UPDATES

വിദേശം

വിവ ഫിഡല്‍

Avatar

ഫ്രെഡി കെ താഴത്ത്

 

ഫിഡല്‍ കാസ്‌ട്രോയുടെ മരണത്തോടു കൂടി 20-21-ാം നൂറ്റാണ്ടുകളില്‍ നിറഞ്ഞുനിന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടതതിന്റേയും അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള സോഷ്യലിസ്റ്റ് ക്യൂബയുടേയും ദീര്‍ഘിച്ച സമരപോരാട്ടങ്ങളുടെ അധ്യായമാണ് മറയുന്നത്.

 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉദിച്ചുയര്‍ന്ന മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് നേതാക്കളില്‍ നെടുനായകത്വം വഹിക്കുന്ന പ്രതിഭയാണ് ഫിഡല്‍ കാസ്‌ട്രോ. അതേ സമയം തന്നെ ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ മര്‍ദ്ദിത ജനകോടികളുടെ പ്രതിനിധി കൂടിയായി തീര്‍ന്നു അദ്ദേഹം. ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരത്തും അദ്ദേഹം നേതൃത്വം വഹിച്ചു. കറുത്ത വര്‍ഗക്കാരുടേയും പാലസ്തീനികളുടേയും കിഴക്കന്‍ ഏഷ്യന്‍ ജനതയുടേയും ഇന്ത്യയുടേയും സാമ്രാജ്യത്വ വിരുദ്ധ പോര്‍മുഖങ്ങളില്‍, സാമ്രാജ്യത്വ വിരുദ്ധ പ്രതിസന്ധികളില്‍ അദ്ദേഹം കലവറയില്ലാത്തതും മുഖരിതവുമായ സൗഹൃദം പ്രകടിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്.

 

അംഗോളയുടെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ വിമോചന യുദ്ധത്തില്‍ 90,000 ക്യൂബന്‍ സൈനികരാണ് പൊരുതിയത്. ഏറ്റവുമവസാനം ഇന്‍ഡോനേഷ്യയില്‍ നിന്ന് കിഴക്കന്‍ തിമൂര്‍ വേര്‍പെട്ട് പോയപ്പോള്‍ ഉണ്ടായ ആഭ്യന്തര കലാപത്തില്‍ പരിക്കേറ്റവരും രോഗികളുമായ മനുഷ്യരെ സഹായിക്കാന്‍ 1,500 ക്യൂബന്‍ ഡോക്ടര്‍മാരെയാണ് കാസ്‌ട്രോ നേരിട്ട് അയച്ചത്.

 

ബാലന്‍സ് ഷീറ്റില്‍ എത്രയെന്ന് നോക്കാതെ, രാഷ്ട്രീയ പക്ഷപാതിത്വം നോക്കാതെ സാമ്രാജ്യത്വവിരുദ്ധ, പുരോഗമന, മതേതര, ജനാധിപത്യ ശക്തികളെ ലോകമെങ്ങും സഹായിക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുക എന്ന നയമാണ് ഫിഡലിന്റെ ക്യൂബ സ്വീകരിച്ചത്. അതുതന്നെയാണ് സോവിയറ്റ് യൂണിയന്‍ കടപുഴകിയിട്ടും അചഞ്ചലമായി സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ക്യൂബ നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഫിഡലിന് കഴിഞ്ഞത്.

 

 

വാഴ്‌സാ സഖ്യശക്തികള്‍ ചിതറിപ്പോയിട്ടും സാമ്രാജ്യത്വത്തിന്റെ ആസുര സൈനിക ശക്തിക്കു മുന്നില്‍ ക്യൂബ സ്‌ഥൈര്യത്തോടെ നിന്നത് ലോകജനതയുടെ ഈ ബൃഹദ് സാഹോദര്യത്തിന്റെ ശക്തമായ പിന്തുണയിലാണ്. അങ്ങനെ മര്‍ദ്ദിത ജനതയേയും ക്യൂബയേയും വിളക്കിച്ചേര്‍ത്ത കണ്ണിയായിരുന്നു ഫിഡല്‍ കാസ്‌ട്രോ.

 

സോവിയറ്റ് യൂണിയന്റെ വീഴ്ചയ്ക്ക് ശേഷം സോഷ്യലിസ്റ്റ് ക്യാമ്പ് തകര്‍ച്ച നേരിട്ടപ്പോള്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ സഖ്യത്തിന്റേയും സാമ്രാജ്യത്വ ക്യാമ്പിന്റേയും ഉള്ളിലേക്ക് ആവാഹിക്കപ്പെട്ടപ്പോള്‍ ലോകം സാമ്രാജ്യത്വത്തിന്റെ ചവിട്ടടിയില്‍ പൂര്‍ണമായി വീണു കഴിഞ്ഞു എന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധീശത്വത്തിനും പട്ടാളഭരണങ്ങള്‍ക്കുമെതിരെ ജനകീയ മുഖത്തോടെ ഒരു പുതിയ സോഷ്യലിസ്റ്റ് ഉന്മുഖ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുകയായിരുന്നു. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസ് മുതല്‍ ചിലിയിലെ മിഷേല്‍ ബാഷേല, ബ്രസീലില്‍ ലുല, ഉറുഗ്വയില്‍ വാസ്‌ക്വേസ്, നിക്വരാഗോയില്‍ ഒര്‍ട്ടേഗ എന്നിങ്ങനെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും വലതുപക്ഷ പട്ടാളഭരണങ്ങളെ മുറിച്ചുകടന്ന് ഭരണത്തിലേക്ക് എത്തിയത് കാസ്‌ട്രോയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ഉറ്റസുഹൃത്തുക്കളായിരുന്നു.

 

ഞങ്ങള്‍ ലാറ്റിനമേരിക്കക്കാര്‍ ഒറ്റ രാജ്യക്കാരാണെന്ന് ചെഗുവേ പറഞ്ഞത് സോവിയറ്റ് യൂണിയന്റെ വീഴ്ചകള്‍ക്കു ശേഷവും നടപ്പാവുകയായിരുന്നു. സോഷ്യലിസ്റ്റ് തകര്‍ച്ചയുടെ ഇരുണ്ട നാളുകളില്‍ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി തുലാസിന്റെ തട്ട് തിരിച്ച മഹാനായ നേതാവായി, സന്ദിഗ്ദ്ധതയെ നേരിട്ട ദാര്‍ശനിക വിപ്ലവകാരിയായി ചരിത്രം അദ്ദേഹത്തെ കുറിക്കുമെന്നുള്ളത് നിശ്ചയമാണ്.

 

ഉത്പാദനത്തിന്റേയും സാംസ്‌കാരിക വളര്‍ച്ചയുടേയും മേഖലകളെ ഒരുപോലെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച സോഷ്യലിസ്റ്റ് നേതാവാണ് ഫിഡല്‍ കാസ്‌ട്രോ എന്നത് സോവിയറ്റ് യൂണിയന്റേയോ മറ്റേതൊരു സോഷ്യലിസ്റ്റ് മാതൃകയുടേയോ മേലേ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കാര്യമാണ്.

 

വിഭവങ്ങള്‍ വളരെ കുറവും ജനസംഖ്യ ആപേക്ഷികമായി ചെറുതുമായ, കൊടുങ്കാറ്റുകളും ഹരിക്കെയ്‌നുകളും നേരിടുന്ന, അജ്ഞതയും രോഗപീഡയും നേരിടുന്ന കര്‍ഷകരും പ്രാങ് തൊഴിലാളികളും നിറഞ്ഞ രാജ്യമായിരുന്നു ഫിഡല്‍ ഉയര്‍ന്നു വരുന്നതിനു മുമ്പുള്ള ക്യൂബ. ലോകം കണ്ട ഏറ്റവും ഫലപ്രദമായ സാക്ഷരതാ മിഷന്‍, ഏറ്റവും ഉയര്‍ന്ന ആരോഗ്യപരിപാലനം, ഏറ്റവും ഉയര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റും നടപ്പാക്കിയ രാജ്യവുമായി പിന്നീട് ക്യുബ മാറി.

 

ജനങ്ങളെ അണിനിരത്തിയ മഹാറാലികളിലൂടെയും ഓരോ പണിശാലയിലും നേരിട്ടെത്തി ചര്‍ച്ച ചെയ്യുന്നതിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതി വികസിപ്പിച്ചെടുത്തത് ഫിഡലാണ്. ഭീമാകാരങ്ങളായ ചിത്രങ്ങളോ പ്രതിമകളോ ഫിഡലിനെ ഓര്‍ക്കാന്‍ ക്യൂബയ്ക്ക് ആവശ്യമില്ല എന്നുള്ളത് ഈ പരമാര്‍ഥത്തിനാലാണ്.

 

രണ്ടു നൂറ്റാണ്ടുകള്‍ കാല്‍വച്ചിരുന്ന കരീബിയന്‍ കൊച്ചുദ്വീപില്‍ നിന്ന് ഉയര്‍ന്നുവന്ന ജനങ്ങളുടെ കമാന്‍ഡന്റ്, ചെഗുവേരയുടെ തോഴന്‍, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ അതികായന്‍ – അതാണ് ഫിഡല്‍ കാസ്‌ട്രോ. ഏതു നിറഭേദങ്ങളിലും ഉള്ള സോഷ്യലിസ്റ്റുകളുടേയും ഇടതുപക്ഷ പ്രവര്‍ത്തകരുടേയും സമാധാന പ്രവര്‍ത്തകരുടേയും ആശാദീപമായിരുന്നു അദ്ദേഹം.

 

 

അഫ്ഗാന്‍ യുദ്ധവും രണ്ട് ഗള്‍ഫ് യുദ്ധങ്ങളും ലിബിയയിലെ കടന്നുകയറ്റങ്ങളും ഐ.എസിന്റെ സൃഷ്ടിയും അടക്കമുള്ള എല്ലാ കാര്യങ്ങളെപ്പറ്റിയും അപ്പപ്പോള്‍ മുന്നറിയിപ്പ് തരുന്നതിനും നിശിതമായി വിശകലനം ചെയ്യുന്നതിനും അവസാന ശ്വാസം വരെ അദ്ദേഹം ശ്രമിച്ചിരുന്നു.

 

വിഷമമുള്ള പാഠങ്ങള്‍ അപ്പപ്പോള്‍ ഹൃദിസ്ഥമാക്കി പാഠപുസ്തകത്തില്‍ നിന്ന് ആ പേജുകള്‍ കീറിയെറിയുന്ന വിദ്യാര്‍ഥിയെയാണ് അദ്ദേഹത്തിന്റെ അധ്യാപകര്‍ക്ക് ഓര്‍മയെങ്കില്‍ താന്‍ നേരിട്ട ചരിത്രത്തിലെ വിഷമമുള്ള പാഠങ്ങള്‍ നിര്‍ദാരണം ചെയ്യുന്നതിലൂം അദ്ദേഹം അതേ നിശിതത്വം കാണിച്ചിരുന്നു.

 

സ്വകാര്യ ജീവിതവും രാഷ്ട്രീയ ജീവിതവും തികച്ചും രണ്ടാക്കി കാണുകയും സ്വകാര്യമായ എല്ലാ നഷ്ടങ്ങള്‍ക്കുമപ്പുറം സ്വന്തം ജനതയെ സ്‌നേഹിക്കുകയും ചെയ്ത അദ്ദേഹത്തെ നിഷ്‌കാസനം ചെയ്യാനും വധിക്കാനുമായി സിഐഎ നടത്തിയ എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തിക്കൊണ്ടാണ് ലോകത്തിന്റെ ആ ദീപസ്തംഭം നിലനിന്നിരുന്നത്. അതാണ് ഇന്ന് ലോകത്തെ ദു:ഖിപ്പിച്ചുകൊണ്ട് അണഞ്ഞുപോയത്.

 

ദശലക്ഷങ്ങള്‍ ഇന്ന് ലാറ്റിനമേരിക്കയില്‍ വിവ ഫിഡല്‍ (Long Live Fidel) എന്ന് മനസുവിങ്ങി ആര്‍ത്തു വിളിക്കുന്നുണ്ടാവും. ലോകമെമ്പാടും ആ ക്യാപ് വച്ച താടിക്കാരന്റെ മുഖം മനസിലോര്‍ക്കുന്നുണ്ടാവും. സമാധാനത്തിന്റെ ദീര്‍ഘിച്ച സമരചരിത്രം ഒരു നായകനെക്കൂടി അടയാളപ്പെടുത്തും.

വിവ ഫിഡല്‍

 

(സി.പി.ഐ (എം.എല്‍) റെഡ്ഫ്ലാഗിന്റെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍