UPDATES

സിനിമ

ശ്യാമ പ്രസാദ് മുഖര്‍ജിയായി ഗജേന്ദ്ര ചൌഹാന്‍; ‘1946 കൊല്‍ക്കട്ട കില്ലിംഗ്സി’ന്‍റെ നിരോധനം സെന്‍സര്‍ ബോര്‍ഡ് നീക്കി

‘കടുത്ത ധ്രൂവീകരണം’ സൃഷ്ടിക്കുന്ന ഉള്ളടക്കം എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്; ബംഗാളിലെ ഹിന്ദുത്വ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു

2016 സെപ്തംബര്‍ മുതല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്ന മിലന്‍ ഭൗമികിന്റെ ‘1946 കല്‍ക്കട്ട കില്ലിംഗസ്’എന്ന ചിത്രത്തിന് ഒടുവില്‍ പ്രദര്‍ശനാനുമതി. ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പല്ലേറ്റ് ട്രിബ്യൂണല്‍ (എഫ്‌സിഎടി) നിര്‍ദ്ദേശിച്ച കട്ടുകളോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ‘കടുത്ത ധ്രൂവീകരണം’ സൃഷ്ടിക്കുന്ന ഉള്ളടക്കം എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരവും ചരിത്രനിഷേധപരവുമായ പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നും സാമൂദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാമെന്നും അന്ന് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരാകരിച്ചതിനെ തുടര്‍ന്ന് ലീഗ് നേതാവ് മുഹമ്മദലി ജിന്ന 1946 ഓഗസ്റ്റ് 16 പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്. പ്രതിഷേധത്തിനെ തുടര്‍ന്ന പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 4,000ത്തില്‍ ഏറെ ആളുകളാണ് കൊല്ലപ്പെട്ടത്.
നെഹ്രു, ജിന്ന, ബംഗാളിലെ അവസാനത്തെ പ്രധാനമന്ത്രി ഹുസൈന്‍ ഷാഹീദ് സുഹ്രവാര്‍ഡി, ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ ചരിത്രകഥാപാത്രങ്ങള്‍ ചിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജിയാണ് ചിത്രത്തിലെ നായകന്‍. അദ്ദേഹം വേഷം ചെയ്തിരിക്കുന്നതാകട്ടെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ചെയര്‍മാനും വിവാദപുരുഷനുമായ ഗജേന്ദ്ര ചൗഹാനും.

1946 കല്‍ക്കട്ട കില്ലിംഗ്‌സിന് പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചതിന് ശേഷം കല്‍ക്കട്ട ഹൈക്കോടതിയെയാണ് ഭൗമിക് ആദ്യം സമീപിച്ചത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം അദ്ദേഹം പരാതി പിന്‍വലിക്കുകയും എഫ്‌സിഎടിയില്‍ അപ്പീല്‍ നല്‍കുകയുമായിരുന്നു. കൊല്‍ക്കത്ത സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ ചരിത്രബോധമില്ലാത്തവരാണെന്ന് അദ്ദേഹം സ്‌ക്രോളിനോട് പറഞ്ഞു. 2017 മേയ് എട്ടിന് ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ എഫ്‌സിഎടി നിര്‍ദ്ദേശിക്കുകയും ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിക്കുന്ന ചിത്രത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയുമായിരുന്നു. മാറ്റങ്ങള്‍ വരുത്തി സമര്‍പ്പിച്ച ചിത്രം കൊല്‍ക്കത്ത സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനായി മുംബെയിലെ അവരുടെ ആസ്ഥാനത്തേക്ക് അയയ്ക്കുകയുമായിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി അനുവദിച്ചില്ലെങ്കില്‍ ആത്മഹൂതി നടത്തുമെന്ന് ഭൗമിക് ജൂലൈയില്‍ ഭീഷണി മുഴക്കി. ഒടുവില്‍ ഇപ്പോള്‍ എഫ്‌സിഎടി ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ്.

ചിത്രത്തില്‍ നെഹ്രുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ജിന്ന സംസാരിക്കുന്നുണ്ട്. എന്നാല്‍ 1946ല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്നില്ല എന്ന ന്യായീകരണമാണ് ഭൗമിക് മുന്നോട്ട് വെക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. നെഹ്രുവിനെ അധിക്ഷേപിക്കുന്ന രംഗങ്ങളും ഗാന്ധിയുടെയും നേതാജിയുടെയും സാന്നിധ്യം ഹിന്ദു-മുസ്ലീം കലാപവുമാണ് സെന്‍സര്‍ ബോര്‍ഡിനെ ഭയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

‘ഹിന്ദുധര്‍മ്മം എന്നാല്‍ സനാതന ധര്‍മം ആണ്’, ‘മറ്റ് മതഗ്രന്ഥങ്ങളുടെ സന്ദേശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരേയൊരു മതം ഹിന്ദുമതമാണ്’ തുടങ്ങിയ വരികള്‍ ശ്യാമപ്രസാദ് മുഖര്‍ജി ആവര്‍ത്തിക്കുന്നതാണ് ചിത്രത്തിന്റെ ട്രയ്‌ലറില്‍ ഉള്ളത്. ഹിന്ദുക്കളും മുസ്ലീങ്ങളും തെരുവില്‍ ഏറ്റുമുട്ടുന്നതും ‘ബംഗാള്‍ പാകിസ്ഥാനാവുന്നതിനെ ആര്‍ക്കും തടയാനാവില്ല,’ ‘പേരില്‍ മാത്രമേ ഹിന്ദുക്കള്‍ നിലനില്‍ക്കു,’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുസ്ലീങ്ങള്‍ വിളിക്കുന്നതുമെല്ലാം ചിത്രത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരു മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള പ്രണയവും ചിത്രത്തില്‍ ഉണ്ട്. ഇതൊരു മനോഹര പ്രണയകഥയാണെന്നാണ് ഭൗമിക് അവകാശപ്പെടുന്നത്.

മുസ്ലീങ്ങളെ ചിത്രത്തില്‍ വില്ലന്മാരായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഭൗമിക് തള്ളിക്കളയുന്നു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുകയും ഇന്ത്യന്‍ ഭക്ഷണം കഴിക്കുകയും പാകിസ്താന്‍ അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതൊരു മതവികാരമല്ലെന്നും മനുഷ്യത്വപരമായ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നല്ല നടനും വലിയ മനുഷ്യനുമാണ് ഗജേന്ദ്ര ചൗഹാനെന്നും ഭൗമിക് പറയുന്നു. ബംഗാള്‍ ഗവര്‍ണറും ബിജെപി നേതാവുമായിരുന്നു കേസരിനാഥ് ത്രിപാഠി പാട്ടെഴുതുന്ന അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും ചൗഹാന്‍ അഭിനയിക്കുന്നുണ്ട്.

ബംഗാളിലെ ഹിന്ദുത്വ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. 1946 കലാപത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ടുവരാനും ഹിന്ദു സംഹതി പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നു. എന്നാല്‍ എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല താന്‍ ചിത്രം സൃഷ്ടിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ 1946ലേക്ക് പറിച്ചുനടാനാണ് താന്‍ ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ജനങ്ങള്‍ മതേതരത്വത്തിനായി ശ്രമിക്കുമ്പോള്‍ അവരെ വിഘടിപ്പിക്കാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ആരാണ് 1946ലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

മോദി വര്‍ഗ്ഗിയകലാപം സൃഷ്ടിച്ചയാളാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുമൊക്കെ കലാപം സൃഷ്ടിച്ചവരാണെന്ന് ഭൗമിക് വാദിക്കുന്നു. ആരും കലാപകാരികളല്ലെന്നും ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് അത്തരം വഴികളിലൂടെ ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും ഭൗമിക് വിശദീകരിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍