UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2014ലെ കുപ്രസിദ്ധമായ 15 ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ (സൂത്രധാരന്മാര്‍ ഇപ്പോള്‍ എവിടെ?)

Avatar

കെയ്റ്റ്‌ലിന്‍ ഡ്യൂവേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2013 ‘വൈറല്‍ പിത്തലാട്ടങ്ങളുടെ വര്‍ഷം’ ആയിരുന്നെങ്കില്‍ 2014 നെ നമ്മളെന്താണ് വിളിക്കുക! ഒരു വയസ്സു മൂപ്പുകൂടിയ, ഇത്തിരി കൂടി വിവേകമുള്ള, ബാലിശമായ കുസൃതികളുടെ വര്‍ഷമെന്നോ?

വ്യാജ വാര്‍ത്ത വ്യവസായത്തിന്റെ വലിയ വളര്‍ച്ച കണ്ട വര്‍ഷമായിരുന്നു 2014. കൂടുതല്‍ ആളുകളെ വായിപ്പിക്കാന്‍ വിശ്വസനീയമായ തരത്തില്‍ ദോഷദര്‍ശനത്തില്‍ രസം കാണുന്ന (ലാഭകരവുമായ) ഒരു സംരംഭം .ഏറ്റവും മോശം വ്യാജ വസ്തുതകളും/ചിത്ര ട്വിറ്റര്‍ അകൗണ്ടുകളും @UberFacts ,@HistoryInPics വന്നൊരു വര്‍ഷം. പലതും കുപ്രസിദ്ധിക്കും അല്ലെങ്കില്‍ നമുക്കറിയാത്ത മറ്റ് പല ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയവ. അതുകൊണ്ടു ഈ വര്‍ഷം ‘വൈറല്‍ പിത്തലാട്ടത്തിനെ’ ഒരു 2014 പ്രതിഭാസമായി പ്രഖ്യാപിക്കാനുള്ള അബദ്ധം നാം കാണിക്കില്ല. പക്ഷേ 2015ലേക്ക് ചില പാഠങ്ങള്‍ പഠിക്കാനാകും. അതുവെച്ച് 2014ലെ പെട്ടെന്നു പ്രചരിച്ച ചില തട്ടിപ്പുകള്‍ നോക്കാം.

1. ‘മൂന്ന് മുലകളുള്ള പെണ്‍കുട്ടി’ ഇല്ല
സെപ്റ്റംബര്‍ മാസത്തില്‍ അലീഷ ഹെസ്ലെര്‍ അഥവാ ജാസ്മിന്‍ ട്രെഡെവിള്‍ ഒരു റിയാലിറ്റി ടി വി ഷോയില്‍ വിജയിക്കാനായി താന്‍ മൂന്നാമതൊരു മുല പിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയെന്നവകാശപ്പെട്ട് ഇന്ഡറര്‍നെറ്റില്‍ തരംഗമായി. (അതൊരു എംടിവി നാടകമായിരുന്നു) മൂന്നാം മുലയാകട്ടെ ഒരു കൃത്രിമ അവയവത്തില്‍ കൂടുതലായി ഒന്നുമായിരുന്നില്ല.

വെബില്‍ താരമായതോടെ, ഹെസ്ലാര്‍ ഇപ്പോള്‍ ഒരു പോപ് താരം എന്ന തരത്തില്‍ പേരെടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സംഗീത ആല്‍ബം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ പുതിയ അവയവം പ്രകടനത്തില്‍ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ അതവളുടെ അഭ്യാസത്തിന്റെ അറയിലുണ്ടാകും.

2, എമ്മ വാട്‌സന്റെ നഗ്‌നചിത്രങ്ങള്‍ 4ചാന്‍ ചോര്‍ത്തിയിട്ടില്ല.
ഒരു കാര്യം വ്യക്തമാക്കാം; ഇക്കൊല്ലത്തെ പല വേലത്തരങ്ങളുടെയും ഉത്തരവാദി 4ചാന്‍ ആയിരിക്കും. പക്ഷേ യു എന്നിലെ എമ്മ വാട്‌സന്റെ് പെണ്‍വാദ പ്രസംഗത്തിന് പ്രതികാരമായി നടിയുടെ നഗ്‌നചിത്രങ്ങള്‍ ചോര്‍ത്തുമെന്ന ഭീഷണിയുടെ ഉറവിടം 4ചാന്‍ അല്ല. മറിച്ച് അത് ‘റാന്റിക്’ എന്നൊരു ഇന്റര്‍നെറ്റ് വിപണന കമ്പനിയുടെ പരസ്യതന്ത്രമായിരുന്നു. കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

3, ‘കുടിച്ചുപൂസായ പെണ്‍കുട്ടി’ ഒരു നാടക വീഡിയോ ആയിരുന്നു.
ഇത് ‘സാമൂഹ്യ പരീക്ഷണ’ ദൃശ്യങ്ങളുടെ ഒരു വര്‍ഷമായിരുന്നു. അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെട്ട ചില പരീക്ഷണങ്ങള്‍ ശരിക്കും തട്ടിപ്പല്ലായിരുന്നെങ്കില്‍ അങ്ങനെയാകുമായിരുന്നു. ‘പൊതുസ്ഥലത്ത് കുടിച്ചു പൂസായ പെണ്‍കുട്ടി’ അഥവാ ഹോലാബാക്കിന്റെ പൂച്ചകരച്ചിലുകളുടെ യഥാര്‍ത്ഥ വീഡിയോവിന്റെ കൂടുതല്‍ ജനപ്രിയമായ പിന്തുടര്‍ച്ച് ശരിക്കും യുക്തിഹീനമായിരുന്നു. ലോസ് ആഞ്ചലസില്‍ മദ്യപിച്ച ഒരു പെണ്‍കുട്ടിയെ ചില സാമൂഹ്യവിരുദ്ധര്‍ ഉപദ്രവിക്കുന്നത് പകര്‍ത്തിയെന്നവകാശപ്പെട്ട അതിന്റെ സൃഷ്ടാവ് വാസ്തവത്തില്‍ അതിലെ ആളുകളെ പരിശീലിപ്പിച്ചു വിട്ടതായിരുന്നു. തുടര്‍ന്ന് നേരിട്ട വലിയ വിമര്‍ശനങ്ങളെ തുടര്‍ന്ന് അതിലെ നടി ജെന്നിഫര്‍ ബോക്‌സ് മാപ് പറഞ്ഞു. നിര്‍മാതാവ് സ്റ്റീഫന്‍ ഷാങ് അതിന്റെ പേര് ‘മദ്യപിച്ച പെണ്‍കുട്ടി പൊതുസ്ഥലത്ത് (അവബോധം വളര്‍ത്താനുള്ള രൂപകം)’ എന്നാക്കി മാറ്റി.

4, ബൈകര്‍മാര്‍ ബ്രൂക്ലിന്‍ പാലം കാല്‍നടയാത്രക്കാര്‍ക്ക് കാഴ്ച്ചവെച്ചില്ല.
വേനല്‍ക്കാലത്ത് ബ്രൂക്ലിന്‍ പാലത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാതമായ ആ വെളുത്ത കൊടികള്‍ ഓര്‍മയില്ലേ? അനധികൃതമായി പൊതുസ്ഥലത്ത് കലാപ്രവര്‍ത്തനം നടത്തുന്ന രണ്ടു ജര്‍മന്‍കാരായിരുന്നു അതിനു പിന്നില്‍. പക്ഷേ അവരത് പറയും മുമ്പ് @BicycleLobby എന്ന ട്വിറ്റര്‍ അകൗണ്ട് അതിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്തു നിറഞ്ഞുനിന്നു. ന്യൂയോര്‍ക് പൊലീസും അത് സൈക്കിളോട്ടക്കാരുടെ എന്തോ പണിയാണെന്ന് ധരിച്ചു. ‘പൊതുസ്ഥലം’ ആഘോഷിക്കുകയാണെന്നായിരുന്നു ജര്‍മന്‍ ദ്വയം പറഞ്ഞത്. എന്തായാലും പൊലീസ് എത്ര ശ്രമിച്ചിട്ടും ട്വിറ്റര്‍ പ്രവാഹം നിലച്ചില്ല.

5, വിരൂപയായ 3 വയസ്സുകാരിയെ മിസിസിപ്പിയിലെ KFC-യില്‍ നിന്നും ഇറക്കിവിട്ടില്ല
പ്രശസ്തിയും പണവും കിട്ടാനുള്ള നാണംകെട്ട ഒരു നാടകത്തില്‍, തങ്ങളുടെ മകളുടെ മുഖത്തെ പാട് മറ്റുള്ളവരെ ഭയപ്പെടുത്തുന്നു എന്നു പറഞ്ഞു KFCയില്‍ നിന്നും ഇറക്കിവിട്ടതായി ഒരു മിസിസിപ്പി കുടുംബം ജൂണ്‍ മാസം ആദ്യം അവകാശപ്പെട്ടു. റെസ്റ്ററന്റ് അത് നിഷേധിച്ചു. ആ കുടുംബം അവിടെ ചെന്നിട്ടെ ഇല്ലായിരുന്നു.

എന്നാലും കുട്ടിയുടെ മുഖത്തെ പാടുകള്‍ യഥാര്‍ത്ഥമായിരുന്നു. ഇക്കൊല്ലം ആദ്യം നായ കടിച്ചതായിരുന്നു അതിനു കാരണം. എന്തായാലും കുട്ടിയുടെ പേരില്‍ ഒക്ടോബര്‍ ആദ്യമായപ്പോഴേക്കും ഒരു ലക്ഷം ഡോളര്‍ സംഭാവന കിട്ടി. ശസ്ത്രക്രിയക്ക് KFC ഒരു സ്ഥാപനത്തിലേക്കായി 30,000 ഡോളറും നല്‍കി. അവരത് സൗജന്യമായി ചെയ്തുകൊടുത്തു. നിരവധി തട്ടിപ്പുകള്‍ക്കിടയില്‍ ഇതിനെന്തായാലും ഒരു സന്തോഷകരമായ അന്ത്യം കിട്ടി.

6, ജസ്റ്റിന്‍ ബീബര്‍ ഒരു റഷ്യക്കാരനെ കരടിയില്‍ നിന്നും രക്ഷിച്ചില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ ജസ്റ്റിന്‍ ബീബറുടെ പാട്ടുള്ള റിംഗ് ടോണ്‍ അടിച്ചതോടെ കരടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട റഷ്യക്കാരനെക്കുറിച്ച് വാര്‍ത്തുകളുടെ കുത്തൊഴുക്കായിരുന്നു. എന്നാല്‍ ഇത് തട്ടിപ്പായിരുന്നെന്നും ബീബര്‍ പാട്ട് കഥ ആസ്ട്രിയന്‍ ടൈംസ് എന്ന ആംഗലേയ വാര്‍ത്ത സൈറ്റ് തര്‍ജ്ജമയില്‍ തിരുകിക്കയറ്റിയതാണെന്നും പിന്നീട് തെളിഞ്ഞു.

7, വെള്ളം വീഞ്ഞാക്കുന്ന ‘അത്ഭുത യന്ത്രം’ കണ്ടുപിടിച്ചിട്ടില്ല.
കഴിഞ്ഞ ശൈത്യകാലത്താണ് വീട്ടിലെ ശാന്തതയില്‍ നിങ്ങള്‍ക്ക് കുറഞ്ഞ സമയംകൊണ്ടു വീഞ്ഞ് പുളിപ്പിച്ചെടുക്കാവുന്ന യന്ത്രം കണ്ടുപിടിച്ചതായി വീഞ്ഞ് വ്യവസായത്തിലെ രണ്ടു വമ്പന്മാര്‍ അവകാശപ്പെട്ടത്. പക്ഷേ കണ്ടുപിടിത്തം ആഘോഷിച്ച് വാര്‍ത്തയാക്കിയ നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരെ നിരാശപ്പെടുത്തിക്കൊണ്ട് അവരൊടുവില്‍ സത്യം പുറത്തുവിട്ടു; വൈന്‍ ടു വാട്ടര്‍ എന്ന, വീഞ്ഞ് വിട്ടുകിട്ടുന്ന പണം ഹെയ്തി, എത്യോപ്യ അടക്കമുള്ള ആറ് രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ ഉപയോഗി്ക്കുന്ന ജീവകാരുണ്യ സംഘടനക്കായുള്ള പ്രചാരണതന്ത്രമായിരുന്നു അതെന്ന്. എന്തായാലും സംഭവം വൈറലായതോടെ സംഘടനയുടെ സംഭാവന 20% ഉയര്‍ന്നു.

8, AlexfromTargte ഒരു വിപണന തട്ടിപ്പല്ല.
ഇതല്‍പ്പം കുഴഞ്ഞ സംഭവമാണ്. തട്ടിപ്പെന്ന് ചിലര്‍ വിളിച്ചുകൂവിയതാണ് ഇതിലെ തട്ടിപ്പ്. അലക്‌സ് ലീ എന്നൊരു കൗമാരക്കാരനെ അയാള്‍ ജോലി ചെയ്യുന്ന Target കടയില്‍ വെച്ചു ചില പെണ്‍കുട്ടികള്‍ ചിത്രം പകര്‍ത്തി ട്വീറ്റ് ചെയ്യുന്നു. ലീ അതോടെ ദശലക്ഷക്കണക്കിന് ആരാധികമാരുടെ സ്വപ്നകാമുകനാകുന്നു. വളരെ അപൂര്‍വമായി ഇക്കാലത്ത് ഇന്റര്‍നെറ്റില്‍ സംഭവിക്കുന്ന ഒരു വാസ്തവത്തിലുള്ള പ്രതിഭാസമായിരുന്നു അത്. എന്നാല്‍ ഇതിന് പിന്നില്‍ തങ്ങളാണെന്നും തങ്ങള്‍ സൃഷ്ടിച്ചതാണെന്നും പറഞ്ഞു Breakr എന്ന കമ്പനി രംഗത്തെത്തി. എന്നാല്‍ കമ്പനി അലക്‌സിന്റെ പ്രശസ്തി സൂത്രത്തില്‍ തങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു. അലക്‌സ് ഈ കമ്പനിയെക്കുറിച്ച് കേട്ടുപോലുമുണ്ടായിരുന്നില്ല. കള്ളി വെളിച്ചത്തായതോടെ Breakr ഇന്റര്‍നെറ്റ് നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞു.

9, മദ്യപന്മാര്‍ക്ക് മാത്രമായി സാമൂഹ്യ മാധ്യമശൃംഖലയില്ല.
‘Livr’ എന്നൊരു ഐഫോണ്‍ app കുടിയന്മാര്‍ക്ക് രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന പരസ്യവുമായി വന്നു. പോലീസിന് പിഴ കൊടുക്കണോ വേണ്ടയോ എന്നും ആഘോഷരാത്രിയില്‍ എത്ര കുടിക്കണമെന്നും നിശ്ചയിക്കാനുള്ള സൗകര്യം അതിലുണ്ട്. പക്ഷേ, സാങ്കേതികവിദ്യ സംസ്‌കാരത്തിന്റെ അര്‍ത്ഥശൂന്യതയെ പരീക്ഷിക്കാന്‍ രണ്ടുപേര്‍ ഉണ്ടാക്കിയ ഒരു പരിപാടിയാണിതെന്ന് പിന്നെ തെളിഞ്ഞു. കുടിയന്മാരുടെ കാത്തിരിപ്പ് തുടരുന്നു.

10, ഒളിമ്പിക് മേളയില്‍ കായികതാരങ്ങളുടെ താമസസ്ഥലത്ത് ചെന്നായ്ക്കള്‍ അലഞ്ഞുനടന്നില്ല

സൂച്ചിയിലെ ശൈത്യകാല ഒളിമ്പിക് മേളയില്‍ അവസാനഘട്ടത്തിലാണ് താരങ്ങളിലൊരാളായ കെയ്റ്റ് ഹാന്‌സെളന്‍ ഒരു ചെന്നായ താന്‍ താമസിക്കുന്നിടത്ത് അലഞ്ഞുനടക്കുന്നു എന്നു പറഞ്ഞൊരു ദൃശ്യം ട്വീറ്റ് ചെയ്തത്. വാസ്തവത്തില്‍ അത് ജിമ്മി കിമ്മേലിന്റെ ഒരു പരിപാടിക്കായി ദൃശ്യവത്കരിച്ചതായിരുന്നു.

11, വ്‌ളാഡിമിര്‍ പുടിന്റെ മേല്‍ പക്ഷി കാഷ്ഠിച്ചില്ല.
റഷ്യ വീണ്ടും! ആഗസ്ത് മാസത്തില്‍ മോസ്‌കോവില്‍ ഒരു സ്മാരകം അനാവരണം ചെയ്യവേ ഒരു പക്ഷി പുടിന്റെ കുപ്പായത്തില്‍ പ്രതികാരം തീര്‍ത്തു എന്നതായിരുന്നു പറന്നുപ്രചരിച്ച ഒരു വാര്‍ത്ത. പക്ഷേ, റഷ്യന്‍ ടെലിവിഷനില്‍ പുടിന്‍ പക്ഷിക്കാട്ടവും പക്ഷിപ്പേടിയുമില്ലാതെ യുദ്ധത്തിന്റെ അപകടങ്ങളെക്കുറിച്ച് നല്ല ഗൗരവത്തില്‍ സംസാരിക്കുന്ന ദൃശ്യം വന്നു. യുക്രൈന്‍ യുദ്ധത്തിന്റെ, പലപ്പോഴും വസ്തുതകളില്‍ സംശയം ജനിപ്പിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്ന യുട്യൂബ് ചാനല്‍ ‘PressTVNews1’ പ്രചരിപ്പിച്ച ഒരു തട്ടിപ്പായിരുന്നു പക്ഷി പുടിനുമേല്‍ നടത്തിയ ആക്രമണമെന്ന് പിന്നെ തെളിഞ്ഞു.

12, ഭൂമിയെ ആറ് ദിവസം നീളുന്ന ഇരുട്ട് മൂടില്ല
ഡിസംബര്‍ 16 മുതല്‍ 22 വരെ ഭൂമിയിലാകെ ഇരുട്ട് പരക്കുമെന്ന് തട്ടിപ്പ് വാര്‍ത്തകളുടെ സൈറ്റ് Huzlser ലേഖനമെഴുതി. ഈ ദിവസങ്ങളിലൊന്നും ആരും നേരം വെളുക്കാത്തതുകൊണ്ടു അന്തംവിട്ടില്ല എന്നു പറയേണ്ടതില്ലല്ലോ. എന്തായാലും അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നു നാസ (NASA) മറുകുറിപ്പ് ഇറക്കാന്‍ മാത്രം പ്രചാരം ഈ വാര്‍ത്ത നേടി.

13, സാമൂഹ്യവിരുദ്ധരായ കൗമാരക്കാര്‍ യു എസ് നഗരങ്ങളില്‍ കലാപമുണ്ടാക്കിയില്ല
ആഗസ്റ്റ് പകുതിയില്‍ ലൂയിസ്വില്ലേയിലെ ഒരു കൗമാരക്കാരന്‍ 2013ലെ ഒരു ഭീകരസിനിമ ‘The Purge’ല്‍ നിന്നും എടുത്തുപയോഗിച്ച ഒരു ട്വീറ്റില്‍ അടുത്ത 12 മണിക്കൂറില്‍ ആര്‍ക്കും എന്തു കുറ്റകൃത്യവും ചെയ്യാം, ഒരു പ്രത്യാഘാതവും ഉണ്ടാകില്ല എന്നായിരുന്നു. ഇതിന്റെ പകര്‍പ്പുകള്‍ നിരവധി വന്നു. ട്വീറ്റ് ഇട്ട കൗമാരക്കാരനെ പൊലീസ് കണ്ടെത്തിയെങ്കിലും കുറ്റം ചുമത്തുകയോ പേര് വെളിപ്പെടുത്തുകയോ ചെയ്തില്ല. സംഭവം ഇത്ര വലിയ പുലിവാലാകുമെന്ന് താന്‍ കരുതിയില്ലെന്ന് പയ്യന്‍ കരഞ്ഞുപറയുകയും ചെയ്തു.

14-15, മക്കൗലെ കല്‍കിനും ബെറ്റി വൈറ്റും ഇപ്പൊഴും ജീവിച്ചിരിക്കുന്നു
ഇത്തവണയും വ്യാജ മരണവാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായില്ല. 93കാരിയായ നടി ബെറ്റി വൈറ്റ് ‘dying’ എന്നാണ് വ്യാജവാര്‍ത്ത സൈറ്റ് Empire News വാര്‍ത്ത നല്‍കിയത്. മുടി കറുപ്പിക്കുകയായിരുന്നു പോലും!

മുന്‍ ബാലതാരം മക്കൗലെ കല്‍കിന്‍(34 വയസ്) മരിച്ച നിലയില്‍ എന്നാണ് വ്യാജവാര്‍ത്ത രംഗത്തെ കന്നി അയ്യപ്പനായ MSNBC തട്ടിമൂളിച്ചത്. Pizza Underground എന്ന തന്റെ സംഗീതസംഘവുമായി പര്യടനത്തിലാണ് കല്‍കിന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍