UPDATES

ട്രെന്‍ഡിങ്ങ്

തായ്‌ ഗുഹാമുഖത്തെ മുരളി തുമ്മാരുകുടിമാര്‍

ഗുഹാ അപകടം അറിഞ്ഞപ്പോൾ ആദ്യം പട്ടാളം ചെയ്തത് അവിടെനിന്നും മാധ്യമങ്ങളെ പുറത്താക്കുകയാണ്. പകരം ദിവസവും ചെറിയ പത്രക്കുറിപ്പു മാത്രം നൽകി.

ജനാധിപത്യത്തിന് അൽപ്പായുസ്സു മാത്രമുള്ള ചരിത്രമാണ് എന്നും തായ്‌ലൻഡിന്റേത്. കഴിഞ്ഞ 80 വർഷത്തിൽ 12 പട്ടാള അട്ടിമറികൾ, ഏഴു അട്ടിമറി ശ്രമങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ പട്ടാള അട്ടിമറികൾ നടന്ന രാജ്യങ്ങളിൽ ഒന്ന്.

25 തവണ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടും ജനാധിപത്യം മാത്രം വേരുപിടിച്ചില്ല. ഈ നിരന്തര ഭരണത്തകർച്ചകൾ കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുൻപ് പലപ്പോഴും തരിപ്പണമായി. ടൂറിസം കൂടി ഇല്ലായിരുന്നു എങ്കിൽ ജനം പട്ടിണി കിടന്നു മരിച്ചേനെ.

ഇപ്പോൾ പ്രധാന വരുമാനങ്ങളിൽ ഒന്ന് സെക്‌സ് ടൂറിസം. ഭരണകൂടംതന്നെ ലൈംഗികശാലകൾ നടത്തുന്നു. ലൈംഗിക തൊഴിലാളിക്കു കിട്ടുന്ന വരുമാനത്തിൽ കൈക്കൂലി കഴിഞ്ഞാലും 10 ശതമാനം നികുതി വേറെയും കെട്ടണം.

അതെന്തെങ്കിലും ആകട്ടെ. പക്ഷേ, ഓരോ വർഷവും ലൈംഗികവിപണികളിലേക്ക് എത്തുന്ന ഏതാണ്ട് 30 ശതമാനം പെണ്‍കുട്ടികൾ പ്രായപൂർത്തി ആകാത്തവരാണ് എന്നൊരു ഞെട്ടിക്കുന്ന കണക്ക് വേറെയുമുണ്ട്.

പരിമിത അധികാരങ്ങളോടെ എങ്കിലും ഇപ്പോഴും തായ്‌ലൻഡിൽ രാഷ്ട്രത്തലവൻ രാജാവുതന്നെ. അദ്ദേഹം നിയോഗിക്കുന്ന പ്രധാനമന്ത്രിക്കാണ് ഭരണചുമതല. ചോദ്യം ചെയ്യപ്പെടാത്ത രാജാധികാരം പരമ്പരയായി കൈമാറി വരുന്നു.

തായ്ലൻഡിൽ, ഏറ്റവും ഒടുവിൽ പട്ടാള അട്ടിമറി നടന്നത് 2014-ൽ. ‘നാഷണൽ കൌണ്‍സില്‍ ഫോർ പീസ് ആൻഡ് ഓഡർ’ എന്ന പേരിൽ ഇപ്പോഴും പട്ടാളം തന്നെ ഭരിക്കുന്നു. നാഷണൽ അസംബ്ലി പിരിച്ചുവിട്ടു ഭരണഘടനയും ഭേദഗതി ചെയ്താണ് പട്ടാളമേധാവി അധികാരം തുടരുന്നത്. ജുഡീഷ്യറി നോക്കുകുത്തിയായി. മിക്ക കേസുകളുടെയും വിചാരണകൾ ഇപ്പോൾ പട്ടാളക്കോടതിയിലാണ്. ചെറിയ എതിർസ്വരങ്ങൾക്കും കൊടിയ ശിക്ഷ.

ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ച തായ്‌ലൻഡ് പട്ടാളത്തിന്റെ മുൻ ജനറൽ ഓഫിസറാണ്. സർക്കാരിനെ അട്ടിമറിച്ചു ഭരണംപിടിച്ച പ്രയുത് ചാൻ തന്റെ സേനയിലെ വിശ്വസ്തരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചു. സ്ഥാനം സുരക്ഷിതമാക്കാൻ ഭരണഘടനതന്നെ പൊളിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും തടഞ്ഞു.

പട്ടാളത്തെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട ബറിൻ ഇന്റീൻ എന്ന യുവാവിന് കിട്ടിയത് 11 വർഷം തടവുശിക്ഷ. രാജാവിനെ പരോക്ഷമായി വിമർശിച്ച പൊങ്‌സക് എന്നയാൾക്ക് കിട്ടിയത് 60 വർഷം ജയിൽ. രണ്ടു ശിക്ഷയും ഈ അടുത്ത കാലത്ത്. കുറ്റം സൈബർ ക്രൈം.

തായ് മാധ്യമങ്ങൾ പണ്ടേ സ്വാതന്ത്രമല്ല. 2014 ലെ പട്ടാള അട്ടിമറിക്കുശേഷം മാധ്യമങ്ങളെ കൂടുതൽ കുരുക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു. കൂടുതൽ മാധ്യമനിയന്ത്രണ കരിനിയമങ്ങൾ അണിയറയിൽ പട്ടാളം ഒരുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും മാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഉണ്ട്.

‘ആവശ്യമില്ലാത്തത് എഴുതിയാൽ എഴുതുന്നവനെ തൂക്കിലേറ്റുമെന്നു’ പട്ടാള മേധാവിതന്നെ പരസ്യമായി പ്രഖ്യാപിച്ചു. മുഖപ്രസംഗങ്ങളും അവലോകനങ്ങളും വിമർശനങ്ങളും നിരോധിച്ചു. നിരവധി മാധ്യമപ്രവർത്തകർ ഇപ്പോഴും ജയിലിലാണ്.

സ്വതന്ത്ര ചാനലുകൾ തീരെ കുറവാണ്. പട്ടാള ഭരണത്തിന് എതിരെ വാർത്ത നൽകാൻ ശ്രമിച്ച വോയ്‌സ് ടി വിയും പീസ് ടിവിയും കഴിഞ്ഞ വർഷം പട്ടാളം ആഴ്ചകളോളം അടച്ചുപൂട്ടിച്ചു. പ്രധാന ചാനലുകൾ എല്ലാം റോയൽ തായ് ആർമിയും സർക്കാരുമാണ് നടത്തുന്നത്. റേഡിയോയും ഏതാണ്ട് അങ്ങനെതന്നെ. പത്രങ്ങളൊന്നും വിമർശിച്ചു ‘പണിവാങ്ങാൻ’ നിൽക്കാറില്ല. ‘തായ് രഥ്’ അടക്കം പല പത്രങ്ങൾക്കും ടാബ്ലോയ്ഡ് സ്വഭാവമാണ്.

ഗുഹാ അപകടം അറിഞ്ഞപ്പോൾ ആദ്യം പട്ടാളം ചെയ്തത് അവിടെനിന്നും മാധ്യമങ്ങളെ പുറത്താക്കുകയാണ്. പകരം ദിവസവും ചെറിയ പത്രക്കുറിപ്പു മാത്രം നൽകി. അതല്ലാതെ എന്തെങ്കിലും ജനങ്ങളെ അറിയിച്ചാൽ അന്നോടെ പൂട്ടും പത്രമായാലും ചാനൽ ആയാലും.

ഇങ്ങനെയൊരു ജനാധിപത്യവിരുദ്ധ രാജ്യത്ത് ഒരു ദുരന്തമുഖത്ത് ഭരണാധികാരി എത്തിയാലും ഇല്ലെങ്കിലും ഒന്നുമില്ല. പട്ടാളക്കാരനായ പ്രധാനമന്ത്രിയെ ജീവനിൽ കൊതിയുള്ള ആരും ചോദ്യം ചെയ്യില്ല. അങ്ങനെയൊരു ഭരണത്തലവന് ജനങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യവും ഇല്ല. അയാളോട് ആരും ഒന്നും ഒരിക്കലും ചോദിക്കാൻ പോകുന്നില്ല.

ഇന്ത്യയിൽ അതല്ല അവസ്ഥ. നിപ എന്ന മാരകരോഗം പരക്കുമ്പോഴും ആരോഗ്യമന്ത്രി ആ ജില്ലയിൽ തന്നെ തങ്ങും. അത്, അവരെ തിരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള മഹനീയമായ ഉത്തരവാദിത്തമാണ്. നാളെ വീണ്ടും ജനങ്ങളുടെ മുന്നിൽ പോയി നിൽക്കേണ്ട ആളാണ് എന്ന ബോധ്യമാണ് ആരോഗ്യമന്ത്രിയെക്കൊണ്ടു അതു ചെയ്യിക്കുന്നത്. അത് മൂല്യമുള്ള ഒരു ജനാധിപത്യബോധമാണ്.

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറുകളുടെയും ഭരണകർത്താക്കളുടെയും പിന്തുണയോടെ, അറിവോടെ, അനുമതിയോടെ എത്രയോ വിജയകരമായ റസ്‌ക്യു ഓപ്പറേഷനുകൾ ഇന്ത്യ കണ്ടിരിക്കുന്നു. ഇന്ത്യ കണ്ട മികച്ച പല രക്ഷാദൗത്യങ്ങളും ജനാധിപത്യ ഭരണകൂടങ്ങൾ ആലോചിച്ചും ചർച്ച ചെയ്തും പ്രാവർത്തികമാക്കിയതാണ്.

അറുപതടി ആഴമുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ഹരിയാനയിലെ പ്രിൻസ് എന്ന കുട്ടിയെ 48 മണിക്കൂർക്കൊണ്ടു ഇന്ത്യൻ സൈന്യം പുറത്തെടുത്തത് 2006 ലാണ്. എല്ലാ ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളും ഒന്നിച്ച യജ്ഞമായിരുന്നു അത്. ആ പ്രിൻസിന് ഇപ്പോൾ 17 വയസ്സ്. മിടുക്കനായി വളരുന്നു.

EXPLAINER: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങള്‍; തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികൾ ഇപ്പോള്‍ എന്തുചെയ്യുന്നു?

ആ കുഞ്ഞു ആ കുഴിയിൽ കിടക്കുമ്പോൾതന്നെ ഇന്ത്യൻ മാധ്യമങ്ങൾ ചോദിച്ചു, “ഒരു കുട്ടി ഓടിക്കളിക്കുന്ന സ്ഥലത്ത് മൂടിയില്ലാത്ത ഒരു കുഴൽക്കിണർ വന്നതിന്റെ ഉത്തരവാദി ആരാണ്?”

ആ മാധ്യമ ചർച്ചകൾക്ക് ഫലമുണ്ടായി. രാജ്യത്തെ സുരക്ഷിതമല്ലാത്ത എല്ലാ കുഴൽക്കിണറുകളും മൂടാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആയിരക്കണക്കിന് കുഴൽക്കിണറുകൾ മൂടപ്പെട്ടു. എത്ര കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെട്ടിരിക്കാം!

ഹരിയാന സർക്കാർ നൽകിയ ഇരുപതു ലക്ഷത്തിന് പുറമേ പ്രിൻസിന്റെ ഭാവിക്കായി മാധ്യമങ്ങൾ വലിയൊരു തുക അന്ന് സമാഹരിച്ചു നൽകുകയും ചെയ്തു. ഓർമ്മകൾ ഉണ്ടാവണം.

കടലുണ്ടിയിലും പെരുമണ്ണിലും രക്ഷാപ്രവർത്തകർ എത്തുംവരെ ആരും കാത്തുനിന്നില്ല. നാട്ടുകാർ ഓടിയെത്തി ജീവൻ പണയപ്പെടുത്തി മറ്റു ജീവനുകളെ ആഴങ്ങളിൽനിന്നു കോരിയെടുത്തു. സർക്കാരും ജനങ്ങളും ജനപ്രതിനിധികളും മാധ്യമങ്ങളും ഒന്നിച്ചു കൈകോർത്തു. സുരക്ഷയെ സംബന്ധിച്ച വലിയ ചർച്ചകൾ ഉണ്ടായി. ചില തുടർനടപടികൾ എങ്കിലും ഉണ്ടായി.

ഇന്ത്യൻ മാധ്യമങ്ങൾ ഓരോ റെയിൽ അപകടത്തിലും ആവർത്തിച്ചു ചർച്ച ചെയ്യാറുണ്ട് റയിൽസുരക്ഷയെക്കുറിച്ച്. ആ ചർച്ചകൾ ഒന്നും അനാവശ്യമായിരുന്നില്ല എന്നതിന് തെളിവാണ് റയിൽവേയുടെതന്നെ കണക്കുകളിൽ റെയിൽ അപകടങ്ങളിൽ ഇപ്പോഴുണ്ടായിരിക്കുന്ന കുറവ്.

പിഞ്ചുകുട്ടികൾ കയറിപോകാൻ തക്ക അപ കടകരമായ ഒരു ഗുഹ ഒരു മുന്നറിയിപ്പ് ബോർഡുപോലും ഇല്ലാതെ ജനവാസ മേഖലയിൽ തുറന്നു കിടന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം തായ്‌ലൻഡിൽ ആരും ചോദിക്കില്ല. ശരിക്കും എന്താണ് നടന്നതെന്ന് ആ കുട്ടികളോട് ഒരു തായ്‌ലൻഡ് ചാനലും ചോദിക്കില്ല. സർക്കാരിനോ അധികൃതർക്കോ എതിരെ ആരും ഒരു ചെറുവിരൽപോലും അനക്കില്ല. പല രഹസ്യങ്ങളും ലോകം അറിയുകപോലുമില്ല.

എന്നുകരുതി അതാണ് ‘മഹനീയ മാതൃക’ എന്നു ഇന്ത്യക്കാരൻ, വിശേഷിച്ചു മലയാളി പറയരുത്. ഒരിടത്തും ചോദ്യങ്ങൾ ഉണ്ടാവാത്തതിൽ ആഹ്ലാദിക്കരുത്. അത്തരം ആഹ്ലാദം തോന്നുന്നുവെങ്കിൽ നിങ്ങളുടെ ഉള്ളിലൊരു ഏകാധിപതിയും മുട്ടിലിഴയുന്ന ദാസനും ഒരുപോലെയുണ്ട്.

ഒരു ദുരന്ത സ്ഥലത്തേക്ക് മന്ത്രിയോ ജനപ്രതിനിധിയോ തിരിഞ്ഞുനോക്കാത്തതാണ് ‘ഗംഭീര രക്ഷാപ്രവർത്തന മാതൃക’യെന്നു പ്രബുദ്ധ മലയാളി ഒരിക്കലും ധരിച്ചുവശാകാരുത്. എത്രയൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ചിലനന്മകളിൽ ഒന്നാണ് ഓടിയെത്തുന്ന ജനപ്രതിനിധി.

ഏതു പ്രശ്നത്തിലും നമ്മുടെ ആദ്യ പരാതികേന്ദ്രം നാട്ടിലെ ആ പാവം വാർഡ് മെമ്പർ അല്ലെ, അയാൾ ഏതു പാർട്ടിക്കാരൻ ആയാലും. അത് ജനാധിപത്യത്തിന്റെ കരുത്തും വെളിച്ചവുമാണ്. നമുക്ക് അപകടം ഉണ്ടാകുമ്പോൾ പട്ടാളമല്ല, ജനങ്ങളും നേതാക്കളുംതന്നെയാണ് ഓടിയെത്തേണ്ടത്.

തള്ളി തള്ളി, ഇന്ത്യൻ ജനാധിപത്യത്തെക്കാൾ കേമം തായ്‌ലൻഡിലെ പട്ടാളഭരണം ആണെന്നുവരെ എത്തിയതുകൊണ്ടാണ് ഇതൊക്കെ പറയേണ്ടി വന്നത്. തായ്‌ലൻഡ് സംഭവത്തെക്കുറിച്ച് ഒരു ചോദ്യവും ഉയരാത്തതിൽ ആഹ്ലാദിക്കുന്ന ഇടതു നിഷ്കളങ്കരെ വരെ ധാരാളമായി കണ്ടതുകൊണ്ടും.

സാക്ഷരമലയാളി ദയവായി മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ് മാത്രം വായിച്ചു ലോകത്തെ വിലയിരുത്തരുത്. പത്രങ്ങളുടെ വിദേശ പേജെങ്കിലും വായിച്ച ഓർമ്മകൾ നമുക്ക് വേണം.

ഒരു വരി കൂടി പറഞ്ഞില്ലെങ്കിൽ ചിലരെങ്കിലും തെറ്റുദ്ധരിക്കും. ആ 12 കുഞ്ഞുങ്ങളും അവരുടെ പരിശീലകനും രക്ഷപ്പെട്ടതിൽ ഭൂമിയിലെ എല്ലാ മനുഷ്യരെയുംപോലെ ഞാനും അതിയായി സന്തോഷിക്കുന്നു. ഒരു ലിഫ്റ്റിൽ മൂന്നു മിനിട്ടു കുടുങ്ങിയാൽ ശ്വാസം മുട്ടുന്ന ആളാണ് ഞാൻ.

പക്ഷേ, തായ്‌ലൻഡ് സന്തോഷവാർത്തയുടെ മറവിൽ പടരുന്ന ജനാധിപത്യ വിരുദ്ധതയെയും അരാഷ്ട്രീയതയെയും പട്ടാളവീരസ്യത്തെയും എതിർക്കാതെ വയ്യ. ക്ഷമിക്കുക.

(അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തായ്‍ലൻഡിൽ കുട്ടികൾ കുടുങ്ങിയ ആ ഗുഹ പുറംലോകത്തിന് ഇന്നും അപരിചിതമാണ്

മനുഷ്യന്‍ – അത്ര മോശമല്ലാത്തൊരു വാക്ക്: തായ്‌ലാന്റ് ഗുഹയില്‍ നിന്ന് അവസാനം പുറത്തെത്തിയ ബ്രദര്‍ ഏക്കിനെക്കുറിച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍