UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; ഫിഡല്‍ കാസ്‌ട്രോയുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്

Avatar

1976 ഡിസംബര്‍ 2

1976 ഡിസംബര്‍ രണ്ടിന് ലോകത്തെ ഏറ്റവും വിഖ്യാത വിപ്ലവകാരികളിലൊരാളായ ഫിഡല്‍ അലെജാന്ദ്രോ കാസ്‌ട്രോ റൂസ് ക്യൂബയുടെ പ്രസിഡന്‌റായി അധികാരമേറ്റു. 1959-ലെ വിപ്ലവ വിജയം മുതല്‍ ക്യൂബയുടെ അനിഷേധ്യ നേതാവായിരുന്ന ഫിഡല്‍ കാസ്‌ട്രോ ഇരു അമേരിക്കന്‍ വന്‍കരകളിലേതുമായി ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. 1959 മുതല്‍ 1976 വരെ ക്യൂബയുടെ പ്രധാനമന്ത്രി (പ്രീമിയര്‍) ആയിരുന്നു ഫിഡല്‍ കാസ്‌ട്രോ. 1976 മുതല്‍ 2008 വരെ കാസ്‌ട്രോ പ്രസിഡന്‌റായി തുടര്‍ന്നു.

ഡിസംബര്‍ രണ്ട് കാസ്‌ട്രോയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ദിവസമാണ്. ഫെല്‍ഗെന്‍ഷ്യോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പുറത്താക്കി ജനകീയ വിപ്ലവം നടപ്പാക്കുന്നതിനായി മെക്‌സിക്കോയില്‍ നിന്ന് പുറപ്പെട്ട ഫിഡലിന്‌റെ 82 അംഗ ഗറില്ലാ സംഘം ക്യൂബയിലെത്തിയത് ഈ ദിവസമാണ്. പരാജയത്തോടെയായിരുന്നു തുടക്കം. ബാറ്റിസ്റ്റ സൈന്യത്തിന്‌റെ ആക്രമണത്തില്‍ ഫിഡലിന്‌റെ വിപ്ലവപ്പട വലിയ നാശം നേരിട്ടു. ജീവനോടെ അവശേഷിച്ചത് 12 പേര്‍ മാത്രം. ആ 12 പേരില്‍ നിന്ന് വളര്‍ന്ന് പുനഃസംഘടിക്കപ്പെട്ട 26 ജൂലായ് പ്രസ്ഥാനമാണ് പിന്നീട് ക്യൂബയുടെ ഭരണം പിടിച്ചെടുക്കുന്നത്.  

അതിന് ഒരു വര്‍ഷം മുമ്പ് 1955-ലാണ് ഫിഡലും സഹോദരന്‍ റൗള്‍ കാസ്‌ട്രോയുമടക്കമുള്ളവര്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി. മെക്‌സിക്കോയിലേയ്ക്ക് പലായനം ചെയ്തത്. 1953-ലെ മൊണ്‍കാഡ സൈനിക ബാരക് ആക്രമണ കേസില്‍ ഫിഡലും റൗളും ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷാ ഇളവ് നേടി 1955ലാണ് അവര്‍ പുറത്തിറങ്ങുന്നത്. അക്കാലത്ത് ഫിഡല്‍ ഇങ്ങനെയെഴുതി: നമ്മള്‍ യാചിക്കുന്നത് നിര്‍ത്തി നമ്മുടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങേണ്ട സമയമായിരിക്കുന്നു. മെക്‌സിക്കോയില്‍ വച്ച് അര്‍ജന്‌റീനയില്‍ നിന്നുള്ള യുവ ഡോക്ടര്‍ ഏണസ്‌റ്റോ ഗുവേരയുമായി കാസ്ട്രോ പരിചയപ്പെടുന്നു. തന്നേക്കാള്‍ വലിയ വിപ്ലവകാരിയെന്ന്, ചെ എന്ന് വിളിക്കുന്ന ഏണസ്റ്റോ ഗുവേരയെ പിന്നീട് ഫിഡല്‍ കാസട്രോ വിശേഷിപ്പിക്കുന്നുണ്ട്. 

1956 നവംബര്‍ 25-നാണ് മെക്‌സിക്കോയിലെ വെരാക്രൂസിലുള്ള ടക്‌സപാന്‍ തീരത്ത് നിന്ന് ഗ്രാന്‍മ എന്ന ചെറു കപ്പലില്‍ ഫിഡലും സംഘവും ക്യൂബയിലേയ്ക്ക് പുറപ്പെട്ടത്. ഒരാഴ്ചത്തെ കപ്പല്‍ യാത്ര ദുരിതപൂര്‍ണമായിരുന്നു. ഭക്ഷണത്തിന്‌റെ കുറവ് വലിയ പ്രശ്‌നമായി. പലര്‍ക്കും കടല്‍യാത്രയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ എത്താമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒരാഴ്ചയെടുത്തു.

1961ല്‍ വീണ്ടുമൊരു ഡിസംബര്‍ രണ്ടിന് ഫിഡല്‍ കാസ്‌ട്രോ ആദ്യമായി താനൊരു മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ആ വര്‍ഷം ജനുവരിയില്‍ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം അമേരിക്ക വിച്ഛേദിച്ചിരുന്നു. ഏപ്രിലില്‍ അമേരിക്ക പരിശീലിപ്പിച്ച വിമത തീവ്രവാദികള്‍ കാസ്‌ട്രോ ഗവണ്‍മെന്‌റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ബേ ഓഫ് പിഗ്‌സ് ആക്രമണം എന്നറിയപ്പെട്ട അട്ടിമറി ശ്രമം ആസൂത്രണം ചെയ്തത് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആയിരുന്നു. ബേ ഓഫ് പിഗ്‌സിലെ തോല്‍വി അമേരിക്കയ്ക്ക് വലിയ ക്ഷീണമായി. ഇതിനെല്ലാം പിന്നാലെയായിരുന്നു താനൊരു മാര്‍ക്‌സിസ്റ്റാണെന്ന് കാസ്‌ട്രോ വ്യക്തമാക്കിയത്. മരണം വരെ താനൊരു മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റായിരിക്കുമെന്ന് ഫിഡല്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. മാര്‍ക്‌സിസം അല്ലെങ്കില്‍ ശാസ്ത്രീയ സോഷ്യലിസമാണ് തൊഴിലാളി വര്‍ഗത്തിന്‌റെ വിപ്ലവപ്രസ്ഥാനമെന്ന് ഫിഡല്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍