എം കെ രാമദാസ്
കേരളീയരുടെ ആരോഗ്യം ദുര്‍ബലമെന്ന സന്ദേഹമുയര്‍ത്തുന്ന തരത്തിലാണ് പനിബാധിതരുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്താകെ ഈ വര്‍ഷം 2529 പേര്‍ ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം അഞ്ചു പേര്‍ മരിച്ചു. രോഗം സംശയിക്കുന്നവരുടെ എണ്ണം 7,054 ആണ്. ഇക്കൊല്ലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പനിച്ചു വിറയ്ക്കുന്ന കേരളം ആരോഗ്യരംഗത്ത് പിന്നോട്ട് പോവുകയാണോ എന്ന ആശങ്കയ്ക്ക് സംസ്ഥാന എപ്പിഡോമോളജി ഓഫീസര്‍ ഡോക്ടര്‍ കെ. സുകുമാരന്‍ നല്‍കിയ മറുപടി ഇങ്ങിനെയാണ്.
‘മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. സമൂഹത്തിന്റെ മുഴുവന്‍ പങ്കാളിത്തത്തോടെ മാത്രമേ ഇതു സാധ്യമാവൂ. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മറ്റിയാണ് അടിസ്ഥാന ഘടകം. ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗമായ സമിതിയുടെ അധ്യക്ഷന്‍ വാര്‍ഡംഗമാണ് . ശുചീകരണവും, കൊതുകു നിര്‍മ്മാര്‍ജ്ജനവും അവിടെ നിന്നാണ് തുടങ്ങുക. ഇത്തവണ തെരഞ്ഞെടുപ്പാണ് വിലങ്ങുതടിയായത്. ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലി, ജനപ്രതിനിധികള്‍ക്ക് പ്രചാരണം. പിന്നെ പൊരുമാറ്റച്ചട്ടം എന്നിവയെല്ലാം കൂടിയായപ്പോള്‍ തകിടം മറിഞ്ഞു. ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായ വര്‍ധന പനിയുടെ കാര്യത്തിലുണ്ടായിട്ടുള്ളു. രോഗങ്ങളോടുള്ള കേരളീയന്റെ സമീപനവും പ്രയാസമുണ്ടാക്കുന്നു. പനിപോലുള്ള പകരുന്ന രോഗം വന്നാല്‍ വിശ്രമിക്കാന്‍ അവര്‍ ഒരുക്കമല്ല. രോഗം പകരാനുള്ള സാധ്യതയാണ് ഈ പെരുമാറ്റം കൊണ്ട് വര്‍ധിക്കുന്നത്. കാലാവസ്ഥയിലെ മാറ്റവും മാലിന്യങ്ങള്‍ പെരുകുന്നത് കൊതുക് പെരുകാനുള്ള കാരണമാവുന്നു. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകള്‍ക്ക് വളരാന്‍ ഫ്രിഡ്ജ്, കൂളര്‍ എന്നിവയിലെ വെള്ളം മതിയാകും. കൊതുകു നാശിനികള്‍ തളിക്കുന്നത് ഇവിടെ പ്രായോഗികമല്ല. ന്യൂക്ലിയര്‍ ബോംബ് പോലെ മാരകമാണ് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുയര്‍ത്തുന്നത് അപകട ഭീതി. വനനാശമാണ് വൈറസുകുടെ വ്യാപനത്തിനും കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. വനാന്തരങ്ങളിലെ ആവാസ വ്യാവസ്ഥയില്‍ അഭം തേടിയിയിരുന്ന സുക്ഷമ ജീവികള്‍ ജനവാസകേന്ദ്രങ്ങളിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന് അവിടെക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമാണ്. വനംകൈയ്യേറ്റം, വെട്ട എന്നിവയെല്ലാം വൈറസുകളുടെ നാടിറക്കത്തിന് ഹേതുവായിട്ടുണ്ട്.’
സംസ്ഥാന ആരോഗ്യ ഡയറക്റ്ററേറ്റിലെ പൊതുജനാരോഗ്യടീം തയ്യാറാക്കിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ സംസ്ഥാനത്തിന്റെ രോഗാവസ്ഥ വ്യക്തമാക്കുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും 2016 എന്ന പേരിലാണ് ഈ രേഖ അവതരിപ്പിക്കുന്നത്. 2012-ല്‍ 23 ലക്ഷത്തിലധികം പേര്‍ക്ക് പനിയും 4056 പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായി കാണുന്നുണ്ട്. ചിക്കന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ ജ്വര, എലിപ്പനി, മഞ്ഞപ്പിത്തം-എ, എച്ച് വണ്‍ എന്‍ വണ്‍, ടൈഫോയിഡ്, കുരങ്ങ് പനി എന്നിവയും ബാധിച്ചു. വയറിളക്കരോഗം വന്നവര്‍ 3,57, 252. 2015-ല്‍ 26,67,999 പേര്‍ക്ക് പനിയും 4,66,290 പേര്‍ക്ക് വയറിളക്കവും ബാധിച്ചു. 2016-ല്‍ ഇതുവരെ 47,964 പേര്‍ക്ക് വയറിളക്കവും, 28,551 പേര്‍ക്ക് പനിയും ബാധിച്ചു. പട്ടികയിലെ ഈ പ്രധാന വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്നുതന്നെയാണ്.
‘1980ന് ശേഷം നൂറില്‍ അധികം പുതിയ വൈറസുകള്‍ കമ്മ്യൂണിറ്റിയില്‍ എത്തിയിട്ടുണ്ട്. ഈ വൈറസ്സുകള്‍ പകര്‍ത്തുന്ന പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധമരുന്നുകള്‍ വികസിപ്പിച്ചെടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകത്തില്‍ എവിടെയും പുതിയ വൈറസുകള്‍ കണ്ടെത്തിയ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തില്‍ എത്തുമെന്നതാണ് അനുഭവം. ഏത് പനിയും ഡെങ്കിയാണെന്ന ഭീതിയില്‍ എത്തുകയാണ്. എന്നാല്‍ 95% പനിയും രണ്ടോ മൂന്നോ ദിവസത്തിനകം കൊണ്ട് ഭേദമാകും.’ തിരുവനന്തപുരം ജനറല്‍ ആശുപത്രി യില്‍ ഫീവര്‍ ക്ലീനിക്കിന് മേല്‍ നോട്ടം വഹിച്ച ഡോ. സന്തോഷ് പറയുന്നു.
‘പനിക്ക് രാഷ്ട്രീയം സാമ്പത്തിക ഇടപാടുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രപരവും സാംസ്‌കാരികവുമായ കാരണങ്ങള്‍ രോഗങ്ങള്‍ക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല യില്‍ 30% മാത്രമേ പൊതു ആരോഗ്യസംവധാനത്തിനു കീഴില്‍ വരുന്നുള്ളു. ഒരു പനി സീസണ്‍ സ്വകാര്യ ആശുപത്രികളുടെ ബാങ്ക് തിരിച്ചടവ് സുഖകരമാക്കും എന്നതാണല്ലോ ഇപ്പോഴത്തെ അവസ്ഥ. യഥാര്‍ത്ഥത്തില്‍ 0.001% പനികള്‍ മാത്രമേ അപകടമാവുന്നുള്ളു. നമ്മളുടേത് ഹെല്‍ത്ത് ഫോബിയ ആണ്.’ എന്‍ആര്‍എച്ച്എം സ്റ്റേറ്റ് മീഡിയാ സെല്‍ ഡയറക്ടര്‍ കൂടിയായ ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു.