UPDATES

സിനിമ

സിഐഎ: ഐക്കൺ ഇൻസ്റ്റലേഷനുകൾക്കിടയിലെ ഇന്റേൺഷിപ്പ് കാഴ്ചകൾ

ഗൗരവകരമായി സമീപിക്കേണ്ട അഭയാര്‍ഥിത്വം എന്ന വിഷയത്തെ ഷോ കേസ് ചെയ്യുക മാത്രമാണ് സിഐഎയിലൂടെ അമൽ നീരദ് ചെയ്യുന്നത്.

മലയാള സിനിമയിൽ സമീപ കാലത്ത് യുവതാര രാജാക്കന്മാർ മത്സരിച്ച് ‘സഖാവ്’ വേഷങ്ങളവതരിപ്പിച്ച് ‘സഖാവ്’ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന സമയമാണല്ലോ. ടോവിനോ തോമസ്‌ നായകനായ മെക്സിക്കൻ അപാരതയിൽ തുടങ്ങി നിവിൻ പോളിയുടെ സഖാവിലൂടെ വന്ന ‘സഖാവ്’ പരിവേഷം ഒടുവില്‍ എത്തിനില്‍ക്കുന്നത് ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം സിഐഎ (കോമ്രഡ് ഇൻ അമേരിക്ക) യിലാണ്. എന്നാല്‍ ഈ മൂന്നു സിനിമകളും ഇടതുപക്ഷ രാഷ്ട്രീയമല്ല സംവദിക്കുന്നത്; മറിച്ച് വലതുപക്ഷ കാഴ്ചപ്പാടിനെ സഹായിക്കും വിധത്തിൽ വലതു രാഷ്ട്രീയം ഒളിച്ചു കടത്തുകയും മുഖ്യധാരാ ഇടതുപക്ഷ ചിഹ്നങ്ങൾ (കൊടി, നിറം, പാർട്ടി ചിഹ്നം, എസ് എഫ് ഐ എന്നും എസ് എഫ് വൈ എന്നും എല്ലാം അക്ഷരങ്ങൾ മാറ്റാതെയും മാറ്റിയും നിർമ്മിച്ചെടുത്ത പാർട്ടി ഔദ്യോഗിക പേരുകൾ) ഉപയോഗിച്ചും ഇടതുപക്ഷ സൈദ്ധാന്തികരെയും നേതാക്കളെയും ചുവർ ചിത്രങ്ങളാക്കിയുമുള്ള ഇൻസ്റ്റലേഷനുകളിലൂടെ ഇടതു രാഷ്ട്രീയമാണ് പറയുന്നത് എന്ന് ധരിപ്പിക്കുന്നതുമായ സിനിമകളാണ്.

വികാര തള്ളിച്ചകൾക്കും ആവേശ ഫാക്ടറികൾക്കും മുൻഗണന നൽകിയ ടോവിനോ തോമസ്‌ നായകനായ ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരത (പ്രഖ്യാപിത നിക്ഷ്പക്ഷൻ ജൂഡ് ആന്തണി ജോസഫിന്റെ കഥ) യിൽ ഉപയോഗിച്ച ‘ഇടതു’ രാഷ്ട്രീയം ചെ ഗുവേരയുടെ ചുമർ ചിത്രങ്ങൾ സിനിമയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതും ചുവന്ന കൊടി വിപ്ലവഗാന ബാക്ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നതുമായ ഇൻസ്റ്റലേഷനുകളായിരുന്നു.

മംഗലശ്ശേരി നീലകണ്ഠനോ ആക്ഷൻ ഹീറോ ബിജുവോ എന്ന് മാത്രം സംശയിക്കേണ്ട സിദ്ധാർഥ് ശിവയുടെ  നിവിൻപോളി ‘സഖാവി’ലും വിപ്ലവഗാനം, നേതാക്കളുടെ ചിത്രങ്ങൾ എന്ന മസാല ഫോർമാറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

സിനിമയുടെ രാഷ്ട്രീയം അത് കാണുന്ന ആൾക്കൂട്ടത്തെ വൈകാരികമാക്കി ഇൻക്വിലാബ് വിളിപ്പിക്കുന്ന ഒന്നാണ് എന്ന് കരുതുക വയ്യ. ഏതെങ്കിലും ചിഹ്നങ്ങളുടെ, ഐക്കണുകളുടെ നിരത്തിവെപ്പുകളോ പ്രദർശനശാലകൾക്കുള്ള ഇടമോ അല്ല സിനിമയിലെ (സിനിമയുടെ) രാഷ്ട്രീയം. അത്തരം നിരത്തിവെപ്പുകൾ നൈമിഷികമായ വൈകാരികത സൃഷ്ടിച്ചേക്കാം. ആ വൈകാരികത, ഈ ചിത്രങ്ങൾ മുന്നോട്ടു വെക്കുന്നു എന്നവകാശപെടുന്ന ഇടതുപക്ഷ രാഷ്ട്രീയമല്ല. അത് ഇടതുപക്ഷത്തിന്റെ പേരിലാവുന്നത് മറ്റൊരർത്ഥത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണ്. അതായത്‌ ഹിന്ദുത്വം സിനിമയെ കടന്നു പിടിക്കുന്ന കാലത്ത് അതിനെതിരെ പ്രതിരോധമാണ് ഇത്തരം സിനിമകൾ ഉപരിപ്ലവമായെങ്കിലും മുന്നോട്ടു വെക്കുന്നത് എന്ന തരത്തിലുള്ള വിലയിരുത്തലുകൾ സിനിമയുടെ മീഡിയം അറിഞ്ഞാലും ഇല്ലെങ്കിലും സിനിമക്ക് പ്രതിലോമകരമാണ്. കാരണം ഇതേ വൈകാരികത ഏറ്റവും എളുപ്പം ഉപയോഗിക്കാൻ ഹിന്ദുത്വത്തിനു കഴിയും എന്നത് തന്നെ.

ഈ ഇന്റേൺഷിപ് സിനിമാ വ്യാപാരത്തിൽ ഒടുവിലിറങ്ങിയ ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ സിഐഎ. ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് മുൻപ് സിനിമയെ നിർവചിച്ചത്, ‘എന്റർടെയ്ൻമെൻറ്, എന്റർടെയ്ൻമെന്റ്, എന്റർടെയ്ൻമെൻറ്’ എന്നാണ്. വിനോദം ഉണ്ടാക്കലാവണം സിനിമ എന്ന്. അതായിക്കൊള്ളട്ടെ. സിഐഎയും അത്തരത്തിൽ വിനോദമുണ്ടാക്കുന്ന തരത്തിലാവണം സംവിധായകൻ ആവിഷ്കരിക്കുന്നതും. പക്ഷെ കൃത്യമായും മൂന്ന് വിഷയങ്ങളെ പരിഹാസമാം വിധം പിൻധാരയിൽ നിർത്തിക്കൊണ്ടാണ് സംവിധായകൻ സിനിമ പറയുന്നത്. ഒന്ന് മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയവും സഖാവും, രണ്ട് സ്ത്രീ, മൂന്ന് അഭയാർഥിത്വം.

വ്യത്യസ്തമായ മേക്കിങ്ങാണ് അമൽ നീരദിനെ മറ്റു സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് വിലയിരുത്താറുണ്ട്. ഛായാഗ്രഹണത്തിൽ ക്ളോസ് ഫ്രയിമുകളുടെ ഉപയോഗം, സ്ലോ മോഷനുകൾ, ഫാസ്റ്റ് കട്ടുകൾ, പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗം എന്നിവ മലയാള സിനിമ മുൻപ് കാണാത്ത വിധത്തിൽ അമൽ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സിനിമകളിൽ; അതാവാം മേക്കിങ് എന്നതുകൊണ്ടുദ്ദേശിക്കുന്നതും. എന്നാൽ സിഐഎയിൽ കളറിംഗ് പാറ്റേണിലൊഴികെ എന്തെങ്കിലും മേക്കിങ് കൊണ്ട് വന്നുവോ എന്ന് നിശ്ചയമില്ല.

പ്രമേയാവതരണത്തിലെ വ്യത്യസ്ത കൊണ്ടുവന്നത് അസംബന്ധമാവുകയും ചെയ്തു. മദ്യപിച്ചു പാർട്ടി ഓഫിസിലേക്കു കയറി വരുന്ന അജി മാത്യു (ദുൽഖർ സൽമാൻ) കാണുന്ന കാഴ്ച സ്റ്റാലിൻ (സ്റ്റാലിന്റെ ചിത്രത്തിലെ വേഷം ധരിപ്പിച്ച കഥാപാത്രം) ‘അവന്മാരെല്ലാവരും പാർട്ടി ഉണ്ടാക്കട്ടെ’ എന്നും പറഞ്ഞ് പിണങ്ങി ഇറങ്ങിവരുന്നതാണ്. ഓഫീസിൽ അവശേഷിക്കുന്ന കാൾ മാർക്സ്, ലെനിൻ, ചെ ഗുവേര (എല്ലാം ചിത്ര വേഷങ്ങൾ) എന്നിവരോട് തന്റെ പ്രണയ കഥ വിവരിക്കുന്നതാണ് ചിത്രത്തിന്റെ ഒന്നാം പാതി. ബിനാലെയിലെ ആർട് ഇൻസ്റ്റലേഷനുകളുടെ വികൃതമാക്കപ്പെട്ട ഐക്കൺ ഇൻസ്റ്റലേഷനാണ് അമൽ സിനിമയിൽ ഉപയോഗിച്ചത്. ഒ.വി വിജയൻ, മാർകേസ്, ഖസാക്ക് എന്നൊക്കെ സൈദ്ധാന്തികത വെളിപ്പെടുത്താൻ സിനിമകളിൽ ഉൾപ്പെടുത്തുന്ന രഞ്ജിത്ത് യുക്തി മാർക്സിസ്റ് സൈദ്ധാന്തികരെ മേശമേൽ ഇരുത്തി അമൽ നീരദും പ്രയോഗിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയം പറയാനുപയോഗിച്ച സങ്കേതമാണ് സിനിമയിൽ മാർക്‌സും ലെനിനും ചെഗുവേരയും ചിത്ര വേഷങ്ങൾ കെട്ടിയതെങ്കിൽ അത് അവരെയും അവരുയർത്തുന്ന ആശയങ്ങളെയും ഇടതുപക്ഷത്തെ ആകമാനവും സഖാവ് എന്ന ടൈറ്റിൽ ഉപയോഗിച്ചുകൊണ്ട് അപമാനിക്കുന്നതിനു തുല്യമാണ്.

മറ്റൊന്ന് സാമാന്യ യുക്തിയുടെ തലത്തിൽ നിന്ന് അടർത്തി മാറ്റി ‘സഖാവ്’ എന്ന ഇമേജിനെ ഹൈപ്പെർ റിയാലിറ്റിയുടെ നായകത്വ ബിംബങ്ങളിലേക്കു ചെന്നു കെട്ടുന്നത് സിഐഎയിലും കാണാം. നിർത്താത്ത ബസ്സിലെ ജോലിക്കാരെ ബസ് സ്റ്റാന്റിൽ ഒറ്റയ്ക്ക് പോയി തല്ലുന്നതും റാഗിങ്ങിൽ നിന്ന് ഒറ്റയ്ക്ക് വന്നിടപ്പെട്ട് രക്ഷിക്കുന്നതും മറ്റും സിനിമയിലുണ്ട്. വാണിജ്യ സിനിമ എക്കാലവും ഈ ഹൈപ്പർ റിയാലിറ്റിയിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ കേരളം പോലെ നിരവധി ഇടതുപക്ഷ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമുള്ള സ്ഥലത്ത് സഖാവ് എന്ന സിനിമയിലെ നിർമിതി ഹീറോയിക് പരിവേഷ സാധ്യത മാത്രം പരികൽപ്പിക്കുന്ന പുരുഷ സങ്കൽപ്പനങ്ങളിലാണ് സിനിമ പറയുന്നത്. സിഐഎ അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഇത്തരത്തില്‍ ജീവിതാതീതവും ചരിത്രത്തിൽ നിന്നും വർത്തമാനത്തിൽ നിന്നും പൂർണമായും മാറ്റി നിർത്തികൊണ്ടുള്ള സഖാവ് അവതരണങ്ങൾ സൃഷ്ടിക്കുന്ന ആൾക്കൂട്ട കയ്യടികൾ ഇടതുപക്ഷത്തെയല്ല, കൃത്യമായും വലതുപക്ഷത്തെയാണ് സഹായിക്കുക.

പ്രണയകഥയുടെ ഇടയിൽ വെച്ച് അപ്രത്യക്ഷമാവുന്ന പ്രണയിനിയെ തേടി യാത്രയാരംഭിക്കുന്ന നായക കാമുകന്മാർ മലയാള സിനിമയിൽ പുതിയതല്ല. ഒരാൾപ്പൊക്കത്തിലെ മഹേന്ദ്രനും (പ്രകാശ് ബാരെ), നീലാകാശം പച്ച കടൽ ചുവന്ന ഭൂമിയിലെ ഖാസിയും (ദുൽഖർ സൽമാൻ) സിഐഎയിലെ അജിയും(ദുൽഖർ സൽമാൻ) ഈ യാത്രയിൽ പ്രണയത്തെ തിരിച്ചു പിടിക്കാൻ പുറപ്പെട്ടവരാണ്. ഈ യാത്രയിൽ നായകൻ ആത്മാന്വേഷണത്തിലേക്കു തിരിയുകയും പതിയെ നായിക എന്ന സ്ത്രീ പങ്കാളിത്തം അദൃശ്യമാവുകയും ചെയ്യുന്നു. ഈ ആത്മീയാന്വേഷണ പൊറാട്ടിന്റെ പ്രിറ്റൻഷ്യസായ കാഴ്ചകളാണ് സി ഐ എ. ഇവിടെ അല്ലെങ്കിൽ ഇത്തരം സിനിമകളിൽ അദൃശ്യയാക്കപ്പെടുന്ന സ്ത്രീ കഥാപാത്രം അവസാനം വരെ സംശയത്തോടെയുള്ള ആകാംക്ഷയിൽ അപരവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒടുവിൽ മരണം, നഷ്ടപ്പെടൽ എന്നിവ സ്ത്രീക്കും ആത്മത്തെ കണ്ടെത്തിയ തൃപ്തി നായകനും. അസ്തിത്വം നഷ്ടപെട്ട (പെടുത്തിയ) സ്ത്രീ ആവിഷ്കാരങ്ങളാണ് ആണ്‍ യാത്രകളുടെ പര്യവസാനമായി സിനിമകളിൽ സംഭവിക്കുന്നത്.

സിഐഎയിൽ ദുൽക്കറിന്റെ സഖാവ് പരിവേഷത്തിലെ രക്ഷക നായകത്വത്തോടുള്ള ആരാധനയാണ് നായികയെ, നായികയുടെ പ്രണയത്തെ സൃഷ്ടിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ രക്ഷിച്ച നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്നു. മറ്റൊരു പ്രതിസന്ധിയിൽ രക്ഷിക്കാനാവശ്യപ്പെടുന്നു. ആ രക്ഷാകാർമ്മികത്വം ഏറ്റെടുത്ത സഖാവ് അമേരിക്കയിലേക്കു പോവുന്ന കഥാഗതി. ഒടുവിൽ നായകനെ വേണ്ടെന്നു വെക്കുന്നതിനെ ചതിക്കുന്നതുമായി തുലനം ചെയ്യുന്നതും മുണ്ട് മടക്കിക്കുത്തി നായികയെ നിഷ്പ്രഭമാക്കുന്ന ഡയലോഗുകളും. ഇവിടെയെല്ലാം ലോവർ ആംഗിൾ ഷോട്ടുകളിലൂടെ, ടൈറ്റ് ഫ്രേമുകളിലൂടെ ആകാശത്തോളം ഉയർത്തുന്ന നായക ബിംബങ്ങളിലാണ് നായകനെ അമൽ പകർത്തിയിരിക്കുന്നത്. അത്തരത്തിൽ തീർത്തും സ്ത്രീവിരുദ്ധമായാണ് സിഐഎയുടെ ആഖ്യാനം പോകുന്നത്.

അഭയാർത്ഥികൾക്കും അഭയാർത്ഥിത്വത്തിനും സമർപ്പിച്ച സിനിമയായിട്ടാണ് അമൽ നീരദ് സിനിമ അവസാനിപ്പിക്കുന്നത്. അഭയാർഥി പ്രശ്നത്തെ ചിത്രം സമീപിച്ചത് പക്ഷെ, ദുൽഖറിന്റെ യാത്രയിലെ നേരത്തെ സൂചിപ്പിച്ച ആത്മാന്വേഷണ ടൂളായും, മറ്റൊരു സന്ദർഭത്തിൽ രക്ഷക വേഷം കെട്ടിക്കലിനുമാണ്. അമേരിക്കയിലേക്ക് കുടിയേറുന്നവരെ (അത് അഭയാർഥിത്വം തന്നെയോ എന്നത് മറ്റൊരു സംവാദ വിഷയമാണ്) തടയുന്ന വില്ലന്മാരിൽ നിന്നും മാസ് ആക്ഷനിലൂടെ (ബസ് ജീവനക്കാരോടുള്ള അതെ പ്രയോഗ രീതി) മോചിപ്പിക്കുന്ന നായക ഉള്ളടക്കത്തിന് വേണ്ടി, ലോകമെങ്ങുമുള്ള സിനിമകള്‍ വളരെ പ്രാധാന്യത്തോടെ സമീപിക്കുന്ന അഭയാർത്ഥിത്വം പോലൊരു വിഷയത്തെ ചുരുക്കുകയാണ് അമൽ നീരദ് ചെയ്തത്..

കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ ‘ഫയർ അറ്റ് സീ’ എന്ന ഇറ്റാലിയൻ ഡോക്യുമെൻറ്ററി  ചിത്രത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ പൊള്ളുന്ന ജീവിത കാഴ്ചകളുണ്ട്. മെഡിറ്ററേനിയയിലൂടെ കപ്പലിലും മറ്റും പലായനം ചെയ്യുന്നവരിൽ പലരും ഡീസൽ പുകയേറ്റു മരണമടയുന്നു, പാതി വെന്ത ശരീരവും മാരക രോഗങ്ങളുമായി എത്ര ബദ്ധപ്പെട്ടും  ജീവിതത്തിന്റെ കര പറ്റാൻ ശ്രമിക്കുന്നവരുടെ ചിത്രമാണ് ഫയർ അറ്റ് സീ. താരതമ്യപെടുത്തലല്ല, മറിച്ച്  അത്രയും ഗൗരവകരമായി സമീപിക്കേണ്ട വിഷയത്തെ ഷോ കേസ് ചെയ്യുക മാത്രമാണ് സിഐഎയിലൂടെ അമൽ നീരദ് ചെയ്യുന്നത്.

ഞാൻ നന്നാക്കിയിട്ട് ആയുധങ്ങളടങ്ങിയ ഈ ജീപ്പ് നിങ്ങൾ കൊണ്ടുപോവില്ലെന്നു പറയുന്ന സുദേവന്റെ ക്രൈം നമ്പർ എൺപത്തൊൻപത്തിലെ മെക്കാനിക്കിനും ആ സിനിമയ്ക്കും ഒരു രാഷ്ട്രീയമുണ്ട്. ആര്യന്മാരുടെ പണത്തെ കാർക്കിച്ചു തുപ്പി വലിച്ചെറിഞ്ഞ് കരിങ്കുട്ടി കെട്ടാൻ തയ്യാറാവില്ലെന്ന ഷാനവാസ് നരണിപുഴയുടെ കരിയും കൃത്യമായൊരു രാഷ്ട്രീയം പറയുന്നു. ആ സിനിമകൾ എവിടെയും രാഷ്ട്രീയ  കൊടികളോ ബിംബങ്ങളോ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല. കോടികളുടെ ബഡ്ജറ്റോ താരങ്ങളോ മേക്കിങ്ങോ ഉണ്ടായിക്കൊള്ളണമെന്നുമില്ല. പക്ഷേ, നിലപാടുറപ്പുകളുടെ രാഷ്ട്രീയമുണ്ടതിൽ. അതുകൊണ്ട് സിനിമ പറയാനറിയുന്ന സിനിമാ ഭാഷ്യവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിതിന്‍ കെ.സി

ജിതിന്‍ കെ.സി

എഴുത്ത്, സാംസ്കാരിക പ്രവര്‍ത്തനം. ബാങ്കില്‍ ജോലി ചെയ്യുന്നു, പാലക്കാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍