UPDATES

സംഗീത് സെബാസ്റ്റ്യന്‍

കാഴ്ചപ്പാട്

The Republic of Libido

സംഗീത് സെബാസ്റ്റ്യന്‍

വായന/സംസ്കാരം

പെണ്‍ലൈംഗികതയെക്കുറിച്ച് ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ പരത്തിയ കള്ളങ്ങള്‍

പുരുഷമേധാവിത്ത ലോകത്തുനിന്നും സ്ത്രീ ലൈംഗികതയെ വിമോചിപ്പിക്കാനുള്ള സ്ത്രീപക്ഷ വീര്യത്തില്‍ അവര്‍ സൌകര്യപൂര്‍വം ചില വശങ്ങളെ വിട്ടുകളയുന്നുണ്ട്.

ആ 100 ദശലക്ഷം വായനക്കാരില്‍ നിങ്ങളുമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും കിട്ടണം Fifty Shades of Grey രചയിതാവ് ഇ.എല്‍ ജെയിംസില്‍ നിന്നും ഒരു മാപ്പപേക്ഷ.

രതികേളികളിലെ ആത്മ, പരപീഡനത്വര നിറഞ്ഞ മൂന്നു തുടര്‍ പുസ്തകങ്ങളെഴുതിയ ജെയിംസ് കഥാനായിക അനസ്തീസ്യ സ്റ്റീലിയുടെ ചിത്രീകരണത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു തോന്നുന്നു. സ്റ്റീലിയുടെ കാമോദ്ദീപനത്തിന്റെ സംവിധാനം പുസ്തകത്തില്‍ അവതരിപ്പിച്ച രീതിയിലാണ് തട്ടിപ്പ്.

പീഡനത്തിന്റെ ആദ്യ രംഗങ്ങളിലൊന്നില്‍ സ്റ്റീലി, അടിയേറ്റ് തന്റെ കോടീശ്വരനായ പീഡകന്‍ ക്രിസ്റ്റ്യന്‍ ഗ്രേയില്‍ നിന്നും വേദനയാല്‍ അലറിക്കരഞ്ഞുകൊണ്ട് അകന്നുമാറുന്നു. താനനുഭവിക്കുന്നതില്‍ അവള്‍ യാതൊരു സന്തോഷവും പ്രകടിപ്പിക്കുന്നില്ല. എന്നിട്ടും  ആത്മ/പര രതിപീഡനങ്ങളെ ആസ്വദിക്കുന്നവളാണെന്ന്, അവളുടെ യോനിയിലെ വഴുവഴുപ്പ് കാട്ടി ഗ്രേ പറയുമ്പോള്‍ അവളത് അന്ധമായി വിശ്വസിക്കുന്നു. ഈ അനുപൂരക ബന്ധം തെറ്റാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യോനിയിലെ വഴുവഴുപ്പോ/നനവൊ മിക്ക സ്ത്രീകള്‍ക്കും, മിക്ക സമയത്തും അവരുടെ ശരീരത്തിന്റെ സ്വാഭാവികമായ അനൈച്ഛിക ചേഷ്ടയാണ്. അതിനു രതിയിലേര്‍പ്പെടാനുള്ള ആഗ്രഹമോ സന്തോഷമോ ആയി യാതൊരു ബന്ധവുമില്ലെന്നാണ് Come As You Are (Speaking Tiger) എന്ന തന്റെ വന്‍പ്രചാരം നേടിയ പുസ്തകത്തില്‍ എമിലി നഗോസ്കി പറയുന്നത്.

“തീര്‍ച്ചയായും പരസ്പര സമ്മതത്തോടെയുള്ള അവഹേളനത്തിലൂടെ കാമോദ്ദീപനം ഉണ്ടാകുന്ന സ്ത്രീകളുണ്ട്. എന്നാല്‍ ആ നോവലിലെ കഥാഗതി മുഴുവനും കാണിക്കുന്നത് അന്ന അത്തരമൊരുവളല്ല എന്നാണ്,” ദശാബ്ദങ്ങളായി സ്ത്രീ ലൈംഗികതയെ കുറിച്ചു പഠനം നടത്തിയതിലൂടെയും  ലൈംഗികാധ്യാപനത്തിലുള്ള പരിചയവും വെച്ച് നഗോസ്കി എഴുതുന്നു. “ആ അടികള്‍ കൊള്ളുമ്പോളൊന്നും അതവള്‍ ആസ്വദിക്കുന്നു എന്നു കാണിക്കുന്ന ഒരു വാക്ക് പോലുമില്ല.” പിന്നെന്തുകൊണ്ടാണ് അവള്‍ ഗ്രെ പറയുന്നത് വിശ്വസിക്കുന്നത്? മുന്‍കാല പ്രണയ നോവലുകളുടെ രചയിതാക്കളെപ്പോലെ സ്ത്രൈണ ലൈംഗിക തൃഷ്ണയെ ഒരു പുരുഷ കാഴ്ച്ചപ്പാടില്‍ നിന്നു വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് ജെയിംസിന് ഈ പ്രമാദം സംഭവിക്കുന്നതെന്ന് നഗോസ്കി എഴുതുന്നു. പുരുഷന്മാരില്‍ ലിംഗോദ്ധാരണത്തെ രതിതൃഷ്ണയുമായി ബന്ധപ്പെടുത്തുന്ന അതേ തെറ്റാണ് യോനിയിലെ നനവിനെ രതിചോദനയുമായി ബന്ധപ്പെടുത്തുന്നതും. സ്ത്രീകളിലെ ഈ തൃഷ്ണാ പൊരുത്തക്കേടിന് ശാസ്ത്രീയമായൊരു പേരുണ്ട്: ഉദ്ദീപന പൊരുത്തമില്ലായമ (arousal non-concordance)

ഈ പൊരുത്തമില്ലായ്മ ആണുങ്ങളില്‍ താരതമ്യേന കുറവാണ്. അവരില്‍ ഭൂരിഭാഗവും, ഏതാണ്ട് 75 ശതമാനത്തോളം, ലൈംഗികാകര്‍ഷകത്വമുള്ള ഒരു സ്ത്രീയെ കാണുന്ന നിമിഷം, പെട്ടെന്നു തന്നെ രതിചോദന അനുഭവിക്കുന്നവരാണ്. എന്നാല്‍ സ്ത്രീകളില്‍ ഈ പൊടുന്നനെയുള്ള ആഗ്രഹം വെറും 15 ശതമാനത്തിന് മാത്രമാണ്.

ഇതിന് കാരണം, രതിയിലേര്‍പ്പെടണോ വേണ്ടയോ എന്ന കാര്യത്തില്‍ സ്ത്രീകള്‍ അന്തിമ തീരുമാനമെടുക്കുന്നത് അവരുടെ തലച്ചോറുകൊണ്ടാണ് എന്നാണ്. അന്തരീക്ഷം, ചുറ്റുപാടുകള്‍, ആ നിമിഷത്തില്‍ അവളെത്ര തയ്യാറാണ് എന്നിങ്ങനെ നിരവധി കാരണങ്ങളെ ആശ്രയിച്ചിരിക്കും അത്. അപ്പോള്‍ ഒരു സ്ത്രീ വാസ്തവത്തില്‍ രതിയില്‍ തത്പരയാണോ എന്നു നിങ്ങളെങ്ങനെ അറിയും? അവള്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കൂ എന്നെഴുതുന്നു നഗോസ്കി.

പുതുതായി വിപണിയിലിറക്കിയ ‘പെണ്‍ വയാഗ്ര’ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിന് പകരം -പലപ്പോഴും ആണുങ്ങളെ പറ്റിക്കാന്‍ ചെയ്യുന്നതുപോലെ- സ്ത്രീകളുടെ തലച്ചോറിനെ, മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ ഭാഗത്തെ ലക്ഷ്യം വെക്കുന്നതെന്തിനെന്ന് ഇതില്‍നിന്നും മനസിലാകും.

ആണുങ്ങളെപ്പോഴും ഉദ്ധൃത രാവണന്‍മാരായി നടക്കുകയാണെന്ന് നിങ്ങള്‍ ഉടനെ അനുമാനിച്ചെങ്കില്‍ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഉദ്ധാരണം അനുഭവപ്പെടുന്ന നേരത്തും നല്ലൊരു ഭാഗം പുരുഷന്‍മാര്‍ക്കും ലൈംഗികകേളിക്കുള്ള ആഗ്രഹം ഇല്ലെന്ന ഗുപ്തവാസ്തവവും നഗോസ്കി പറയുന്നു. വിശ്വാസമായില്ലെ? അതിരാവിലത്തെ അസുഖകരമായ ഉദ്ധാരണത്തെക്കുറിച്ച്  ആലോചിച്ചാല്‍ ആണുങ്ങള്‍ക്ക് മനസിലാകാവുന്നതേയുള്ളൂ.

വിശപ്പ് പോലെ നിലനില്‍പ്പിനായി മനുഷ്യന്‍ ഒരു പാകവുമില്ലാതെ നടത്തുന്ന ഒരു ചോദനയാണ് ലൈംഗികത എന്ന മിഥ്യാധാരണ പരത്തിയതിന് ശാസ്ത്രസമൂഹത്തെയും അവര്‍ കുറ്റപ്പെടുത്തുന്നു. “ലൈംഗികവേഴ്ച്ച നടത്താന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ ആരും ഇതുവരെ മരിച്ചുപോയിട്ടില്ല.” രതിയെ വിശപ്പുമായി സമീകരിക്കുമ്പോള്‍ ഭക്ഷണത്തിനായി വേട്ടയാടേണ്ട മൃഗങ്ങളെപ്പോലെ സ്ത്രീകളെ കാണാനുള്ള പുരുഷന്റെ വേട്ടവാസനകളെ പെരുപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

പുരുഷമേധാവിത്ത ലോകത്തുനിന്നും സ്ത്രീ ലൈംഗികതയെ വിമോചിപ്പിക്കാനുള്ള സ്ത്രീപക്ഷ വീര്യത്തില്‍ അവര്‍ സൌകര്യപൂര്‍വം ചില വശങ്ങളെ വിട്ടുകളയുന്നുണ്ട്. ലൈംഗികതെയേ കുറിച്ച് ശാസ്ത്രീയമായ അന്വേഷണങ്ങളെ അടിച്ചമര്‍ത്തുന്നതില്‍   മതവും സംസ്കാരവും നിര്‍വ്വഹിച്ച പങ്കാണ് അതിലൊന്ന്. ഇന്ന്, അതിലൈംഗികവത്കരിക്കപ്പെട്ട, വിരല്‍തുമ്പില്‍ ലൈംഗികതയെക്കുറിച്ച് അറിയേണ്ടതെല്ലാം ലഭിക്കുന്ന ഇക്കാലത്തും, ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം New York Times Best Seller-ല്‍ ഇടംപിടിച്ചു എന്നത് നമുക്കിതിനെക്കുറിച്ച് എത്ര കുറച്ചാണ് അറിയുന്നത് എന്നതിനും തെളിവാണ്.

സ്ത്രീകള്‍ക്കുള്ള ഒരു ലൈംഗിക സ്വയം സഹായി എന്നു പറയാവുന്ന Come As You Are വായിക്കുമ്പോള്‍, നിങ്ങളൊരു ആണാണെങ്കില്‍, ഇതെഴുതുന്ന ആളെപ്പോലെ, ഒരു സാനിട്ടറി നാപ്കിന്‍ പോലെ നിങ്ങളുടെ ലൈംഗിക വ്യക്തിത്വവുമായി ഏറെ വിദൂരമായ ഒന്ന് പരീക്ഷിക്കുമ്പോലെ തോന്നാം; എന്നിരുന്നാലും അതൊട്ടും മോശമാകില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍