UPDATES

ട്രെന്‍ഡിങ്ങ്

അതേ സാര്‍, കേരളമോഡലില്‍ ആ മനുഷ്യരുടെ വിശപ്പിന്റെ കരച്ചിലുണ്ട്, നമ്മുടെ സെല്‍ഫിയും

ആ മനുഷ്യന്‍ മരിച്ചില്ലായിരുന്നെങ്കില്‍ പലജാതിയില്‍, പല കോലത്തില്‍ ആഘോഷിച്ചു ഒഴികിനടക്കേണ്ടിയിരുന്ന സെല്‍ഫിയായിരുന്നത്.

ആ സെല്‍ഫിയ്ക്കൊരു സ്വീകാര്യതയുണ്ട്, ആ സെല്‍ഫിക്ക് ലൈക്ക് മൂല്യങ്ങളുണ്ട്, ആ സെല്‍ഫിക്ക് വാട്സപ്പില്‍ പറന്നു നടക്കാന്‍ മാത്രം വൈറല്‍ സാധ്യതകളുണ്ടായിരുന്നു. മധുവിനെ തല്ലിച്ചതയ്ക്കുമ്പോള്‍ തന്നെ പലര്‍ക്കായി അയച്ചു കഴിഞ്ഞിട്ടുണ്ടാവും ആ സെല്‍ഫി. മലയിറങ്ങുന്ന ആദിവാസി മനുഷ്യരെ സൂക്ഷിക്കണം എന്ന് പറഞ്ഞൊരു ഓഡിയോ ചേര്‍ത്ത് പലയിടങ്ങളില്‍, പലഗ്രൂപ്പുകളില്‍, പലപ്പോഴായി ഒഴുകിപ്പരന്നു വിഷം ഒഴുക്കാന്‍ സാധ്യതയുള്ള സെല്‍ഫിയായിരുന്നു. കള്ളനെ പിടിച്ചടിച്ചവര്‍ക്ക് കയ്യടി കിട്ടേണ്ടതായിരുന്നു, നാട്ടുഗ്രൂപ്പുകളിലെ ഹീറോമനുഷ്യരാവേണ്ടതായിരുന്നു, ആ മനുഷ്യന്‍ മരിച്ചില്ലായിരുന്നെങ്കില്‍ പലജാതിയില്‍, പല കോലത്തില്‍ ആഘോഷിച്ചു ഒഴികിനടക്കേണ്ടിയിരുന്ന സെല്‍ഫിയായിരുന്നത്. യാചകനിരോധന, ദളിത്‌ വിരുദ്ധ, ബോര്‍ഡുകളില്‍ ഭീഷണി ഫോട്ടോയാവാന്‍ പോലും സാധ്യതയുള്ള ഒന്നായിരുന്നു. ആ സെല്‍ഫിയുടെ പ്ലെഷര്‍, കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന സ്വീകാര്യതയിലായിരുന്നു. ലൈക്ക് എണ്ണങ്ങളിലായിരുന്നു.

അഥവാ ഈ നാടിന്‍റെ മനസ്സിന്‍റെ, ദുഷിപ്പിന്‍റെ, വരേണ്യതയുടെ മുഖത്തെയ്ക്ക് പിടിച്ച സെല്‍ഫിയാണത്. മധു കയറിവന്നത് സ്വന്തം വീട്ടിലേക്കായിരുന്നെങ്കില്‍ ഏത് വിധം സ്വീകരിക്കുമായിരുന്നെന്നു ചോദിച്ചാല്‍ തലകുനിക്കേണ്ടി വരുന്ന ഓരോ മനുഷ്യന്‍റെ മുഖത്തെയ്ക്കും ഫോക്കസ് ചെയ്തു വച്ച സെല്‍ഫി. പിച്ചയെടുക്കുന്ന മനുഷ്യരെ ഈ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ‘നാട്ടുക്കൂട്ടങ്ങളുടെ’ സെല്‍ഫി, ഫോണ്‍ നമ്പര്‍ കൊടുത്തു പോലും ആള്‍ക്കൂട്ട നീതി നടപ്പാന്‍ ഫ്ലെക്സ് വയ്ക്കുന്ന നാടിന്‍റെ സെല്‍ഫി, അത്തരം ‘മാന്യന്‍മാരായ’ പൊട്ടന്‍ഷ്യല്‍ അക്രമക്കൂട്ടങ്ങളെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത പോലീസുള്ള നാടിന്‍റെ സെല്‍ഫി, അന്യദേശങ്ങളില്‍ പണിയെടുത്തുണ്ടാക്കിയ തറയില്‍ ചവിട്ടി അന്യസംസ്ഥാന തൊഴിലാലികളെ അടിച്ചോടിയ്ക്കുന്ന വെറും ഹിപ്പോക്രിറ്റ് മനുഷ്യന്മാര്ടെ മുഖങ്ങള്‍ തെളിഞ്ഞു കാണുന്ന സെല്‍ഫി. എന്‍റെ കൂടി മുഖമുള്ള സെല്‍ഫി. നമ്മളൊരുമിച്ചു ചിരിക്കുന്ന ഗ്രൂപ്പ്ഫീ.

ആ സെല്‍ഫിയില്‍ കള്ളനുണ്ട്, പക്ഷെ അത് മധുവല്ല. മൂന്നു സെന്റു ഭൂമിപോലുമില്ലാത്ത ആദിവാസി മനുഷ്യരുടെ നാട്ടില്‍ രണ്ടു പേര്‍ക്ക് താമസിക്കാന്‍ നാലായിരം സ്ക്വയര്‍ ഫീറ്റ്‌ വീട് വച്ച കള്ളന്മാര്‍, രണ്ടാള്‍ക്ക് സഞ്ചരിയ്ക്കാന്‍ ഏഴുസീറ്റുള്ള വണ്ടി വാങ്ങിയ കള്ളന്മാര്‍, കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്ന നാട്ടില്‍ ഭക്ഷണം വലിച്ചെറിയുന്ന കള്ളന്മാര്‍. ആരുടെ മണ്ണിലാണ്, ആരുടെ വിയര്‍പ്പിലാണ്, ആരുടെ വെള്ളവും ആര്‍ക്കെല്ലാം അവകാശപെട്ട റിസോഴ്സിലുമാണ് നിങ്ങളാ മാളിക പണിത് വച്ചിരിക്കുന്നത്. അവര്‍ക്ക് കൂടി അവകാശപ്പെട്ടതെല്ലാം കട്ടെടുത്തു തിന്നു എമ്പക്കം വിട്ടാണ് നമ്മളാ വിശക്കുന്ന മനുഷ്യന്‍റെ കൈ കെട്ടിവച്ചത്. നമ്മള്‍ തിന്നു മുടിച്ചത് കൊണ്ടാണ് ആ മനുഷ്യന് വിശക്കേണ്ടി വന്നത്, നമ്മള്‍ ഉടുത്തൊരുങ്ങിയപ്പോഴാണ് അയാള്‍ മുഷിഞ്ഞു പോയത്. കട്ടതെല്ലാം മധുവാണ് തിരിച്ചു ചോദിച്ചിരുന്നതെങ്കില്‍ ഉണ്ടെതെല്ലാം ഛര്‍ദ്ദിച്ചും ഉടുത്തതെല്ലാം ഊരിവച്ചും തിരിച്ചു നടക്കേണ്ടി വരുമായിരുന്നു, സെല്‍ഫി മനുഷ്യരെ നമ്മള്‍.

എവിടെയാണ് നാട്ടുകാരെ നിങ്ങളുടെ നീതിയുടെ പാണ്ടികശാലകള്‍? മോഷ്ടിക്കാനല്ല, കത്തിക്കാനാണ്

കൊള്ളകാരാണ് സാര്‍ നമ്മള്‍. കൊള്ളയടിച്ചു കൊണ്ട് പോയ നീരവ് മോദിയെ ഒരിക്കലെങ്കിലും ആദരിക്കുന്നവരാണ് സാര്‍. നീരവ് മോദിമാര്‍ക്ക് കക്കാന്‍ കൂട്ട് നിക്കുന്നവരെ തിരിഞ്ഞെടുത്തു ജയിപ്പിക്കുന്നവരാണ് സാര്‍. കൊലപാതകത്തില്‍ ഉത്തരവാദി ഞാന്‍ കൂടിയാണ് സാര്‍. അവന്‍റെയെല്ലാം കട്ടെടുത്തു, ആത്മാഭിമാനത്തെ കത്തിച്ചു കളഞ്ഞു, വിശപ്പിനെ നോക്കി പൊട്ടിച്ചിരിച്ചു, തല്ലിക്കൊന്നിട്ട് ചെറുതല്ലാത്ത അഭിമാനത്തോടെ സെല്‍ഫിയിലേക്ക് നോക്കുന്ന അത്രയ്ക്കും ക്രൂരമായ അപരിഷ്കൃത നാട്ടുക്കൂട്ടം ഞാന്‍ തന്നെയാണ് സാര്‍. അനുഭവിയ്ക്കുന്ന, അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതമെല്ലാം ആ മനുഷ്യരുടെ ദുരിതങ്ങളുടെ മുകളില്‍ കെട്ടിപൊക്കിയതാണ് എന്ന് അറിയുമ്പോള്‍ ആ സെല്‍ഫിയില്‍ കാണുന്നത് സ്വന്തം മുഖം തന്നെയാണ് സാര്‍.

അതേ സാര്‍ കേരളമോഡലില്‍ ആ മനുഷ്യരുടെ വിശപ്പിന്‍റെ കരച്ചിലുണ്ട്, എന്നിട്ടും എന്തിനാണ് ഞങ്ങളെയീ പൊരി വെയിലത്ത് കെട്ടിയിട്ടിരിക്കുന്നതെന്ന പൊള്ളുന്ന ചോദ്യമുണ്ട്. മാപ്പ്.

(അമല്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍