UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുലായം, കരുണാനിധി അഥവാ അധികാരമോ കുടുംബമോ? ചില സാദൃശ്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

92-കാരനായ മുത്തുവേല്‍ കരുണാനിധിയും 76-കാരനായ മുലായം സിംഗ് യാദവും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാരമ്പര്യങ്ങളില്‍ നിന്നുമുള്ളവരാണ്. പക്ഷേ അധികാരം വിട്ടുകൊടുക്കുക എന്നത് ഈ രണ്ടു നേതാക്കള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വ്യക്തമായിരിക്കുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാനോ പാര്‍ട്ടിയുടെ നേതൃത്വം പിന്‍ഗാമിയും മകനുമായ എം കെ സ്റ്റാലിനു (63) കൈമാറാനോ ഒരുദ്ദേശ്യവും ഇപ്പോഴില്ലെന്ന് ഡിഎംകെ നേതാവായ കരുണാനിധി കഴിഞ്ഞയാഴ്ച ഒരു തമിഴ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി തളര്‍ന്നിട്ടില്ലെന്നും പിന്നെന്തിന് അതവസാനിപ്പിക്കണം എന്നുമായിരുന്നു കരുണാനിധിയുടെ ചോദ്യം. അതേസമയം, മകനെ സംസ്ഥാന മുഖ്യമന്ത്രിയാക്കിയ യു‌പിയിലെ ‘നേതാജി’ക്കും വീണ്ടുവിചാരമുണ്ടായിരിക്കുകയാണ്. പാര്‍ട്ടിയേയോ സര്‍ക്കാരിനെയോ സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാന്‍ അഖിലേഷ് യാദവിനെ അനുവദിക്കാതെ കാര്‍ക്കശ്യവും മര്‍ക്കടമുഷ്ടിയും കാണിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറേ നാളുകളായി മുലായം. 
 
തമിഴ്നാട്ടിലെ ഡി‌എം‌കെയിലെയും ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലെയും അപസ്വരങ്ങള്‍ ഒരേതരം സങ്കുചിതത്വമാണ് വ്യക്തമാക്കുന്നത്. ഒരുകാലത്ത് ശക്തിയും വ്യാപക സ്വാധീനവുമുണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്ന ഈ പാര്‍ട്ടികള്‍ ഇപ്പോള്‍ പാര്‍ട്ടി തലവന്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വകാര്യ സ്വത്തായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലും പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചോ നയപരിപാടികളെക്കുറിച്ചോ അല്ല. മറിച്ച് അവരെ നയിക്കുന്ന വയോവൃദ്ധന്മാരായ രണ്ടു കാരണവന്‍മാരുടെയുള്ളിലെ അധികാര വടംവലികളെ കുറിച്ചാണ്. ഈ രണ്ടു പ്രസ്ഥാനങ്ങളിലും കുടുംബഭരണം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ് – എല്ലാ പ്രാദേശിക പാര്‍ട്ടികളിലും നടക്കുന്നതു പോലെ. മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെയും ശിവസേനയിലേയുമൊന്നും സ്ഥിതി വ്യത്യസ്തമല്ല. വംശപരമ്പരയുടെ വാഴ്ചയ്ക്ക് അനുകൂലമായ വ്യവസ്ഥകളാണ് ഈ പാര്‍ട്ടികളിലെല്ലാം. പ്രവര്‍ത്തകര്‍ക്ക് പടിപടിയായി ഉയരുന്നതിനുള്ള സംവിധാനമോ കാലപരിധിയോ ഇല്ല, ആശയ സംവാദങ്ങളില്ല, നേതാക്കളുടെ കുടുംബത്തില്‍ നിന്നല്ലാത്തവര്‍ക്ക് ഉന്നത നേതൃസ്ഥാനങ്ങളിലെത്താന്‍ യാതൊരു സാദ്ധ്യതയുമില്ല. 
 
 
ഈ പാര്‍ട്ടി കാരണവന്‍മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സ്വന്തം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് ഇതിലെ വിരോധാഭാസം. ഡി‌എം‌കെയിലെ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കവും എസ്‌പിയിലെ ബന്ധുക്കള്‍ക്കിടയിലെ കലഹവുമൊക്കെ നോക്കൂ. അധികാരം കുടുംബങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാലും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിനാലും ഡി‌എം‌കെ, എസ്‌പി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമെന്നാല്‍ കൂട്ടുകക്ഷികളുടെ പിന്‍ബലത്തോടെ കുടുംബക്കാര്‍ തമ്മില്‍ നടത്തുന്ന ഗൂഢാലോചനകളും തന്ത്രങ്ങളുമാണ്. 
 
ഡി‌എം‌കെയുടെയും എസ്‌പിയുടെയും വീഴ്ച കുത്തനെയായിരുന്നു. പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ വേരൂന്നി രൂപം കൊണ്ടതായിരുന്നു ഡി‌എം‌കെ. സമാജ്വാദി പാര്‍ട്ടിയുടെ തുടക്കം കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നായിരുന്നു. സാമൂഹ്യ നീതി, സോഷ്യലിസം എന്നീ ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ഈ പാര്‍ട്ടികള്‍ അന്നു ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വലതുപക്ഷ ഹിന്ദുത്വ സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജനകീയ രാഷ്ട്രീയമാണ് മുന്നോട്ടു വച്ചത്. പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധ്യത്തിനും വിദ്യാഭ്യാസത്തിലും ജോലിയിലും അവര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സംവരണത്തിനും പ്രാധാന്യം കൊടുക്കുന്നതായിരുന്നു സാമൂഹ്യ നീതി എന്ന ഇവരുടെ അജണ്ട. തെരഞ്ഞെടുപ്പ് രാഷ്ടീയത്തിനു വേണ്ട അടിത്തറ നേടാന്‍ ഇത് സഹായിച്ചു. എന്നാല്‍ ജനാധിപത്യത്തെ കൂടുതല്‍ ആഴത്തില്‍ വ്യാപരിപ്പിക്കുന്ന ചുമതല ഇനിയും നിറവേറ്റപ്പെട്ടിട്ടില്ല. ഈ ആശയങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട നേതാക്കള്‍ക്ക് ദിശാബോധം നഷ്ടമായിരിക്കുന്നു എന്ന വസ്തുത ഈ പാര്‍ട്ടികളെ കുറിച്ച് നമ്മോടു ചിലതെല്ലാം പറയുന്നുണ്ട്. 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍