UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

ന്യൂസ് അപ്ഡേറ്റ്സ്

ഇറങ്ങി നടക്കുക, അഴിഞ്ഞാടുക, ആസ്വദിക്കുക

സമൂഹം വര്‍ണങ്ങളുടെയും നാദങ്ങളുടെയും രുചികളുടെയും കാഴ്ചകളുടെയും വൈവിധ്യംകൊണ്ട് ബഹുലമാണ്. ഈ വൈവിധ്യത്തെ ആസ്വദിക്കുക എന്നതിനെയാണ് ജീവിതം എന്നു വിളിക്കുന്നത്. എന്നാല്‍ പലവിധത്തിലുള്ള ഈ ആസ്വാദനപ്രക്രിയയെ വിവേചനത്തോടെ നിലനിര്‍ത്തുന്നതാണ് നമ്മുടെ സാമൂഹ്യഘടന. സമൂഹത്തിലെ എല്ലാവര്‍ക്കും ഈ വൈവിധ്യം ആസ്വദിക്കാന്‍ അവകാശമുണ്ടെങ്കിലും ലിംഗപരമായും ജാതിപരമായും വിവേചിപ്പിച്ചുകൊണ്ട് പലരെയും ഈ അവകാശങ്ങളില്‍ നിന്ന് പുറന്തള്ളി ചിലര്‍ക്കുമാത്രമായി ഇത്തരം അവകാശങ്ങള്‍ പതിച്ചുനല്കുന്നതാണ് കാണുന്നത്. ജാതിയുടെയും ലിംഗത്തിന്റെയും വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ആസ്വാദനങ്ങളായിരുന്നു ഫ്യൂഡല്‍കാലത്തെങ്കില്‍ ആധുനികതയില്‍ ജാതിയുടെ കെട്ടുകള്‍ പ്രകടമാകാതിരിക്കുകയും ലിംഗപരമായ വേര്‍തിരിവുകള്‍ വല്ലാതെ സങ്കീര്‍ണമാകുകയും ചെയ്യുന്നതുകാണാം. പെണ്ണിന് പലതും വിലക്കാകുന്ന അവസ്ഥ. സമൂഹത്തിലെ ഉത്സവങ്ങളും യാത്രകളും മറ്റ് പുറം കാഴ്ചകളും ആഘോഷങ്ങളും വിരുന്നുകളും പെണ്ണിന് പറ്റിയതല്ലെന്നും ബന്ധപ്പെട്ടവരുടെ കൂടെവന്ന് കണ്ടുപൊകാവുന്നതാണ് സ്ത്രീക്ക് ഇത്തരം ചടങ്ങുകളെന്ന് പഠിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് കാണുന്നത്. പുരുഷനെപ്പോലെ സ്വാതന്ത്ര്യത്തോടെ എന്തും ആസ്വദിക്കാവുന്ന ഒരു സാമുഹ്യപരിസരം ഇന്നും കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നതാണ് അടിസ്ഥാന പ്രശ്നം. തുറന്ന ആസ്വാദനം പോകട്ടെ, വാ പൊത്താതെ ചിരിക്കാന്‍ പോലും സ്ത്രീക്കവകാശമില്ലെന്നാണ് തീര്‍പ്പ്. വീടിനുള്ളിലോ മറ്റെവിടെയെങ്കിലും മറകകള്‍ക്കുള്ളിലോ ഇരുന്നുള്ള ആസ്വാദനത്തിനപ്പുറത്ത് പുറംലോകത്തിന്റെ വര്‍ണങ്ങളും രുചികളും കാഴ്ചകളും കേഴ്വികളും തുറന്നാസ്വദിക്കുകയെന്നത് സ്ത്രീക്ക് ആവശ്യമുള്ളതായി പലരും കരുതുന്നില്ല. ഇങ്ങനെ ലോകത്തെ സ്വാതന്ത്ര്യത്തോടെ ആസ്വദിക്കാന്‍ ശ്രമിക്കുന്നത് അഴിഞ്ഞാട്ടമായി മുദ്രകുത്തി വേശ്യാത്വത്തിന്റെ ഒരു വകഭേദമായി നിര്‍വചിച്ചിട്ടുണ്ട്. വളരെ വിപുലമായ അര്‍ഥങ്ങളുള്ള വിലക്കുപദമാണ് അഴിഞ്ഞാട്ടം. സ്ത്രീയുടെ ശരീരമാണ് ഈ പദങ്ങളിലൂടെ സൂചിപ്പിക്കുന്നത്. എന്നാല്‍ ചെറിയ തരത്തിലുള്ള സ്വാതന്ത്ര്യപ്രകടനംപോലും ഇങ്ങനെ നിര്‍വചിച്ച് പെണ്ണിനെ ഭയപ്പെടുത്തുന്നതാണ് കാണുന്നത്.  ഒറ്റയ്ക്കൊരു പെണ്ണ് പുറത്തേക്കുപോകുന്നത് പ്രത്യേകിച്ച് അപരിചിതമായ ഇടത്തേക്ക് ഇന്നും പൊതുസമൂഹം വിലക്കുന്നു. ബലാത്സംഗം എന്ന ഭീതിയാണ് ഇവിടെ ഉയര്‍ത്തപ്പെടുന്നത്. 

പുറത്തുപോവുകയെന്ന പ്രശ്നം മാത്രമല്ല മറിച്ച്, ആസ്വാദനം എന്നതുതന്നെ അരുതായ്മയായിട്ടാണ് പൊതുവില്‍ കാണുന്നതെന്നും പറയാം. കാണുന്നതിലും കേള്‍ക്കുന്നതിലുമുള്ള അര്‍ഥോല്‍പാദനത്തിന്റെയും വ്യാഖ്യാനത്തിന്റയും അധികാരമാണ് ആസ്വാദനം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ശരീരവും മനസും പൂര്‍ണമായും സന്നിഹിതമാകുന്ന സവിശേഷമായ ആഹ്ലാദ പ്രകടനമാണിത്.  മറകളും തട്ടങ്ങളും അവയുടെ ഭീഷണികളുമില്ലാതെ ലോകത്തെ സ്വശരീരംകൊണ്ട് അറിയുകയും പുണരുകയും അതില്‍ അര്‍മാദിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണിത്. ഭക്ഷണം ആസ്വദിച്ചു എന്നു പറയുമ്പോഴോ കാഴ്ചയാസ്വദിച്ചു എന്നു പറയുമ്പോഴോ സ്വന്തം ആസ്വദിക്കല്‍ ശേഷിയെല്ലാം പരിപൂര്‍ണമായ സ്വാതന്ത്ര്യത്തോടെ വിനിയോഗിച്ച് അത് ചെയ്തു എന്നാണര്‍ഥം. ഇത്തരത്തില്‍ സ്വതന്ത്രമായ ആസ്വദിക്കല്‍ പെണ്ണിന്റെ ജീവിതത്തില്‍ ആവശ്യമുള്ളതല്ല എന്ന നിലപാടാണ് പൊതുവില്‍ കാണുക. 

എന്തിനേക്കാളും മധുരമീ നീ തരും
മുന്തിരിച്ചാറാണെനിക്കുലകില്‍
ഞാനതുമുക്കിക്കുടിച്ചു കുടിച്ചിരു-
ന്നാനന്ദമത്തനായ് പാടിടട്ടെ
ഹാ മതിയായില്ലെനിക്കൊരു ലേശവും
ഓമനേ വേഗം നിറയ്ക്കൂ പാത്രം. (പ്രേമപൂജ, ചങ്ങമ്പുഴ)  എന്നു ചങ്ങമ്പുഴ പറയുമ്പോള്‍ ആസ്വാദനത്തിന്റെ അധികാര രാഷ്ട്രീയമാണ് പ്രഖ്യാപിക്കുന്നത്. ജീവിതം എന്തുവന്നാലും ആസ്വദിക്കാനുള്ളതാണ് ജീവിതം എന്നാണ് വിളംബരം ചെയ്യുന്നത്. ഇത് കവിതയില്‍  പ്രഖ്യാപിക്കുന്നത് പുരുഷനാണ്.  അതേസമയം ജീവിതാസ്വാദനത്തില്‍ നിന്ന് തങ്ങളെ തടയുന്ന ശക്തികള്‍ക്കെതിരേയുള്ള പോരാട്ടമായാണ് പല ആണ്‍ കവികളുടെയും കാവ്യജീവിതം എന്നും പറയാം. ജീവിതാസ്വാദനത്തിന്റെ വിശാലമായ വഴികള്‍ മുന്നില്‍ തുറന്നു കിടക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ ആസ്വദിക്കണം എന്ന ത്വരയില്‍ പായുന്ന ആണത്തങ്ങളുടെ ഭാഷ്യമാണ് കലയിലും സാംസ്കാരിക രംഗങ്ങളിലും ഏറെ കാണുന്നത്. ഇതിനിടിയില്‍ തങ്ങളുടെ പരിമിതമായ ഇടത്തെ ആസ്വാദനത്തിന്റെ ശബ്ദങ്ങളില്‍ ഒതുങ്ങുന്നു പെണ്‍ കാഴ്ചകളും കേഴ്വികളും. മാത്രവുമല്ല സ്വാതന്ത്ര്യത്തോടെ പുറംലോകവും മറ്റും ആസ്വദിക്കണം എന്നു പറയുന്ന, ആസ്വാദനത്തിലെ ലിംഗ വേര്‍തിരിവ് ഇല്ലാതാക്കണം എന്ന ചിന്തയെ ശക്തമായി ചോദ്യം ചെയ്യുന്ന വര്‍ത്തമാനകാല ആണത്തം ശക്തിപ്പെടുന്നതായും കാണാം. ബലാല്‍സംഗ വാര്‍ത്തകളും പര്‍ദ അണിയലുകളുടെ ഭീഷണികളും ശരീരം മറച്ചുനടക്കണമെന്ന താക്കീതുകളും അന്തരീക്ഷത്തില്‍ കൂടുതലായി ഉയരുന്ന, സ്ത്രീ ജീവിതം വളരെ സങ്കീര്‍ണമാകുന്ന പശ്ചാത്തലത്തില്‍ കാഴ്ച ആസ്വദിക്കാനായി ഇറങ്ങിപ്പോകുന്ന പെണ്ണിന്റെ കഥകള്‍ നമ്മുടെ വര്‍ത്തമാനത്തോട് എന്താണ് പറയുന്നതെന്ന പ്രശ്നമാണ് ഇവിടെ ഉന്നയിക്കുന്നത്.  അസമയം  എന്നൊരു സമയക്രമം നിശ്ചയിച്ച് സ്ത്രീയുടെ സഞ്ചാരങ്ങളെയും ജീവിതവ്യാപാരങ്ങളെയും  തടയുന്ന വ്യവസ്ഥതിക്കുള്ളില്‍ ഇറങ്ങിനടക്കുന്ന പെണ്‍ ശരീരങ്ങളുടെ സാധ്യത ഒരു രാഷ്ട്രീയമാണ് ഉന്നയിക്കുന്നത്.

ഉത്സവം കാണാന്‍ പോയ ഉണ്ണിയാര്‍ച്ച
വടക്കന്‍ പാട്ടുകഥകള്‍ നമ്മുടെ കഥപറച്ചില്‍ പാരമ്പര്യത്തെ വല്ലാതെ തോറ്റിയുണര്‍ത്തിയ ഒന്നാണ്. പുത്തൂരം ഈഴവ തറവാടിന്റെയും തച്ചോളി നായര്‍ തറവാടിന്റെയും കഥ പ്രധാനമായും പറയുന്ന വടക്കന്‍ കഥകളിലെ ശ്രദ്ധേയമായ ഒന്നാണ് ഉണ്ണിയാര്‍ച്ചയുടെ കഥ. പുത്തൂരം വീട്ടിലെ ആരോമലുണ്ണിയുടെ പെങ്ങളായ ഉണ്ണിയാര്‍ച്ച  അസാധാരണമായ അയോധന പാടവം ഉള്ള സ്ത്രീയായ കഥ വളരെ ജനകീയമാണ്. വടക്കന്‍ പാട്ടുകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും വിവിധ നിരീക്ഷണങ്ങളുണ്ട്. ഉണ്ണിയാര്‍ച്ച അടക്കമുള്ളവരുടെ കാലം പൊതുവേ പറഞ്ഞിരിക്കുന്നത് പതിനാറാം നൂറ്റാണ്ടാണ്. എന്നാല്‍ മറ്റുചില അന്വേഷണങ്ങള്‍ ഇത് ചോദ്യം ചെയ്യുകയും പതിനെട്ടാം നൂറ്റാണ്ടിലേക്കു കൊണ്ടുവരികയും ചെയ്യുന്നു. മാത്രവുമല്ല ഒതേനനും ഉണ്ണിയാര്‍ച്ചയും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും അവര്‍ ഈഴവരാണെന്നും  ടിപ്പു കേരളത്തെ ആക്രമിച്ച കൂട്ടത്തില്‍ അവരെ വെപ്പാട്ടിയാക്കിയതായും ഈ വായനകള്‍ പറയുന്നു (കടത്തനാടന്‍ നോമ്പരങ്ങള്‍, ഭാസ്കരന്‍). എന്നാല്‍ ഈ വാദങ്ങള്‍ ചരിത്രപരമായി ശരിയെല്ലെന്നാണ് ചിലരുടെ നിരീക്ഷണം. ഈ വായനകളുടെ ചരിത്രപരതയല്ല ഇവിടെ വിഷയം. മറിച്ച് ഈ പാട്ടുകളെ വെറും ഭാവനകളായി കാണുക മാത്രമാണ്. എന്തുകൊണ്ട് ഇത്തരം പാട്ടുകള്‍ ഒരു ജനതയുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു? അത് പാടുന്നതിലൂടെയും കെട്ടിയാടുന്നതിലൂടെയും ആ ജനത അനുഭവിക്കുന്ന ആനന്ദം എന്താണ്? വിശേഷിച്ചും ഒരു പെണ്ണിന്റെ കൈക്കരുത്തിന്റെ പാട്ടുകള്‍ പാടുന്നതിലെ രാഷ്ട്രീയം എന്താണ്? തുടങ്ങിയ ചോദ്യങ്ങളെ നേരിടുന്നതിലൂടയേ ഈ പാട്ടുകളെ ഇന്ന് ആസ്വദിക്കാന്‍ ആകൂ.

അല്ലിമലര്‍ക്കാവിലെ ഉത്സവത്തിനുള്ള പോക്കും ജോനകരുമായിട്ടുള്ള പോരാട്ടവുമാണ് പൊതുവില്‍ ഉണ്ണിയാര്‍ച്ചയെക്കുറിച്ചുള്ളത്. എന്നാലതിനെക്കാള്‍ വിപുലമായ ഒരു താന്‍പോരിമ നിറഞ്ഞ കഥാപാത്രമായിട്ടാണ് അവള്‍ വടക്കന്‍ പാട്ടില്‍ കാണുന്നത്. കേരളചരിത്രത്തില്‍ പടജനങ്ങളായ സ്ത്രീകളുടെ ഒരു കണ്ണിയുണ്ടെന്നുള്ളത് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ദേശിംഗനാട്ടിലെ (കൊല്ലം)രാജാവിന് സ്ത്രീകളുടെ പട്ടാളം ഉണ്ടായിരുന്നുവത്രേ. ഇത്തരത്തില്‍ സ്ത്രീകളായ പടജനങ്ങളുള്ള റാണിമാരുടെ കഥകള്‍ പുരുഷാദേവിയമ്മപ്പാട്ടുപോലെയുള്ള ആഖ്യാന കാവ്യങ്ങളില്‍ കാണാവുന്നതാണ്. ഇവിയെ മുന്‍നിര്‍ത്തി ചേകോത്തികളുടെ -ഈഴവ സ്ത്രീകള്‍- പാരമ്പര്യത്തെ സി.വി കുഞ്ഞിരാമാന്‍ ഖനിച്ചെടുക്കുന്നുണ്ട്(ചേകവര്‍, 1953). പടയിലും ആയോധനത്തിലും അപാരമായ അറിവുള്ളവളായിരുന്നു ഉണ്ണിയാര്‍ച്ചയെന്നാണ് സിവിയുടെ വിലയിരുത്തല്‍. ചേകോത്തികളുടെ പോലെ സ്ത്രീകളുടേതായ പടപാരമ്പര്യത്തിന്റെ ചെറിയ കണ്ണികളിലാകണം അവരെ സംബന്ധിച്ചുള്ള കഥകളുടെയും പാട്ടുകളുടെയും വേരുകള്‍. ആരോമല്‍ ചേകവര്‍ അങ്കത്തിനു പോകുമ്പോള്‍ ചന്തുവിന് യുദ്ധതന്ത്രം ഉപദേശിക്കുന്നതും ഉണ്ണിയാര്‍ച്ചയുടെ ഏകമകന്‍ ആരോമുണ്ണി ചന്തുവിനോടു പകരം ചോദിക്കാന്‍ പുറപ്പെടുമ്പോള്‍ ഉപദേശിക്കുന്നതും വായിക്കുമ്പോള്‍ അവരുടെ യുദ്ധ നൈപുണ്യം വെളിവാകും. വീടിന്റെ അകത്തിരിക്കുന്ന വീട്ടമ്മ പാരമ്പര്യത്തിലല്ല ഉണ്ണിയാര്‍ച്ചയെ പാട്ടുകള്‍ പ്രതിഷ്ഠിക്കുന്നത്, മറിച്ച് അസാധാരണമായ വൈദഗ്ധ്യം സമ്പാദിച്ച വീരതരുണിയെന്ന നിലയിലാണ്. ഈ വീരതരുണിയുടെ യൗവനകാലത്തെ ഇടപെടലാണ് അല്ലിമലര്‍കാവിലെ ഉത്സവം കാണല്‍ പോക്ക്. എന്നാല്‍ ഉത്സവ സംഭവം അല്ലാതെ തന്റെ പോരാട്ട പാരമ്പര്യം പ്രകടിപ്പിക്കുന്ന മറ്റൊന്ന് പാട്ടുകളിലില്ലാത്തത് വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.

കളരി പയറ്റുകാരനായ ആറ്റും മണമ്മേല്‍ കുഞ്ഞിരാമന്‍ ഉണ്ണിയാര്‍ച്ചയെ വിവാഹം ചെയ്തതോടെ വീടിനകത്തേക്കു അവള്‍ ഒതുക്കപ്പെട്ടു എന്ന സൂചനയോടെയാണ് പാട്ട് ഈ ഭാഗം ആരംഭിക്കുന്നത്. അപ്പോഴാണ് കൂത്തിനെക്കുറിച്ച് കേള്‍ക്കുന്നതും ഇവിടെ വന്ന ശേഷം തനിക്ക് പുറം കാഴ്ചകളൊന്നും കാണാന്‍ പറ്റിയില്ലല്ലോ എന്ന ചിന്തയില്‍ കൂത്തിനു പോകാന്‍ തീരുമാനിക്കുന്നതും. കൂത്തിനുപോകാന്‍ തീരുമാനിച്ച ദിവസം അതിരാവിലെ എഴുന്നേറ്റവള്‍ വീട്ടിലെ അച്ഛനും അമ്മയ്ക്കും പ്രഭാത ഭക്ഷണം തയാറാക്കി അവരെ കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. ആദ്യം അച്ഛനെയാണവള്‍ വിളിച്ചത്. അപ്പോളയാള്‍ കാര്യമന്വേഷിക്കുകയും കാര്യമറിഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ വീടിനുള്ളില്‍തതന്നെ അടങ്ങി കഴിയേണ്ടവരാണെന്നും ഉത്സവത്തിന് പോകുന്നത് ശരിയെല്ലെന്നും സ്ത്രീകള്‍ ഇങ്ങനെ യാത്രപോകുന്നത്  നന്നല്ലെന്നും പറഞ്ഞു. തങ്ങളുടെ മകന് വേറെ ജോലിയുണ്ടെന്നും ഭാര്യമാര്‍ പറയുന്നതുകേട്ട് പുറകേ പോകുന്നതല്ല മകന്റെ ജോലിയെന്നും അദ്ദേഹം താക്കീതു ചെയ്തു. എന്നാല്‍ ആരെന്തു പറഞ്ഞാലും താന്‍ കൂത്തിന് പോകുമെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞു. അപ്പോള്‍ അയാള്‍ കൂത്തിനുപോകുന്ന വഴിയിലെ നാദാപുരത്തങ്ങാടിയെക്കുറിച്ചും അവിടുത്തെ ജോനകരെക്കുറിച്ചും വിശദീകരിച്ചു. അപ്പോള്‍ പുത്തരം വീട്ടിലെ പെണ്ണുങ്ങള്‍ വഴിവാക്കുകേട്ട് ചൂളുന്നവരല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഭയപ്പെടുത്തില്ലെന്നും അവള്‍ തിരിച്ചടിച്ചു. അതോടെ കുഞ്ഞിരാമന്റെ അമ്മയോട് ചോദിച്ചിട്ട് ചെയ്യാന്‍ അദ്ദഹം പറഞ്ഞു. അമ്മയും അവരും തമ്മിലുള്ള സംഭാഷണം വളരെ സംഘര്‍ഷഭരിതമായിരുന്നു. കുഞ്ഞിരാമന്റെ അച്ഛന്‍ പറഞ്ഞതു തന്നെയാണ് അമ്മയും പറഞ്ഞത്. എന്നാല്‍ കുഞ്ഞിരാമനു വരാന്‍ പറ്റില്ലെന്നും ഒരു പാണനെ കൂട്ടി പൊയ്ക്കാളാനും പറഞ്ഞത് അവളെ ശുണ്ഠിപിടിപ്പിച്ചു. അമ്മയക്കു അച്ഛനും ഭാര്യയ്ക്കു ഭര്‍ത്താവും തുണപോയ ചരിത്രമേ പുത്തൂരം വീട്ടിലുള്ളു എന്നായിരുന്നു അവളുടെ മറുപടി. ധീരനായ ആരോമല്‍ ചേവകരുടെ പെങ്ങളാണ് താനെന്നും താന്‍ ആഗ്രഹിച്ചത് നടത്തിയിട്ടേ അടങ്ങുകയുള്ളൂ എന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞതോടെ എന്തുവേണമെങ്കിലും ആയിക്കോളൂ എന്നു പറഞ്ഞ് അമ്മയും മാറി.

ഭഗ്നാശയായ അവള്‍ ഭര്‍ത്താവിനെ സമീപിച്ചു. കാര്യം കേട്ടതും അയാള്‍ ഭയന്നുപോയി. കൂത്തിലേക്കുള്ള യാത്രയിലെ പ്രശ്നങ്ങളും അക്രമികളായ ജോനകരുടെ കാര്യവും പറഞ്ഞ് അയാള്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ യാത്ര നിശ്ചയിച്ച അവള്‍ കൂട്ടായി ഭര്‍ത്താവില്ലെങ്കിലും പോകാന്‍ നിശ്ചയിച്ചു.

എല്ലാമെടുത്തിട്ടണിയുന്നുണ്ടേ;
പൊന്‍മുടിതന്നെയും ചൂടുന്നുണ്ടേ;
ചമയങ്ങളൊക്കെച്ചമഞ്ഞൊരുങ്ങി
കൈവിരല്ക്കാറിലും പൊന്മോതിരം
ചേര്‍ച്ചയോടങ്ങു അണിയുന്നുണ്ടേ;
ഉറുമിയെടുത്തു അരയില്‍പ്പൂട്ടി.

കുളിച്ചൊരുങ്ങി ഉറുമിയും ധരിച്ച് അവള്‍ യാത്രയ്ക്കു തയാറായി. തനിച്ച് സഞ്ചരിച്ച് അവള്‍ കളരിത്തറയിലെത്തി. അവിടെ ധ്യാനിച്ച് ആങ്ങളയായ ആരോമലിനെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോളവിടെ ആരോമലിന്റെ ശിഷ്യരെത്തിയെങ്കിലും അവരുടെ കൂടെപ്പോകാന്‍ അവള്‍ തയാറായില്ല.  അതി ധീരയാണെങ്കിലും ഭര്‍ത്താവിനൊപ്പമേ ഭാര്യമാര്‍ സഞ്ചരിക്കാവൂ എന്നും ‘അന്യര്‍’ക്കൊപ്പം പോകുന്നത് ശരിയെല്ലെന്നുമുള്ള ബോധം അവളെന്തുകൊണ്ട് പങ്കിടുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. ഭര്‍ത്താവിന്റെ അമ്മയുടെയും അച്ഛന്റെയും വാക്കുകളെ ശക്തമായി നിഷേധിക്കുന്ന അവള്‍ ഇതിനെ നിഷേധിക്കാത്തത് പാട്ടുകാലത്തിലെ ആണ്‍കോയ്മയെ പിന്തുണയ്ക്കുന്നതാണെന്നു പറയാം.കുറച്ചുകഴിഞ്ഞ് അവളെത്തിരക്കി ഭര്‍ത്താവ് കുഞ്ഞിരാമനെത്തി. അവരിരുവരും യാത്ര തുടങ്ങി.

അവര്‍ നാദാപുരത്തെത്തി. ജോനകര്‍ അതീവ സുന്ദരിയായ ഉണ്ണിയാര്‍ച്ചയെ കണ്ടതും പാഞ്ഞടത്തു. എന്നാല്‍ തങ്ങളുടെ മൂപ്പന്റെ അഭിപ്രായം അറിഞ്ഞ് ചെയ്യാമെന്നു കരുതി മൂപ്പനോട് കാര്യം പറഞ്ഞു. മൂപ്പന്റെ നിര്‍ദേശപ്രകാരം ധാരാളം പൊന്നും പണവുമായി അവര്‍ ഉണ്ണിയാര്‍ച്ചയുടെ മുന്നിലെത്തി. ഉണ്ണിയാര്‍ച്ച അപ്പോള്‍ കാഴ്ചകള്‍ കണ്ട് എടവട്ടത്തങ്ങാടിയില്‍ എത്തിയിരുന്നു. ജോനകര്‍ ആല്‍ത്തറയില്‍ അവളെ കാത്തുനിന്നു. അവരെ കണ്ടതും കുഞ്ഞിരാമന്‍ ആലിലപോലെ വിറയ്ക്കാന്‍ തുടങ്ങി.

പെണ്ണായ ഞാനും വിറയ്ക്കുന്നില്ല;
ആണായ നിങ്ങള്‍ വിറയ്ക്കുന്നെന്തേ?
എന്ന് അവള്‍ അയാളോട് ചോദിച്ചു. ജോനകര്‍ പൊന്നും പണവും കാഴ്ചവച്ച് തങ്ങളുടെ മൂപ്പന്റെ ഭാര്യയായി വരാന്‍ അവളോട് ആവശ്യപ്പെട്ടു. എന്നലവള്‍ ആ വാഗ്ദാനം നിരസിച്ചു. അതോടെ അവരുടെ ഭാവം മാറി. ഭയന്ന കുഞ്ഞിരാമന്‍ ബോധം കെട്ടുവീണു. ഉണ്ണിയാര്‍ച്ചയാകട്ടെ ഭയത്തിന്റെ നേരിയ കണികപോലുമില്ലാതെ നിന്നു. ജോനകര്‍ അവളെ പിടിക്കാന്‍ ഭാവിച്ചപ്പോള്‍ ഇതാണ് അവിടെ നടന്നത്-

അരയും തലയും ഉറപ്പിക്കുന്നു
അറയീന്നു ഉറുമി എടുത്തവളും
…. 
അരിശം ചൊടിച്ചു പറഞ്ഞു പെണ്ണും
ആണും പെണ്ണുമല്ലാത്ത കൈയന്മാരെ
എന്നോടു ആശം നിങ്ങള്‍ക്കുണ്ടുവെങ്കില്‍
എന്നുടെ കൈയും പിടിച്ചു കൊള്‍വിന്‍
……
അടിയീന്നു മുടിയോളം വിറച്ചുപോയി
പകിരി തിരിഞ്ഞൊന്നു നിന്നു പെണ്ണും
കുതിരപ്പാച്ചില്‍ ഒന്നു പാഞ്ഞുപെണ്ണും
നനമുണ്ടുവീശീട്ടു നിന്നവളും
അഞ്ഞൂറും മുന്നൂറും വീണവിടെ
രണ്ടാമതൊന്നു മറിഞ്ഞവളും..

ഇത്രയും നടന്നതോടെ അവള്‍ ആരോമലിന്റെ പെങ്ങള്‍ ഉണ്ണിയാര്‍ച്ചയാണെന്നു അറിയുകയും ജോനകര്‍ ഭയന്ന് മണ്ടുകയും ചെയ്തു. വിവരം അറിഞ്ഞ അവരുടെ മൂപ്പനും ബോധംകെട്ടുവീണു. ബോധം വന്നപ്പോള്‍ ഉണ്ണിയാര്‍ച്ച കോപിച്ചിരിക്കുന്നത് ആപത്താണെന്നും കുലം നശിപ്പിക്കുമെന്നും ഭയന്ന് തന്റെ ഭാര്യ കുഞ്ഞിപ്പൂമയെ കാഴ്ചകളുമായി അവളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞയച്ചു. എന്നാല്‍ കുഞ്ഞിപ്പൂമയുടെ ദൗത്യം പരാജയപ്പെട്ടു. തനിക്കു തെമ്മാടികളായ ജോനകരോട് ക്ഷമിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതോടെ പൂമ തിരിച്ചുപോയി. ഭയന്ന മൂപ്പനും കൂട്ടരും നാടുവാഴുന്ന തമ്പുരാട്ടിയുടെ അടുക്കലെത്തി. വിവരമറിഞ്ഞ തമ്പുരാട്ടി മനസില്ലാ മനസോടെ ഉണ്ണിയാര്‍ച്ചയുടെ അരികിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തെറ്റു ചെയ്തവര്‍ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന നിലപാടില്‍ ഉണ്ണിയാര്‍ച്ച ഉറച്ചു നിന്നതോടെ അവരും സ്ഥലം വിട്ടു. രക്ഷക്കായി തലപുകച്ച് മൂപ്പന് നാഗപ്പന്‍ ചെട്ടിയാരെ ഓര്‍മവരികയും ദൂതനായി ചെട്ടിയാരെ വരുത്തുകയും ചെയ്തു. ഈഴവത്തിയുടെ അഹങ്കാരം തീര്‍ക്കാനായി കോപാകുലനായി വന്ന ചെട്ടിയാര്‍ ഉണ്ണിയാര്‍ച്ചയെക്കണ്ട് ഭയന്നോടി. പിന്നീട് അയാള്‍ത്തന്നെ ആരോമലിനെ സമീപിക്കാനാവശ്യപ്പെടുകയും കത്ത് ജോനകരുടെ കൈവശം നല്കുകയും ചെയ്തു. ചെട്ടിയാരുടെ കത്ത് കണ്ട ആരോമല്‍ നാദാപുരത്ത് വരികയും ഉണ്ണിയാര്‍ച്ചയെ കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും ജോനകമൂപ്പനെകൊണ്ട് മാപ്പു പറയിച്ച് അവളെ അനുനയിപ്പിക്കുകയും ചെയ്തു. അതിനുശേഷം കുഞ്ഞിരാമനും അവളും ആരോമലും അല്ലിമലര്‍ക്കാവിലെത്തി. അവിടെ ഉയര്‍ന്ന ഒരു മതിലിലരുന്ന് ഉത്സവക്കാഴ്ചകള്‍ മതിയാവോളം ആസ്വദിച്ചു കണ്ടു. പിന്നീട് അവര്‍ വീട്ടിലെത്തുകയും ചെയ്തു.

ഉത്സവം കാണുകയെന്നത് വിശകലനം ചെയ്യപ്പെടേണ്ട പ്രശ്നമാണോ എന്നത് ചോദ്യമായി ഇവിടെ ഉയരാം.  എന്നാല്‍ നിസാരമായ ഉത്സവം കാണുന്നതിനുപോലും സമൂഹം പെണ്ണിനെ അനുവദിക്കുന്നില്ലെന്നും  പുരുഷന്റെ ആഗ്രഹങ്ങള്‍ക്കൊത്തു ചലിക്കുകയാണ് അവരുടെ വിധിയെന്നും പ്രഖ്യാപിക്കുന്നിടത്ത്  ഇത് ഒട്ടേറെ വിശകലനം ആവശ്യപ്പെടുന്ന പ്രശ്നമാകുന്നു. ആരോമലിനോ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ക്കോ  മറ്റ് പുരുഷന്മാര്‍ക്കോ മറ്റൊരാളാല്‍ തടയപ്പെടുന്ന അവസ്ഥ ഇവിടെ വരുന്നില്ല. കൂട്ടുണ്ടെങ്കിലേ പോകാനാവൂ എന്ന വഴക്കം ഉന്നയിക്കുന്നില്ല. എന്നാല്‍ പെണ്ണിന് പലതരത്തിലുള്ള തടസ്സങ്ങള്‍ ഉയര്‍ത്തപ്പെടുന്നു.  ജാതിപരമോ വര്‍ഗപരമോ  ആയ പ്രശ്നത്തെക്കാളുപരി ലിംഗപരമായ വിലക്കാണ് ഇവിടെ ഉയരുന്നത്. പെണ്ണിന്റെ എല്ലാ ധര്‍മവും ഭാര്യ എന്ന പദവി മാത്രമാണെന്ന ആണ്‍കോയ്മയുടെ പ്രഖ്യാപനമാണ് അടിസ്ഥാനപരമായ പ്രശ്നം. സൗന്ദര്യം എന്ന ഘടകം പെണ്ണിന്റെ ബലഹീനതയുടെ അടയാളമായി  വിലയിരുത്തപ്പെടുന്നു.  സ്വതന്ത്ര കര്‍തൃത്വമായി സ്ത്രീയെ പരിഗണിക്കാത്ത സാമൂഹികതയിലാണ് ഉത്സവം പോലുള്ള പുറമിടങ്ങള്‍ വിലക്കായി പാട്ടുകളില്‍ ആവിഷ്കരിക്കപ്പെടുന്നത്. ആ വിലക്കിനെ നിശ്ചയദാര്‍ഢ്യംകൊണ്ട് ചെറുത്തുതോല്പിക്കുന്ന ഈ പാട്ട് പെണ്ണിന്റെ ജീവിത സാധ്യതകളെ പാടുകയാണ്. കണ്ണിനും കാതിനും ആഹ്ലാദം പകരുന്ന ഉത്സവങ്ങള്‍ കണ്ട് തിമര്‍ക്കേണ്ടതു തന്നെയാണ്. ജീവിക്കുന്നു എന്നതിന്റെ അടയാളമാണ് ഈ കാഴ്ചകള്‍.

2

ചന്ദ്രിക ജീവിതം ആസ്വദിക്കാന്‍ തീരുമാനിച്ചത്
കേരള നവോത്ഥാനം മുന്നേറിയ കാലത്താണ് രമണന്‍ പുറത്തുവരുന്നത്. രമണന്‍ എന്ന ആട്ടിടയനെ പ്രണയിച്ച ചന്ദ്രിക താനാഗ്രഹിച്ചപോല പ്രണയം സാധ്യമാകാതെ വന്നപ്പോള്‍- എപ്പോഴും പാടില്ല പാടില്ല എന്ന വിലക്കു മാത്രം കേട്ടപ്പോള്‍ – തന്റെ പ്രണയത്തെ വേണ്ടെന്നുവച്ചു. അങ്ങനെ മറ്റൊരു ജീവിതം വേണമെന്നു തീരുമാനിച്ചു.  ചന്ദ്രിക ജീവിതം ആസ്വദിക്കണമെന്നു തീരുമാനിക്കുന്നു.  രമണനിലെ ചന്ദ്രിക ജീവിതാസ്വാദനത്തിലേക്കു വരുന്നതോടയാണ് അവള്‍ പ്രണയത്തെ കുടഞ്ഞെറിയുന്നത്.  അതോടെ ഭാവനയില്‍ അവള്‍ ഭീകരയാക്കപ്പെടുന്നു.

എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നുമിതിന്റെ ലഹരിയിലാനന്ദ-
തുന്ദിലമെന്മനം മൂളിപ്പറക്കണം
………………..
ആസ്വാദനങ്ങളേ നിങ്ങളെക്കേവല-
മാശ്രയിച്ചീടിനൊരിബ്ഭക്തദാസിയെ
വിശ്രമിപ്പിക്കൂ ദയവാര്‍ന്നു നിങ്ങള്‍ തന്‍-
വിദ്രുമമഞ്ചത്തിലൊന്നിനിയെങ്കിലും ചന്ദ്രികയുടെ ഈ തീരുമാനമാണ്  രമണനിലെ വഴിത്തിരിവ്. നിശ്ചയദാര്‍ഢ്യത്തോടെ ഈ തീരുമാനം എടുത്തതോടെ പെട്ടന്ന് കഥയിലെ അന്തരീക്ഷം മാറുന്നു. രമണന്‍ ആത്മഹത്യയിലേക്കു പോകുന്നു. അതോടെ ചന്ദ്രിക കുറ്റക്കാരിയാകുന്നു, അവളുടെ ജീവിതാസ്വാദന വ്യഗ്രതയും. നിരൂപകന്‍ ജോസഫ് മുണ്ടശേരി എഴുതുന്നു- ..തിളച്ചു മറിയുന്ന ഭോഗലലാസയായി തരംതാഴുന്നു അവളുടെ പ്രമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തു വലിച്ചെറിയുന്നു. ജീവിതമാസ്വദിക്കണമെന്നു ഒരു പെണ്ണ് വ്യക്തമായും ഉച്ചത്തിലും പറഞ്ഞ അപൂര്‍വം  ഭാവനകളിലൊന്ന് രമണനാണ്. ആ തീരുമാനം എടുത്തപ്പോള്‍ അവള്‍ തെറ്റുകാരിയാകുന്നു. കാവ്യത്തിനുള്ളില്‍ത്തന്നെ അവളുടെ തോഴി ഭാനുമതി അവളുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ട്. രമണനെ ചതിക്കുന്നതാണ് ഈ തീരുമാനം എന്നതാണ് പ്രകടമായി തരുന്ന സൂചനയെങ്കില്‍ അതിനുള്ളില്‍ അലയടിക്കുന്നത് ജീവിതം ആസ്വദിക്കണം എന്നതിലെ ലിംഗപരമായ വേര്‍തിരിവാണ്. ചങ്ങമ്പുഴയുടെ നിരവധി കവിതയ്ക്കുള്ളില്‍ ജീവിതാസ്വാദന വ്യഗ്രത കാണാമെന്നിരിക്കെ അവിടെയൊന്നും തെറ്റല്ലാത്ത ആസ്വാദന പ്രക്രിയ ഇവിടെയെങ്ങനെ ഭോഗലലാസയായി തരംമാറുന്നു? അവളെ ശരിയല്ലാത്തവളാക്കി മാറ്റുന്നു?

തനിക്കു സമൂഹം അനുവദിക്കാത്ത ഒരധികാരം ചന്ദ്രിക ചോദിച്ചുവാങ്ങുന്നതാണിവിടെ കാണുന്നത്. അതാണവളെ കുറ്റക്കാരിയാക്കുന്നത്. ചന്ദ്രികയുടെ സാമ്പത്തിക പദവിയും ഇതിന് നിര്‍ണായകമാണ്. അതാണ് ആസ്വാദനത്തിന്റെ രാഷ്ട്രീയം. ചില ചിട്ടകള്‍ക്കകത്തും കെട്ടുകള്‍ക്കകത്തും നിന്ന് ജീവിതത്തെ കേവലമായി നോക്കിക്കാണുന്ന പ്രവര്‍ത്തനമല്ലിത്, മറിച്ച് ആ ചിട്ടകളെയൊക്കെ ഇല്ലാതാക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണിത്. വിശേഷിച്ച് കടുംബം എന്ന സ്ഥാപനത്തെ ഉലയ്ക്കുന്ന ഒന്നാണിത്. നവോത്ഥാനകാലത്ത് സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുവരണമെന്ന് ആഹ്വാനം ഉണ്ടായതിനൊപ്പം മരുമക്കത്തായ വീടിനുപകരം മക്കത്തായ അണുകുടുംബം സാധ്യമായപ്പോള്‍ ഭര്‍ത്താവിനെയും മക്കളെയും നോക്കി സ്ത്രീ വീടിനകത്തിരിക്കണമെന്ന ആശയാവലിയും ശക്തിപ്പെടുന്നതായിക്കാണാം. പുതിയ വിദ്യാഭ്യാസം നേടിയ ഭര്‍ത്താവിനൊപ്പം പുതിയ വിദ്യാഭ്യാസം നേടി സ്ത്രീകള്‍ ഗൃഹചക്രവര്‍ത്തിനിമാരായി കഴിയണമെന്ന ഉപദേശങ്ങള്‍ ഇക്കാലത്ത് വളരെയേറെ ഉയരുന്നതു കേള്‍ക്കാം.  സ്വന്തം ശാരീരിക സുഖത്തിന് ഊന്നല്‍ നല്കുന്ന, ശരീരം വില്‍ക്കുന്ന വേശ്യകള്‍ നല്ല സ്ത്രീകളായി മാനസാന്തരപ്പെടുന്ന കഥകളും കവിതകളും ഇക്കാലത്ത് വരുന്നു. കുമാരനാശാന്റെ കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയ, ഉള്ളൂരിന്റെ പിംഗള തുടങ്ങിയവ ഉദാഹരണം. സുഖിക്കുക, പ്രത്യേകിച്ച് ശാരീരിക സുഖം അപകടകരമായ ഒന്നായി വ്യാഖ്യാനിക്കപ്പെടുന്നു.  ഈ  കാലത്താണ് രമണനിലെ ചന്ദ്രിക  വീടിനെ വെടിഞ്ഞുകൊണ്ട് ജീവിതസുഖത്തെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്. മാത്രവുമല്ല ഉത്സവങ്ങള്‍ പോലുള്ള  ആഹ്ലാദത്തിന്റെ ഇടങ്ങളെ ശരിയല്ലാത്തതായാണ് നവോത്ഥാനം കണ്ടത്. അക്കാലത്തെ പല ഉത്സവങ്ങളും നിരോധിക്കണമെന്ന് നവോത്ഥാന നായകര്‍ ആവശ്യപ്പെടുന്നതുകാണാം. കൊടുങ്ങല്ലൂര്‍ ഭരണിപോലുള്ളവ ഉദാഹരണം. നായന്മാരെ തകര്‍ത്തത് അവരുടെ പടയണിപോലുള്ളവയാണെന്ന് മനന്നത്ത് പദ്മനാഭന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നതും ഇവിടെ ഓര്‍ക്കാം.  ഗാര്‍ഹിക/ ഭര്‍തൃസുഖത്തിനപ്പുറമുള്ളതെല്ലാം ആവശ്യമില്ലെന്നും തെറ്റെന്നും പറഞ്ഞ് നിഷേധിക്കപ്പെടുന്ന കാലത്ത് ജീവിതാസ്വാദനത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള പെണ്‍നോട്ടം അത്യന്തം അപകടകരമാണ്. ആ അപകടത്തിന്റെ തീക്ഷ്ണതയാണ് ആസ്വാദനത്തിന്റെ രാഷ്ട്രീയമായി മാറുന്നത്.

ആസ്വാദനം ഒരാളുടെ എല്ലാത്തരം സ്വാതന്ത്ര്യത്തിന്റെയും അടയാളമാണ്. കാണാനും കേള്‍ക്കാനും സഞ്ചരിക്കാനും ഇതിനെയെല്ലാം കുറിച്ച് ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ അടയാളം. തനിക്കു താന്‍ ചിന്തിക്കുന്നതാണ് എല്ലാം എന്നു നിനയ്ക്കുന്നതാണ് ഇത്. തന്റെ ജീവിതത്തിന്മേലും ശരീരത്തിന്മേലും താനാണ് അധികാരിയെന്നും പൂര്‍ണാര്‍ഥത്തിലുള്ള ഉടമയെന്നും ചിന്തിക്കുമ്പോഴേ ഇത് സാധ്യമാകുന്നുള്ളു. ഈ സാധ്യതയാണ് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഉണ്ണിയാര്‍ച്ചയും ചന്ദ്രികയും പങ്കിടുന്നത്. സ്ത്രീയുടെ തന്റേടങ്ങളിലാണ് (തന്റേടം- തന്റെ ഇടം) അവളുടെ ആസ്വാദനം സാധ്യമാകുന്നത്. പുരുഷന്റെയും. ലോകത്തിന്റെ അര്‍ഥോല്‍പ്പാദനമാണ് ഇത്. തന്റെ കാഴ്ചയിലൂടെയും കേഴ്വിയിലൂടെയും ലോകത്തിന് അര്‍ഥം നല്‍കുന്ന പ്രക്രിയ. ലോകത്തിനെയും സമൂഹത്തിനെയും ഭയക്കുമ്പോഴോ കീഴടങ്ങി നില്ക്കുമ്പോഴോ ഈ അര്‍ഥ നിര്‍മാണം സാധ്യമാകുന്നില്ല. ജോനകരെയും സമൂഹത്തിന്റയും നിയമങ്ങളെ ഭയന്നിരുന്നെങ്കില്‍ ഉണ്ണിയാര്‍ച്ചയ്ക്ക് അവളുടെ ആസ്വാദനം സാധ്യമാകുമായിരുന്നില്ല.

ഇത്തരത്തിലുള്ള താന്‍പോരിമയിലുള്ള ഇറങ്ങിനടപ്പുകളെ  അഴിഞ്ഞാട്ടങ്ങളാക്കി ഭയപ്പെടുത്തിക്കൊണ്ട് വിലക്കുന്ന ചുറ്റുപാടാണ് നമ്മുക്കുള്ളത്. അഴിഞ്ഞാട്ടം എന്ന വാക്ക് സൂചിപ്പിക്കുന്നത് വിപുലമായ സാംസ്കാരികമായ പശ്ചാത്തലമാണ്.  അഴിഞ്ഞ, ആട്ടം എന്നീ പദങ്ങള്‍. അഴിഞ്ഞ എന്നതിന് എല്ലാത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടത് എന്നൊക്കെയര്‍ഥം. ആട്ടം എന്നതും പലകാലത്ത് വ്യത്യസ്താര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നതായിക്കാണാം. ഒരു കാലത്ത് മാന്യമായ ഒന്നായിരുന്നു ഈ വാക്ക് സൂചിപ്പിച്ചിരുന്നതെങ്കില്‍ പ്രാഗാധുനിക കാലത്ത് ആട്ടക്കാരികളെന്നൊക്കെ പറയുന്നത് അശ്ലീലത്തിനടുത്ത ഒന്നായി മാറുന്നു. ആട്ടക്കാരികള്‍ വേശ്യകളാക്കപ്പെടുന്നു. ചുരുക്കത്തില്‍ അഴിഞ്ഞാട്ടം ആധുനികകാലത്ത് വേശ്യാത്വമായി മുദ്രകുത്തിയിരിക്കുന്നു. അല്ലാത്തവര്‍ കുലീനകളാകുന്നു. കുലീനകള്‍ക്ക് സ്വതന്ത്രമായ ഇറങ്ങിനടപ്പും ആസ്വാദനവും സാധ്യമല്ല. വീടിനുള്ളിലാണ് അവരുടെ ഇടം. പുറംലോകം അവര്‍ക്കന്യമാണ്. അല്ലെങ്കില്‍ നിയന്ത്രിതമായ സമയത്തും ഇടത്തും നിന്നു ഒന്നു കണ്ടുപോകാവുന്ന സ്ഥലം മാത്രമാണ്. ഇവിടെ അധികാരത്തോടെയുള്ള ആസ്വാദനം അസാധ്യമാണ്.  ഇവിടെ അഴിഞ്ഞാട്ടം അനിവാര്യമാകുന്നു. ആണിന്റെ ആസ്വാദനം ഇത്തരത്തില്‍ അഴിഞ്ഞാട്ടമാണ്. എത്രസമയം വേണമെങ്കിലും ആസ്വദിച്ചു തിമിര്‍ക്കാം അവന്. അടിച്ചമര്‍ത്തുന്ന നിയമങ്ങളെയും വിലക്കുകളെയും ചോദ്യം ചെയ്യുന്നിതിലൂടെയും തട്ടിനീക്കുന്നതിലൂടെയുമാണ് ലോകത്തെ അഭിമുഖീകരിക്കാനും ആസ്വദിക്കാനും കഴിയുക. ഇത്തരത്തിലുള്ള പെണ്ണിന്റെ ആസ്വാദനത്തെ എല്ലാ പുരുഷ സമൂഹവും വിലക്കുന്നു. അതിനാല്‍ അതിനെ ചോദ്യം ചെയ്യുക എന്നത് ലോകത്തെ ആസ്വദിക്കുന്നതിലൂടെയാണ് ചെയ്യേണ്ടത്. ഭയരഹിതമായി ഇറങ്ങി നടക്കുകയെന്നതും അഴിഞ്ഞാടുകയെന്നതുമാണ് ലോകത്ത് പെണ്ണ് ജീവിക്കുന്നതിന്റെ അടയാളങ്ങള്‍. ഉണ്ണിയാര്‍ച്ചയെപ്പോലെ അതിന് ആങ്ങളെയോ ഭര്‍ത്താവിനെയോ കാത്തുനില്‍ക്കേണ്ടതുമില്ല. തുണയോടുകൂടിയല്ല ജീവിതം ആസ്വദിക്കേണ്ടത്, മറിച്ച് തനിയെയാണ്. തനിച്ചു സ്വന്തം കാലില്‍ നില്ക്കുന്ന ‘തനിമ’യാണ് സ്ത്രീ ജീവിതത്തിന്റെ മറ്റൊരു രാഷ്ട്രീയം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍