UPDATES

വിദേശം

ഫിലിപ്പിനോ അമേരേഷ്യന്‍സ് അമേരിക്കയില്‍ നിന്നു പ്രതീക്ഷിക്കുന്ന നീതി

Avatar

എമിലി റൌഹാല 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫിലിപ്പൈന്‍സിലെ ഈ പഴയ അമേരിക്കന്‍ നേവല്‍ ബസില്‍ അമ്മമാരുടെ നിഴല്‍ പോലെ നില്‍ക്കുന്ന ചില കുട്ടികളുടെ മേല്‍ ഒരു കളിയാക്കല്‍ വന്നുവീഴാറുണ്ട്: “കപ്പല്‍ കൊടുത്തിട്ടു പോയവര്‍”.

അമേരിക്കന്‍ പടയാളികള്‍ക്ക് അവിടത്തെ സ്ത്രീകളില്‍ ജനിച്ച കുട്ടികളെ അവര്‍ ഇവിടെ വേണ്ടവരല്ല എന്ന് ഓര്‍മ്മിപ്പിക്കലാണ് ഈ വാക്കുകള്‍ ചെയ്യുന്നത്. അവര്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ടവരാണ്.

ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഫിലിപ്പൈന്‍ നിയമം അമേരിക്കന്‍ യുദ്ധക്കപ്പലുകളെ പുറത്താക്കി. ഒരു നൂറ്റാണ്ടോളം ഇവിടെ ഉണ്ടായിരുന്നതാണ് അവ. രാജ്യത്തെ അതിന്റെ കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്ന് മോചിപ്പിച്ച്‌ പുതിയ ഒരു തുടക്കമുണ്ടാകാനാണ് അവര്‍ ആഗ്രഹിച്ചത്. അമേരിക്കന്‍ പതാക താണു. കപ്പലുകള്‍ പോയി. എന്നാല്‍ അമേരിക്കക്കാരുടെ കുട്ടികള്‍ ജീവിതം തുടര്‍ന്നു.

ദശാബ്ദങ്ങളോളം പതിനായിരക്കണക്കിന് ഫിലിപ്പിനോ അമേരേഷ്യന്‍സ് എന്ന് അറിയപ്പെടുന്ന ഈ കുട്ടികള്‍ തങ്ങള്‍ മറവിയിലാണ്ടുപോകാതിരിക്കാന്‍ പൊരുതി.

എണ്‍പത്തിരണ്ടില്‍ അമേരിക്ക അമേരാഷ്യന്‍ ഇമിഗ്രേഷന്‍ ആക്റ്റ് പ്രകാരം വിയറ്റ്നാം, കംബോഡിയ, തായ്ലണ്ട്, ലാവോസ്, സൌത്ത് കൊറിയ എന്നിവിടങ്ങളിലെ ഏഷ്യന്‍ സ്ത്രീകളില്‍ അമേരിക്കന്‍ പടയാളികള്‍ക്ക് ഉണ്ടായ കുട്ടികള്‍ക്ക് ഇമിഗ്രേഷന്‍ ചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇതില്‍ ഫിലിപ്പിനോകള്‍ ഉള്‍പ്പെട്ടില്ല.

തൊണ്ണൂറുകളില്‍ ഉപേക്ഷിക്കപ്പെട്ട ഈ കുട്ടികള്‍ അമേരിക്കന്‍ ഗവണ്മെന്റിനെതിരെ കേസ് കൊടുക്കാന്‍ ശ്രമിച്ചു. അച്ഛന്മാര്‍ ഉപേക്ഷിച്ച എണ്ണായിരത്തിഅറുനൂറു കുട്ടികളാണ് അറുപത്തിയെട്ട് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ചോദിച്ചത്. എന്നാല്‍ അതും ഫലം കാണാതെ വന്നപ്പോള്‍ അമേരാഷ്യന്‍ ആക്റ്റില്‍ ഫിലിപ്പിനോകളെയും ജപ്പാന്‍കാരെയും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.

ഇപ്പോള്‍ ചൈനയുടെ സൌത്ത് ചൈന കടല്‍ മുന്നേറ്റങ്ങള്‍ ഫിലിപ്പീനികളെ വീണ്ടും അമേരിക്കന്‍ ഭരണതന്ത്രത്തെ ആശ്രയിക്കേണ്ട അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.

അഞ്ചു ഫിലിപ്പീന്‍സ് ബേസുകളില്‍ അമേരിക്കന്‍ മിലിട്ടറി അവരുടെ കേന്ദ്രങ്ങള്‍ തുറക്കുമെന്നും കൂടുതല്‍ കപ്പലുകള്‍ എത്തുമെന്നുമാണ് കേള്‍ക്കുന്നത്.

മോരേന

ഈ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഫിലിപ്പിനോ അമേരേഷ്യന്‍സിനോട് ഉള്ള ബാധ്യതകളെ ഓര്‍മ്മിപ്പിക്കലാണ്- ഇനിയും കപ്പലുകള്‍ ഹാര്‍ബര്‍ വിട്ടുപോകുമ്പോള്‍ അവഗണിക്കപ്പെടുന്ന കുട്ടികളുണ്ടാകുമോ എന്ന ചോദ്യമുണ്ട്.

“എന്തിന് നമ്മള്‍ അവരെ വീണ്ടും സ്വീകരിക്കണം?” കുട്ടിക്കാലത്ത് ഉപേക്ഷിക്കപ്പെട്ട ബ്രെന്‍ഡ മോരെനോ എന്നാ 49കാരി ചോദിക്കുന്നു. “അവര്‍ സംരക്ഷിക്കാത്ത പുതിയ കുട്ടികളെ ഉണ്ടാക്കുക മാത്രമാകും അവര്‍ ചെയ്യുക.”

സൂബിക് ബേ എന്ന ഈ പ്രദേശത്തിന്റെ വിധി എപ്പോഴും കപ്പലുകളും നാവികരുമായി ബന്ധപ്പെട്ടതാണ്.

1800കളുടെ അവസനാത്തില്‍ സ്പാനിഷ് നേവി അവിടെ ഒരു പോര്‍ട്ട്‌ നിര്‍മ്മിച്ചു. 1898ല്‍ അമേരിക്ക അവിടെ എത്തിയപ്പോള്‍ അവര്‍ ഇതിനെ സ്വന്തമാക്കി.

വിയറ്റ്നാം യുദ്ധത്തിന്റെ പാരമ്യത്തില്‍ സൂബിക് ഡസന്‍ കണക്കിന് അമേരിക്കന്‍ കപ്പലുകള്‍ക്ക് കേന്ദ്രമായി.മുപ്പതിനായിരത്തിലേറെ ഫിലിപ്പിനോകള്‍ ബേസില്‍ ജോലി ചെയ്തു. ആയിരക്കണക്കിന് മറ്റുള്ളവര്‍ സമീപനഗരമായ ഒലോങ്ങപോയില്‍ ജോലി ചെയ്ത് ജീവിച്ചു.

ഫിലിപ്പൈന്‍സിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള യുവതികള്‍ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ജോലികളും ചിലപ്പോഴൊക്കെ ബോയ്‌ഫ്രണ്ട്സിനെയും നേടി. പലരും ബേസില്‍ ജോലി ചെയ്തു. രതിവ്യാപാരത്തിന്റെ തുടക്കമായ ഗേളി ബാറുകളില്‍ ജോലി ചെയ്തു.

അക്കാലത്താണ് ഒരു ബാറില്‍ ജോലി ചെയ്തിരുന്ന മോരേനയുടെ അമ്മ ഗര്‍ഭിണിയായത്. മോരേനയ്ക്ക് മാതാപിതാക്കളെപ്പറ്റി കൂടുതലൊന്നും അറിയില്ല. അവള്‍ കുട്ടിയായിരുന്നപ്പോള്‍ ഫിലിപ്പിനോ അമ്മ അവളെ ഉപേക്ഷിച്ചുവെന്ന് മാത്രമറിയാം. അച്ഛന്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പടയാളിയായിരുന്നുവെന്ന് അമ്മ മോരേനയോട് പറഞ്ഞിരുന്നു.

മറ്റൊരു സ്ത്രീ വളര്‍ത്തിയ മോരേന വ്യത്യസ്തമായ രൂപം കാരണം തുടര്‍ച്ചയായി കളിയാക്കലുകള്‍ക്ക് വിധേയയായി. അവളുടെ ഇരുണ്ട നിറവും ചുരുണ്ട മുടിയും പ്രശ്നമായിരുന്നു. “എനിക്ക് എന്റെ രക്തം മാറണമെന്നുണ്ടായിരുന്നു. രക്തം മാറിയാല്‍ ഞാന്‍ ഫിലിപ്പിനോ ആകുമെന്നായിരുന്നു എന്റെ വിശ്വാസം.”

80കളിലും 90കളിലും കൊളോണിയല്‍ സെറ്റില്‍മെന്റ് വിരുദ്ധ വികാരം ഉണ്ടായപ്പോള്‍ അമേരിക്കക്കാരുടെ കുട്ടികളോടും അകല്‍ച്ചകള്‍ തുടങ്ങി.

എന്റിക്കോ ദുന്ഗ്ക എന്നാ ന്യൂയോര്‍ക്ക്‌ അധിഷ്ടിത ഫോട്ടോഗ്രാഫര്‍ എഴുപതുകളിലും എന്പതുകളുടെ ആദ്യത്തിലും തന്റെ അമേരേഷ്യന്‍ അയല്‍ക്കാര്‍ കേള്‍ക്കേണ്ടിവന്ന ക്രൂരതനിറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. അവരെ “ബൈ ബൈ ഡാഡി”, “ഹാഫ് ഡോളര്‍”, സൂവനീര്‍” എന്നൊക്കെയാണ് വിളിച്ചിരുന്നത്.

“ഈ പീഡനം ഞാന്‍ നേരിട്ട് കണ്ടതാണ്”, ദുന്ഗ്ക പറയുന്നു. ഇപ്പോള്‍ ഫിലിപ്പിനോ അമേരേഷ്യന്‍ ആളുകളുടെ ജീവിതത്തെപ്പറ്റി ഒരു ഫോട്ടോ പ്രോജക്റ്റ് ചെയ്യുകയാണ് അദ്ദേഹം. “എങ്ങനെയാണ് അതിപ്പോഴും അവരെ ബാധിക്കുന്നത് എന്ന് എനിക്ക് ഇപ്പോള്‍ കാണാനാകുന്നുണ്ട്.”

അരികിന്റെ അരികിലാണ് കുറെയേറെ ഫിലിപ്പിനോ അമേരേഷ്യന്‍സ് ജീവിക്കുന്നത്. ദാരിദ്യം, അനാരോഗ്യം എന്നിവ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍. കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഉപേക്ഷിക്കപ്പെടുകയോ അമ്മമാര്‍ വളര്‍ത്തുകയോ ഒക്കെ ചെയ്തവര്‍ മുതിര്‍ന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. 

മനിലയിലെ ഒരു ഭീകരമായ കുട്ടിക്കാലത്തിന് ശേഷം സൂബിക്കില്‍ തിരിച്ചെത്തിയ മോരെനോ ഇരുപത്തിമൂന്നാം വയസില്‍ ലൈംഗികതൊഴിലാളിയായി. അമ്മ ജോലി ചെയ്ത അതേ ഗേളി ബാറുകളില്‍ ജോലി ചെയ്തു. ലൈംഗികതൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയായ ബുക്ക്ലോഡില്‍ ജോലി ചെയ്യുന്ന അവര്‍ അച്ഛനെ കണ്ടെത്താനാകും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആ അന്വേഷണം പലര്‍ക്കും പ്രധാനമാണ്. ചെറിയ വിവരങ്ങള്‍ പോലും അവര്‍ ശ്രദ്ധയോടെ പാലിക്കുന്നു. ഒരു പേരോ മിലിട്ടറി ബ്രാഞ്ചിന്റെ പേരോ മങ്ങിയ ഒരു ഫോട്ടോയോ ഒക്കെ നിധികളാണ്. ചിലര്‍ക്ക് തങ്ങള്‍ എവിടെ നിന്ന് വന്നു എന്നറിയാനുള്ള ആകാംഷയാണ്. മറ്റു ചിലര്‍ രക്ഷപ്പെടാനുള്ള ഒരു വഴിയാണ് തിരയുന്നത്.


സൂബിക് ബേയിലെ ബാര്‍

ഫേസ്ബുക്ക് ഗ്രൂപ്പുകളും മെസേജ് ബോര്‍ഡുകളും എല്ലാം തങ്ങള്‍ കണ്ടിട്ടില്ലാത്ത അച്ഛന്‍മാരെ അന്വേഷിക്കുന്ന ഫിലിപ്പിനോകളാണ്. ഇടയ്ക്ക് വല്ലപ്പോഴും പഴയ പട്ടാളക്കാര്‍ താന്‍ ഉപേക്ഷിച്ച സ്ത്രീയെയും കുട്ടിയേയും അന്വേഷിച്ചും എത്താറുണ്ട്.

റിച്ച്ഫീല്‍ഡ് ജിമേനെസ് എന്നാ നാല്പ്പതുകാരന്‍ വെല്‍ഡര്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മയില്‍ നിന്ന് അമേരിക്കന്‍ അച്ഛനെപ്പറ്റി കേട്ടതാണ്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ കണ്ണീരില്‍ അവസാനിക്കുന്നത് കൊണ്ട് അവന്‍ അന്വേഷണം നിറുത്തി. 2013ല്‍ അമ്മ മരിച്ചതോടെ അച്ഛനെ അന്വേഷിച്ചാലോ എന്നാലോചിച്ചെങ്കിലും എവിടെ തുടങ്ങണം എന്നറിയില്ല. അര്‍കന്‍സാസില്‍ അദ്ദേഹം ജീവിച്ചിട്ടുണ്ട് എന്നത് മാത്രമാണ് അറിയാവുന്ന ഒരേയൊരു വിവരം.

അച്ഛന്മാരെ കണ്ടെത്തുന്നവര്‍ക്ക് പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്ന തരാം അംഗീകാരമൊന്നും ലഭിക്കാറില്ല.

അമേരിക്കന്‍ പൌരത്വം ലഭിക്കണമെങ്കില്‍ ഫിലിപ്പിനോ കുട്ടികള്‍ പതിനെട്ട് തികയുന്നതിനു മുന്‍പ് പിതൃത്വ സര്‍ട്ടിഫിക്കറ്റ് നേടണം. 1992ല്‍ അച്ഛന്മാര്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഇനി അപേക്ഷിക്കാന്‍ യോഗ്യതയില്ല.

വാഷിംഗ്‌ടനും മനിലയും ഡിഫന്‍സ് അഗ്രീമെന്റിനെപ്പറ്റി സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ പല ഫിലിപ്പിനോ അമേരേഷ്യന്‍ അനുകൂലികളും ഇതൊരു അവസരമായെക്കും എന്ന് കരുതുന്നുണ്ട്. എന്നാല്‍ ഇതേ വരെ ഇതെപ്പറ്റി തീരുമാനമൊന്നുമായിട്ടില്ല.

കപ്പലുകള്‍ എത്തുമ്പോള്‍ കൂടുതല്‍ പണവും എത്തും എന്നതില്‍ ആളുകള്‍ സന്തോഷിക്കുന്നുവെങ്കിലും പലര്‍ക്കും അമേരിക്കന്‍ തിരച്ചുവരവ് പേടിയുള്ള കാര്യമാണ്.

ബുക്ക്ലോഡ് സംഘടനയുടെ പ്രസിഡന്റ്റ് അല്‍മ ബുലാവാന്‍ പറയുന്നത് അവര്‍ ഉപേക്ഷിക്കപ്പെടുന്ന അവഗണിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു ഉയര്‍ച്ച പ്രതീക്ഷിക്കുന്നു എന്നാണ്.

സൂബിക്കിലെ അവരുടെ ജീവിതകാലത്ത് അവര്‍ ഒരുപാട് കപ്പലുകളും നാവികരെയും കണ്ടിട്ടുണ്ട്. ആകെ ഒരു കാര്യമേ ഉറപ്പുള്ളതുള്ളൂ. “അവര്‍ തിരിച്ചു പോകും.” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍