UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാല്‍പന്തുകളിക്കാരുടെ സ്വപ്‌നം ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അവസാന വിസില്‍

Avatar

അഴിമുഖം പ്രതിനിധി

കാല്‍പന്തുകളിക്കാരുടെ സ്വപ്നം ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇനി ഇല്ല. ബാലണ്‍ ഡി ഓറിന്റെ ഉടമകളായ ഫ്രഞ്ച് ഫുട്ബാള്‍ പ്രസിദ്ധീകരണം ഫ്രാന്‍സെ ഫുട്ബാളും ലോകഫുട്ബാള്‍ ഗവേണിങ് ബോഡിയായ ഫിഫയും തമ്മിലുള്ള കരാര്‍ അവസാനിപ്പിച്ചതോടെയാണ് ‘ഫിഫ-ബാലണ്‍ ഡി ഓര്‍’ പുരസ്‌കാരത്തിന് അവസാന വിസില്‍ മുഴങ്ങിയത്.

ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്കുള്ള പുരസ്‌കാരമായി 1956 മുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരം നല്‍കിവരുന്നുണ്ട്. ഫ്രാന്‍സെ ഫുട്‌ബോള്‍, 2010 മുതല്‍ ഫിഫയുമായി ചേര്‍ന്നു നല്‍കുന്ന ലോകഫുട്ബാളര്‍ അവാര്‍ഡായിരുന്നു ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം.

മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്‌ളാറ്ററുടെ ഭരണകാലത്തായിരുന്നു ഫിഫയും ബാലണ്‍ ഡി ഓറും ഒന്നിച്ചത്. പുതിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയും ഫ്രാന്‍സെ ഫുട്ബോളുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്ന് കരുതുന്നത്.

ആദ്യത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് ബ്ലാക്ക്പൂള്‍ താരമായിരുന്ന സ്റ്റാന്‍ലി മാത്യുവാണ് (ഇംഗ്ലണ്ട്). ആദ്യത്തെ ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത് ലയണല്‍ മെസിയാണ്. അവസാനത്തെ ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും മെസി തന്നെയായിരുന്നു.

ഫിഫ ലോക ഫുട്ബാളര്‍ പുരസ്‌കാരവും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും പഴയതുപ്പോലെ രണ്ടും രണ്ടായി തുടരുമെന്നാണ് അറിയുന്നത്. ബാലണ്‍ ഡി ഓര്‍ ജേതാക്കളെ യൂറോപ്യന്‍ പ്രമുഖ കളിയെഴുത്തുകാരാണ് തെരഞ്ഞെടുക്കുന്നത്. ഫിഫ പുരസ്‌കാരം, ഫിഫ അംഗീകാരമുള്ള രാജ്യങ്ങളുടെ ദേശീയ ടീം ക്യാപ്റ്റന്‍, കോച്ച്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലുമാണ്.

ഫിഫ-ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 2010 മുതലാണ് ആരംഭിച്ചത്. ഇത് വരെ ആറു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി നാലും (2010, 11, 12, 15), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടും (2013, 14) ജേതാക്കളായി. ഫിഫ വേള്‍ഡ് പ്ലയര്‍ പുരസ്‌കാര മാതൃകയിലാണ് ഫിഫ-ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനായുള്ള തിരഞ്ഞെടുപ്പും. കൂടുതല്‍ പോയന്റ് നേടുന്ന കായികതാരത്തെ തെരഞ്ഞെടുത്ത ശേഷം, അവാര്‍ഡ് നിശയില്‍ ജേതാവിനെ പ്രഖ്യാപിക്കും.

ഫ്രാന്‍സെ ഫുട്ബാളിന്റെ യൂറോപ്യന്‍ ഫുട്ബാള്‍ പുരസ്‌കാരമായി 1956 മുതലായിരുന്നു ബാലണ്‍ ഡി ഓറിന്റെ അവാര്‍ഡ് നല്‍കി തുടങ്ങിയത്. ആദ്യം യൂറോപ്പിനകത്തുള്ള താരങ്ങള്‍ക്കായിരുന്നു പുരസ്‌കാരം നല്‍കിയിരുന്നത്. 1995ല്‍ ഈ നിയമം മാറ്റി. യൂറോപ്പിനു പുറത്തെ ആദ്യ പുരസ്‌ക്കാര ജേതാവും ബാലണ്‍ ഡി ഓര്‍ നേടിയ ഏക ആഫ്രിക്കന്‍ ഫുട്ബാളറും ജോര്‍ജ് വിയയാണ്. തെക്കനമേരിക്കയില്‍ നിന്നുള്ള ആദ്യ പുരസ്‌കാര ജേതാവ് ബ്രസീല്‍ താരം റൊണാള്‍ഡോയായിരുന്നു(1997). മിഷേല്‍ പ്ലാറ്റിനി (1983, 84,85), യൊഹാന്‍ ക്രൈഫ് (1971,73,74), മാര്‍കോ വാന്‍ ബാസ്റ്റന്‍ (1988,89,92) എന്നിവര്‍ മൂന്നു തവണ ജേതാക്കളായി. ഫ്രാന്‍സ് ബെക്കന്‍ബോവര്‍, റൊണാള്‍ഡോ, ആല്‍ഫ്രെഡോ ഡെസ്റ്റിഫാനോ, കാള്‍ ഹെയ്ന്‍സ് റുമിനിഗെ എന്നിവര്‍ രണ്ടു തവണയും ജേതാക്കളായി. 2008ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2009ല്‍ ലയണല്‍ മെസ്സിയും ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു.

മികച്ച ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ വേള്‍ഡ് പ്ലയര്‍ പുരസ്‌കാരം നിലവില്‍ വരുന്നത് 1991ലാണ്. ആദ്യ ജേതാവ് ഇന്റര്‍മിലാന്റെ ലോതര്‍ മതേവൂസായിരുന്നു. ബ്രസീലിന്റെ റൊമാരിയോ(1994) സിനദിന്‍ സിദാന്‍ (1998, 2000, 2003), റൊണാള്‍ഡോ (1996, 97, 2002), റൊണാള്‍ഡീന്യോ(2004,2005) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(2008), മെസി(2009) തുടങ്ങിയവര്‍ ഫിഫ പുരസ്‌കാരം നേടിയവരാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍