UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഫിയറ്റ് കുടുംബത്തിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍

ഫിയറ്റ് ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഫാമിലി കാറുകള്‍ നിര്‍മ്മിക്കുന്ന ഒരു പാവം കമ്പനിയാണ്. എന്നാല്‍ അടിസ്ഥാനപരമായി വെറും പാവമൊന്നുമല്ല, ഫിയറ്റ്. ഫിയറ്റ് എന്ന പേരിലല്ലാതെ 12 കമ്പനികളുണ്ട്, ഗ്രൂപ്പിനു കീഴില്‍. അതില്‍ വിഖ്യാത സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി, മസരാറ്റി എന്നീ കമ്പനികളും കൂടാതെ ജീപ്പ്, ക്രൈസ്‌ലര്‍, ലാന്‍സിയ, ഡോഡ്ജ്, അല്‍ഫ റോമിയോ, റാംട്രക്ക്‌സ് എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇതുവല്ലതും ഭൂരിഭാഗം വരുന്ന ഇന്ത്യക്കാര്‍ക്ക് അറിയാമോ? ഇല്ലേയില്ല.

ഫിയറ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതോ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തെയാണ് ഓര്‍മ്മവരിക. മുംബൈയെ കിടുകിടാ വിറപ്പിക്കുന്ന അധോലോക നായകനാണ് കക്ഷി. പക്ഷെ നാട്ടിലെത്തിയാലോ, വെറും പാവം നാട്ടിന്‍പുറത്തുകാരന്‍. മുംബൈയിലെ കഥയൊന്നും നാട്ടുകാര്‍ക്ക് അറിയില്ലല്ലോ. ഫിയറ്റും അങ്ങനെ തന്നെ. ഫിയറ്റും സഹകമ്പനികളും ചേര്‍ന്ന് ലോകം വിറപ്പിക്കുന്ന കഥയൊന്നും ഇന്ത്യയില്‍ പലര്‍ക്കുമറിയില്ല. ‘ഞാനാരു പാവ’മെന്ന ഇമേജില്‍ ഇന്ത്യയില്‍ ഒതുങ്ങി കഴിയുകയായിരുന്നു ഫിയറ്റ്.

അതേ, ഒതുങ്ങി കഴിയുകയായിരുന്നു എന്നു തന്നെ പറയേണ്ടി വരും. അബാര്‍ത്ത് ബാഡ്ജുള്ള പെര്‍ഫോര്‍മന്‍സ് കാറുകളിലൂടെ ഇപ്പോള്‍ ഫിയറ്റ് ഇന്ത്യയിലും ‘തനിനിറം’ കാട്ടിത്തുടങ്ങിയല്ലോ. ആദ്യമായി അബാര്‍ത്ത് ബാഡ്ജിങ് വന്നത് ശാലീന സുന്ദരിയായ പ്യുണ്ടോ ഇവോയിലാണ്. അതോടെ ശാലീന സുന്ദരി ചീറ്റപ്പുലിയായി മാറി. ഇപ്പോള്‍ വന്നിരിക്കുന്നത് ഫിയറ്റ് 500 എന്ന ഹാച്ച്ബായ്ക്കിന്റെ അബാര്‍ത്ത് വേര്‍ഷനാണ് ഫിയറ്റ് 595 കോമ്പറ്റീസിയോണ്‍. അതെക്കുറിച്ച് പറയുംമുമ്പ് എന്താണ് അബാര്‍ത്തെന്ന് ചുരുക്കിപറയാം.

1949-ല്‍ കാര്‍ലോ അബാര്‍ത്ത് എന്ന ഓട്ടോമൊബൈല്‍ ഡിസൈനര്‍ ഇറ്റലിയില്‍ തുടങ്ങി വെച്ച പെര്‍ഫോര്‍മന്‍സ് കമ്പനിയാണു അബാര്‍ത്ത്. പിന്നീട് ഫിയറ്റിന്റെ സബ്‌സിഡയറി കമ്പനിയായി അബാര്‍ത്ത് മാറി. ഫിയറ്റിന്റെ മോഡലുകളുടെ പെര്‍ഫോര്‍മന്‍സ് വര്‍ദ്ധിപ്പിക്കുകയാണ് അബാര്‍ത്തിന്റെ അവതാര ലക്ഷ്യം.


595 കോമ്പറ്റീസിയോണ്‍

ഫിയറ്റ് 500-ന്റെ എക്സ്റ്റീരിയറില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് 595-ന്റെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. സുന്ദരിക്കോതയായിരുന്ന 500-ന് കുറച്ച് ടഫ്‌ലുക്ക് നല്‍കി എന്നും പറയാം. ഗ്രൗണ്ട് ക്ലിയറന്‍സ് അല്പം കുറച്ച്, റേസ് കാറുകളുടെ ഗണത്തിലേക്ക് മാറ്റിയിട്ടുണ്ട്. 17 ഇഞ്ച് ടയറുകള്‍. പ്ലാസ്റ്റിക് പാര്‍ട്‌സുകള്‍ക്ക് ഗ്രാഫൈറ്റ് ഫിനിഷ് നല്‍കി. ഡോര്‍ഹാന്‍ഡ്‌ലുകള്‍, സൈഡ്‌വ്യൂ മിററുകള്‍, ഗ്രില്‍, സ്റ്റിയറിങ് വീല്‍, ഫ്യൂവല്‍ ഫില്ലര്‍ക്യാപ്പ് എന്നിവിടങ്ങളിലൊക്കെ അബാര്‍ത്തിന്റെ ലോഗോ കാണാം. ഫിയറ്റിന്റെ ലോഗോ ഒരിടത്തുമില്ല!

മറ്റു രുപഭാവങ്ങളിലെല്ലാം 595, 500-നെ പിന്തുടരുകയാണ്. ഇരു വശങ്ങളിലുമായി രണ്ടു ഡോറുകള്‍ മാത്രം ഉള്ളതിനാല്‍ ഹൃദയഹാരിയായി ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും ഭസ്മക്കുറി കോറിയിട്ടതു പോലെ തോന്നിക്കുന്ന മുന്‍ഗ്രില്ലും കനത്ത ബമ്പറും താഴ്ന്ന ബോണറ്റും തേളിനെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനുള്ള തകര്‍പ്പന്‍ അലോയ്‌വീലും പിന്നിലെ ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും ഇരട്ട എക്‌സ്‌ഹോസ്റ്റുമൊക്കെ ഫിയറ്റ് 500-ല്‍ കണ്ടിട്ടുള്ളതുതന്നെ. വശങ്ങളിലൂടെ അബാര്‍ത്തിന്റെ വരകള്‍ പിന്നിലേക്ക് നീങ്ങുന്നുണ്ട്. മൂഖം വീര്‍പ്പിച്ചതുപോലെ തോന്നിക്കുന്ന വശങ്ങള്‍ക്കുള്ളില്‍ ഇന്റര്‍കൂളറാണ് എന്നറിയുക. എയര്‍ഡാമിന്റെ ഇരുവശത്തും കാണുന്ന എയര്‍സ്‌കൂപ്പുകളും ഇതിനോടനുബന്ധിച്ചു വായിക്കാം. 

ഉള്ളില്‍ കയറാം. മെലിഞ്ഞ സീറ്റുകള്‍ പൂര്‍ണ്ണമായും റേസിങ്ങ് സീറ്റുകലെ ഓര്‍മ്മിപ്പിക്കുന്നു. ശരീരത്തെ പുണരുന്ന രീതിയിലാണ് സീറ്റുകളുടെ അപ്‌ഹോള്‍സ്റ്ററി. സ്റ്റിയറിങ് വീലിന്റെ അടിവശം ഫ്ലാറ്റാണ്. ഉരുണ്ടതല്ല. പെഡലുകള്‍ അലോയ്‌യില്‍ നിര്‍മ്മിച്ചിരിക്കുന്നു. സ്‌പോര്‍ട്ടിയാണിവ. സ്റ്റിയറിങ് വീലില്‍ കണ്‍ട്രോള്‍ സ്വിച്ചുകളുണ്ട്.

വളരെ സ്‌പോര്‍ട്ടിയാണ് ഉരുണ്ട മീറ്റര്‍ ക്ലസ്റ്റര്‍. അതില്‍ ഡിജിറ്റല്‍ അക്ഷരങ്ങള്‍. ഡാഷ്‌ബോര്‍ഡിനു മേലെ എ സി വെന്റുകള്‍ കഴിഞ്ഞാല്‍ മ്യൂസിക് സിസ്റ്റം. അതിനുതാഴെ ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകള്‍. അതിനുതാഴെ ഗിയര്‍ഷിഫ്റ്റിന്റെ സ്വിച്ചുകള്‍.

പിന്നിലെ സീറ്റുകളിലേക്ക് കടന്നിരിക്കുന്നത് കുറച്ച് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. എങ്കിലും ഇരുന്നു കഴിഞ്ഞാല്‍ കംഫര്‍ട്ടബിള്‍ ആണ് സീറ്റിങ് പൊസിഷന്‍.

ഇനി സുപ്രധാന ഭാഗത്തിലേക്കു വരാം. എഞ്ചിന്‍ 1368 സി.സി., ടി ജെറ്റ് പെട്രോള്‍ ആണ്, 158 ബി എച്ച് പി പ്യൂണ്ടോ ഇവോ അബാര്‍ത്തിലേതുപോലെ തന്നെ. വളരെ ചെറിയൊരു ടര്‍ബോലാഗ് ഉണ്ട് എന്നതു ശരി തന്നെ. പക്ഷേ, 2500 ആര്‍ പി എം കടക്കുമ്പോള്‍ വന്യമായ ആവേശത്തോടെ 595 കുതിച്ചു പായും. എന്നാല്‍ ചെറിയ ആര്‍ പി എമ്മിലും എഞ്ചിന്‍ നോക്കിങ് ഇല്ലാതെ ഓടിച്ചു പോവുകയുമാവാം. 6500 ആര്‍ പി എം വരെ സമാനതകളില്ലാത്ത ഹരം പകരുന്ന ഡ്രൈവ് തരും ഈ ഹാച്ച്ബാക്ക്. കൂടുതല്‍ ആവേശം വേണമെന്നുള്ളവര്‍ക്കായി സ്‌പോര്‍ട്ട് മോഡുണ്ട്. അതിലേക്ക് മാറുമ്പോള്‍ ടോര്‍ക്ക് 21.01 കി.ഗ്രാം മിറ്ററില്‍ നിന്ന് 23.45 കി.ഗ്രാം മിറ്ററായി മാറുന്നു. മുന്നിലെ ടി എഫ് ടി സ്‌ക്രീനില്‍ ത്രോട്ട്‌ലിന്റെ എത്ര ശതമാനം ഉപയോഗിക്കപ്പെടുന്നുണ്ട് എന്നു കാണാം. ജിഫോഴ്‌സിന്റെ സൂചികയും മീറ്റര്‍ കണ്‍സോളിലുണ്ട്.

5സ്പീഡ് ഓട്ടോമാറ്റിക് (എ എം ടി) ഗിയര്‍ബോക്‌സാണ് 595-ന്റേത്. കൂടാതെ പാഡ്ല്‍ഷിഫ്റ്റുമുണ്ട്. 7.4 സെക്കന്റുമതി, 100 കി.മീ. വേഗത കൈവരിക്കാന്‍. 205 കി.മീ/മണിക്കൂറാണ് പരമാവധി വേഗത.

ബോഡി കണ്‍ട്രോള്‍, ഗ്രിപ്പ് എന്നിവയൊക്കെ അതിശയിപ്പിക്കുംവിധത്തില്‍ ഈ ചെറുകാര്‍ നല്‍കുന്നുണ്ട്. ഡാഷ്‌ബോര്‍ഡിലെ സ്വിച്ചുവഴി ടോര്‍ക്ക് ട്രാന്‍സ്ഫര്‍ കണ്‍ട്രോള്‍ ചെയ്യാം. സ്പിന്‍ ചെയ്യുന്ന വീല്‍ ബ്രേക്ക് ചെയ്ത് വാഹനത്തെ നിയന്ത്രിക്കാന്‍ അങ്ങനെ സാധിക്കും.

സ്മാര്‍ട്ട് ഡ്രൈവ് ടെസ്റ്റ് ഡ്രൈവ് ചെയ്ത 595 അബാര്‍ത്ത് ഫിയറ്റിന്റെ കോഴിക്കോട്ടെ ഡീലറായ കെ വി ആര്‍ കാര്‍ പ്രൈവറ്റ് ലിമിറ്റഡ് ജെ എം ഡി സുജിത് റാം പാറയിലിന്റേതാണ്. ഇന്ത്യയില്‍ ആദ്യമായി ഈ വാഹനം സ്വന്തമാക്കിയതും സുജിത് തന്നെ. ഏതാണ്ട് 30 ലക്ഷം രൂപ കൊടുക്കണം, ഈ പരാക്രമശാലിയായ ഹാച്ച്ബായ്ക്കിനെ സ്വന്തം വീടിന്റെ കാര്‍പോര്‍ച്ചില്‍ കെട്ടിയിടാന്‍. പക്ഷേ, 595 കോമ്പറ്റീസിയോണ്‍ ഓടിക്കുന്നത് ഇതിലും പവര്‍ കൂടിയ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിലും ഹരം പകരുന്ന അനുഭവമാണ്. ഫിയറ്റ് ഇനിയും ഇത്തരം തകര്‍പ്പന്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കട്ടെ എന്നാശംസിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍