UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈന്‍ എഴുത്തുകാരികളെ ആര്‍ക്കാണ് പേടി?

Avatar

മൈക്കിള്‍ ഗോള്‍ഡ്ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഈ തലമുറയിലെ ഏറ്റവും പ്രശസ്തയായ ഫെമിനിസ്റ്റുകളില്‍ ഒരാളാണ് ജെസിക്ക വാലെന്റി. ഗാര്‍ഡിയന്‍ കോളമിസ്റ്റായ അവരുടെ മുഖം സൈറ്റിന്റെ മുന്‍പേജില്‍ സ്ഥിരം കാണാം. അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതിലൊന്ന് ഒരു ഡോക്യുമെന്ററി ആയിട്ടുണ്ട്. ഫെമിനിസ്റ്റിംഗ് ഡോട്ട് കോം എന്ന ബ്ലോഗ് തുടങ്ങിയ ശേഷം അവര്‍ രാജ്യത്തുടനീളം പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഫെമിനിസ്റ്റ് എഴുത്തുകാര്‍ക്ക് ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടിവരാറുണ്ടെന്നും ഇനിയൊരു ബ്ലോഗ് തുടങ്ങിയാല്‍ പൂര്‍ണ്ണമായി അനോണിമസ് ആയിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നുമാണ് അവര്‍ പറഞ്ഞത്. ‘ഫെമിനിസത്തെപ്പറ്റി എഴുതാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് അവര്‍ പറയുന്നു, ‘എന്റെ സ്വന്തം പേരില്‍ ഞാന്‍ എഴുതുമോ എന്ന് ഉറപ്പില്ല. ഫിസിക്കല്‍ സുരക്ഷയെക്കാള്‍ വൈകാരികസമ്മര്‍ദ്ദങ്ങളാണ് പ്രശ്‌നം, അതും സ്ഥിരമായി മുഴുവന്‍ സമയവും തുടരുന്ന പീഡനങ്ങള്‍.’

ഫെമിനിസത്തെ സംബന്ധിച്ച് വളരെ വിചിത്രവും വൈരുധ്യം നിറഞ്ഞതുമായ ഒരു നിമിഷമാണിത്. ഫെമിനിസ്റ്റ് ശബ്ദങ്ങള്‍ ഏറെ ആവശ്യപ്പെടുന്ന ഒരുകാലമാണിത്. ബിയോന്‍സെയെയോ ടെയ്‌ലര്‍ സ്വിഫ്റ്റിനെയോ പോലെയുള്ളവര്‍ ഫെമിനിസ്റ്റ് ടാഗ് എടുത്തണിയുകയും കോടിക്കണക്കിനു ആരാധകരെ നേടുകയും ചെയ്യുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തെ കൊല്ലങ്ങളോളം മാറ്റിനിര്‍ത്തി എങ്കില്‍ ഇപ്പോള്‍ ഇത് എഡിറ്റോറിയല്‍ വിഷയമാണ്. ‘ന്യൂയോര്‍ക്ക് മാഗസിനില്‍ അടുത്തെഴുതിയ ജോനാതന്‍ ചെറ്റ് പറയുന്നു, ‘വര്‍ഗലിംഗ വിവേചനങ്ങളുടെ കഥകള്‍ക്ക് കൂടുതല്‍ വായനക്കാരുണ്ട്, മീഡിയ വ്യവസായത്തിന് ആശ്രയിക്കാവുന്ന ഒരു വിഷയമായി ഐഡന്റിറ്റി പൊളിറ്റിക്‌സ് മാറിയിട്ടുണ്ട്.’ ഇത് ഒരു ദശാബ്ദം മുന്‍പ് ചിന്തിക്കാന്‍ കഴിയുമായിരുന്ന കാര്യമല്ല.

എന്നാല്‍ മറുവശത്ത് ഫെമിനിസ്റ്റ് ശബ്ദങ്ങളെ മീഡിയ ഉയര്‍ത്തി കാണിക്കുമ്പോള്‍ അതിന് ആഴത്തിലുള്ള ഒരു വൈകാരിക വില കൊടുക്കേണ്ടിവരുന്നുണ്ട്. സ്വന്തം കഥകള്‍ പറയാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ അങ്ങനെ ചെയ്യുമ്പോള്‍ വലിയ ശിക്ഷകള്‍ നേരിടേണ്ടിവരുന്നു. വീഡിയോ ഗെയിമുകളിലെ സെക്‌സിസത്തെ കുറ്റപ്പെടുത്തിയ സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍ നിന്നു പുറത്താകേണ്ടിയും പൊതുവേദികളില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിയും വന്നിട്ടുണ്ട്. അവരുടെ പേരില്‍ റഫ് സെക്‌സിന് തയ്യാറാണ് എന്ന പേരില്‍ കള്ളപ്പരസ്യങ്ങള്‍ പുറത്തുവന്നു. ട്വിറ്റര്‍ പീഡനം ഒരിക്കലും അവസാനിക്കാത്തതാണ്. ജെസബല്‍ എന്ന ബ്ലോഗ് നടത്തിയിരുന്ന ലിന്‍ഡിക വെസ്റ്റ് പറയുന്നത് ‘ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നത് അവരുടെ ജോലിയുടെ ഭാഗമാണ് എന്നാണ്.’ ഫെമിനിസ്റ്റ് ഗ്രൂപ്പ് ആയ വിമെന്‍, ആക്ഷന്‍ ആന്‍ഡ് ദി മീഡിയയിലെ ജാമിയ വിത്സന്‍ പറയുന്നത് ‘ആളുകള്‍ക്ക് അവരവരെപ്പറ്റിത്തന്നെയുള്ള ബോധത്തെ ഇത് ബാധിക്കും’ എന്നാണ്.

മുന്‍കാല ഫെമിനിസ്റ്റുകള്‍ക്കും ദേഷ്യപ്പെട്ടുള്ള വിമര്‍ശനങ്ങളും പത്രാധിപര്‍ക്കുള്ള കത്തുകളും പ്രതിഷേധസമരങ്ങള്‍ പോലും കാണേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള തരം തുടര്‍ച്ചയായ, ക്രൂരമായ, ലൈംഗികചുവയുള്ള വെറുപ്പ് ഒഴിവാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കറുത്തവര്‍ഗ സ്ത്രീകള്‍ക്ക് സെക്‌സിസത്തോടൊപ്പം വംശഅധിക്ഷേപങ്ങളും നേരിടേണ്ടിവരും. ‘ഞാന്‍ ഒരു വെളുത്ത സ്ത്രീയായിരുന്നെങ്കില്‍ ഒഴിവാകുമായിരുന്ന വംശീയ റേപ്പ് ഭീഷണികള്‍ എനിക്ക് ഒരുപാട് ലഭിക്കാറുണ്ട്.’ വിത്സന്‍ പറയുന്നു. ‘പല കാര്യങ്ങളും ഒരു കറുത്തവര്‍ഗ സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ടതാണ്.’ ഓണ്‍ലൈന്‍ പീഡനത്തെപ്പറ്റി അവര്‍ തെറാപ്പിയില്‍ പറയുന്നുണ്ട്. ‘കൊല്ലും എന്നും റേപ്പ് ചെയ്യും എന്നും ഭീഷണിപ്പെടുത്തുന്നതില്‍ ഒരുപാട് മാനസികസമ്മര്‍ദ്ദം നേരിടേണ്ടിവരും.’ ഒടുവില്‍ തുടരെയുള്ള ഇത്തരം ഭീഷണികള്‍ ആളുകളുടെ ജീവിതവും ജോലിയും പോലും മാറ്റി മറിക്കാറുണ്ട്.

ബാക്ക്‌ലാഷ് എന്ന പ്രശസ്തമായ പുസ്തകത്തില്‍ സൂസന്‍ ഫലൂദി എണ്‍പതുകളിലെ ഫെമിനിസ്റ്റ് വിരുദ്ധ സാംസ്‌കാരികസന്ദേശങ്ങളെ ‘സ്ത്രീകളുടെ സ്വകാര്യസംഘര്‍ഷങ്ങളെ ഇളക്കിമറിച്ചു അവരുടെ രാഷ്ട്രീയമായ ആത്മധൈര്യം ചോര്‍ത്തിക്കളയുന്ന നടപടികള്‍’ എന്നാണു വിളിക്കുന്നത്. ഇന്നത്തെ ഓണ്‍ലൈന്‍ പീഡനം അതിലേറെ ഭീദിതമാണ്. അത് ആളുകളുടെ പൊരുതാനുള്ള ശക്തിയെ ചോര്‍ത്തിക്കളയുന്നു. ‘പത്തുവര്‍ഷത്തോളം ദിവസവും തെറി തന്നെ കേട്ടുകൊണ്ടേയിരുന്നാല്‍ അത് നിങ്ങളുടെ വ്യക്തിത്വത്തില്‍ സാരമായി ബാധിക്കും.’ വാലെന്റി പറയുന്നു. പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റി ഇപ്പോഴും ചിന്തിക്കാറുണ്ട് എന്ന് അവര്‍ പറയുന്നു. ഈ തലമുറയിലെ ഫെമിനിസ്റ്റുകള്‍ക്ക് എത്രത്തോളം പിടിച്ച് നില്‍ക്കാനാകും?

ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ സദാ വെറുപ്പിനും റേപ്പിനും ഇരയായിരുന്നു. അറുപത്തിയൊന്‍പതില്‍ മര്‍ലിന്‍ വെബ് ഒരു യുദ്ധവിരുദ്ധറാലിയില്‍ വെച്ച് ഫെമിനിസത്തെപ്പറ്റി സംസാരിച്ചപ്പോള്‍ കേട്ടുനിന്ന പുരുഷന്മാരില്‍ പലരും അവരോട് തുണിയുരിയാനും അവരെ പിടിച്ചിറക്കി റേപ്പ് ചെയ്യുമെന്ന് ഭീഷണിയുയര്‍ത്താനും മുതിര്‍ന്നു. സെക്കണ്ടിവ് ഫെമിനിസ്റ്റുകള്‍ തുടര്‍ച്ചയായി ഇടതുപക്ഷപുരുഷന്മാരില്‍ നിന്ന് വെറുപ്പ് നേരിടേണ്ടിവന്നിട്ടുണ്ട് എന്നത് ഇന്ന് ചിന്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. പഴയകാല ഫെമിനിസ്റ്റ് എഴുത്തുകാരി എല്ലെന്‍ വില്ലിസിന്റെ മകളും ടോക്കിംഗ് പോയിന്റ്‌സ് മെമ്മോയുടെ എഡിറ്ററും എഴുത്തുകാരിയുമായ നോനാ വില്ലിസ് ആരോണോവിത്സ് പറയുന്നു, ‘പേരറിയാത്ത ഓണ്‍ലൈന്‍ കമന്റ്കാരെ മറന്നുകളയുക, സ്വന്തം സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നവര്‍ പോലും സെക്‌സിസ്റ്റ്കളായിരുന്നു.’ പുരുഷജീവനക്കാര്‍ തങ്ങളുടെ സ്ത്രീസഹപ്രവര്‍ത്തകരെ ‘സ്റ്റാലിനിസ്റ്റ് ഫെമിനിസ്റ്റുകള്‍’ എന്ന് വിളിച്ചിരുന്നുവന്നു നോനാ ഓര്‍ക്കുന്നു.

ഇന്റര്‍നെറ്റ് പീഡനകഥകള്‍ സ്ഥിരം സൂചിപ്പിക്കുന്നത് സ്ത്രീകള്‍ കൂടുതല്‍ തൊലിക്കട്ടിയുള്ളവരായി മാറണം എന്നാണ്. എന്നാല്‍ എത്ര കണ്ടില്ലെന്നുവെച്ചാലും ഈ ഓണ്‍ലൈന്‍ പീഡനങ്ങള്‍ അതിന്റെ ഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ചില യുവഎഴുത്തുകാരികള്‍ തമാശയായിട്ടാണെങ്കിലും തങ്ങള്‍ക്ക് പോസ്റ്റ് ട്രോമാട്ടിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ വെറുപ്പ് പേടിച്ച് അവര്‍ ഇനി ഇതുപോലെ എഴുതാതിരിക്കുമോ?’

പ്രൊ ചോയിസ് ആക്റ്റിവിസ് ജെസിലിന്‍ മുന്‍സന്‍ ഒരു അബോര്‍ഷന്‍ വിരുദ്ധ പ്രെഗ്നന്‍സി സെന്ററില്‍ അണ്ടര് കവറായി പോയതിനെപ്പറ്റി എഴുതിയിരുന്നു. ഉടന്‍ തന്നെ ഒരാള്‍ അവര്‍ക്ക് വധഭീഷണി അയച്ചുതുടങ്ങി. പേടി അധികമായപ്പോള്‍ അവര്‍ ലൈറ്റ് ഇട്ട് ഉറങ്ങിത്തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് തളര്‍ന്നും തകര്‍ന്നും അവര്‍ ഓണ്‍ലൈന്‍ എഴുത്ത് ഉപേക്ഷിച്ചു. ട്വിറ്റര്‍ അകൗണ്ട് ഡിലീറ്റ് ചെയ്തു. ഇപ്പോള്‍ ലോ സ്‌കൂളില്‍ ചേര്‍ന്ന് സുരക്ഷിതമായ രീതിയില്‍ തനിക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ ജോലി ചെയ്യാനുള്ള ശ്രമത്തിലാണ്. ‘സദാ സമരമുഖത്ത് നില്‍ക്കുന്നത് സഹിക്കാനാകാതെയായി തീര്‍ന്നിരുന്നു.’ അവര്‍ പറയുന്നു.

ഇപ്പോഴുള്ള പ്രധാനവ്യത്യാസങ്ങളില്‍ ഒന്ന് ഇപ്പോള്‍ നിലവിലുള്ള സംഘടിതമായ സ്ത്രീവിരുദ്ധതയാണ്. ഫെമിനിസത്തോട് എതിര്‍പ്പുള്ള പുരുഷസംഘങ്ങള്‍ മെന്‍സ് റൈറ്റ്‌സ് മൂവ്‌മെന്റ് എന്നും ഗാമേര്‍ഗെറ്റ് എന്നും ഒക്കെ പേരിട്ട് നിലവിലുണ്ട്. വീഡിയോ ഗെയിം ലോകത്തെ സെക്‌സിസം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുകയാണ് ലക്ഷ്യം. എണ്‍പതുകളിലും തൊണ്ണൂകളിലും ‘മാധ്യമങ്ങളുടെ മുഖ്യധാരാസംസ്‌കാരം തന്നെ ഫെമിനിസ്റ്റ് വിരുദ്ധമായിരുന്നു. ഫെമിനിസം മരിച്ചുവെന്നും എല്ലാ സ്ത്രീകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഒക്കെയുള്ള പ്രസ്താവനകള്‍ വരുന്നത് അങ്ങനെയാണ്.’ കോളമിസ്റ്റ് ആയ കാത്ത പോളിറ്റ് പറയുന്നു. എന്നാല്‍ ഇത്തരം പുരുഷസംഘങ്ങള്‍ പുതിയതാണ്. പരസ്പരം കണ്ടെത്തിയ വിദ്വേഷം തുപ്പുന്ന പുരുഷന്മാരുടെ സംഘങ്ങളാണ് ഇത്.

ഈ ഫെമിനിസ്റ്റ് വിരുദ്ധന ടപടികള്‍ പ്രധാനമായും ഡിജിറ്റലാണ് എന്നത് ഒരു വിജയചിഹ്നമായും കാണാം എന്ന് പോളിറ്റ് പറയുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സ്ത്രീവിരുദ്ധര്‍ ഒരു സ്ത്രീയെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് അവരെപ്പറ്റി ഒരുപാട് സ്വകാര്യവിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ‘പണ്ട് എല്ലാം പ്രിന്റ് ആയിരുന്നപ്പോള്‍ നിങ്ങള്‍ എന്തെങ്കിലും എഴുതിയാലും എല്ലായിടത്തും നിങ്ങളുടെ ഫോട്ടോ ഉണ്ടാകണമെന്നില്ല.’ പോളിറ്റ് പറയുന്നു. ‘ആളുകള്‍ക്ക് നിങ്ങള്‍ താമസിക്കുന്നത് എവിടെയെന്നറിയില്ല, നിങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റി യാതൊന്നും അറിയില്ല. ഇപ്പോള്‍ വളരെ സാരമായ വ്യത്യാസങ്ങള്‍ ഉണ്ട്.’

ഒരു പുരുഷസംഘം ഒരു സ്ത്രീയെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്കു നേരെ വെറുപ്പിന്റെ ഒരു ഒഴുക്കാണ്. ഒരു ഇരയെ ശരിപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കുള്ള താക്കീത് പോലെയും പ്രവര്‍ത്തിക്കും. കോസ്‌മോപോളിറ്റനില്‍ ഫെമിനിസ്റ്റ് വിഷയങ്ങള്‍ എഴുതുന്ന സീനിയര്‍ രാഷ്ട്രീയ ലേഖിക ജില്‍ ഫിലിപോവിച്ച് പറയുന്നത് അവര്‍ ഈയിടെ ഒരു സഹപ്രവര്‍ത്തകയെ തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ്. എന്നാല്‍ അവരുടെ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഞാന്‍ അത് ചെയ്യാനാഗ്രഹിക്കാത്തതിനു പല കാരണങ്ങള്‍ ഉണ്ട്. അതിലെ ഒരു കാരണം ഞാന്‍ നിങ്ങളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതും നിങ്ങളോട് ആളുകള്‍ പറയുന്നത് കേള്‍ക്കുന്നതുമാണ്. എനിക്കത് സഹിക്കാന്‍ പറ്റില്ല.’

പലര്‍ക്കും ഇത് സഹിക്കാന്‍ പറ്റില്ല. കഴിഞ്ഞവര്‍ഷം അബോര്‍ഷന്‍ റൈറ്റ്‌സ് ആക്ടിവിസ് ആയ ലോറന്‍ റാങ്കിന്‍ ഓണ്‍ലൈന്‍ എഴുത്ത് അവസാനിപ്പിച്ചു. ട്വിറ്റര്‍ വിട്ടു. പ്രധാനകാരണം ആളുകളുടെ ഭീഷണികളും ആക്ഷേപിക്കലുകലുമായിരുന്നു. ഒരു നോണ്‍പ്രോഫിറ്റ് സംഘടനയുടെ ബോര്‍ഡില്‍ അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുഇടപെടലുകള്‍ അവര്‍ ഇപ്പോള്‍ നടത്താറില്ല. ‘ഞാന്‍ പേടിച്ച് ഇന്റര്‍നെറ്റ് ഒഴിവാക്കി എന്ന് വരുന്നത് എനിക്കിഷ്ടമായിരുന്നില്ല. എന്നാല്‍ എന്റെ മാനസികാരോഗ്യത്തെകരുതി ഞാന്‍ എന്റെ ജോലിയുടെ ശൈലി മാറ്റി.’

ഫെമിനിസ്റ്റ് എന്ന ബ്ലോഗിന്റെ മുന്‍ എഡിറ്റര്‍ ആയ ഫിലിപ്പോവിക് പറയുന്നത് വര്‍ഷങ്ങള്‍ കൊണ്ടു അവര്‍ക്ക് തൊലിക്കട്ടി കൂടിയെങ്കിലും ഈ ഓണ്‍ലൈന്‍ വെറുപ്പിനെ ദിവസേന നേരിടേണ്ടിവരുന്നത് അവരെ മാറ്റിമറിച്ചുവെന്നാണ്. ‘ഞാന്‍ ഇപ്പോള്‍ എന്നെ ഒരുപാട് സംശയിക്കുന്നു. നിങ്ങള്‍ ഒരു മോശം വ്യക്തിയാണെന്നും ഒരു മണ്ടിയാണെന്നും ഒരുപാട് തവണ വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ കാണാത്ത ഒന്ന് മറ്റുള്ളവര്‍ നിങ്ങളില്‍ കാണുന്നു എന്ന് കരുതാന്‍ പ്രയാസമാണ്. ദിവസം മുഴുവന്‍ ആളുകള്‍ എഴുതുന്ന ഈ വൃത്തികേടുകള്‍ വായിച്ചശേഷം വീട്ടില്‍ തിരിച്ചെത്തി ഉടന്‍ തന്നെ ഒരു സാധാരണവ്യക്തിയായി സന്തോഷിക്കുന്നതെങ്ങനെ എന്നെനിക്ക് അറിയില്ല.’

ഫെമിനിസ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ ലോറന്‍ ബ്രൂസിന് ഇപ്പോള്‍ ഓണ്‍ലൈന്‍ സാന്നിധ്യമേയില്ല. ‘എന്റെ ജീവിതം ജീവിക്കുന്നതിനായി അത് പൂര്‍ണമായി ഒഴിവാക്കേണ്ടിവന്നു. ജോലി ചെയ്യാനും നല്ല കുടുംബം ഉണ്ടാകാനും വൈകാരികമായ സാധാരണജീവിതം നയിക്കാനും ഒക്കെ സ്ഥിരം ഒരു കാല്‍ വിഷത്തില്‍ കുത്തിനിന്നാല്‍ പറ്റില്ലായിരുന്നു.’

ഈ വിഷം നേരിടാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്കും ഒരു പ്രശ്‌നമുണ്ട്. ഏറ്റവും എളുപ്പം പറയാനുള്ള സന്ദേശം ഓണ്‍ലൈനില്‍ പുറത്തെത്തിക്കുക എന്നാല്‍ അത് സ്വകാര്യമാക്കുക എന്നതാണ്. സ്വന്തം ജീവിതങ്ങളെ പൊതുവിലയിരുത്തലിനുമുന്നില്‍ ഇവര്‍ തുറന്നുകൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ ഫസ്റ്റ് പേഴ്‌സനില്‍ എഴുതുന്ന ലേഖനങ്ങളില്‍ ഇന്റര്‍നെറ്റ് ട്രാഫിക് കൂടുതലാണ്. ‘കുറച്ചു യുവ എഴുത്തുകാരികളെ ഞാന്‍ എഴുത്തില്‍ സഹായിച്ചിട്ടുണ്ട്. വാലെന്റി പറയുന്നു. അവരെല്ലാം അവരുടെ ആദ്യലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഏറെ വിഷമിച്ചവരാണ്, പിന്നെ അവര്‍ തങ്ങളുടെ യോനിയെപ്പറ്റി എന്തെങ്കിലും എഴുത്തും, ഉടന്‍ തന്നെ എല്ലാ വാതിലും അവര്‍ക്കു മുന്നില്‍ തുറക്കും.’

ആ തിരിച്ചറിവ് സാഡിസത്തിന്റെ ഒഴുക്കും ഉണ്ടാക്കും. ഫസ്റ്റ് പേഴ്‌സന്‍ എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്ന xojane എന്ന വെബ്‌സൈറ്റ് നോക്കുക. അവിടെ പ്രസിദ്ധീകരിക്കപ്പെടുന്നത് ഒരു ബ്രേക്ക് തരും. എന്നാല്‍ അതില്‍ എഴുത്തുകാര്‍ കുറച്ചുനാളെ നിലനില്‍ക്കാറുള്ളൂ. ‘ഞങ്ങള്‍ ഒരാളെ കൊണ്ടുവരും, അവരെ വളര്‍ത്തും, അവര്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞാല്‍ ആദ്യചാന്‍സില്‍ അവര്‍ പ്രിന്റ് പോലെ സുരക്ഷിതമായ ഇടങ്ങളില്‍ ചേക്കേറും, സൈറ്റിന്റെ എഡിറ്റര്‍ എമിലി മക്കൊമബ്‌സ് പറയുന്നു. ‘ഈ പീഡനം ഇതില്‍ ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്.’

മക്കൊമബ്‌സ് തന്നെ തന്റെ അടുത്ത ജോലി ഓണ്‍ലൈന്‍ ആയിരിക്കില്ല എന്ന് പറയുന്നു. ‘എല്ലാ ദിവസവും ഞാന്‍ എത്ര തടിയുള്ള ആളാണെന്നും വികൃതയാണെന്നും എന്നും എന്റെ സോഷ്യല്‍ നെറ്റവര്‍ക്കിലൂടെയും സൈറ്റിലൂടെയും വായിക്കേണ്ടിവരുന്നത് കഷ്ടമാണ്. ഞാന്‍ എത്ര മോശമായാണ് ഒരു വയസിയാകുന്നത് എന്ന് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ഓണ്‍ലൈന്‍ ഫോറങ്ങള്‍ ഉണ്ട്. ഇത് എത്ര നാള്‍ സഹിക്കാന്‍ പറ്റും? ഒരുപാട് സ്ത്രീകള്‍ ഈ ജോലിയില്‍ തകര്‍ന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍