UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

ഫെമിനിസ്റ്റ് കൊച്ചമ്മ? ഫെമിനിസ്റ്റ് അമ്മ, ഫെമിനിസ്റ്റ് പെങ്ങള്‍…etc. എന്തെല്ലാം സാധ്യതകള്‍

മായ ലീല

കൊച്ചമ്മ എന്ന ആക്ഷേപവാക്കിന്റെ ആശയം എന്താണെന്ന് വച്ചാല്‍; പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍, സാധാരണമായ അടക്ക, ഒതുക്കങ്ങള്‍ ഒന്നുമില്ലാത്ത, തന്നിഷ്ടക്കാരിയായ ഒരു സ്ത്രീ എന്നതാണ്. ‘സ്ത്രീത്വ’ത്തിന്റെ അടയാളങ്ങള്‍ ഒന്നുമില്ലാത്ത, ലൈംഗീക ബന്ധങ്ങള്‍ക്ക് മേല്‍ ബന്ധനങ്ങള്‍ ഇല്ലാത്ത, ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന, സൌകര്യാര്‍ത്ഥം സഞ്ചരിക്കുന്ന സ്ത്രീ. എല്ലാത്തിനും ഉപരി പുരുഷനെ അനുസരിക്കാത്ത സ്ത്രീ. ഏതെങ്കിലും പുരുഷനെ എന്നല്ല, തന്റെ ഉടമസ്ഥന്‍ എന്ന് നാട്ടുകാരും വീട്ടുകാരും പട്ടംചാര്‍ത്തി തരുന്ന ഭര്‍ത്താവ് എന്ന പുരുഷനെ. ഈ കൊച്ചമ്മ പ്രയോഗം ധനികവര്‍ഗ്ഗത്തിന്റെ സ്ത്രീസ്വാതന്ത്ര്യങ്ങള്‍ മധ്യവര്‍ഗ്ഗ, ഉത്തമ സ്ത്രീകളില്‍ നിന്നും വേറിട്ടതാണ് എന്ന് വരുത്തി തീര്‍ക്കുന്നതിന്റെ ഭാഗമായി ഒരു വേര്‍തിരിവ് അവിടെ ഉണ്ടാക്കുന്നുണ്ട്, ബോധപൂര്‍വ്വമായി തന്നെ. വേര്‍തിരിച്ചു നിര്‍ത്തുന്നതിന്റെ ഏറ്റവും വലിയ ഗുണം അങ്ങനെ ഐക്യമില്ലാതെ നില്‍ക്കുന്ന വര്‍ഗ്ഗങ്ങളെ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അടിച്ചമര്‍ത്താം എന്നതാണ്. ഭാരതീയര്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കും മുകളില്‍ ഈ വേര്‍തിരിവിന്റെ ദൂഷ്യഫലങ്ങള്‍ ജീവിച്ച് ഇന്നും അതിന്റെ പ്രതിഫലനങ്ങള്‍ അനുഭവിക്കുന്നവരാണ്. സ്ത്രീകളെ ഇത്തരത്തില്‍ വെവ്വേറെ സ്വത്വബോധങ്ങളില്‍ ഇട്ട് കുഴയ്ക്കുന്നതുകൊണ്ട് അവരെ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ കഴിയും.

 

ഇനി മേല്‍പ്പറഞ്ഞ കൊച്ചമ്മയുടെ സ്വഭാവങ്ങള്‍ നോക്കുക, അതിലെല്ലാം സ്വാതന്ത്ര്യത്തിന്റെ ഒരംശം ഉണ്ട്. കൊച്ചമ്മമാര്‍ സ്വതന്ത്രരായ സ്ത്രീകളാണ്. ജീവിതത്തില്‍ എല്ലാ മേഖലകളില്‍ അല്ലെങ്കില്‍ മധ്യവര്‍ഗ്ഗ കെട്ടുപാടുകളില്‍ നിന്നും നാടക വേഷങ്ങളില്‍ നിന്നും വേറിട്ട് അവരില്‍ ചിലര്‍ക്കെങ്കിലും തനത് വ്യക്തിത്വം ഉണ്ട്. എല്ലാ സമൂഹങ്ങളിലും ഭൂരിപക്ഷം എന്നത് മധ്യവര്‍ഗ്ഗം ആണ്. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെ ജീവിതരീതികളാണ് പലപ്പോഴും ഒരു സമൂഹത്തില്‍ മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗത്തിന്, സ്ത്രീയുടെ സ്വാതന്ത്ര്യം ചങ്ങലയില്‍ തളച്ചിടണം എങ്കില്‍ സ്വാതന്ത്ര്യം എന്ന ആശയം കൊള്ളരുതാത്ത എന്തോ ആണെന്ന് വരുത്തി തീര്‍ക്കണം. അതാണ് ഈ കൊച്ചമ്മ പ്രയോഗം കൊണ്ട് ഉന്നംവയ്ക്കുന്നത്. മധ്യവര്‍ഗ്ഗ ഭൂരിപക്ഷത്തിലെ ഉത്തമയായ സ്ത്രീയ്ക്ക് ഭാര്യയാവുക, ഭര്‍ത്താവിനെ അനുസരിക്കുക എന്നതാണ് ജീവിതലക്ഷ്യവും സാര്‍ത്ഥകവും. ആ രേഖയില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ പണത്തിന്റെ ഹുങ്കില്‍ നെഗളിക്കുന്ന വഴിപിഴച്ച സ്ത്രീകളാണ്. പുരുഷാധിപത്യം നിര്‍വ്വചിച്ച വഴികള്‍ അല്ലെങ്കില്‍ അതൊന്നും സ്ത്രീകള്‍ക്ക് ഭൂഷണമായ വഴികളല്ല.

 

ഇനി മധ്യവര്‍ഗ്ഗത്തിനും താഴെ എന്തുനടക്കുന്നു എന്ന് നോക്കാം. സ്വന്തമായി എന്തെങ്കിലും പണിയെടുത്ത് ആഹാരത്തിനുള്ള വക കണ്ടെത്തുന്ന, ലഹരി പദാര്‍ഥങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്ന, ലൈംഗീക ബന്ധങ്ങളില്‍ ബന്ധനങ്ങള്‍ ഇല്ലാത്ത, തോന്നിയ രീതിയില്‍ വസ്ത്രം ധരിക്കുകയും തോന്നിയ പോലെ തനിയേ സഞ്ചരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍; ഇങ്ങനേയും ചിലര്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്നുണ്ട്. സര്‍വ്വ സ്വതന്ത്രരായ സ്ത്രീകള്‍. നിങ്ങള്‍ കണ്ടിട്ടുണ്ടാവും അവരെ, സ്വന്തം ഇടങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ചിട്ടും ഉണ്ടാകും. അവരെ കുറിച്ച് സംസാരിക്കാന്‍ പോലും അറയ്ക്കുന്ന മധ്യവര്‍ഗ്ഗത്തിന്റെ കണ്ണില്‍ ചെന്നു പെടാതെ അവരും ജീവിക്കുന്നു. കൊച്ചമ്മമാരും ഇത്തരത്തിലെ നാടോടി സ്ത്രീകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം കൊച്ചമ്മമാര്‍ സാമ്പത്തികമായി സ്വതന്ത്രര്‍ ആയിരിക്കണമെന്നില്ല. ഭര്‍ത്താവ് എന്നയാളുടെ അധ്വാനത്തിന്റെ പങ്കുപറ്റി ഇത്തിള്‍ക്കണ്ണികള്‍ ആയി കഴിയുന്നവര്‍ ആയിരിക്കാം. എന്നാല്‍ ഏറ്റവും താഴേത്തട്ടില്‍ അതല്ല നടക്കുന്നത്. അവിടെ അവനവന്റെ വയറു നിറയ്ക്കണ്ട ബാധ്യത അവനവന് മാത്രമാണ്. ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലാതെ അവര്‍ അദ്ധ്വാനിച്ചാല്‍ മാത്രമേ അവര്‍ക്ക് ജീവനോടെ നിലനില്‍ക്കാന്‍ കഴിയൂ.

 

 

അപ്പോള്‍ നല്ല രീതിയില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ രണ്ടുതട്ടിലും ഉണ്ട്. അപ്പൊ പിന്നെ മധ്യവര്‍ഗ്ഗ പുരുഷന് കൊച്ചമ്മയുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് മേല്‍ മാത്രമെന്താണ് താത്പര്യം? ഇടതുപക്ഷം ഫെമിനിസത്തെ എതിര്‍ക്കാന്‍ കൊണ്ടുവന്ന വാദങ്ങളില്‍ ആദ്യമേ പാളിയ വാദം ഇതാണ്. ഫെമിനിസം ബൂര്‍ഷ്വാ സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിന് അവര് കണ്ടുപിടിച്ച ഒന്നാണ് എന്നത്. പകുതി വരെ അത് ശരിയാണ്. ബൂര്‍ഷ്വാ ആയിരിക്കാനുള്ള സ്വാതന്ത്ര്യവും ഫെമിനിസം സ്ത്രീകളുടെ സ്വാതന്ത്ര്യമായിത്തന്നെ അടയാളപ്പെടുത്തുന്നു. എന്നാല്‍ അതേ രീതിയില്‍ സമൂഹത്തിലെ മുഴുപ്പട്ടിണി വിഭാഗത്തിലെ സ്ത്രീകളും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ സ്ത്രീകളും സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. മുകളില്‍ കൊച്ചമ്മ സ്വഭാവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെല്ലാം സ്ത്രീയുടെ സ്വാതന്ത്ര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന സ്വഭാവങ്ങളാണ്. സ്ത്രീയ്ക്ക് ഒരു list of freedom ഉണ്ടായിരുന്നു എങ്കില്‍ അതില്‍ തീര്‍ച്ചയായും ഉണ്ടാകുമായിരുന്ന ഭാഗങ്ങള്‍. ഈ സ്വഭാവങ്ങളും രീതികളും സമൂഹത്തിലെ മുകളിലേയും താഴത്തെയും തട്ടിലെ സ്ത്രീകള്‍ക്ക് ലഭ്യമാണ്. അത് നിഷിദ്ധമായുള്ളത് മദ്ധ്യവര്‍ഗ്ഗ, നാഗരിക സ്ത്രീയ്ക്ക് മാത്രമാണ്. അപ്പോള്‍ കുഴപ്പം സ്വാതന്ത്ര്യങ്ങളുടെ ഈ ലിസ്റ്റിന്റെ അല്ല, പകരം അതിനെ പുരുഷന്‍ എങ്ങനെ സമീപിക്കുന്നു എന്നതാണ്. ഈ പെരുമാറ്റങ്ങള്‍ ഒരു വര്‍ഗ്ഗത്തിന്റെ പ്രതിനിധാനം അല്ല. കൊച്ചമ്മ മാള്‍ബറോ സിഗരറ്റ് വലിക്കുന്നു എന്നും നാടോടിയായ ഒരു സ്ത്രീ സാദാ ബീഡിയോ മറ്റുമോ ആണ് വലിക്കുന്നത് എന്നതുമാണ് വ്യത്യാസം. രണ്ടുപേര്‍ക്കും അങ്ങനെ പുകയില ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവരത് നടപ്പിലാക്കുകയും ചെയ്യുന്നു (ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എങ്കില്‍ കൂടെയും സ്വന്തം ശീലങ്ങള്‍ എന്തൊക്കെ ആയിരിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യം ആണ്, അതിനാണ് പ്രധാനം. അതാണ് സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പുക വലിച്ചാല്‍ മാത്രമേ ഫെമിനിസ്റ്റ് ആവൂ, സ്വതന്ത്രയായ സ്ത്രീയാകൂ എന്നൊന്നും ഇതിനര്‍ഥമില്ല). മുതലാളിത്ത പുരുഷന്‍ സ്ത്രീയേയും പുരുഷനേയും ഒരുപോലെ വിവിധ തട്ടുകളില്‍ പെടുത്തി വേര്‍തിരിച്ചു നിര്‍ത്തി എങ്കില്‍ ഇടതുപക്ഷ പുരുഷക്കൂട്ടങ്ങള്‍ ചിലത് മധ്യവര്‍ഗ്ഗ സ്ത്രീയെ മറ്റുള്ള സ്ത്രീകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തി അടക്കിവയ്ക്കാന്‍ ശ്രമിക്കുന്നു. അതും കൊതിക്കെറുവ് പോലെ, ധനികരായ സ്ത്രീകളുടെ രീതികളെ മാത്രമാണ് ആക്ഷേപമായി അവന്‍ കൊണ്ടുനടക്കുന്നത്! പാവം മധ്യവര്‍ഗ്ഗ പുരുഷന്‍, ധനികനാവാനും പറ്റുന്നില്ല പോരാഞ്ഞിട്ട് തങ്ങളുടെ സ്ത്രീകള്‍ക്ക് ധനിക സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യങ്ങളും വേണമെന്ന് വാശിപിടിച്ചാലോ! അവന്റെ നിരാശാബോധവും നഷ്ടബോധവും മനസ്സിലാക്കി നമ്മള്‍ പരിതപിക്കണം.

 

ഒരു തമാശ എന്താണെന്ന് വച്ചാല്‍ ഇതുവരെ ആരും ഫെമിനിസ്റ്റ് അമ്മ എന്നതൊരു അധിക്ഷേപം ആയി വിളിച്ചു കണ്ടിട്ടില്ല. ഫെമിനിസ്റ്റ് കൊച്ചമ്മ, ഫെമിനിസ്റ്റ് ആന്റി, ഫെമിനിച്ചി മുതലായ വാക്കുകളില്‍ കറങ്ങുകയാണ് യാതൊരു ഭാവന പോലുമില്ലാത്ത പരിഷകള്‍! ഒരു തെറിയായി ഫെമിനിസ്റ്റ് പെങ്ങള്‍ എന്ന് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ, ഫെമിനിസ്റ്റ് ഭാര്യ എന്നോ എങ്കിലും? ഒന്നുമില്ല. പെങ്ങള്‍, ഭാര്യ, അമ്മ എന്നതൊക്കെ മധ്യവര്‍ഗ്ഗ പുരുഷന്റെ ‘സ്വന്ത’മാണ്. അവനതില്‍ നിന്നും വേര്‍തിരിച്ച് അന്യമായ എന്തോ ആണ് ഈ ഫെമിനിസ്റ്റുകള്‍ എന്ന് വരുത്തിത്തീര്‍ക്കണം. അബോധമായി അവന്റെ പുരുഷാധിപത്യം അവന് അന്യമായ സ്ത്രീകള്‍ എന്നതായി കാണിച്ചു കൊടുക്കുന്നത് ആന്റിമാര്‍, അമ്മായിമാര്‍, കൊച്ചമ്മമാര്‍ എന്നിവറ്റയെ ആണ്. അമ്മായിയും ആന്റിയും ഒക്കെ സ്വന്തമായി ഉണ്ടാകാമെങ്കിലും അതൊന്നും പെങ്ങള്‍ / ഭാര്യ/ അമ്മ എന്ന അവന്റെ അധികാര പരിധിയില്‍ വരുന്ന ട്രിനിറ്റിയില്‍ പെടുന്നില്ല. അവന്റെ ആശയദാരിദ്ര്യവും നമ്മള്‍ മനസ്സിലാക്കണം. കൊച്ചമ്മയെന്നാല്‍ എന്തുകൊണ്ടും അവനിലും ഉപരിയായ സ്ത്രീയാണ്, അതവന് സഹിക്കാവുന്നതല്ല. അവളുടെ സാമ്പത്തികഭദ്രത, അവള്‍ക്ക് തനിക്ക് കിട്ടുന്നതിലും മെച്ചപ്പെട്ട ജീവിതസൌകര്യങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍ കിട്ടുന്നു എന്നത് തന്നെയാണ് അവനെക്കൊണ്ടത് തെറിയാക്കുന്നത്.

 

അതുകൊണ്ട് തന്നിഷ്ടം എന്ന കുറ്റകൃത്യം കൊച്ചമ്മമാരും ഭിക്ഷക്കാരികളും നാടോടികളും ആദിവാസികളും ഒരുപോലെ ചെയ്യുന്നു എങ്കില്‍ ഫെമിനിസത്തെ എതിര്‍ക്കുന്നവര്‍ നിങ്ങളുടെ അസഭ്യപദങ്ങള്‍ ഒന്ന് പുന:പരിശോധിക്കണം.സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് ഫെമിനിസം നിർവ്വചിക്കുന്ന ജീവിതത്തോട് കൂടുതൽ താദാത്മ്യം തെരുവിൽ ജീവിക്കുന്ന, അന്നന്നത്തെ ആഹാരത്തിന് സ്വന്തമായി അദ്ധ്വാനിക്കുന്ന നാടോടികളുടെയും  ഗോത്രവർഗ്ഗ സ്ത്രീകളുടെയും ജീവിതത്തിനാണ്. സ്വാതന്ത്ര്യം എന്നത് അസഭ്യമായും തെറ്റായും ചിത്രീകരിക്കുമ്പോള്‍ നിങ്ങളിനി ഫെമിനിസ്റ്റ് നാടോടി, ഫെമിനിസ്റ്റ് ആദിവാസി എന്നോ മറ്റോ പുതിയ പദങ്ങള്‍ കണ്ടുപിടിക്കൂ. നിങ്ങളുടെ രാഷ്ട്രീയ ശരികേടിന്റെ കിരീടത്തില്‍ പുതിയ പൊന്‍തൂവലുകള്‍ ഉണ്ടാവട്ടെ. നാടോടിയും ആദിവാസിയും ഇപ്പോള്‍ തന്നെ തെറിയുടെ ലിസ്റ്റില്‍ ഉള്ളവര്‍ ആണല്ലോ; ആ കൂട്ടത്തില്‍ നിങ്ങള്‍ ഫെമിനിസ്ടുകളെയും പെടുത്തുക.

 

ഈ പറഞ്ഞ സ്ത്രീകളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്, പക്ഷേ അവര്‍ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ കരാളഹസ്തങ്ങളില്‍ നിന്നും ദൈനംദിന ജീവിതത്തില്‍ ഒരുപാട് അകലെയാണ്. അവരുടെ രീതികളും ജീവിതവും അവരുടെ തന്നെ തിരഞ്ഞെടുപ്പാണ് (അവരുടെ പട്ടിണി അവര്‍ തിരഞ്ഞെടുക്കുന്നു എന്നല്ല, അങ്ങേയറ്റം കഷ്ടപ്പാടിനു നടുവിലും ഉള്ള അവരുടെ സ്വാതന്ത്ര്യങ്ങളെ). അവര്‍ക്ക് മധ്യവര്‍ഗ്ഗ സമൂഹം സ്ത്രീയ്ക്ക് കൊടുത്ത മാര്‍ഗ്ഗരേഖകള്‍ ഇല്ല. തന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്ന ഭര്‍ത്താവെന്ന ഉടമസ്ഥനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും മനോധൈര്യവും അവസരവും അവര്‍ക്കുണ്ട്. ആരെയും ബോധിപ്പിക്കാന്‍ നാടകം കളിക്കണ്ട, ആരെയും തൃപ്തിപ്പെടുത്താന്‍ നട്ടെല്ല് വളച്ചു കൊടുക്കണ്ട. ഭൂമി മുഴുവന്‍ അവര്‍ക്കുള്ളതാണ്. അവര്‍ക്കും ഉണ്ട് പ്രശ്‌നങ്ങള്‍. അടിസ്ഥാനപരമായി നിലനില്‍പ്പിനുള്ള ഭക്ഷണവും പാര്‍പ്പിടവും പോലും ഇല്ലാത്തവര്‍ ആണ്, പക്ഷേ നിങ്ങള്‍ തീറ്റയും പാര്‍പ്പിടവും കൊടുത്ത് കൂട്ടിലിട്ടു വളര്‍ത്തുന്ന മധ്യവര്‍ഗ്ഗ സ്ത്രീയെ പോലെ അടിമകള്‍ അല്ലവര്‍. ആ ആശയത്തിന്റെ പുറത്ത്, അതിന്മേല്‍ മാത്രം, ഫെമിനിസം ആവശ്യപ്പെടുന്നത് കൃത്യമായും അത്തരത്തിലുള്ള ഒരു സ്വാതന്ത്ര്യമാണ്.

 

കഴിഞ്ഞ ദിവസം കണ്ട ഒരു സിനിമയില്‍, ഒരാണ് കടത്തിണ്ണയില്‍ ഉറങ്ങുന്ന ഒരു സ്ത്രീയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവര് പുതപ്പ് തലയില്‍ നിന്ന് മാറ്റുക പോലും ചെയ്യാതെ എനിക്ക് ഇന്ന് സൌകര്യമില്ല താന്‍ പോ എന്ന് പറയുന്നുണ്ട്. നമ്മുടെ മധ്യവര്‍ഗ്ഗ ഭാര്യമാരില്‍ എത്രപേര്‍ക്ക് ഈ സ്വാതന്ത്ര്യം ഉണ്ട്. അവരുടെ ലൈംഗീക താത്പര്യങ്ങള്‍ തുറന്നു പറയാനുള്ള മനക്കട്ടിയുണ്ട്? അല്ലെങ്കില്‍ തനിക്ക് ആവശ്യമില്ലാത്തപ്പോള്‍ അത് നിഷേധിക്കാന്‍ ഉള്ള അവസരമുണ്ട്? ഒരു അപരിചിതനെ പോലും തള്ളിക്കളയാന്‍ സ്വാതന്ത്ര്യമുള്ള സ്ത്രീകള്‍ ഉള്ളപ്പോള്‍ സ്വന്തമെന്നു കരുതി കൂടെ താമസിക്കുന്നവരോട് നോ പറയാനുള്ള സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകള്‍ ഉള്ളത് എന്താണ് മനസ്സിലാക്കി തരുന്നത്? ആരാണിവിടെ വഴിതെറ്റി പോയി ജീവിക്കുന്നത്. സ്വന്തം വ്യക്തിത്വം പോലും പണയപ്പെടുത്തി ജീവിക്കുന്ന മനുഷ്യരോ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നടപ്പിലാക്കി ജീവിക്കുന്നവരോ?

 

അങ്ങനങ്ങനെ… പഴകിപ്പൊളിഞ്ഞ മലയാള സിനിമകളിലെ കൊച്ചമ്മമാര്‍ ആയി നിങ്ങള്‍ ഫെമിനിസ്റ്റ് തന്നിഷ്ടക്കാരികളെ താരതമ്യപെടുത്തരുത്. നിങ്ങള്‍ കരുതുന്ന തലത്തിലെ അവഹേളനം അല്ല അത് ഒരു ഫെമിനിസ്റ്റ് സ്ത്രീയില്‍ ഉണ്ടാക്കുന്നത്, മറിച്ച് പുരുഷാധിപത്യത്തിന്റെ ഏതൊക്കെയോ മാര്‍ഗ്ഗരേഖകളില്‍ തന്നെ ഇന്നും ജീവിക്കുന്ന സ്ത്രീകളോട് താരതമ്യം ചെയ്യുന്നതിനോടുള്ള അസഹിഷ്ണുതയാണ് ഉണ്ടാവുക. ചെവിക്ക് പിടിച്ച് നല്ല കിഴുക്ക് കൊടുത്തിട്ട് ആദ്യം മുതല്‍ക്ക് പോയി പഠിച്ചിട്ടു വാടാ കഴുതേ എന്താണ് ഫെമിനിസം എന്ന് പറയാനാണ് തോന്നുക. അതുംപോരാതെ നിങ്ങളുടെ വിവരക്കേടുകള്‍ മറ്റുള്ളവരില്‍ പടര്‍ത്തുകയും ചെയ്യുന്നു നിങ്ങള്‍! സ്വയം ഒരു വിവരദോഷി ആയിരിക്കുന്നത് തെറ്റല്ല, അത് മറ്റുള്ളവരില്‍ കുത്തിവയ്ക്കുന്നത് തെറ്റാണ്. മതവിശ്വാസികള്‍ തങ്ങളുടെ അന്ധവിശ്വാസം തങ്ങളുടെ കുഞ്ഞുങ്ങളിലും മറ്റുള്ളവരിലും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നത് പോലുള്ള തെറ്റ്.

 

ഫെമിനിസ്റ്റ് സ്ത്രീകള്‍ അസഭ്യം പറയുമായിരിക്കും, സമൂഹത്തില്‍ ഉള്ള മനുഷ്യജീവി തന്നെയായ പുരുഷന് അസഭ്യം പറയാനുള്ള അതേ സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഭാഷ സ്ത്രീയുടെതുമാണ്. അവള്‍ സ്ത്രീയായതുകൊണ്ട് അസഭ്യം പറയാന്‍ പാടില്ല എന്ന വാദമൊക്കെ സ്വന്തം തലയ്ക്കുള്ളില്‍ തന്നെ വെയ്ക്കാനേ കഴിയൂ. പുരുഷന്മാര്‍ കള്ളുകുടിക്കുന്നത് ഒരിക്കലും ഫോട്ടോയിട്ടോ മറ്റും ആരും അസഭ്യം പറയാറില്ല. സ്ത്രീയത് ചെയ്താല്‍ മാത്രമാണ് വഴിപിഴയ്ക്കുന്നത്. മനുഷ്യന്റെ വഴികളെല്ലാം സ്ത്രീയുടേതുമാണ്. തുല്യത എന്നത് എന്തിലും അപേക്ഷിക്കാനുള്ള ഒന്നാണ്. ഫെമിനിസം സ്ത്രീകളെ മറ്റൊരു നന്മ നിറഞ്ഞ മറിയം ആക്കാനുള്ളതല്ല. സമൂഹത്തില്‍ നിലവിലുള്ള എന്തും; അസഭ്യം പറയലോ, ലഹരി ഉപയോഗിക്കലോ, സ്വതന്ത്രമായി സഞ്ചരിക്കലോ, തോന്നിയ വസ്ത്രം ധരിക്കലോ, സാമ്പത്തികമായി സ്വതന്ത്രമാവുക എന്നതോ, കള്ളത്തരമോ കൊലയോ ചെയ്യലോ അങ്ങനെ എന്തും, മനുഷ്യന് ചെയ്യാവുന്ന എന്തും ചെയ്യാനുള്ള സര്‍വ്വസ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. സ്വന്തം സ്വാതന്ത്ര്യം സമൂഹത്തിനും വ്യക്തിയ്ക്കും പുരോഗമനപരമായി ഉപയോഗിക്കണോ എന്ന തിരിച്ചറിവ് സ്ത്രീയ്ക്ക് രാഷ്ട്രീയ ബോധം കൊണ്ട് ഉണ്ടാവേണ്ടതാണ്. ഒരു സ്ത്രീ ശോഭാ സുരേന്ദ്രന്‍ ആകുമോ, ബിന്ദു കൃഷ്ണ ആകുമോ, സി എസ് സുജാത ആകുമോ എന്നതൊക്കെ സമൂഹത്തിന്റെ മുഴുവനായുള്ള മൂല്യങ്ങള്‍ അവളില്‍ എന്ത് ചിന്താഗതി ഉളവാക്കി എന്നത് അനുസരിച്ചിരിക്കും. സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണം എന്നത് അവളുടെ വിവേചനബുദ്ധിയാണ്. സ്വാതന്ത്ര്യം എന്ന പേരില്‍ പുരുഷാധിപത്യം അടിമത്തത്തെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു തരുന്നതിനെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കി എടുക്കണം എന്നതും പ്രധാനമാണ്.

 

നിങ്ങളുടെ സമൂഹം മുഴുവനായും വഴിപിഴച്ച് പോയെങ്കില്‍ നിങ്ങളാദ്യം അത് ശരിയാക്ക്. അസഭ്യം പറയുന്ന ഭൂരിപക്ഷത്തിന്റെ പ്രതിഫലനമാണ് സമൂഹമെങ്കില്‍ നിങ്ങളുടെ സാമൂഹ്യ മൂല്യങ്ങളെ സംസ്‌കരിക്ക്. അതാദ്യം അവനവനില്‍ തുടങ്ങു, എന്നിട്ട് മതി സ്ത്രീയന്ന വര്‍ഗ്ഗത്തെ മുഴുവനായും നന്നാക്കാന്‍ വരുന്നതും ജീവിത രീതികളുടെ ശരിയും തെറ്റും പഠിപ്പിക്കുന്നതും. സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരികള്‍ ആയി കമ്പോളത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങളാദ്യം കച്ചവട സംസ്‌കാരത്തെ എതിര്‍ക്ക്, സ്ത്രീ ശരീരത്തെ പുരുഷന്റെ നയനസുഖത്തിനു മാത്രമായുള്ളതാക്കി വച്ചിരിക്കുന്ന മുതലാളിത്ത വ്യസ്ഥിതിയെ ചോദ്യം ചെയ്യ്. അല്ലാതെ സ്ത്രീയെ ചാക്കില്‍ കെട്ടിയ പവിത്രയായ ലില്ലിപ്പൂക്കള്‍ ആക്കാന്‍ വരണ്ട, അതേത് കൊലകൊമ്പന്‍ നേതാവായാലും കാലുനക്കി അണിയായാലും. ഇടതുപക്ഷത്തിരുന്നുകൊണ്ട് ഇടതുപക്ഷത്തിന്റെ ജോലികള്‍ ചെയ്യ്, പുരുഷാധിപത്യത്തിനു ചൂട്ടുപിടിക്കാതെ. ഏറ്റവും കുറഞ്ഞത് താന്‍ പ്രതിനിധീകരിക്കുന്നു എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ജപിക്കുന്ന രാഷ്ട്രീയം എന്താണ് എന്നെങ്കിലും വായിച്ചോ പഠിച്ചോ ഒക്കെ അറിയ്. അതെന്താണ് എന്നറിയാന്‍ സ്രോതസ്സ് ഒന്നേ ഉള്ളൂ എന്നിരിക്കേ ആരു വായിച്ചാലും ഒരേ ആശയം തന്നെയായിരിക്കണമല്ലോ മനസ്സിലാക്കെണ്ടുന്നത്. മതപുസ്തകങ്ങള പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന ഭാഷയിലല്ല ഇടതുപക്ഷ ആശയങ്ങള എഴുതിപിടിപ്പിച്ചിട്ടുള്ളത്. നിങ്ങളുടെ പ്രസ്താവനകളും വാചകങ്ങളും കാണിക്കുന്നത് ഫെമിനിസം എന്താണ് എന്നറിയാത്ത അടിസ്ഥാനപരമായ അജ്ഞതയാണ്. വിഷയത്തെ കുറിച്ചുള്ള വിവരമില്ലായ്മ കൊണ്ടും പിന്നെ സൌകര്യപൂർവ്വം ഇടതുപക്ഷ ആശയങ്ങളെ മറന്നുകൊണ്ടും ഉള്ള  എടുത്തുചാടിയ പ്രതികരണങ്ങൾ ആണ് നിങ്ങൾ നടത്തുന്നത്.

 

ഇടതുപക്ഷത്തിന് ഫെമിനിസത്തെ എതിര്‍ക്കാന്‍ കൃത്യമായൊരു പ്ലാറ്റ്‌ഫോം ഉണ്ട്, അതെന്താണെന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരാം (ഉവ്വു; പറഞ്ഞു തരും, ഇനി ഇവള് പറഞ്ഞിട്ട് വേണോ അറിയാന്‍ എന്നുള്ള ഹുങ്കില്‍ ഇരിക്കുന്നത് നിങ്ങളുടെ ഇടുങ്ങിയ കാഴ്ചപ്പാട്, അത് നിങ്ങളുടെ വിധി). ഫെമിനിസം എന്ന നിലപാടിന് പരിമിതികള്‍ ഉണ്ട്. രാഷ്ട്രീയമായി സമൂഹപുരോഗതിയുടെ അവസാന വാക്കല്ല അത്. പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ മാത്രമേ ഫെമിനിസത്തിന് കഴിയൂ. സ്ത്രീയുടെ സ്വാതന്ത്ര്യം സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഫെമിനിസം എന്ന് പറഞ്ഞല്ലോ. ഇവിടെ ഒരു സ്ത്രീ കച്ചവട സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചാല്‍ ഫെമിനിസം ഉപയോഗിച്ച് അവരെ ആരും തടയില്ല, തടയാന്‍ കഴിയുകയും ഇല്ല. എന്നാല്‍ ആ വ്യക്തിസ്വാതന്ത്ര്യം എന്നത് കമ്പോള സംസ്‌കാരം എറിഞ്ഞു തരുന്ന ഒരു അവസരം ഉപയോഗിക്കല്‍ മാത്രമാണ് എന്ന് തിരിച്ചറിയിക്കാന്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കേ കഴിയൂ. വര്‍ഗ്ഗീയതയുടെ കൊടിപിടിച്ച് ഒരു സ്ത്രീ സംഘികളെ പോലെ ഇതര ജാതിമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ മുതിര്‍ന്നാല്‍ ഫെമിനിസം അവിടെ നിസ്സാഹയമാണ്, അതവരുടെ വ്യക്തിസ്വാതന്ത്ര്യം ആണ്. ആ വ്യക്തിസ്വാതന്ത്ര്യം എന്ന തിരഞ്ഞെടുപ്പില്‍ സമൂഹത്തിനു ഒട്ടും ഭൂഷണമല്ലാത്ത ഫാഷിസമാണ് ഉള്ളതെന്ന് പറഞ്ഞു തടുക്കാന്‍ ഇടതുപക്ഷ ആശയങ്ങള്‍ക്കേ കഴിയൂ.

 

പര്‍ദ്ദ ഇടുന്നത് എന്റെ ദൈവവിശ്വാസമാണ്, എന്റെ സ്വാതന്ത്ര്യമാണ് എന്നൊരു സ്ത്രീ പറഞ്ഞാല്‍ അവളെന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യം ഫെമിനിസം അംഗീകരിച്ചു കൊടുക്കേണ്ടി വരും. പക്ഷേ മതം സ്ത്രീയെ ചൂഷണം ചെയ്യുന്നതും സ്ത്രീയെ വെറും പൊതിഞ്ഞു സൂക്ഷിക്കേണ്ട ഒരു വസ്തുവായും പുരുഷന്റെ മൃഗീയവാസനകള്‍ക്ക് അവന്‍ സ്ത്രീയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതും ആണെന്ന് പറയണമെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങള്‍ സഹായിക്കും. എങ്ങനേയും തട്ടിച്ചും വെട്ടിച്ചും മൂലധനം കൂട്ടിവെച്ച് മറ്റുള്ളവരുടെ അധ്വാനത്തില്‍ പണക്കാരി ആയിരുന്ന് ലാഭംകൊയ്തു ജീവിക്കാനും സിഈഓ യും മുതലാളിയും ഒക്കെ ആകാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്.ഫെമിനിസം അവിടെ അവരുടെ കൂടയേ നില്‍ക്കൂ. മുതലാളിത്ത വ്യവസ്ഥിതിയെ എതിര്‍ക്കാന്‍ ഫെമിനിസത്തില്‍ പഴുതുകള്‍ ഇല്ല (എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഫെമിനിസം എന്നൊന്ന് നിലനില്‍ക്കുന്നുണ്ട്. ദയവു ചെയ്തു ആ ഗൂഗിള്‍ ഉപയോഗിച്ച് വല്ലപ്പോഴും പ്രയോജനമുള്ള വല്ലതും വായിച്ചു പഠിയ്ക്ക്). മുതലാളി ആകണം എന്ന് ആഗ്രഹിക്കുന്ന, ഫാഷിസ്റ്റ് ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീ അത് തന്റെ വ്യക്തിസ്വാതന്ത്ര്യം ആണെന്ന് പറഞ്ഞാല്‍ ഫെമിനിസത്തിന് അവിടെ വഴിമുട്ടും. അവിടെയാണ് പൂര്‍ണ്ണതയുടെ ഇടതുപക്ഷത്തിന് പ്രസക്തി വരുക. നിങ്ങളവിടെയാണ് ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങള്‍ അവസരോചിതമായി പ്രഖ്യാപിക്കേണ്ടത്.

 

അല്ലാതെ സ്ത്രീകളെ വ്യക്തികളായി തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചും ഉപദേശിച്ചും നന്നാക്കാന്‍ ശ്രമിക്കണ്ട. ഫെമിനിസം അതിന്റെ എല്ലാ ശക്തിയോടും പുരുഷാധിപത്യത്തിന്റെ കടന്നുകയറ്റങ്ങളെ നേരിടുക തന്നെ ചെയ്യും. അതില്‍ നേതാവോ അച്ഛനോ അമ്മാവനോ ഒക്കെ പെടുമായിരിക്കും. അപ്പോള്‍ ചൊടിച്ചിട്ട് കാര്യമില്ല. തലയ്ക്കകത്തുള്ള ആ അവയവം വല്ലപ്പോഴും പണിയെടുപ്പിക്ക്. അദ്ധ്വാനിക്കുന്ന ജനവിഭാഗം എന്നാല്‍ ആ അവയവത്തിന്റെ അദ്ധ്വാനവും ആകാം. കൈയും കാലും മാത്രമല്ല അദ്ധ്വാനിക്കാന്‍ ഉപയോഗിക്കേണ്ടത്.

 

റോഡില്‍ ഇറങ്ങി കല്ലെറിഞ്ഞും ജയിലില്‍ കിടന്നു തല്ലുകൊണ്ടും നേതാക്കന്മാരായാല്‍ അവരുടെ വായില്‍ നിന്ന് വരുന്നതെല്ലാം ആപ്തവാക്യം ആണെന്ന് കരുതാന്‍ ബുദ്ധിയുള്ള ആര്‍ക്കും സാധ്യമല്ല, സൌകര്യമില്ല. അവരോടുള്ള ബഹുമാനം അടിമത്തം ആകുകയില്ല. ഇടതുപക്ഷത്തിന് വേണ്ടത് ഇടതുപക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്ന നേതാക്കന്മാരെയാണ്, അല്ലാതെ ഇടയ്ക്കിടയ്ക്ക് പുരുഷാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന നേതാക്കന്മാരെയും പാര്‍ട്ടി അണികളെയും അല്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മാത്രമല്ല പരിഹാസ്യരാകുന്നത്. ഈ പാര്‍ട്ടിയ്ക്ക് വേണ്ടി നിലകൊള്ളുകയും ആശയത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന മറ്റൊരു വലിയ കൂട്ടം ആള്‍ക്കാരാണ് . അങ്ങനെ ഇപ്പൊ നിങ്ങളുടെ വിവരക്കേടില്‍ തല കുനിക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. നിങ്ങളുടെ ഭോഷ്‌ക്കുകള്‍ക്ക്, നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു, നിങ്ങളുടെ വഴിപിഴച്ച (അതെ, ഇടത് ആശയങ്ങളില്‍ നിന്ന് വഴിപിഴച്ച) വാക്കുകള്‍ക്കും ജീവിതത്തിനും ഞങ്ങള്‍ പരിഹാസ്യരാകാന്‍ തയ്യാറല്ല. മധ്യവര്‍ഗ്ഗത്തിന്റെ ശത്രുവായ ഉപരിവര്‍ഗ്ഗത്തിലെ സ്ത്രീയെ ആണ് ഫെമിനിസം പ്രതിനിധീകരിക്കുന്നത് എന്ന് തുടങ്ങിയ അറുപഴഞ്ചന്‍ വാദങ്ങളുമായി ഇനിയും, അറിവിന്റെ ലോകം മുഴുവന്‍ കൈത്തുമ്പില്‍ കിട്ടുന്ന ഈ നൂറ്റാണ്ടിലും വരാന്‍ നിങ്ങള്‍ അങ്ങേയറ്റം ലജ്ജിക്കണം. സ്ത്രീയെ അവളുടെ ശരീരത്തേയും സ്ത്രീത്വത്തെയും അവഹേളിച്ചു കൊണ്ടല്ല എതിര്‍ക്കേണ്ടത്. ഏറ്റവും കുറഞ്ഞത് അവളുടെ ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ ഉള്ള അറിവ് എങ്കിലും സമ്പാദിക്ക്.

 

 

ഒരു സ്ത്രീ സരിതയാകുമ്പോള്‍ അവളൊരു സ്ത്രീയാണോ എന്നതല്ല നിങ്ങളില്‍ നിന്ന് ആദ്യം വരേണ്ട ആക്ഷേപം. ഇടതുപക്ഷത്ത് ചവുട്ടി നിന്നിട്ടും അതാണ് നിങ്ങളുടെ തോന്നലെങ്കില്‍ നിങ്ങളെ ഫെമിനിസം അവിടെ തടയും. അവളൊരു സ്ത്രീയാണ് എന്നത് ഒന്നിനും ഒരു തടസ്സമല്ല എന്ന് തന്നെ ഫെമിനിസം പറയും. നിങ്ങള്‍ ഉയര്‍ത്തേണ്ട ചോദ്യം, ഇത്തരത്തില്‍ കബളിപ്പിക്കല്‍ നടത്തി ചൂഷണം ചെയ്തു ജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുത്ത സാമൂഹ്യ വ്യവസ്ഥിതിയെ ആണ്. ഒരു സരിത മാത്രമല്ല അഴിമതിയുടേയും ചൂഷണത്തിന്റെയും ആദ്യത്തെ വാക്ക്. അതിനുമുന്‍പ് ഒട്ടനവധി പുരുഷനാമങ്ങള്‍ ഈ പദങ്ങള്‍ അലങ്കരിച്ചതാണ്. നിങ്ങളുടെ ചോദ്യം അവരുടെ അഴിമതിയുടെ നേര്‍ക്ക് നീളണം, അവരുടെ സ്ത്രീയെന്ന ഐഡന്റിറ്റിയുടെ നേര്‍ക്കല്ല. കേരളം മുഴുവന്‍ ഒറ്റക്കെട്ടായി പുരുഷാധിപത്യ ഈണങ്ങള്‍ക്ക് നൃത്തം ചെയ്യുന്നതാണ് സോളാര്‍ വിഷയത്തില്‍ വ്യക്തമായി കണ്ടത്. അപ്പോഴും ഇടതുപക്ഷത്തിരുന്നു കൊണ്ട് തന്നെ അവളൊരു പെണ്ണാണോ, അവളുടെ വീഡിയോ കിട്ടിയോ മുതലായ അങ്ങേയറ്റം ആക്ഷേപകരമായ പ്രകടനങ്ങള്‍ ആണ് പലരും കാഴ്ചവെച്ചത്.

 

ഫെമിനിസത്തിന് നേരെ തുള്ളുന്ന ഏതെങ്കിലും പുരുഷന്‍ വ്യവസ്ഥിതിയുടെ ഭാഗമായാണ് സ്ത്രീശരീരം കച്ചവടചരക്കായതെന്ന് മനസ്സിലാക്കി ഇനിമുതല്‍ അങ്ങനെ ഉള്ളതിനൊന്നും താന്‍ ഉപഭോക്താവാകുകയില്ല എന്ന് തീരുമാനിച്ച ചരിത്രം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഫെമിനിസത്തെ നേരിടുന്ന പുരുഷന് കമ്പോളത്തിലെ സ്ത്രീ ശരീരം വേണം, പോണ്‍ വേണം, സ്ത്രീ നഗ്‌നത ഒളിഞ്ഞതും ചതിച്ചതും ആയി കട്ടെടുത്തത് വേണം, ഇതൊന്നും പോരാഞ്ഞ് അവന്റെ വീട്ടിലെ സ്ത്രീകള്‍ അവന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുകയും വേണം. ഫെമിനിസ്റ്റുകളെ ആക്ഷേപിക്കുന്ന ഏതെങ്കിലും പുരുഷന്‍ മറ്റുള്ള പുരുഷന്മാരെ സ്ത്രീകളെ വെറും ശരീരങ്ങള്‍ ആയി കാണുന്നതില്‍ നിന്ന് പറഞ്ഞു തിരുത്താന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ടോ? ഉണ്ടാവുകയില്ല. പണത്തിനു വേണ്ടി തുണി അഴിക്കുന്ന അവളുമാരെ ഞങ്ങള്‍ക്ക് കണ്ടാല്‍ എന്താ എന്ന് വാദിക്കുന്ന ഇടത് ബുദ്ധിജീവികള്‍ക്ക് ഒരു പഞ്ഞവുമില്ല സോഷ്യല്‍ മീഡിയയില്‍. ഹിപ്പോക്രസിയുടെ അപ്പോസ്തലന്മാര്‍ ആണ് മലയാളി പുരുഷന്മാര്‍ ഭൂരിപക്ഷവും.

 

അപ്പൊ ഇനി അസഭ്യം പറയുമ്പോള്‍ പുതിയ വാക്കുകള്‍ കണ്ടുപിടിക്കുക. ഫെമിനിസം എന്താണെന്ന് മനസ്സിലാക്കിയിട്ട് മാത്രം. ഒരു ചക്ക മുഴുവനോടെ കണ്ടിട്ട് അയ്യേ ഇതിലെല്ലാം മുള്ളാണല്ലോ, ഇതെങ്ങനെ തിന്നും എന്ന് കളിയാക്കുന്ന അറിവില്ലാത്ത, പരിചയമില്ലാത്ത വെറും വിഡ്ഢിയായി സ്വയം മാറാതെ.

 

സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുള്ള അതിര് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുള്ള അതിരാണ്, അത് മാത്രം. അതിനുവേണ്ടിയാണ് ഫെമിനിസം ഉള്ളതും. പുരുഷന്റെ സൌകര്യത്തിനു പെറ്റുപെരുകി, അവന്റെ ഉടമസ്ഥതയിലുള്ള വസ്തുവായി, അവന്റെ അദ്ധ്വാനത്തിന്റെ മെച്ചം പറ്റി ഇത്തിള്‍ക്കണ്ണികള്‍ ആയുള്ള പെണ്ണുങ്ങളെ സൃഷ്ടിക്കല്‍ അല്ല ഇടതുപക്ഷത്തിന്റെ പണി. അത്തരത്തിലുള്ള നിങ്ങളുടെ ഓരോ വാക്കിലും ശ്രമത്തിലും ഫെമിനിസത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചുകൊള്ളൂ. സ്ത്രീയെ അടിച്ചമര്‍ത്തുന്ന പുരുഷാധിപത്യത്തിനു വര്‍ഗ്ഗവും ജാതിയും മതവും റേസും ലിംഗവും (അതേ പുരുഷാധിപത്യത്തിന്റെ വക്താക്കള്‍ ആയി സ്ത്രീകള്‍ തന്നെ ധാരാളമുണ്ട്) ഇല്ല എന്നത് പോലെ തന്നെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായുള്ള ഫെമിനിസത്തിന് യാതൊരു അതിരുകളും ഇല്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി അത് ഒറ്റക്കെട്ടായി നിന്ന് തന്നെ നിങ്ങളെ നേരിടും. ഇടതുപക്ഷ പാര്‍ട്ടിയില്‍ ചവിട്ടി നിന്നുകൊണ്ട് പുരുഷാധിപത്യത്തിന്റെ പ്രഭാഷണം നടത്തിയാല്‍ തിരിച്ചടി ഏതു രൂപത്തിലും നേരിടാന്‍ തയ്യാറെടുത്തോ.

 

ശുംഭത്തരം പറഞ്ഞ ഏമ്മാനെ ശുംഭന്‍ എന്നും നാറിയ കളംമാറ്റല്‍ നടത്തിയവനെ പരനാറി എന്നും അഴിമതിക്കാരുടെ ആറാട്ടിനു മുന്നേ പോയവനെ ആറാട്ട്‌ മുണ്ടന്‍ എന്നും കറിവേപ്പില പോലെ ഉപയോഗിച്ച്‌ ഉപേക്ഷിക്കപ്പെട്ട എതിര്‍ചേരിയിലേ യുവനേതാവിനെ അഭിസാരിക എന്നും ഒക്കെ വിളിച്ചാണ്‌ നിങ്ങളുടെ നേതാക്കന്മാര്‍ നിങ്ങള്‍ക്ക്‌ വഴികാട്ടിയിട്ടുള്ളത്‌. കുറഞ്ഞപക്ഷം അവരുടേതുപോലെ വിഷയസംബന്ധമായ, അവസരോചിതമായ അസഭ്യങ്ങള്‍ ഉപയോഗിക്കാന്‍ എങ്കിലും ശീലിക്ക്‌. സ്ത്രീകളെ വസ്ത്രധാരണം പഠിപ്പിക്കാന്‍ ഇറങ്ങിയ നേതാവിനെ ഒരു സ്ത്രീ വിഡ്ഢിക്കൂശ്മാണ്ഡം എന്ന് വിളിച്ചെങ്കില്‍ (വിളിക്കാന്‍ പാടുണ്ടോ എന്നൊന്നും നിങ്ങള്‍ ചോദിക്കരുത്‌; നിങ്ങള്‍ക്കതിനുള്ള വോയ്സ്‌ ഇല്ല. മേല്‍പ്പറഞ്ഞ പദപ്രയോഗങ്ങളുടേ ലിസ്റ്റ്‌ തന്നെ കാരണം) ആശയത്തില്‍ നിന്നുകൊണ്ട്‌ അതിനെ കൗണ്ടര്‍ ചെയ്യാന്‍ സാധിക്കണം, അല്ലാതെ ആ സ്ത്രീയ്ക്ക്‌ ലൈംഗീകാസക്തി ആണെന്നും കള്ളുകുടിക്കുമെന്നും പുകവലിക്കുമെന്നും മറ്റും വിഷയവുമായി ഒരു ബന്ധവുമില്ലാതെ പിച്ചും പേയും പറയുകയല്ല വേണ്ടത്‌. ഇവിടെ നേതാവിന്റെ തെറ്റായ നിലപാടിനെ നിങ്ങള്‍ പറഞ്ഞു തിരുത്തും എന്നൊന്നും കരുതുന്നുമില്ല.

 

കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന പുരുഷാധിപത്യകോമരങ്ങള്‍ക്ക്: “If women’s liberation is unthinkable without communism, then communism is unthinkable without women’s liberation.”— Russian revolutionary Inessa Armand​

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍