UPDATES

പകര്‍ച്ച വ്യാധി ഭീതിയില്‍ ചെന്നൈ

അഴിമുഖം പ്രതിനിധി

കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്നില്ലെങ്കിലും 290 ഓളം പേരുടെ ജീവനെടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളുടെ ഭീതിയിലാണ് തമിഴ്‌നാട്. വന്‍തോതിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ വക്കിലാണ് ചെന്നൈ.

നഗരത്തിന്റെ അനവധി പ്രദേശങ്ങള്‍ ജലത്തിന് അടിയിലാണ് എങ്കിലും റോഡിലെ മാലിന്യങ്ങളും ചെളിയും മാറ്റുന്നതിലേക്ക് അധികൃതരുടെ ശ്രദ്ധ മാറ്റിയിട്ടുണ്ട്. അതേസമയം നഗരവാസികള്‍ക്ക് ആശ്വാസമായി ഗതാഗത സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. തെരുവുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന നൂറുകണക്കിന് ടണ്‍ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നത് ശുചീകരണ തൊഴിലാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക്ക് ബാഗുകള്‍, മെത്തകള്‍, അഴുകിയ പച്ചക്കറികള്‍, വീട്ടു സാധനങ്ങള്‍ തുടങ്ങിയവ തെരുവുകളില്‍ പടര്‍ന്ന് കിടക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ 30,000-ത്തില്‍ അധികം ശുചീകരണ തൊഴിലാളികളേയും നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇതുവരെ പകര്‍ച്ച വ്യാധി റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ലെങ്കിലും വാതില്‍ക്കല്‍ വന്ന് നില്‍ക്കുന്ന ഈ ഭീഷണിയെ നേരിടുകയെന്ന വെല്ലുവിളിയും അധികൃതര്‍ നേരിടുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 10,000 ടണ്‍ മാലിന്യം നീക്കം ചെയ്തതായി ചെന്നൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ അധിക സമയം ജോലി ചെയ്താണ് മാലിന്യം നീക്കം ചെയ്യുന്നത്. 600 വാഹനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2000 ടണ്‍ ബ്ലീച്ചിങ് പൗഡറും ഒരു കോടി ക്ലോറിന്‍ ടാബ്ലെറ്റുകളും ദുരിത ബാധിത പ്രദേശത്ത് ശുചീകരണത്തിനായും കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ജെ ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. 1105 മെഡിക്കല്‍ ക്യാമ്പുകളാണ് സര്‍ക്കാര്‍ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍