപിക്കലും പരിശീലിയ്ക്കേണ്ട കാര്യമില്ല നിങ്ങൾക്കിന്ന് ബ്രാഹ്മണനാവാൻ – അതൊരു മനോനിലയാണ്. നിസ്സംശയമായും മനോരോഗനിലയാണ്.

(ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍