UPDATES

ഫെബ്രുവരി 14; വീണ്ടുമൊരു കെജ്രിവാലന്റൈന്‍സ് ഡേ

Avatar

അഴിമുഖം പ്രതിനിധി

2014 ഫെബ്രുവരി 14 ന്  49 ദിവസം മാത്രം പിന്നിട്ട തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്‌ ഭരണത്തില്‍ നിന്നിറങ്ങിപ്പോയ അരവിന്ദ് കെജ്രിവാള്‍ വീണ്ടുമൊരു ഫെബ്രുവരി 14ന് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു, കൂടുതല്‍ കരുത്തനായി. 

പലരും മണ്ടത്തരമെന്നും അപക്വമെന്നും ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്ത തീരുമാനമായിരുന്നു കെജ്രിവാള്‍ ഒരിക്കല്‍ എടുത്തത്. അബദ്ധമായിരുന്നുവെന്ന് പിന്നീട് കെജ്രിവാളിനു തന്നെ മനഃസ്താപം ഉണ്ടാവുകയും ചെയ്തിരുന്നു. ഭൂരിപക്ഷമില്ലാത, കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച ആം ആദ്മി തങ്ങളുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് രാജിവച്ച് പുറത്തുവന്നത്. ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ അംഗീകരിച്ച ഒരു വിഭാഗം അധികാരത്തില്‍ നിന്നിറങ്ങിപ്പോകാനുള്ള അവരുടെ തീരുമാനത്തെ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് ലോകം മുഴുവന്‍ വാലന്റൈന്‍ ഡേ ആചരിക്കുന്ന ഫെബ്രുവരി 14 ന് കെജ്രിവാലന്റൈന്‍ ഡേ ആയും ആഘോഷിക്കാന്‍ ജനങ്ങളുണ്ടായി.

എന്നാല്‍ പിന്നീട് ആം ആദ്മിയുടെ വളര്‍ച്ചയല്ല,തളര്‍ച്ചയാണ് രാജ്യം കണ്ടത്. ആ തളര്‍ച്ച വലിയൊരു തകര്‍ച്ചയായി മാറിയെന്നു ഉറപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയോട് വന്‍ പരാജയമേറ്റു വാങ്ങുകയും ചെയ്തു അരവിന്ദ് കെജ്രിവാള്‍. മോദി തരംഗത്തില്‍ ഒടിഞ്ഞുനുറുങ്ങിയ ചൂല്‍ ഇനിയൊരിക്കലും കരുത്തോടെ ആര്‍ക്കും ബദലാകിലെന്നു രാഷ്ട്രീയനിരീക്ഷകരും മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ഒരു വിഭാഗം ജനങ്ങളും വിശ്വസിച്ചു. എന്നാല്‍ കരുതലോടെ തയ്യാറെടുപ്പുകള്‍ നടത്തി, പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കി, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു കെജ്രിവാള്‍. ജങ്ങള്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തിരിച്ചറിഞ്ഞ് അവരോട് മാപ്പു ചോദിച്ച് അവരില്‍ ഒരാളായി മാറി. ആ മാറ്റം ജനങ്ങള്‍ അംഗീകരിക്കുകയും കെജ്രിവാളും കൂട്ടാളികളും പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വിജയം അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. തന്നെ തോല്‍പ്പിച്ച മോദിയെ നിഷ്പ്രഭമാക്കിയാണ് കെജ്രിവാള്‍ അദ്ദേഹത്തോട് പ്രതികാരം വീട്ടിയതെന്നും ഇതിനിടയില്‍ ശ്രദ്ധിക്കേണ്ടതാണ്. 

കാലം കാത്തുവച്ചതുപോലെ വീണ്ടുമൊരു സ്ഥാനരോഹണ ചടങ്ങ് രാം ലീല മൈതാനിയില്‍ നടക്കുകയാണ്, ഈ ഫെബ്രുവരി 14 ന്. തലതാഴ്ത്തി ഇറങ്ങിപോയവന്‍ ആകാശത്തോളം തലയുയര്‍ത്തി അന്നു വീണ്ടും അധികാര ചക്രത്തിന്റെ കാവലാളായി ചുമതലയേല്‍ക്കും. കഴിഞ്ഞ തവണത്തേക്കാള്‍ എത്രയോ ഇരട്ടി ജനങ്ങളായിരിക്കും ഇത്തവണ കെജ്രിവാലന്റൈന്‍സ് ഡേ ആചരിക്കാന്‍ തയ്യാറെടുക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍