UPDATES

ട്രെന്‍ഡിങ്ങ്

കര്‍ഷക പട്ടിണി മാര്‍ച്ച്; 1957

ഇന്നത്തേതുപോലെ സൗകര്യങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് കര്‍ഷകര്‍ സംഘടിച്ചതും അതിനെ ഒരു സര്‍ക്കാര്‍ മാന്യമായി കൈകാര്യം ചെയ്തതും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം

കര്‍ഷകരുടെ ഐതിഹാസികമായ ഒട്ടേറെ സമരങ്ങള്‍ കേരളവും കണ്ടിട്ടുണ്ട്. അതില്‍ അധികമാരും കേള്‍ക്കാനിടയില്ലാത്ത ഒരു പട്ടിണി മാര്‍ച്ചിനെപ്പറ്റി പറയാം. 1957ല്‍, വിമോചന സമരത്തിനും മുന്‍പ്. അന്ന് കേരളം ഭരിച്ചിരുന്നത് ഇഎംഎസായിരുന്നു. സമരം ചെയ്തവര്‍ കയ്യിലേന്തിയത് ചെങ്കൊടിയുമായിരുന്നു. ഇന്ന് ഇടുക്കി ജില്ലയിലുള്ള മുണ്ടിയെരുമയില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു 25 കര്‍ഷകര്‍ മാത്രം പങ്കെടുത്ത ആ പട്ടിണി മാര്‍ച്ച് നടന്നത്.

1955-ലാണ് ഹൈറേഞ്ച് കോളണൈസേഷന്‍ പദ്ധതി പ്രകാരം പട്ടം താണുപിള്ള സര്‍ക്കാര്‍ അന്നത്തെ കോട്ടയം ജില്ലയുടെ വടക്കുകിഴക്കായി തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന കൊടുംവനമേഖല കര്‍ഷകര്‍ക്കായി പതിച്ചുകൊടുത്തത്. അധ്വാനശീലരായ കര്‍ഷകരെ പത്രപ്പരസ്യത്തിലൂടെ കണ്ടെത്തി ഒരാള്‍ക്ക് അ‍ഞ്ച് ഏക്കര്‍‌ ഭൂമിയും ആയിരം രൂപയും നല്‍കും. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത ഭക്ഷ്യക്ഷാമം പരിഹരിക്കലും ആങ്കൂര്‍ റാവുത്തര്‍ എന്ന കാട്ടുകള്ളന്‍റെ നേതൃത്വത്തില്‍ വനവിഭവങ്ങള്‍ വ്യാപകമായി കൊള്ളയടിച്ച് തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത് തടയലുമായിരുന്നു പദ്ധതിയുടെ മുഖ്യ ഉദ്ദേശ്യങ്ങള്‍. പീരുമേട്, ദേവികുളം താലൂക്കുകള്‍ തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കുന്നത് തടയാനും മലയാളികളെ അവിടെ വിന്യസിക്കേണ്ടത് ആവശ്യമായിരുന്നു. 6300-ല്‍പ്പരം ഏക്കര്‍ ഭൂമി 1397 പേര്‍ക്ക് വിതരണം ചെയ്തു. ഓരോന്നും ഓരോരോ ബ്ലോക്കുകള്‍. ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നിയമവിധേയമാക്കപ്പെട്ടത് ഈ കുടിയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു. കല്ലാര്‍ മുതല്‍ കൂട്ടാര്‍ വരെയും പാമ്പാടുംപാറ മുതല്‍ തമാഴ്നാട് അതിര്‍ത്തിയായ ആനക്കല്ല് വരെയും അത് വിസ്തരിച്ചുകിടന്നു. കല്ലാര്‍ പട്ടം കോളനി എന്നാണ് ഇന്നും അവിടം അറിയപ്പെടുന്നത്.

വന്യമൃഗങ്ങളോടും മഹാരോഗങ്ങളോടും മല്ലിട്ട് കര്‍ഷകര്‍ വനം വെട്ടി കൃഷിയിട്ടു. സര്‍ക്കാര്‍ ആനുകൂല്യമായ 1000 രൂപ വിവിധയിനം വായ്പകളായാണ് വിതരണം ചെയ്യപ്പെട്ടിരുന്നത്. ഉദ്യോഗസ്ഥര്‍ മുണ്ടിയെരുമയിലെത്തി ക്യാംപ് ചെയ്ത് കര്‍ഷകരെ കൊണ്ട് ഓരോരോ ഫോമുകളില്‍ ഒപ്പിടീക്കും. ഇംഗ്ലീഷിലുള്ള ഫോമുകളില്‍ എന്താണുള്ളതെന്നുപോലും അറിയാതെ അവര്‍ ഒപ്പിട്ടുനല്‍കും. പല വായ്പകളുടേയും കാലാവധി പോലും കര്‍ഷകര്‍ക്ക് അറിയില്ലായിരുന്നു.

കുടിയിരുത്തലിന്‍റെ ആദ്യകാലത്ത് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം മറ്റൊന്നുമുണ്ടായിരുന്നില്ല. കൃഷി ചെയ്തെടുക്കുന്ന, വന്യമൃഗങ്ങള്‍ ബാക്കിവയ്ക്കുന്ന ഭക്ഷ്യവിളകള്‍ മാത്രമായിരുന്നു പട്ടിണി മാറ്റാനുള്ള മാര്‍ഗം. ഉടുതുണിക്ക് പലരുടെയും കയ്യില്‍ മറുതുണിയില്ല. അന്ന് ഇന്നു കാണുന്ന റോഡുകളൊന്നുമില്ലെന്നോര്‍ക്കണം. പുറംലോകവുമായി ബന്ധപ്പെടാനും മാര്‍ഗങ്ങളില്ല. രണ്ടുവര്‍ഷത്തോളം കര്‍ഷകര്‍ അതിനോടു മല്ലിട്ടു. ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ അധികാരമേറ്റസമയം. തങ്ങളുടെ പട്ടിണി മാറ്റാന്‍ സമരം ചെയ്യാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. തൂക്കുപാലത്ത് ബ്ലോക്ക് കിട്ടി വന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന, ഇഎംഎസിനൊപ്പം ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ടി.കെ വാസുവാണ് സമരക്കാരെ സംഘടിപ്പിച്ചത്. 25 സമരഭടന്മാരെ നിശ്ചയിച്ചു. അതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അവര്‍ മുണ്ടിയെരുമ എന്ന സ്ഥലത്തു നിന്ന് ചെങ്കൊടികളുമേന്തി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഇന്നത്തെ വഴികള്‍ അന്നില്ല. കുന്നു കയറി പാമ്പാടും പാറയിലെത്തി. അവിടെ നിന്ന് കട്ടപ്പന വഴി നടന്നാണ് കോട്ടയത്തേക്കുള്ള യാത്ര.

സമരക്കാരെ യാത്രയാക്കിയ ശേഷം, ആദ്യകാല കുടിയേറ്റകര്‍ഷകരില്‍ ചിലര്‍ മുണ്ടിയെരുമയില്‍ നിന്ന് ആറു കിലോമീറ്റര്‍ അപ്പുറമുള്ള കോളനിയുടെ കവാടമായ കല്ലാറിലേക്കു നടന്നുപോയി. നെടുങ്കണ്ടത്തേക്ക് ബസ് വരുന്ന ഏക വഴിയാണ് കല്ലാറിലൂടെയുള്ളത്. അവര്‍ അവിടുത്തെ ചായക്കടയില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ ഒരു ബസ് വന്നു നിന്നു. അതില്‍ നിന്ന് ഒരു അഞ്ചല്‍ ശിപായി ചാടിയിറങ്ങി. അന്‍പതിലേറെ കിലോമീറ്റര്‍ അകലെയുള്ള പീരുമേട് പോസ്റ്റോഫീസില്‍ നിന്ന് സമരക്കാര്‍ക്കുള്ള കമ്പിയുമായി രാവിലെ പുറപ്പെട്ടതാണ് അയാള്‍. മുഖ്യമന്ത്രിയായ ഇഎംഎസ് സമരക്കാര്‍ക്ക് അയച്ച കമ്പിസന്ദേശമായിരുന്നു അത്. സമരം നടത്തരുതെന്നും ആവശ്യങ്ങള്‍ പരിഹരിക്കാമെന്നുമാണ് അതിലുണ്ടായിരുന്നത്. കര്‍ഷകരിലൊരാളായ കെആര്‍ജി ഉണ്ണിത്താന്‍ (അദ്ദേഹം ഇപ്പോള്‍ എന്‍റെ ഭാര്യാപിതാവാണ്. അദ്ദേഹത്തിന്‍റെ ഓര്‍മയില്‍ നിന്നാണ് ഈ സമരകഥ എനിക്കു പകര്‍ന്നുകിട്ടിയത്) പോസ്റ്റുമാനേയും കൊണ്ട് മുണ്ടിയെരുമയ്ക്ക് ഒരു കിലോമീറ്റര്‍ അപ്പുറമുള്ള ടി.കെ വാസുവിന്‍റെ അരികിലെത്തി. കമ്പി സന്ദേശത്തിനൊപ്പം മറുപടി സന്ദേശത്തിനുള്ള ഫോമും പോസ്റ്റുമാന്‍ കൊണ്ടുവന്നിരുന്നു. സമരക്കാര്‍ പുറപ്പെട്ടുകഴിഞ്ഞെന്നും, ഇനി സമരം പിന്‍വലിക്കാന്‍ നിര്‍വ്വാഹമില്ലെന്നും മറുപടി ഫോമിലെഴുതി വാസുവണ്ണന്‍ പോസ്റ്റുമാന്‍റെ കയ്യില്‍ തിരികെ കൊടുത്തുവിട്ടു.

അന്ന് അവിടം കോട്ടയം ജില്ലയിലാണ്. മൂന്നു നാലു ദിവസംകൊണ്ട് സമരക്കാര്‍ നടന്ന് കോട്ടയത്തെത്തിയപ്പോള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ കോട്ടയം ഭാസി അവരെക്കാണാനെത്തി. സമരക്കാരെ പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ച് ഭക്ഷണവും മറ്റും നല്‍കിയശേഷം കോട്ടയത്തുനിന്ന് ബോട്ടില്‍ കയറ്റി കൊല്ലത്തേക്കയച്ചു. കാല്‍നടസമരം കോട്ടയത്ത് അവസാനിച്ചുവെന്നര്‍ഥം. കൊല്ലത്തുനിന്ന് സമരക്കാര്‍ തിരുവനന്തപുരത്തെത്തിയ ഉടനെ ഇഎംഎസ് എല്ലാ വകുപ്പധ്യക്ഷന്മാരേയും വിളിച്ചുകൂട്ടി സമരക്കാരേയും ഒപ്പമിരുത്തി ചര്‍ച്ച നടത്തി. അവരുന്നയിച്ച എല്ലാ ആവശ്യങ്ങളും ഇഎംഎസ് അംഗീകരിച്ചു. വായ്പ ആയിരത്തില്‍ നിന്ന് രണ്ടായിരമാക്കി. നൂറുരൂപവീതം ഉടനടി വിതരണം ചെയ്യാന്‍ ഉത്തരവിട്ടു…

ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങള്‍ക്കകം മുണ്ടിയെരുമയിലെത്തി കര്‍ഷകര്‍ക്ക് നൂറുരൂപ വീതം വിതരണം ചെയ്തു. അപ്പോള്‍ അടുത്ത പ്രതിസന്ധിയായി. നല്‍കിയത് നൂറിന്‍റെ ഒറ്റ നോട്ടാണ്. ചില്ലറയാക്കാതെ നിര്‍വ്വാഹമില്ല. അതിന് ഇരുപതു കിലോമീറ്ററോളം സഞ്ചരിച്ച് തമിഴ്നാട്ടിലെ കമ്പത്തെത്തണം. എല്ലാവരുടേയും കയ്യിലെ നോട്ടുകള്‍ വാങ്ങി കമ്പത്തുപോയതും അതു ചില്ലറയാക്കി തിരകെ കൊണ്ടുവന്നുകൊടുത്തതുമൊക്കെ എന്‍റെ അമ്മായിയപ്പനായിരുന്നു.

അന്നത്തെ പട്ടിണി മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ആരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഇന്നത്തേതുപോലെ സൗകര്യങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് കര്‍ഷകര്‍ സംഘടിച്ചതും അതിനെ ഒരു സര്‍ക്കാര്‍ മാന്യമായി കൈകാര്യം ചെയ്തതും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഇന്ന് കാട്ടുകള്ളന്മാരെന്ന് ചിലരാലെങ്കിലും വിശേഷിപ്പിക്കപ്പെടുന്നവരായിരുന്നു, അന്നത്തെ സമരക്കാരായ കര്‍ഷകരെന്നതും മറ്റൊരു കൗതുകം. വനാവകാശ നിയമത്തിനായിട്ടല്ല, സര്‍ക്കാരിനെതിരായിട്ടുമല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ക്ക് കൈവശം കിട്ടിയ ഭൂമിയില്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള മാര്‍ഗത്തിനായിട്ടായിരുന്നു ആ സമരം.

(രാജേഷ്‌ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍