UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചില പുരുഷ ഫെമിനിസ്റ്റുകള്‍ ഫെമിനിസത്തോട് ചെയ്യുന്നത്

Avatar

ശാലിനി പദ്മ

കുട്ടിക്കാലത്ത് കേട്ട ഒരു കഥയുണ്ട്; കഥയല്ല.വസ്തുതയാണ്. വള്ളുവനാട്ടിലെ അംശം അധികാരിയായിരുന്ന ഒരു പ്രമാണി കമ്യൂണിസ്റ്റായി. ഒളിവില്‍ പോവുന്ന സഖാക്കളെ പാര്‍പ്പിച്ചും അത്യാവശ്യ സമയത്ത് പണം കൊടുത്തു സഹായിച്ചും അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൃത്യമായ അടുപ്പം പാലിച്ചു. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ സമയത്ത് അറിഞ്ഞിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് താല്പര്യത്തിനു പിന്നിലെ വസ്തുത. ഭൂപരിഷ്‌കരണനിയമം പാസാവുന്നതിനു അല്‍പ്പകാലം മുന്‍പ് തന്റെ വിശാലമായ പാടശേഖരം മുഴുവന്‍ പാട്ടം ഒഴിപ്പിച്ചെടുത്ത അദ്ദേഹം പിന്നീട് പാര്‍ട്ടിയുമായി കടുത്ത ശത്രുതയിലായി. മറ്റൊരു പാര്‍ട്ടിയുടെ ജനപ്രതിനിധിയായി ദീര്‍ഘകാലം നാടുവാണു. മേനോന്‍ കമ്യൂണിസ്റ്റായ പോലെ എന്ന പരിഹാസ പ്രയോഗത്തിന്, ‘അല്ലാച്ചാല്‍ ഇക്കണ്ടതൊക്കെ കണ്ട കീഴ്‌ക്കൊറഞ്ഞോന്റേം മാപ്ലേടെം കയ്യില് ഇരിയ്‌ക്കേര്‍ന്നു. അങ്ങനെപ്പോ അവറ്റൊളെ തീറ്റിയ്ക്കാന്‍ ഇത്തിരി പുളിയ്ക്കും’ എന്ന മറുപ്രയോഗം കാണ്ടാമൃഗത്തിന്റെ തൊലിപോലെ കൊണ്ടു നടന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ കുബുദ്ധികളെ തോല്‍പ്പിക്കാന്‍ മരണത്തിനെ സാധിച്ചുള്ളൂ.

പള്ളിയ്ക്കകത്തൊരു കുരിശുപള്ളി എന്നൊരു പ്രയോഗമുണ്ട്. ഇന്‍ഫില്‍ട്രേഷന്‍ വിത്ത് ഇന്‍ ഇന്‍ഫില്‍ട്രേഷന്‍. ഏതൊരു രാഷ്ട്രീയ പ്രയോഗത്തിന്റെയും കടയ്ക്കല്‍ വെയ്ക്കുന്ന കത്തിയാണത്. അകത്തു നിന്നു കൊല്ലുന്ന വിഷം. ഫെമിനിസത്തിന്റെ ആധികാരിക നിര്‍വചനങ്ങള്‍ എല്ലാം മറന്നു കളയാം. പ്രായോഗികമായി അത് മനുഷ്യനെന്ന നിലയ്ക്കുള്ള അഭിമാനത്തിനു വേണ്ടിയുള്ള ഒരു സമീപനമാണ്. കാലാകാലങ്ങളായി സമൂഹം അതിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി കൊണ്ടുനടക്കുന്ന നിലപാടുകളെ അനുസരിക്കാനും പിന്തുടരാനും മനസില്ല എന്ന നിലപാട്. അതില്‍ സ്ത്രീകളുണ്ട്; പുരുഷന്മാരും.

സ്ത്രീപക്ഷ വാദങ്ങളില്‍ പുരുഷ പ്രാതിനിധ്യം തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്. തന്നില്‍ നിന്നുള്ള എല്ലാ വ്യത്യാസങ്ങളോടും കൂടി സ്ത്രീകളെ അംഗീകരിക്കുകയും പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ ധാരാളമുണ്ട്. മെച്ചപ്പെട്ട ഒരു സമൂഹസൃഷ്ടിക്ക് അവരുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഫെമിനിസത്തിനുള്ളിലെ കുരിശുപള്ളി പണിയലിനെതിരെ സ്ത്രീപക്ഷ സംവാദങ്ങളെ മാനുഷികമായി സമീപിക്കുന്നവര്‍ കരുതിയിരിക്കേണ്ടതുണ്ട്. തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളെ സ്ത്രീപക്ഷ സഹയാത്രികരായ ബുദ്ധിജീവികളുടെ വേഷത്തിലൂടെ ഒളിച്ചു കടത്തുക എന്നത് അപകടകരമാണ്. സ്ത്രീകളുടെ കൂടെ നിന്നു സമരം ചെയ്യുമ്പോള്‍ അതിന്റേതായ ഗുണഫലങ്ങളുണ്ട് എന്ന് ധരിച്ചു വെച്ചിരിക്കുന്ന ഒരു കൂട്ടം എല്ലാത്തരം സ്ത്രീവാദ വേദികളിലും കാണാം. സ്വയം സൃഷ്ടിച്ചവയും, കല്‍പ്പിച്ചു കൊടുക്കപ്പെട്ടവയുമായ പരിവേഷങ്ങള്‍ക്കുള്ളിലെ കാപട്യത്തെ അവരുടെ വാക്കുകള്‍ തന്നെ വെളിപ്പെടുത്തുന്നു.

 

 

പൊളിയാമൊറി എന്നത് ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ ആളുകളുമായി കഠിനമായ പ്രണയത്തിലാവുന്ന അവസ്ഥയാണ്. ഒരാളെമാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്ത അവസ്ഥ. മനുഷ്യന്‍ എന്ന നിലയ്ക്ക് അത് സ്വാഭാവികമാണ്. എന്നാല്‍ വ്യഭിചാരം മറ്റൊന്നാണ്. ഇതില്‍ ഒന്നിനെ മറ്റൊന്നായി എളുപ്പം വ്യഖ്യാനിയ്ക്കാവുന്നതാണ്. വ്യാഖ്യാനിച്ചു കഴിഞ്ഞാല്‍ ന്യായീകരിക്കാവുന്നതുമാണ്. ഒന്ന് മനുഷ്യന്‍ എന്ന നിലയ്ക്കുള്ള ബന്ധങ്ങളുടെ വികാസത്തെയും മറ്റൊന്ന് സമൂഹം എന്ന നിലയിലുള്ള അധ:പതനത്തേയും പ്രചരിപ്പിക്കുന്നു. വ്യഭിചാരം പൊളിയാമൊറിയുടെ കുപ്പായമിടുകയും സൈദ്ധാന്തികര്‍ അതിനെ വ്യാഖ്യാനിച്ചു സാധൂകരിക്കുകയും ചെയ്യുമ്പോള്‍ പുരോഗമനം എന്നത് അക്ഷരാര്‍ഥത്തില്‍ പിന്നോട്ട് നടക്കലാവുന്നു. ബുദ്ധിയുള്ള ഒരു സമൂഹത്തിന് നിലപാടിലെ ഈ ഇരട്ടത്താപ്പ് മനസിലാവേണ്ടതാണ്.

തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന രീതിയില്‍, വേഷത്തില്‍, അവസ്ഥയില്‍ സ്ത്രീകളെ കൊണ്ടുവന്നു നിര്‍ത്താനും അത് സ്ത്രീത്വത്തിന്റെ ശക്തിപ്പെടലാണ് എന്ന് അവരെക്കൊണ്ടു വിശ്വസിപ്പിക്കാനും ഇത്തരം പള്ളി പണിയുന്നവര്‍ പരിശ്രമിക്കുന്നുണ്ട്. പലതരത്തിലുള്ള സ്ത്രീശരീര വിപണന സിദ്ധാന്തങ്ങളെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്ന ഇവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. സ്ത്രീപക്ഷ വാദങ്ങള്‍ എന്ന നിലയ്ക്ക് ഇവര്‍ നടത്തുന്നത് ഉപഭോക്താക്കള്‍ എന്ന നിലയ്ക്കുള്ള അവരുടെ ആവശ്യങ്ങളെ മുന്നോട്ടുവയ്ക്കലും അവയെ സംബന്ധിക്കുന്ന അസംബന്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുമാണ്. അവരിലെ ഇടതുബുദ്ധിജീവികള്‍ എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ ആള്‍ക്കൂട്ടവുമുണ്ട്. വ്യവസ്ഥാപിത ഇടതുപക്ഷം ഏറ്റെടുത്ത / ഏറ്റെടുക്കേണ്ട പ്രശ്‌നങ്ങളുടെ മുഖംമൂടിയിട്ടാണ് എല്ലാവിധ പ്രതിലോമ ശക്തികളും കടന്നു വരുന്നത് എന്നത് കൊണ്ടാണിത്.

നഷ്ടം എല്ലാവിധ അധികാരങ്ങള്‍ക്കും നടുവളച്ചു കൊടുക്കേണ്ടി വരുന്ന, നിസഹായരും നിവൃത്തികെട്ടവരുമായ ഒരു വിഭാഗം സ്ത്രീകള്‍ക്കാണ്. സ്വാഭാവികമായും ഉയര്‍ന്നുവരാവുന്ന ചോദ്യം സ്ത്രീകള്‍ അത്രയ്ക്ക് ഉള്‍ക്കാഴ്ച ഇല്ലാത്തവരാണോ എന്നതാണ്. ഉത്തരം വളരെ ലളിതവും. ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന മഹാഭൂരിപക്ഷം സ്ത്രീകളെയും യാതൊരു യാതൊരു മുന്‍പരിചയവും ഇല്ലാത്ത, പിന്നീട് ഒരിക്കലും കാണേണ്ടി വരാത്ത ആളുകളല്ല ആക്രമിക്കുന്നത്. സ്ത്രീകള്‍ക്ക് ചിരപരിചിതരായ ആളുകളാണ്.

 


illustration by Ellen Porteus

 

തുടക്കത്തില്‍ വിശ്വാസ്യത, സ്വീകാര്യത ഇത് രണ്ടും ലഭിക്കുന്ന നിലപാടുകളെടുക്കുകയും പിന്നീട് മനുഷ്യത്വ വിരുദ്ധത പ്രചരിപ്പിക്കുകയും അവയെ സൈദ്ധാന്തികമായി ന്യയീകരിക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റുകളെ, പ്രത്യേകിച്ച് പുരുഷ ഫെമിനിസ്റ്റുകളെ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുക എന്നത് ഓരോ ഫെമിനിസ്റ്റിന്റെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്. സ്വന്തം ജീവിതം കൊണ്ട് നിലപാടുകളെ സാധൂകരിക്കുന്ന മനുഷ്യരായി വളരാന്‍ അത്തരം ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തേ മതിയാവൂ. എല്ലാവിധ ചര്‍ച്ചകള്‍ക്കും ഉപരി, സ്ത്രീയായതു കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ മിക്കപ്പോഴും നേരിട്ടും  ചില നേരത്ത് പതറിയും ചിലപ്പോള്‍ ഓടിയും മറ്റു ചിലപ്പോള്‍ ഒളിച്ചും ജീവിച്ചു പോവുന്ന അനേകകോടി പെണ്ണുങ്ങള്‍ക്ക് പറയാനുണ്ടാവുക, ‘നിങ്ങളുടെ ഉള്ളിലിരുപ്പ് ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ട്; കൂടുതല്‍ വിശദീകരിച്ച് സ്ത്രീകളെ ഉദ്ധരിച്ചു കൊള്ളണം എന്നില്ല’ എന്നാവും.

 

(കെമിക്കല്‍ എഞ്ചിനീയറാണ് ശാലിനി)

 

അഴിമുഖം പ്രസിദ്ധീകരിച്ച ശാലിനിയുടെ മറ്റ് ലേഖനങ്ങള്‍
ഒറ്റയ്ക്ക് പോവും നേരം; പേടികളുടെ ഒരു ധനുഷ്കോടി യാത്ര-ഭാഗം 1
സമയത്തില്‍ നിന്നു ചിതറിപ്പോയ ഒരിടം; ഒറ്റയ്ക്ക് പോവും നേരം; ധനുഷ്കോടി യാത്ര-ഭാഗം 2
ആണ്‍ അരാഷ്ട്രീയതയുടെ ആഘോഷ രൂപങ്ങള്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍