UPDATES

തേക്കടിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ദി എലിഫന്റ് കോര്‍ട്ട് ഏറ്റെടുത്ത് ഫെഡറല്‍ ബാങ്ക്; കടം തീര്‍ക്കാത്ത വമ്പന്‍മാരെ ഇങ്ങനെയും നേരിടാം

തങ്ങളുടെ കണ്ണുതെറ്റിയാല്‍ ബാങ്ക് കൈവശം വച്ചിരുന്ന മുറികളും ഹോട്ടല്‍ അധികൃതര്‍ കൈയേറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു

ഏഴായിരത്തിലധികം കോടി വായ്പ കുടിശിക വരുത്തിയാലും വിദേശരാജ്യങ്ങളില്‍ പോയി സുഖജീവിതം നയിക്കാന്‍ സഹായം ലഭിക്കുന്ന വിജയ് മല്യമാരുടെ നാടാണ് ഇന്ത്യ. സാധാരണക്കാരുടെ പണം കൈകാര്യം ചെയ്യുന്ന ദേശസാത്കൃത ബാങ്കുകള്‍ ഉള്‍പ്പെടെ ഇത്തരം വമ്പന്‍ കടക്കാരുടെ മുന്നില്‍ ഇതികര്‍ത്തവ്യമൂഢരായി നില്‍ക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് കേരളത്തില്‍ ഫെഡറല്‍ ബാങ്ക് എടുത്ത ഒരു നടപടി ഏറെ ശ്രദ്ധേയമാകുന്നത്. കേരളത്തിലെ പ്രമുഖ ഹോട്ടലായ ദി എലിഫന്റ് കോര്‍ട്ടിനെതിരേ ജപ്തി നടപടി സ്വീകരിച്ചുകൊണ്ടാണ് ഫെഡറല്‍ ബാങ്ക് കിട്ടാക്കടത്തിനെതിരേയുള്ള പോരാട്ടത്തില്‍ വലിയൊരു വിജയം നേടിയിരിക്കുന്നത്.

വിജയ ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിസോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ തേക്കടിയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹെറിറ്റേജ് ഹോട്ടലാണ് ദി എലിഫന്റ് കോര്‍ട്ട്. തേക്കടിയിലെ വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനം ഉപയോഗപ്പെടുത്തി നല്ലരീതിയില്‍ നന്നുപോകുന്ന ഹോട്ടല്‍. ഈ ഹോട്ടല്‍ കഴിഞ്ഞ മാസം (2016 ഡിസംബര്‍) 30 നു ഫെഡറല്‍ ബാങ്ക് ഭാഗികമായി ഏറ്റെടുക്കുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. വായ്പയായി എടുത്ത കോടികള്‍ തിരികെ അടയ്ക്കാതെ വന്നതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമപ്രകാരം ബാങ്ക് നടത്തിയ ജപ്തി നടപടി.

ഹോട്ടല്‍ പ്രവര്‍ത്തനത്തിനുള്ള മൂലധനനിക്ഷേപം എന്ന നിലയിലാണ് ഹോട്ടല്‍ പ്രോപ്പര്‍ട്ടി ഈടുവച്ച് 27 കോടി രൂപ കമ്പനി വായ്പയെടുത്തത്. വിനോദസഞ്ചാര മേഖലയായ തേക്കടിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലില്‍ കസ്റ്റമേഴ്‌സിന് കുറവില്ലാതിരുന്നിട്ടും വായ്പ എടുത്ത തുക തിരികെയടക്കാന്‍ മാത്രം ഹോട്ടല്‍ നടത്തിപ്പുകാര്‍ തയ്യാറായില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും വായ്പ തിരികെയടയ്ക്കാന്‍ ഹോട്ടലുകാര്‍ തയാറാകാതിരുന്നതോടെയാണ് 2015-ല്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ബാങ്കിലേക്ക് കിട്ടാനുള്ള പലിശയടക്കമുള്ള 36 കോടിക്കടുത്ത തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു ഫെഡറല്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ബാങ്കിന്റെ ആവശ്യം പരിഗണിച്ച് ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ സിജെഎം കോടതി ഉത്തരവാകുകയും ചെയ്തു.

എന്നാല്‍ അഞ്ചുതവണയോളം ജപ്തി നടപടികളുമായി ബാങ്ക് മുന്നിട്ടിറങ്ങിയെങ്കിലും പലവിധ തടസങ്ങള്‍ മൂലം ബാങ്കിനു തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ വന്നു. ബാങ്ക് ഉദ്യോഗസ്ഥരും കോടതി നിയോഗിച്ച കമ്മിഷനും എത്തുമ്പോള്‍ ഹോട്ടല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിസ്സഹകരണം, ബാങ്ക് ഉടമസ്ഥാവാകാശം സ്ഥാപിച്ച സ്ഥലത്ത് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം ഉണ്ടായാല്‍ ഉടന്‍ ഹോട്ടല്‍ അധികൃതര്‍ വീണ്ടും അനധികൃതമായി അവകാശം സ്ഥാപിക്കുക തുടങ്ങി പലവിധത്തിലും പൂര്‍ണമായ ജപ്തി നടപടികള്‍ക്കു വിധേയരാകാതിരിക്കാന്‍ പല തന്ത്രങ്ങളും ഹോട്ടല്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതായി പറയുന്നു.

ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുന്നത്. ബാങ്കിന്റെ ആവശ്യപ്രകാരം പുതിയ അഡ്വക്കേറ്റ് കമ്മിഷനെ കോടതി നിയോഗിച്ചു. പുതിയ അഡ്വക്കേറ്റ് കമ്മിഷന്‍ പ്രിന്‍സ് ജെ പന്നലാലിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള ജപ്തി നടപടികള്‍ ആരംഭിച്ചത്.

2016 ഡിസംബര്‍ 30-നായിരുന്നു അഡ്വക്കേറ്റ് കമ്മിഷന്റെ സഹകരണത്തോടെ ഫെഡറല്‍ ബാങ്ക് എറണാകുളം അസറ്റ് റിക്കവറി ബ്രാഞ്ച് ഹെഡ് സാജന്‍ ഫിലിപ്പ്, കോട്ടയം അസറ്റ് റിക്കവറി ബ്രാഞ്ചിലെ ബോസ് സി എം എന്നിവരുടെ നേതൃത്വത്തില്‍ ഇരു ബ്രാഞ്ചുകളും ചേര്‍ന്നു
ജപ്തി നടപടികള്‍ സ്വീകരിച്ചത്. കൃത്യമായ ഒരുക്കത്തോടെ തന്നെയായിരുന്നു ബാങ്കിന്റെ നീക്കം. 100-ലധികം ബാങ്ക് അധികൃതരും അത്ര തന്നെ പൊലീസും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സജ്ജീകരണങ്ങളുമെല്ലാമായിട്ടായിരുന്നു ജപ്തി നടപടികള്‍ക്കായി ബാങ്ക് എത്തിയത്. ഇത്തവണ പിഴയ്ക്കരുതെന്ന കണക്കൂട്ടല്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഫെഡറല്‍ ബാങ്കിനു സാധിച്ചു. കസ്റ്റമേ്‌സിനു പരമാവധി ബുദ്ധിമുട്ട് ഉണ്ടാക്കാതെയും മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തവരെ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെയുമായിരുന്നു ജപ്തി നടപടികള്‍.

എന്നാല്‍ ബാങ്ക് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഉച്ചയോടുകൂടി ഹോട്ടല്‍ അധികൃതര്‍ എറണാകുളം ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് സമ്പാദിച്ചു. തത്കാലം ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ഡിആര്‍ടിയുടെ ഉത്തരവ്. 2017 ജനുവരി 4-ന് മുമ്പായി ഒമ്പത് കോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ ഹോട്ടലിന് സാവകാശം നല്‍കണമെന്നായിരുന്നു ഡിആര്‍ടി ഫെഡറല്‍ ബാങ്കിനോട് ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാന്‍ ബാങ്ക് തയ്യാറായെങ്കിലും പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം അടയ്ക്കാന്‍ ഹോട്ടല്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് വീണ്ടും തങ്ങളുടെ നടപടിയുമായി മുന്നോട്ടുപോയി.

ആകെ 65 മുറികളാണ് ദി എലിഫന്റ് കോര്‍ട്ടിന്. ഫ്രണ്ട് പോര്‍ഷന്‍ ഉള്‍പ്പെടെ 30 മുറികള്‍ ഫെഡറല്‍ ബാങ്ക് കൈവശമാണ് ഇപ്പോള്‍. കിച്ചന്‍ ഉള്‍പ്പെടെ ബാക്കി 35 മുറികളില്‍ ഹോട്ടല്‍ സ്റ്റാഫുകളും മറ്റുമായി തങ്ങുന്നു. പുതിയ ബുക്കിംഗ് ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന ബാങ്കിന്റെ നിര്‍ദേശം ഉള്ളതിനാല്‍ ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തരഹിതമാണെന്നു പറയാം.

എന്നിരുന്നാലും തങ്ങളുടെ കണ്ണുതെറ്റിയാല്‍ ബാങ്ക് കൈവശം വച്ചിരുന്ന മുറികളും ഹോട്ടല്‍ അധികൃതര്‍ കൈയേറുമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ മുറയനുസരിച്ച് ഹോട്ടലില്‍ താമസിച്ചു വരികയാണ്.

ഫെഡറല്‍ ബാങ്ക് ജപ്തി നടപടിയ്‌ക്കെതിരേ ഹോട്ടല്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഓരോ തവണയും ബാങ്ക് നടപടികള്‍ വരുമ്പോള്‍ ഡിആര്‍ടിയേയും ഹൈക്കോടതിയേയും സമീപിക്കുക ഹോട്ടല്‍ അധികൃതരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇത്തവണയും ഹൈക്കോടതി ഹോട്ടലിന് താത്കാലിക ആശ്വാസം നല്‍കി. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് തത്കാലം നിര്‍ത്തിവയ്ക്കാനാണു ഹൈക്കോടതി ഫെഡറല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാലത് രേഖാമൂലമുള്ള ഉത്തരവ് അല്ല, വാക്കാല്‍ മാത്രം പറഞ്ഞ കാര്യം.  നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലാണ് ദി എലിഫന്റ് കോര്‍ട്ട്. അതിനാല്‍ വായ്പ തിരികെയടക്കാത്തതിനു കാരണം അവരുടെ സാമ്പത്തിക ബുദ്ധിമുട്ടല്ല. മന:പൂര്‍വം തിരിച്ചടവു മുടക്കുകയാണെന്നാണു ഹോട്ടലിനെതിരേയുള്ള ആക്ഷേപം.

ബാങ്കില്‍ അടയ്‌ക്കേണ്ട തുക തിരികെ അടയ്ക്കുക മാാത്രമാണ് ഹോട്ടല്‍ അധികൃതര്‍ക്കു മുന്നിലുള്ള ഏകമാര്‍ഗമെന്നും നിയമപരമായി കാര്യങ്ങള്‍ ബാങ്കിനാണ് അനുകൂലമായിരിക്കും. തുക അടയ്ക്കുന്നില്ലെങ്കില്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്കുവച്ച് കിട്ടേണ്ട തുക ബാങ്ക് ഈടാക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ ഇത്രവലിയൊരു ഹോട്ടല്‍ നേരായ മാര്‍ഗത്തില്‍ പണം നല്‍കി ഏറ്റെടുക്കാന്‍ ആളുണ്ടാവുക എന്നതാണ് ബാങ്കിനു മുന്നിലുള്ള പ്രശ്‌നം. അതേസമയം ചിലര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് തങ്ങളെ ബാങ്കിനെ സമീപിച്ചിട്ടുള്ളതായും കേള്‍ക്കുന്നു.എന്നാല്‍ വാങ്ങാന്‍ തയ്യാറായവരെ കേസുകളുടെ കാര്യം പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ എല്ലാ വെല്ലുവിളികളും നേരിട്ടുതന്നെ തങ്ങള്‍ക്കു കിട്ടേണ്ട പണം തിരികെ പിടിച്ചിരിക്കുമെന്ന നിലപാടിലാണ് ബാങ്ക്.

വായ്പ കുടിശിക തിരികെ അടയ്ക്കാത്തത് തങ്ങളുടെ വീഴ്ച തന്നെയാണെന്നു ദി എലഫന്റ് കോര്‍ട്ടിലെ ഒരു ജീവനക്കാരി അഴിമുഖത്തോട് സമ്മതിച്ചു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കുമോ, അടയ്ക്കുകയാണെങ്കില്‍ എന്ന് അടയ്ക്കും എന്നതിനെ കുറിച്ചൊന്നും തങ്ങള്‍ക്ക് അറിവില്ലെന്നും ഇവര്‍ പറയുന്നു. അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഈ ജീവനക്കാരി സമ്മതിക്കുന്നുണ്ട്.

ഉപജീവനത്തിനും വീട് വയ്ക്കുന്നതിനും മറ്റുമായി വായ്പകളെടുക്കുന്ന സാധാരണക്കാര്‍ക്കെതിരേ മാത്രം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുകയും വിജയ് മല്യയെ പോലുള്ള വന്‍ സ്രാവുകളെ തൊടാന്‍ മടിച്ചു നില്‍ക്കുകയും ചെയ്യുന്ന ദേശസാത്കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തികള്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു വന്‍ ഹോട്ടലിനെതിരേ ശക്തമായ നടപടിയെടുത്ത് കിട്ടാക്കടം തിരികെ പിടിക്കുമ്പോള്‍ ഫെഡറല്‍ ബാങ്ക് പറയുന്നൊരു നീതിയുണ്ട്- ഈ നാട്ടിലെ സാധാരണക്കാരുടെ പണമാണ് ഞങ്ങള്‍ അവര്‍ക്ക് വായ്പയായി കൊടുത്തത്, അതു തിരികെ വാങ്ങിക്കേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്’- എല്ലാ ബാങ്കുകളും പാലിക്കേണ്ട ഉത്തരവാദിത്വം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍