വിവേചനങ്ങള്‍ക്കെതിരെ കൊളേജുകളിലെ പെണ്‍കുട്ടികള്‍ നടത്തുന്ന സമര വിജയത്തിലെ ഒടുവിലെത്തെതാണ് ഫഹീമ ഷിറന്‍ കഴിഞ്ഞദിവസം നേടിയത്
കേരളത്തിലെ കോളേജുകളിലെ വിമന്‍സ് ഹോസ്റ്റലുകളില്‍ കാലങ്ങളായി പിന്തുടരുന്ന പല മാമൂലുകളും പൊളിച്ചെഴുതുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളാണ് 2019ന്റെ ആരംഭം മുതല്‍ കേള്‍ക്കുന്നത്. തിരുവന്തപുരത്തെ സി.ഇ.ടി കോളേജില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ പ്രവേശന സമയങ്ങള്‍ തമ്മിലുണ്ടായിരുന്ന മണിക്കൂറുകളുടെ വ്യത്യാസം വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്ത് അവസാനിപ്പിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഹോസ്റ്റല്‍ നിയമങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ആരംഭം മാത്രമായിരുന്നു അത്. തൊട്ടുപിന്നാലെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളും വിവേചനങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങി.
2017ല്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ പെണ്‍കുട്ടികള്‍ സമാനമായ ആവശ്യങ്ങളുന്നയിച്ച് നല്‍കിയ പരാതിയില്‍ കഴിഞ്ഞ മേയ് മാസം അനുകൂലമായ ഹൈക്കോടതി ഉത്തരവ് വന്നതോടെ വിദ്യാര്‍ത്ഥിനികളുടെ അവകാശങ്ങള്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയം പറയരുതെന്നും സെക്കന്റ് ഷോയ്ക്കു പോകരുതെന്നും നാലു മണിയ്ക്കകം തിരിച്ചെത്തണമെന്നുമടക്കമുള്ള നിയമങ്ങളാണ് കേരളവര്‍മ്മയില്‍ തകര്‍ക്കപ്പെട്ടത്. ഇവയോടു ചേര്‍ത്തു വായിക്കാവുന്ന ഒരു വിധി ഇന്നലെ ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെതിരായി ഈ വിധി സമ്പാദിച്ചിരിക്കുന്നതും ഒരു പെണ്‍കുട്ടി തന്നെ. പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുകൂല വിധി വന്നതിന്റെ സന്തോഷം ഒട്ടും മറച്ചുവയ്ക്കാതെ തന്നെ കോഴിക്കോട് വടകര സ്വദേശിയായ ഫഹീമ ഷിറിന്‍ പറയുന്നു, ‘നമ്മുടെ ഹോസ്റ്റലുകളും മാറണമല്ലോ.’
ചേളന്നൂര്‍ എസ്.എന്‍. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഫഹീമ, കോളേജ് ഹോസ്റ്റലില്‍ വൈകീട്ട് ആറു മുതല്‍ പത്തു മണിവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകില്ലെന്ന നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് കഴിഞ്ഞ ജൂലായിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന ഫഹീമയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കും മറ്റുമായി ഇന്‍ര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു മൊബൈല്‍ ഫോണ്‍ പോലുള്ള ഗാഡ്ജറ്റുകള്‍. പഠന സമയമായ ആറു മുതല്‍ പത്തു മണിവരെയുള്ള സമയത്തിനിടയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത് എന്ന നിബന്ധന അതുകൊണ്ടുതന്നെ യു.ജി-പി.ജി.-ബി.എഡ് വിദ്യാര്‍ത്ഥിനികളെയെല്ലാം ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. മെ്ാബൈല്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നതും അതുവഴി ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഫഹീമയുടെ ഹര്‍ജിയിലെ പ്രധാന പരാമര്‍ശം.
ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും, വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ ഉറപ്പാക്കുന്ന ഘടകം കൂടിയാണെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ നിരീക്ഷണവും, സംസ്ഥാനത്ത് ഇന്റര്‍നെറ്റ് അവകാശം മൗലികാവകാശമായാണ് പരിഗണിക്കപ്പെടുന്നതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ 2017ലെ ബജറ്റ് പ്രസംഗത്തിലെ പ്രസ്താവനയും എടുത്തു പറഞ്ഞായിരുന്നു ജസ്റ്റിസ് പി.വി ആശയുടെ ബെഞ്ചിന്റെ വിധിന്യായം. ഐക്യരാഷ്ട്ര സഭ മൗലികാവകാശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ഉപയോഗപ്പെടുത്താനാകുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശങ്ങളിലൊന്ന്. ലെജിത് ടി. കോട്ടയ്ക്കലായിരുന്നു ഫഹീമയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമായി നിലനില്‍ക്കുന്ന നിയന്ത്രണമെന്ന നിലയ്ക്ക് ലിംഗപരമായ വിവേചനം കൂടിയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത് എന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിലവില്‍ മൊബൈല്‍ ഫോണിനോ ഇന്റര്‍നെറ്റ് ഉപയോഗത്തിനോ വിലക്കോ നിയന്ത്രണമോ ഇല്ല. യു.ജി.സി റെഗുലേഷന്‍ 2015 ലെ 3.2.(13) നമ്പര്‍ ക്ലോസ് പ്രകാരം, വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയ്ക്കായി എന്ന പേരില്‍ നടപ്പാക്കുന്ന നിയമങ്ങള്‍ ഹോസ്റ്റലുകളില്‍ പുരുഷ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് വിവേചനപരമായി മാറുന്നതായിരിക്കരുത് എന്ന് അനുശാസിച്ചിട്ടുള്ളതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യതയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് ഇന്റര്‍നെറ്റിനുള്ള അവകാശം അംഗീകരിക്കുന്നത് എന്ന് വ്യക്തമായി കണ്ടെത്തിയിട്ടുള്ള വിധിയില്‍, ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്ന ഫഹീമയെ തിരിച്ചെടുക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്.
നേരത്തേ, ഹോസ്റ്റല്‍ നിയമങ്ങള്‍ അനുസരിച്ചില്ല എന്ന കാരണത്തിന് ഫഹീമയെ നിര്‍ബന്ധപൂര്‍വം കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ബിരുദ പഠനത്തിന്റെ രണ്ടാം വര്‍ഷത്തിന്റെ ആരംഭത്തില്‍ ഹോസ്റ്റലിലേക്കു മാറിയിരുന്ന ഫഹീമ, പിന്നീട് ഏറെ ദൂരത്തുള്ള വീ്ട്ടില്‍ നിന്നും ദിവസേന കോളേജിലേക്ക് യാത്ര ചെയ്തെത്തിയാണ് പഠനം തുടര്‍ന്നിരുന്നത്. ദിവസേന രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്ത് കോളേജിലെത്തേണ്ടി വന്നിരുന്നു എന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫഹീമ നേരിടേണ്ടി വന്ന പല ബുദ്ധിമുട്ടുകളില്‍ ഒന്നുമാത്രമായിരുന്നു എന്നതാണ് വസ്തുത. രക്ഷിതാക്കളുടെയും മറ്റും എതിര്‍പ്പു കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും ഫഹീമയ്ക്കൊപ്പം പരസ്യമായി നിലകൊള്ളാനും സാധിച്ചിരുന്നില്ല. കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഫഹീമയ്ക്കു പറയാനുള്ളത് ഇതാണ്. ‘ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് സമയക്രമം കൊണ്ടുവന്നപ്പോള്‍ ആദ്യം അധ്യാപകരോട് സംസാരിച്ചിരുന്നു. ഓരോ ഡിപ്പാര്‍ട്ടമെന്റിലെയും വിദ്യാര്‍ത്ഥികള്‍ സംഘങ്ങളായി അധ്യാപകരോട് സംസാരിച്ചപ്പോള്‍, പ്രിന്‍സിപ്പാളിനേ എന്തെങ്കിലും ചെയ്യാനാകൂ എന്നു പറഞ്ഞിരുന്നു. അതനുസരിച്ച് പ്രിന്‍സിപ്പാളിനെ കണ്ട് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ തന്നെയാണ് ഹോസ്റ്റല്‍ വാര്‍ഡനും. ഹോസ്റ്റല്‍ നിയമങ്ങള്‍ അനുസരിക്കാന്‍ സാധിക്കില്ലെങ്കില്‍ മറ്റൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നാണ് അന്ന് ഞങ്ങളോടു പറഞ്ഞത്. നിയമവശം സൂചിപ്പിച്ചപ്പോള്‍ വേറെ ഹോസ്റ്റല്‍ നോക്കിക്കോളൂ എന്നു പറഞ്ഞു. മൊബൈല്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് റിക്വസ്റ്റ് എഴുതിക്കൊടുത്തപ്പോള്‍ വായിച്ചു നോക്കുക പോലും ചെയ്തിരുന്നില്ല. പുറത്താക്കുകയാണെങ്കില്‍ ആക്കിക്കോട്ടേ എന്ന നിലയ്ക്ക്, മൊബൈല്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. അവരായിട്ട് പുറത്താക്കുന്നെങ്കില്‍ അങ്ങനെയാവട്ടെ എന്നു കരുതി. അപ്പോള്‍ വീട്ടില്‍ നിന്നും ഉപ്പയെ വിളിപ്പിച്ചു. ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ, ഒരാള്‍ക്കു മാത്രം എന്താണിത്ര അഹങ്കാരം എന്ന് ഉപ്പയോട് ചോദിക്കുകയാണ് ചെയ്തത്. ഇത് വീട്ടിലുള്ളവരുടെ കുഴപ്പാണെന്നെല്ലാം പറഞ്ഞ്, വളരെ മോശമായാണ് അന്ന് ഞങ്ങളോട് സംസാരിച്ചത്.
അത്രയുമായപ്പോള്‍ മാധ്യമങ്ങളോടൊക്കെ സംസാരിച്ചു തുടങ്ങി. വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോഴാണ് ഹോസ്റ്റലില്‍ നിന്നും നിര്‍ബന്ധമായും വെക്കേറ്റ് ചെയ്യണമെന്ന് കത്തു കിട്ടിയത്. അങ്ങനെയാണ് കോടതിയില്‍ പോകുന്നതും. എല്‍.സി.എസ്.ആര്‍ (ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്സ് റൈറ്റ്സ് എന്ന സംഘടനയാണ് നിയമപരമായ കാര്യങ്ങളില്‍ സഹായം നല്‍കിയത്. ജിഷ്ണു പ്രണോയ് വിഷയം ഉണ്ടായ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിയമവിദ്യാര്‍ത്ഥികളും കുറച്ച് അഭിഭാഷകരും ചേര്‍ന്നുണ്ടാക്കിയ സംഘടനയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എന്തു പ്രശ്നമുണ്ടായാലും അതില്‍ പരിഹാരം നിര്‍ദ്ദേശിക്കാനും, കേസു കൊടുക്കണമെങ്കില്‍ അതിനു സഹായിക്കാനും അവരുണ്ട്. അങ്ങനെയാണ് ഈ കേസ് മുന്നോട്ടു വരുന്നത്. നിയമവശം പറഞ്ഞു തന്നതും കേസ് മുന്നോട്ടു കൊണ്ടുപോയതും അവരാണ്. കേരള വര്‍മ കോളേജ് ഹോസ്റ്റല്‍ വിഷയത്തില്‍ ഇടപെട്ട് നിയമസഹായം നല്‍കിയിരുന്നതും ഇതേ സംഘടന തന്നെയാണ്.’
കേരളത്തിലെ വനിതാ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന പല പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് പരിഹരിച്ച വിധിയായാണ് ഈ ഹൈക്കോടതി വിധി പരിഗണിക്കപ്പെടുന്നതെങ്കിലും, ഫഹീമയ്ക്കും പിതാവ് ഹക്സാറിനും വിധിയെ ഹോസ്റ്റലുകളില്‍ മാത്രമായി തളച്ചിടാന്‍ ആഗ്രഹമില്ല. ‘ഒരു ഹോസ്റ്റലിന്റെ പ്രശ്നമായി കാണാനല്ല താല്‍പര്യം. അങ്ങനെയാണെങ്കില്‍ വേറെ ഹോസ്റ്റല്‍ നോക്കാമല്ലോ. നമ്മുടെ കോളേജിലുള്ളത് സത്യത്തില്‍ താരതമ്യേന മെച്ചമുള്ള നിയമമാണ്. നാലു മണിക്കൂറാണ് പ്രശ്നം. മറ്റു പല കോളേജുകളിലും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കു പോലും വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ഫോണ്‍ കൊടുക്കാത്ത സാഹചര്യമുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍പ്പോലും ഇതുണ്ട്. എന്താണ് ആരുമൊന്നും പറയാത്തത് എന്ന് എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു’ എന്ന് ഫഹീമ പറയുന്നതിനു കാരണവുമിതു തന്നെ. ഒരു ഹോസ്റ്റല്‍ പ്രശ്നം എന്നതിലപ്പുറത്തേക്ക്, സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള പൊതുബോധ്യങ്ങളെ തകര്‍ക്കാനാണ് ഈ വിധി ഉപയോഗപ്പെടുത്തേണ്ടതെന്ന് ഹക്സാര്‍ പറയുന്നു. മകളുടെ താല്‍പര്യത്തിനും തീരുമാനത്തിനും പൂര്‍ണ പിന്തുണയുമായി ആദ്യം മുതല്‍ക്കു തന്നെ ഹിക്സാര്‍ ഒപ്പമുണ്ടായിരുന്നു. വിധിയെക്കുറിച്ച് ഹക്സാര്‍ പറയുന്നതിങ്ങനെ.
‘എന്റെയോ മോളുടെയോ കേസിനു പോയവരുടെയോ വിജയമായിട്ടല്ല വിധിയെ കാണുന്നത്. മറിച്ച്, ഒരു തലമുറയുടെ വിജയമായിട്ടാണ്. ഇപ്പോഴത്തെ യുവതലമുറയുടെയും, ഇനി വരാനിരിക്കുന്ന തലമുറകളുടെയും വിജയമാണിത്. പുതിയ തലമുറ മൊബൈല്‍ ഫോണും ഇന്‍ര്‍നെറ്റും ദുരുപയോഗം ചെയ്യുന്നു എന്നാണല്ലോ പൊതുവേ കേള്‍ക്കുന്ന ഒരു പരാതി. ഇതെല്ലാം ഉപയോഗിക്കാന്‍ നമ്മള്‍ അവരെ പഠിപ്പിച്ചെങ്കിലല്ലേ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം പോലും ഉന്നയിക്കാന്‍ സാധിക്കൂ? സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും കടന്നുചെന്നു കഴിഞ്ഞിരിക്കുന്ന ഒരു സാങ്കേതികതയാണിത്. അത് ഉപയോഗിക്കാന്‍ ഈ തലമുറയ്ക്ക് പരിശീലനമോ അവസരങ്ങളോ കൊടുക്കാതെയാണ് ഈ കുറ്റം പറച്ചില്‍. പഠനത്തിനായാലും ജീവിതത്തിനായാലും അത്രയേറെ ആവശ്യമുള്ള ഒന്നായി മൊബൈല്‍ ഫോണും അനുബന്ധ സാങ്കേതിക വിദ്യകളും മാറിയിട്ടുണ്ട്. എന്നിട്ടും അതിനോടു പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ നമ്മള്‍ ഒരു തലമുറയെ ഒന്നടങ്കം പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. പകരം, ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എങ്ങനെയാണെന്ന് തിരിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്. പഠനകാര്യത്തിലായാലും സാമൂഹികമായ ഇടപെടലിന്റെ കാര്യത്തിലായാലും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിചയിക്കാനുള്ള സാഹചര്യം വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ടാക്കേണ്ടതുണ്ട്.
ഇനി വരുന്നകാലത്ത് ദുരുപയോഗത്തെക്കുറിച്ചുള്ള ഇത്തരമൊരു ഭയം കൊണ്ട് സാങ്കേതിക വിദ്യയെ തടഞ്ഞു നിര്‍ത്താനുമാകില്ല. ഇതാണ് എന്റെ നിലപാട്. ഈ നിലപാടില്‍ നിന്നുകൊണ്ടു തന്നെയാണ് മകള്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കിയതും. ഏതെങ്കിലുമൊരു ഹോസ്റ്റലില്‍ ഫോണുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായി ചുരുക്കിയല്ല ഞാനീ വിധിയെ കാണുന്നത്. ഇവര്‍ ടെക്നോളജിയെ സംബന്ധിച്ചിടത്തോളം ഒരു നേറ്റീവ് ജനറേഷനാണ്. അങ്ങനെയുള്ളവരോടാണ് മൈഗ്രന്റ് ജനറേഷനായ നമ്മള്‍ നിയന്ത്രണങ്ങള്‍ വച്ചുകൊണ്ട് പെരുമാറുന്നത്. ഉപയോഗിക്കാന്‍ അവസരങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് ഇത് ഒളിച്ച് ഉപയോഗിക്കുന്നത്. അതിന് ഇട നല്‍കാതെ, തുറന്നു തന്നെ ഇവ ഉപയോഗിക്കാന്‍ സാധിക്കണം. അങ്ങനെ ഉപയോഗിക്കുന്നതിനിടയില്‍ത്തന്നെ ചില ബൗണ്ടറികള്‍ സ്വന്തമായി അവര്‍ക്ക് തിരിച്ചറിയാനുള്ള തലത്തിലേക്ക് വളര്‍ത്തുകയാണ് വേണ്ടത്. അതിനു പകരം അടിച്ചേല്‍പ്പിക്കുന്ന അതിര്‍ത്തികള്‍ കൊണ്ടാണ് നമ്മളിപ്പോള്‍ അവരോട് ഇടപെടുന്നത്. ഫലത്തില്‍ തലമുറകള്‍ തമ്മിലുള്ള വിടവാണ് അതു കാരണമുണ്ടാകുന്നത്.’
കേരളം എന്ന സംസ്ഥാനം ഒരു പൗരന്റെ ഏറ്റവും മൗലികമായ അവകാശങ്ങളിലൊന്നായി ഇന്റര്‍നെറ്റ് അവകാശത്തെ പരിഗണിക്കുന്ന അതേസമയത്താണ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് ആശയവിനിമയത്തിനുള്ള അടിസ്ഥാന അവകാശത്തെപ്പോലും ഹനിക്കുന്ന സംഭവങ്ങളുണ്ടാകുന്നത് എന്ന വസ്തുത കൂടി സൂചിപ്പിച്ചുകൊണ്ടാണ് ഹക്സാര്‍ സംസാരിക്കുന്നത്. നിര്‍ണായകമായ ഒരു വിധിപ്രസ്താവത്തിന് വഴിയൊരുക്കിയ ഫഹീമയാകട്ടെ, കോളേജ് അധികൃതരുടെയോ വിദ്യാര്‍ത്ഥിനികളുടെയോ പ്രതികരണം ഇപ്പോഴും അറിഞ്ഞിട്ടില്ല. സെമസ്റ്റര്‍ പരീക്ഷയുടെ തിരക്കിലായിരുന്ന ഫഹീമ, പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന വഴിയാണ് വിധിയെക്കുറിച്ച് അറിയുന്നത്. ഹോസ്റ്റലില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികളെന്താണെന്നറിയാന്‍ അടുത്ത ദിവസം കോളേജ് അധികൃതരെ സമീപിക്കാനിരിക്കുകയാണ് ഫഹീമ. ‘ഭയങ്കര സന്തോഷമാണ് തോന്നുന്നത്. കഴിഞ്ഞ വര്‍ഷം കേരളവര്‍മ്മ കോളേജിന്റെ വിധി വന്നപ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു, മൊബൈലിന്റെ കാര്യത്തില്‍ക്കൂടെ എന്തെങ്കിലും തീരുമാനമാക്കണമെന്ന്. അത് നമ്മളെക്കൊണ്ട് പറ്റുമെന്ന് അന്ന് വിചാരിച്ചിരുന്നില്ലെന്നു മാത്രം. മറ്റാരെങ്കിലും അതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത്. ഒടുവില്‍ ഇങ്ങനെയായെന്നു മാത്രം. ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇനി നാളെ പോയി അന്വേഷിക്കണം. മറ്റു വിദ്യാര്‍ത്ഥികളും ഹോസ്റ്റലിലുള്ളവരും അധ്യാപകരും എല്ലാവരും നല്ല പിന്തുണ തരുന്നുണ്ട്. വിധി വന്നതറിഞ്ഞ് പലരും വിളിച്ചു സംസാരിക്കുകയും ചെയ്തു.’
ഒരു കാലത്ത് ആഡംബര വസ്തുവായി പരിഗണിക്കപ്പെട്ടിരുന്ന മൊബൈല്‍ ഫോണ്‍ ഇന്ന് ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. സമീപകാലത്ത് ഹൈക്കോടതിയില്‍ നിന്നുമുണ്ടായിട്ടുള്ള നിര്‍ണായക വിധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന നിലയില്‍ ഗൗരവമായിത്തന്നെയാണ് ഫഹീമ സമ്പാദിച്ച വിധി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സാങ്കേതികവിദ്യകളെയും അവയുടെ സാധ്യതകളെയും ജനാധിപത്യപരമായി നോക്കിക്കാണുന്നതില്‍ അധ്യാപകരും രക്ഷിതാക്കളുമെല്ലാമടങ്ങുന്ന മുതിര്‍ന്ന സമൂഹം അല്‍പം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നു കൂടിയാണ് ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഫഹീമയ്ക്കും പിതാവ് ഹക്സറിനും പറയാനുള്ളത്. നമ്മുടെ ഹോസ്റ്റലുകളും മാറട്ടെ എന്ന് ഫഹീമ പറയുമ്പോള്‍, അത് അടുത്തകാലത്ത് കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു വലിയ നീക്കത്തിന്റെ ഏറ്റവുമൊടുവിലത്തെ കണ്ണിയായി മാറുകയാണ്.