UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ സ്വതന്ത്രരായതായി തോന്നുന്നു; ഉന റാലിയില്‍ പങ്കെടുത്തവര്‍

Avatar

അഴിമുഖം പ്രതിനിധി

ഓഗസ്റ്റ് 14. സമയം 3.30. പത്തുദിവസം കൊണ്ട് 350 കിലോമീറ്ററുകള്‍ താണ്ടി ദളിത് അസ്മിത യാത്ര ലക്ഷ്യസ്ഥാനത്തെത്തി. ചത്ത പശുവിന്റെ തോലുരിച്ചതിന് നാലുദളിത് യുവാക്കള്‍ മര്‍ദനത്തിനിരയായ ഉനയില്‍.

ഗോരക്ഷകര്‍ ഉനയിലേക്കുള്ള ദേശീയപാത ഉപരോധിച്ചത് അഹമ്മദാബാദില്‍നിന്ന് ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ച യാത്രയുടെ അവസാനപാദത്തില്‍ അപ്രതീക്ഷിത തിരിച്ചടിയായി. നടത്തം മതിയാക്കി ദൂരമേറിയ മറ്റൊരു വഴിയിലൂടെ പൊലീസ് അകമ്പടിയുള്ള വാഹനങ്ങളിലാണ് മാര്‍ച്ച് ഉനയിലെത്തിയത്.

എന്നാല്‍ തടസങ്ങളൊന്നും ഈ ആസാദി കൂച്ചി (സ്വതന്ത്രതാ യാത്ര)ന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. ഉന സംഭവം മുമ്പെങ്ങുമില്ലാത്തവിധം ഗുജറാത്തില്‍ ദളിതരുടെ പ്രതിഷേധത്തിനു വഴി വച്ചു. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള മിക്കവാറും എല്ലാ സംഘടനകളെയും ഉന ദളിത് അത്യാചാര്‍ ലഡത് സമിതി എന്ന ഒറ്റസംഘടനയ്ക്കു കീഴില്‍ അണിനിരത്താന്‍ സ്വതന്ത്രതാ യാത്രയ്ക്കായി. സ്വാതന്ത്ര്യദിനത്തില്‍ ഉനയില്‍ ദേശീയപതാക ഉയര്‍ത്തി, പട്ടണത്തിലെ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ദളിതരുടെ അന്തസും ഒരുമയും പ്രഖ്യാപിച്ചാണ് മാര്‍ച്ച് അവസാനിച്ചത്.

യാത്രയില്‍ മുഴുവന്‍ ദിവസവും പങ്കെടുത്തത് 60-70 പ്രവര്‍ത്തകരാണ്. എന്നാല്‍ വഴികളിലെല്ലാം അതത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിന്നുള്ള നൂറുകണക്കിന് ദളിതര്‍ ഇതില്‍ പങ്കാളികളികളായി. ‘ദിവസവും അഞ്ചോ ആറോ സ്ഥലങ്ങളില്‍ മാര്‍ച്ച് നിര്‍ത്തി പ്രദേശവാസികളില്‍ കാര്യങ്ങളെപ്പറ്റി അവബോധമുണ്ടാക്കിയിരുന്നു,’ യാത്രയുടെ കണ്‍വീനര്‍മാരില്‍ ഒരാളായ ജയേഷ് സോളങ്കി പറയുന്നു. ‘റാലികളിലെത്തിയ ദളിത് യുവാക്കള്‍ വളരെ ക്ഷുഭിതരാണ്. ഗുജറാത്തില്‍ ഈ ഭാഗത്തുള്ള ആളുകള്‍ മുന്‍പ് അംബേദ്കറുടെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ അവയില്‍ തല്‍പരരാണ്.’

ഉനയിലെത്തിയ ജാഥാംഗങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്രകാരന്മാര്‍, സ്വതന്ത്ര ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഗുജറാത്തില്‍ പലസ്ഥലങ്ങളില്‍ നിന്നുള്ള 40 ദളിതരുമാണ് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് ഓരോരുത്തര്‍ക്കും അവരുടേതായ കാരണമുണ്ടായിരുന്നു.

പ്രവീണ്‍ നകും: ‘ബിജെപി തൊട്ടുകൂടായ്മ നടപ്പാക്കുന്നു.’
അഹമ്മദാബാദില്‍ 29 വര്‍ഷം ബിജെപി പ്രവര്‍ത്തകനായിരുന്നു പ്രവീണ്‍ നകും. അതില്‍ രണ്ടുവര്‍ഷം ആര്‍എസ്എസിലും പ്രവര്‍ത്തിച്ചു. എന്നാല്‍ ജൂലൈ 31ന് പാര്‍ട്ടിവിട്ട് ദളിത് അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

‘ബിജെപി വിവിധതലങ്ങളില്‍ തൊട്ടുകൂടായ്മ പ്രയോഗത്തില്‍ വരുത്തുന്ന പാര്‍ട്ടിയാണ്. അതില്‍നിന്നു രാജിവയ്ക്കാന്‍ ഞാന്‍ എന്തുകൊണ്ട് ഇത്രനാള്‍ കാത്തിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ, ‘പിന്നാക്ക ജാതിക്കാര്‍ക്കായുള്ള അനുസൂചിത് ജാതി വിഭാഗിന്റെ വാര്‍ഡ് തല നേതാവായിരുന്ന നകും പറയുന്നു. ‘ദളിതരുടെ കാര്യങ്ങളല്ലാതെ മറ്റു ജോലികളും ചെയ്യാന്‍ എനിക്കാകുമെന്നു ഞാന്‍ നിരന്തരം പറഞ്ഞിരുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഒരിക്കലും അത് അംഗീകരിച്ചില്ല.’

സംസ്ഥാന ഗതാഗത വകുപ്പില്‍ പ്യൂണായിരുന്നു നകുമിന്റെ അച്ഛന്‍. അഹമ്മദാബാദില്‍ ദളിത് പ്രദേശത്താണു വളര്‍ന്നതെങ്കിലും വിദ്യാഭ്യാസത്തിന് ഒരിക്കലും സംവരണസീറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് നാകും പറയുന്നു. ഒരു വര്‍ഷത്തെ കോളേജ് വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ നാകും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ജോലിയും തുടങ്ങി. ‘ജാതിമൂലമുള്ള വിവേചനം ഞാനും അനുഭവിച്ചിട്ടുണ്ട്. കടയില്‍ അംബേദ്കറുടെ ചിത്രം കണ്ട് ഉന്നതജാതിക്കാര്‍ മടങ്ങിപ്പോയിരുന്നു. എന്നാല്‍ ബിജെപിയിലെ അനുഭവത്തോളം അപമാനകരമായത് വേറെയില്ല.’

ദീപാവലി തുടങ്ങിയ ആഘോഷാവസരങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പാന്‍ ദളിതരെ അനുവദിച്ചിരുന്നില്ല. ദളിതര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വോട്ട് ചോദിക്കാനെത്തുന്ന ഉന്നതജാതിക്കാര്‍ ഒരിക്കലും ദളിതരുടെ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കാറില്ല. പാര്‍ട്ടി ചടങ്ങുകളില്‍ ദളിതര്‍ക്ക് വേറെ താമസസ്ഥലം ഒരുക്കുമെന്നും നാകും പറയുന്നു. ‘ഞാന്‍ ഇതേപ്പറ്റി പരാതി പറഞ്ഞുതുടങ്ങിയപ്പോള്‍ അവര്‍ എന്നെ യോഗങ്ങള്‍ക്കു വിളിക്കുന്നതു നിര്‍ത്തി.’

അഞ്ചുവര്‍ഷമായി പാര്‍ട്ടി വിടാന്‍ ആലോചിച്ചിരുന്നെങ്കിലും ഉന സംഭവത്തിനുശേഷമുണ്ടായ ദളിത് രോഷമാണ് അവസാനപ്രേരണയായത്. ആദ്യദിനം മുതല്‍ ദളിത് അസ്മിത യാത്രയിലുള്ള നാകും യാത്രയുടെ മുഖ്യ സംഘാടകരില്‍ ഒരാളായ ജിഗ്നേഷ് മേവാനിയില്‍ രക്ഷകനെ കാണുന്നു. ‘ഞാന്‍ സ്വതന്ത്രനായതായി തോന്നുന്നു.’

ഹന്‍സാബെന്‍, നാഥിബെന്‍, ശോഭനാബെന്‍: വനിതകളെ ബോധവത്കരിക്കാനാണ് ഞങ്ങള്‍ വന്നത്.
ഹന്‍സാബെന്‍, നാഥിബെന്‍, ശോഭനാബെന്‍ – മൂന്നുപേര്‍ക്കും മാര്‍ച്ചിന്റെ പത്തുദിവസവും പങ്കെടുക്കാനായില്ല. എന്നാല്‍ 14ന് അവര്‍ ഉനയിലെത്തിയതു ചുളിവുവീണ മുഖങ്ങള്‍ക്കു മറയ്ക്കാനാകുന്നതിലേറെ ഊര്‍ജത്തോടെയാണ്.

‘ജുനാഗഡില്‍നിന്ന് ഇത്രദൂരം പിന്നിട്ടു റാലിയുടെ അവസാന രണ്ടു ദിവസങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ വന്നത്. ഉനയിലെ ദളിത് സ്ത്രീകളെ ഉണര്‍ത്തുകയാണ് ലക്ഷ്യം’, അറുപത്തിനാലുകാരിയായ ഹന്‍സാബെന്‍ പറയുന്നു. അവരുടെ അമ്മായിയാണ് 85-കാരിയായ നാഥിബെന്‍. അയല്‍ക്കാരിയായ ശോഭനാബെന്നിനു പ്രായം 60. ബുദ്ധമതവിശ്വാസികളായ ഇവര്‍ ജുനാഗഡിലെ ദളിത് വനിതാ സംഘടനയായ രമാബായി അംബേദ്കര്‍ മഹിളാ സമിതി പ്രവര്‍ത്തകരാണ്.

മൂന്നുദശകങ്ങളായി ജുനഗഡിലെ ദളിത് സ്ത്രീകളെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി ബോധവത്കരിച്ചുവരികയാണ് ഇവര്‍. ‘ഹിന്ദു ആചാരങ്ങള്‍ ഉപേക്ഷിച്ച് അംബേദ്കറുടെ മാര്‍ഗത്തിലേക്കു തിരിയാന്‍ ഞങ്ങള്‍ പലരെയും പ്രേരിപ്പിച്ചു. പുരുഷന്മാരെക്കാള്‍ മതവിശ്വാസവും അന്ധവിശ്വാസവും സ്ത്രീകള്‍ക്കാണ് എന്നതിനാല്‍ അവരെ ആദ്യം ബോധവത്കരിക്കുക പ്രധാനമാണ്,’ നാഥിബെന്‍ പറയുന്നു.

പരമ്പരാഗതമായി പശുവിന്റെ തോലുരിക്കുകയും തുകല്‍ നിര്‍മിക്കുകയും ചെയ്യുന്ന ദളിതരില്‍പ്പെട്ടവരാണ് ഇവര്‍ മൂവരും. ‘എന്നാല്‍ അംബേദകറുടെ മാര്‍ഗം അനുസരിച്ച് 80 വര്‍ഷത്തോളം മുന്‍പ് ആ തൊഴില്‍ ഉപേക്ഷിച്ചതാണ് ഞങ്ങളുടെ കുടുംബങ്ങള്‍,’ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലീഷ് വായിക്കാനറിയുന്ന ഹന്‍സാബെന്‍ പറയുന്നു. ‘എന്റെ ഒരു മകന്‍ അധ്യാപകനും മറ്റൊരാള്‍ ഡോക്ടറുമാണ്.’

ഉനയിലെ മറ്റുള്ളവര്‍ ഇത്തരം മാതൃകകള്‍ കണ്ടു പഠിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ‘ഇവിടെ ദളിതരില്‍ വളരെവലിയൊരു ഉണര്‍വ് ഉണ്ടായിരുന്നില്ല. എന്നാല്‍ തോലുരിക്കലും തുകല്‍പ്പണിയും പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ അവരോടു പറയാനാഗ്രഹിക്കുന്നു. പകരം അവകാശപ്പെട്ട ഭൂമി സര്‍ക്കാരില്‍നിന്നു വാങ്ങുകയും മറ്റു തൊഴിലുകള്‍ കണ്ടെത്തുകയും വേണം,’ ശോഭനാബെന്‍ പറയുന്നു.

ജീവന്‍ഭായി പാര്‍മര്‍: ക്ഷേത്രങ്ങളില്‍ ഇന്നും ഭക്ഷണം പ്രത്യേക പാത്രങ്ങളിലാണ് നല്‍കുന്നത്
63-കാരനായ ജീവന്‍ഭായി പാര്‍മര്‍ യാത്രയിലെ മറ്റുള്ളവരെക്കാള്‍ സാവധാനമാണ് നടക്കുന്നത്. എന്നാല്‍ തന്റെ യാത്ര മറ്റുള്ളവരെക്കാള്‍ 150 കിലോമീറ്റര്‍ മുന്‍പേ തുടങ്ങിയതാണെന്ന് പാര്‍മര്‍ പറയുന്നു. മെഹ്‌സാന ജില്ലയിലെ വിസ്‌നാഗറില്‍ കൃഷിക്കാരനാണ് പാര്‍മര്‍. ഉന സംഭവം അറിഞ്ഞപ്പോള്‍ രോഷം തോന്നിയെങ്കിലും അതിശയമുണ്ടായില്ല. കാരണം തന്റെ സമുദായത്തിനുനേരെയുള്ള മറ്റൊരു അതിക്രമം എന്നേ തോന്നിയുള്ളൂ.

‘എന്നാല്‍ സംസ്ഥാനമെങ്ങും പ്രതിഷേധം ഉയരുകയും അത് ശക്തമാകുകയും ചെയ്തപ്പോള്‍ ഇത്തവണ വ്യത്യസ്തമായ ചിലത് നടക്കുമെന്നു തോന്നി. അതിനാല്‍ യാത്രയെപ്പറ്റി കേട്ടപ്പോള്‍ അതിന്റെ ഭാഗമായേ തീരൂ എന്നു തീരുമാനിച്ചു’ പാര്‍മര്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തുടങ്ങുന്നതാണ് പാര്‍മറുടെ വിവേചനസ്മരണകള്‍. അന്ന് ഇരിപ്പിടങ്ങള്‍ പ്രത്യേകമായിരുന്നു. അന്നുമുതല്‍ ഇതിനെ എതിര്‍ത്തു സംസാരിച്ചയാളാണ് താനെന്നും പാര്‍മര്‍ പറയുന്നു. തൊട്ടുകൂടായ്മ ലംഘിക്കുന്ന ദളിതരെ മര്‍ദിക്കുന്ന ഉന്നതജാതിക്കാര്‍ക്കെതിരെ നില്‍ക്കുന്ന കാര്യത്തില്‍ ഗ്രാമത്തില്‍ പാര്‍മര്‍ പ്രശസ്തനായിരുന്നു. ‘എന്റെ ചെറുപ്പത്തില്‍ ഞങ്ങളെ ക്ഷേത്രത്തില്‍ കടക്കാന്‍ അനുവദിച്ചിരുന്നില്ല. എന്തിനാണ് ശൂദ്രര്‍ ഉണ്ടാക്കുന്ന നിരവധി വസ്തുക്കള്‍ ക്ഷേത്രങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഞാന്‍ അവരോടു ചോദിച്ചു. പത്തുവര്‍ഷം മുന്‍പ് ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കായി തുറന്നു. എങ്കിലും ഭക്ഷണം ഓരോ ജാതിക്കാര്‍ക്കും പ്രത്യേകമാണു നല്‍കുന്നത്.’

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ ബന്ധമുള്ളയാളല്ല പാര്‍മര്‍. എന്നാല്‍ യാത്രയുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ കൂടുതല്‍ ദളിത് യുവാക്കളെ പ്രതിഷേധത്തിലേക്കു കൊണ്ടുവരാന്‍ തയാറാണ്. ‘ഞാന്‍ നീതിക്കു വേണ്ടിയുള്ള യാത്രയിലാണ്. ആ യാത്ര ഉനയ്ക്കുശേഷവും തുടരേണ്ടിയിരിക്കുന്നു.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍