UPDATES

വിദേശം

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ ഫിദല്‍ കാസ്ട്രോ

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയുള്ള ആദര സൂചകമായി അള്‍ജീരിയ 8 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കാസ്ട്രോയുടെ മരണം ‘ആഫ്രിക്കന്‍ ജനതയ്ക്ക് ഒരു വലിയ നഷ്ടമാണ്’  എന്ന്‍ പ്രസിഡണ്ട് അബ്ദെല്‍ അസീസ് ബൌറ്റെഫ്ലിക ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

വടക്കേ ആഫ്രിക്കയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ക്ക് അകലെയുള്ള ഒരു ചെറിയ ദ്വീപിലാണ് അദ്ദേഹം ഭരിച്ചിരുന്നതെങ്കിലും 20-ആം നൂറ്റാണ്ടിലെ ഭൌമരാഷ്ട്രീയത്തിലെ അതികായനായിരുന്നു കാസ്ട്രോ. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ നുകങ്ങളില്‍ നിന്നും വിമോചനം നേടി ഉയര്‍ന്നുവന്നിരുന്ന പല സമൂഹങ്ങളുടെയും പ്രചോദനവുമായിരുന്നു അദ്ദേഹം.

1959-ലെ ക്യൂബന്‍ വിപ്ലവത്തിന് അല്‍പനാളുകള്‍ക്കുളില്‍ കാസ്ട്രോയുടെ ദൂതന്മാര്‍, ഫ്രാന്‍സുമായി രൂക്ഷമായ വിമോചനപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന അള്‍ജീരിയന്‍ പോരാളികളുമായി ബന്ധം സ്ഥാപിച്ചു. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ യു.എസ് അനുകൂല ഏകാധിപത്യത്തിന്റെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ക്യൂബയിലെ ബുദ്ധിജീവികള്‍ അള്‍ജീരിയന്‍ വിമോചനപ്പോരാട്ടത്തെ ആരാധനയോടെയാണ് നോക്കിക്കണ്ടിരുന്നത്. ആ ബഹുമാനം പരസ്പരമുള്ളതായിരുന്നു. ഫ്രഞ്ചുകാരുടെ തടവിലായിരിക്കെ കാസ്ട്രോയുടെയും ഒളിപ്പോരാളികളുടെയും അമ്പരപ്പിക്കുന്ന വിജയത്തിന്റെ വാര്‍ത്തകള്‍ താന്‍ സൂക്ഷ്മമായി നോക്കിയിരുന്നതായി ആദ്യ അള്‍ജീരിയന്‍ പ്രസിഡണ്ട് കൂടിയായിരുന്ന അഹമ്മെദ് ബെന്‍ അല്ല പറഞ്ഞിട്ടുണ്ട്.

1961-ല്‍ കാസ്ട്രോയുടെ ക്യൂബ ഹവാനയില്‍ നിന്നും അള്‍ജീരിയന്‍ പോരാളികള്‍ക്ക് ഒരു ചെറിയ കപ്പലില്‍ ആയുധങ്ങള്‍ അയച്ചുനല്‍കി. പരിക്കേറ്റ 76 അള്‍ജീരിയന്‍ പോരാളികളെയും യുദ്ധത്തില്‍ അനാഥരായ 20 കുട്ടികളേയും ക്യൂബയിലേക്ക് കൊണ്ടുവന്നു. 1962-ലെ അള്‍ജീരിയന്‍ വിജയത്തിനു ശേഷം ബന്ധം കൂടുതല്‍ ശക്തമായി. അള്‍ജീരിയയിലെ മോശമായ ആരോഗ്യരക്ഷ സംവിധാനങ്ങള്‍ ശരിയാക്കാന്‍ ക്യൂബന്‍ ഡോക്ടര്‍മാരെ അയച്ചു. (1000-ത്തോളം പേര്‍ ഇപ്പൊഴും അവിടെ ജോലിചെയ്യുന്നു) ക്യൂബന്‍ സേന അള്‍ജീരിയന്‍ സേനയെ പരിശീലിപ്പിച്ചു.


ഫിഡല്‍ കാസ്ട്രോയും അബ്ദെല്‍ അസീസ് ബൌറ്റെഫ്ലികയും
 
പുതിയ രണ്ടു ഭരണകൂടങ്ങളും പടിഞ്ഞാറന്‍ കൊളോണിയലിസത്തില്‍ നിന്നും മുതലാളിത്തത്തില്‍ നിന്നും മുക്തമായ ഒരു സാമ്രാജ്യത്വാനന്തര കാലത്തിന്റെ പുതിയ വക്താക്കളായി സ്വയം കരുതി.

“അള്‍ജീരിയയിലെയും ക്യൂബയിലെയും ജനതയ്ക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിനും സ്വയം-നിര്‍ണയാവകാശത്തിനും വേണ്ടി കടുത്തതും സുന്ദരവുമായ പോരാട്ടം നടത്തേണ്ടിവന്നു,” 1962-ല്‍ ബെന്‍ ബെല്ലയെ സ്വീകരിച്ചുകൊണ്ടു കാസ്ട്രോ പറഞ്ഞു. “രണ്ടു വിപ്ലവങ്ങളും തിരിച്ചുപോക്കില്ലാത്തവയാണ്.”

അള്‍ജീരിയന്‍ വിമോചന്നപ്പോരാട്ടത്തിന്റെ ഇടതുപക്ഷ സൈദ്ധാന്തികനായ ഫ്രാന്‍സ് ഫാനന്‍ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ കൃതിയായ “The Wretched of the Earth”-ല്‍ കാസ്ട്രോയെ പ്രകീര്‍ത്തിക്കുന്നുണ്ട്. “നൂറ്റാണ്ടുകളായുള്ള പടിഞ്ഞാറന്‍ കശാപ്പിനും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരെ നില്‍ക്കുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വം ഇതാ.”

“ഐക്യ രാഷ്ട്ര സഭയില്‍ കാസ്ട്രോ സൈനിക വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നത് അവികസിത രാജ്യങ്ങളെ അലോസരപ്പെടുത്തുകയില്ല,” ഫാനന്‍ എഴുതി. തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഹിംസയുടെ ആധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച്  തനിക്കുള്ള ബോധത്തെയാണ് കാസ്ട്രോ പ്രകടിപ്പിക്കുന്നത്.”

ഒരുപക്ഷേ ഫാനന്‍ കരുതിയിട്ടില്ലാത്ത കാരണങ്ങളാല്‍ അത് പല മാനങ്ങളും ഉള്ളതായി മാറി. ക്യൂബയിലും അള്‍ജീരിയയിലും വിപ്ലവകാരികള്‍ പിടിമുറുക്കുകയും വിമത ശബ്ദങ്ങളെ നിര്‍ദയം അടിച്ചമര്‍ത്തുന്ന ഏകകക്ഷി ഭരണകൂടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ശീതയുദ്ധ കാലത്തും അറബ് ലോകത്തിന്റെ രാഷ്ട്രീയത്തിലും അവര്‍ പങ്കുവെച്ച മൂന്നാം ലോക ഐക്യദാര്‍ഢ്യം യഥാര്‍ത്ഥവും നിര്‍ണായകവുമായ ഒന്നായിരുന്നു. 

ക്യൂബ സോവിയറ്റ് യൂണിയന്റെ ചുറ്റുവട്ടത്തായി മാറിയപ്പോഴും മോസ്കോയുടെയും വാഷിംഗ്ടണിന്റെയും താത്പര്യങ്ങളില്‍ നിന്നും മാറി, സ്വതന്ത്രമായ ഒരു ആഗോള ചേരിയാകാന്‍ ശ്രമിച്ച- മിക്കവാറും പരാജയപ്പെട്ടെന്ന് നിരീക്ഷകര്‍ കരുതുന്ന- ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു കാസ്ട്രോ. ഈ നേതൃശേഷിയിലാണ് സബ് സഹാറന്‍ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും യു.എസ് പിന്തുണയുള്ള കൊളോണിയല്‍ വ്യവസ്ഥയ്ക്കും സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കുമെതിരായുള്ള വിപ്ലവകരമായ സമരങ്ങള്‍ക്കൊപ്പം ക്യൂബ ചേര്‍ന്നത്.

പശ്ചിമേഷ്യയിലും കാസ്ട്രോയുടെ സ്വാധീനം പ്രകടമായിരുന്നു. 1950-ല്‍ കാസ്ട്രോയുടെ സഖാവായിരുന്ന ചെ ഗവേര, അന്ന് അറബ് ലോകത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്ന സോഷ്യലിസ്റ്റ്, ദേശീയ മുന്നേറ്റങ്ങളുമായി ക്യൂബന്‍ വിപ്ലവത്തെ ബന്ധിപ്പിക്കാന്‍ മേഖലയില്‍ നിരവധി സന്ദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. അറബ് ലോകത്തെ വലിയ നേതാക്കളുമായി കാസ്ട്രോ പൊതുധാരണകള്‍ പങ്കുവെച്ചു; ഈജിപ്തിലെ അബ്ദെല്‍ നാസര്‍, സിറിയയിലെ ഹഫേസ്-അല്‍-അസദ്, ലിബിയന്‍ ഏകാധിപതി മുഹമ്മദ് ഗദ്ദാഫി.

പലസ്തീന്‍ സ്വാതന്ത്ര്യപോരാട്ടത്തെ പൂര്‍ണമായും പിന്തുണച്ച കാസ്ട്രോ പലസ്തീന്‍ വിമോചന സംഘടന നേതാവ് യാസര്‍ അരാഫത്തിന്റെ സുഹൃത്തായിരുന്നു. പലസ്തീന് സൈനിക സഹായം വാഗ്ദാനം ചെയ്തതോടൊപ്പം, പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യൂബന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരവും നല്കി.

“രാഷ്ട്രീയവും സൈനികവും തൊഴില്‍ പരിശീലനവും അടക്കം എല്ലാ തലത്തിലും ക്യൂബ പലസ്തീന്‍കാരെ ശക്തമായി പിന്തുണച്ചു,” അരാഫത്ത് ഫൌണ്ടേഷന്‍ മുന്‍ ഡയറക്ടര്‍ മന്‍സൂര്‍ തഹൌബ് പറഞ്ഞു. “ക്യൂബക്കാര്‍ പലസ്തീന്‍ പോരാളികളെ പരിശീലിപ്പിച്ചു. പലസ്തീനിന്റെ സ്വാതന്ത്ര്യത്തിന്റെ വലിയ വക്താവായിരുന്നു കാസ്ട്രോ.”

സാമ്രാജ്യത്വത്തിനെതിരായുള്ള വലിയ ചെറുത്തുനില്‍പ്പിന്റെ ഭാഗമായിരുന്നു ക്യൂബക്ക് ഇതെല്ലാം. അംഗോളയിലെ ഇടതുപക്ഷ ശക്തികളെ പിന്തുണയ്ക്കാന്‍ സൈന്യത്തെ അയച്ചപ്പോഴും കമ്മ്യൂണിസത്തിനെതിരെ ഒരായുധമാക്കാന്‍ പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കാലത്ത് ദക്ഷിണാഫ്രിക്കാന്‍ ജനതയുടെ പോരാട്ടത്തോടൊപ്പം നില്‍ക്കാനും ക്യൂബ സന്നദ്ധമായത് ഈയൊരു അടിസ്ഥാനത്തിലാണ്.

പക്ഷേ മിക്കപ്പോഴും കാസ്ട്രോയുടെ നടപടികള്‍ സോവിയറ്റ് നയങ്ങളുടെ  തുടര്‍ച്ചയായാണ് കണ്ടത്. ഇസ്രയേലുമായുള്ള സിറിയയുടെ – സോവിയറ്റ് സഖ്യകക്ഷി – 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തിലേക്ക് സൈന്യത്തെ അയച്ചതും യെമനിലെ ആഭ്യന്തര യുദ്ധത്തില്‍- പരാജയപ്പെട്ട പക്ഷത്ത്- പങ്കാളിയായതും ഇതുമൂലമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശം മുസ്ലീം ലോകത്തെ ക്യൂബന്‍ നയത്തിനേറ്റ ആഘാതമായിരുന്നു. മേഖലയിലും ചേരിചേരാ പ്രസ്ഥാനത്തിലും ഈ നീക്കം വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അധിനിവേശത്തെ സ്വാഗതം ചെയ്ത കാസ്ട്രോയുടെ നിലപാട് അദ്ദേഹത്തിന്റെ മൂന്നാംലോക നായക സ്ഥാനത്തിന് മങ്ങലേല്‍പ്പിച്ചു.

എന്നിട്ടും യു.എസ് പിന്തുണയുള്ള ഷാ മൊഹമ്മദ് റെസ പഹ്ലാവിക്ക് എതിരായ, ആദ്യം ഇടതുപക്ഷ മുന്നേറ്റമായി തുടങ്ങുകയും പിന്നീട് ഇസ്ലാമിക് നേതൃത്വത്തിന്റെ കൈകളിലേക്ക് മാറുകയും ചെയ്ത 1979-ലെ ഇറാനിയന്‍ വിപ്ലവത്തെ പിന്തുണച്ചത് ഹവാനയുടെ സര്‍ക്കാര്‍ നയം നിരീശ്വരവാദമാണെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ കാസ്ട്രോയ്ക്ക്  എക്കാലത്തും അടുപ്പം ഉണ്ടാക്കിക്കൊടുത്തു.

2001-ല്‍ കാസ്ട്രോ ആദ്യമായി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ അതൊരു രാഷ്ട്രത്തലവന്റെ സന്ദര്‍ശനം മാത്രമായിരുന്നില്ല ഒരു താരത്തിന്റെ വരവ് കൂടിയായിരുന്നു. കാസ്ട്രോയുടെ ചെറുപ്പം ഓര്‍ക്കാനുള്ള പ്രായമില്ലാത്ത വിദ്യാര്‍ത്ഥികളടങ്ങിയ ടെഹ്റാന്‍ സര്‍വ്വകലാശാലയിലെ ജനക്കൂട്ടം ‘ഫിദല്‍! ഫിദല്‍!’ എന്നാര്‍പ്പുവിളിച്ചു. ഇറാനിലെ 1979-ലെ വിപ്ലവത്തെക്കുറിച്ചുള്ള ഓരോ പരാമര്‍ശവും കയ്യടി വാങ്ങി. യു.എസിനെ വിമര്‍ശിക്കാനുള്ള ഒരവസരവും കാസ്ട്രോ പാഴാക്കിയില്ല. “സാമ്രാജ്യത്വ രാജാവ്” എന്നാണ് തനിക്ക് ബഹുമാനാര്‍ത്ഥമുള്ള ബിരുദം നല്കിയ സര്‍വകലാശാല ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്.

“നിങ്ങള്‍ കണ്ടതുപോലെ യു.എസുമായുള്ള തര്‍ക്കത്തില്‍ ഇസ്ലാമിക വിപ്ലവം എക്കാലത്തും ക്യൂബയോടൊപ്പം നിന്നിട്ടുണ്ട്, കാരണം നിങ്ങളുടെ പോരാട്ടം ന്യായമായ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” ഇറാന്റെ പരമ്മോന്നത നേതാവായിരുന്ന അയത്തോള്ള അല്‍ ഖൊമേനി അന്ന് പറഞ്ഞു. “യു.എസ് എന്ന ആഗോള ഔദ്ധത്യത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്കെതിരെ ഞങ്ങളുടെ വിപ്ലവത്തിന്റെ ചെറുത്തുനില്‍പ്പിന്റെ രഹസ്യം ഇസ്ളാമിക മൂല്യങ്ങളിലും തത്വങ്ങളിലും ഉറച്ചുനില്‍ക്കുന്ന ഞങ്ങളുടെ ജനതയുടെ ഉറച്ച വിശ്വാസമാണ്.”

പക്ഷേ, പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂമികയില്‍ വന്ന വലിയ മാറ്റങ്ങളും ശീതയുദ്ധത്തിന്റെ അന്ത്യവും കാസ്ട്രോയുടെ പ്രസക്തി അസ്തമിപ്പിച്ചുകൊണ്ടിരുന്നു. അറബ് രാഷ്ട്രീയത്തെ മതേതര സോഷ്യലിസത്തില്‍ അധിഷ്ഠിതമായ ദേശീയത സ്വാധീനിച്ച കാലത്ത് സോവിയറ്റ് യൂണിയനില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ സഹായമായി കിട്ടിയിരുന്ന ക്യൂബക്ക് സ്വാധീനം ചെലുത്താനുള്ള പല വഴികളുമുണ്ടായിരുന്നു. മോസ്കോയുടെ സഹായം നിന്നതും മേഖലയാകെ വിഭാഗീയ സംഘര്‍ഷങ്ങളില്‍ കുരുങ്ങിയതും ക്യൂബയുടെ ഇടപെടല്‍ ശേഷി കുറച്ചു.

“പൊതുവില്‍, 1960-കളിലെയും 70-കളിലെയും ശക്തമായ കാലത്തിനു ശേഷം പശ്ചിമേഷ്യയെ സംബന്ധിച്ച വിദേശനയം എന്തായിരിക്കണമെന്ന കാര്യത്തില്‍ ക്യൂബയ്ക്ക് ആശയക്കുഴപ്പമുള്ളതായി കാണാം,”പശ്ചിമേഷ്യ ചരിത്രകാരന്‍ ജുവാന്‍ കൊല്‍ എഴുതുന്നു. “കൊളോണിയലാനന്തരകാലം, മൂന്നാംലോകവാദം, സാമ്രാജ്യത്വ വിരുദ്ധത എന്നിവ നിര്‍ണായകമായിരുന്ന കാലഘട്ടത്തില്‍ ക്യൂബയ്ക്ക് വിദേശനയ വിജയങ്ങളുണ്ടായി. പക്ഷേ മുസ്ലീം യാഥാസ്ഥിതികത്വം ഒരു വിപ്ലവ ശക്തിയായി ഉയര്‍ന്നുവന്നത് ഹവാനക്കു സ്വീകാര്യമല്ലായിരുന്നു.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍