UPDATES

സിനിമ

അബ്രഹാമിന്റെ സന്തതികൾ: മാസ്, ഫാന്‍സ്‌, ഇമോഷന്‍സ്

വളരെ അനായാസതയോടെ വൈകാരിക രംഗങ്ങളും മാസും മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്.

അനു ചന്ദ്ര

അനു ചന്ദ്ര

22 വര്‍ഷത്തിലധികമായി ചലച്ചിത്രമേഖലയിലുള്ള ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭം. മമ്മൂട്ടിക്ക് അടുത്തക്കാലത്ത് വന്‍ വിജയം നേടിക്കൊടുത്ത ‘ദി ഗ്രേറ്റ്ഫാദറി’ന്റെ സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥ, എല്ലാത്തിലുമുപരി കസബ വിവാദത്തിന് ശേഷം മമ്മുട്ടി വീണ്ടും പോലീസ് വേഷത്തിൽ വരുന്നു എന്നിങ്ങനെ നിരവധി പ്രതീക്ഷകൾ നൽകിയാണ് ‘അബ്രഹാമിന്റെ സന്തതികൾ’ തീയേറ്ററുകളിൽ എത്തിയത്.

പ്രഖ്യാപനം മുതലത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. റിലീസിങ്ങിനും മുൻപേ സിനിമയെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ കാണുന്നത് പോലെ യാതൊരു ബന്ധവുമില്ലാത്ത കേസ് അന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയല്ല, മറിച്ച് തന്റെ ജീവിതത്തില്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാവുന്ന ഒരു കേസ് അന്വേഷണമായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് അബ്രഹാം വരുന്നത് എന്നായിരുന്നു രഞ്ജി പണിക്കരുടെ പ്രസ്താവന.

പോലീസ് ഉദ്യോഗസ്ഥനായ ഡെറിക്ക് അബ്രഹാമായാണ് ചിത്രത്തിൽ മമ്മുട്ടി എത്തുന്നത്. ആകാംക്ഷ നിലനിർത്തുന്ന ഒരു പരമ്പര കൊലപാതകത്തിൽ നിന്ന് സിനിമ തുടങ്ങാൻ ഒക്കെയാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. മെമ്മറീസിലും ഗ്രാൻഡ് മാസ്റ്ററിലും എല്ലാം കണ്ട പതിവ് സീരിയൽ കില്ലിംഗുകള്‍ ഓര്‍മയില്‍ വരികയും ചെയ്യും. ഒരു മഴ പെയ്യുന്ന രാത്രിയിൽ പോലീസ് ഓഫീസറായി എത്തുന്ന ജയകൃഷ്ണനും ഭാര്യ ജിലു ജോസഫും മകളും കൊല്ലപ്പെടുന്നു. കൊലയാളി ചുമരിൽ തന്റെ രക്തം ഉപയോഗിച്ച് സ്വന്തം കൈപ്പടയിൽ 10-6=4 എഴുതുന്നു. വീണ്ടും അതേപടി മൂന്ന് കൊലപാതങ്ങൾ നടക്കുന്നു. പിന്നീട് കൊലയാളി ചുമരിൽ എഴുതുന്ന 10-9= 1 എന്ന കണക്കനുസരിച്ച് പോലീസുകാരായ രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ഷാജോൺ, സോഹൻ സീനുലാൽ എന്നിവർ കേസ് അന്വേഷിക്കുന്നു എങ്കിലും ഫലമുണ്ടാകുന്നില്ല. തുടര്‍ന്ന് ഡെറിക്ക് അബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥന്‍ അനേഷണത്തിന് എത്തുന്നതും ബാക്കി കാര്യങ്ങളുമാണ് കഥ.

പത്താമതൊരു കൊലപാതകം കൂടി നടക്കില്ലെന്ന് നിങ്ങൾക്കെന്താണ് ഉറപ്പ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോൾ എന്റെ അപ്പന്റെ പേര് അബ്രഹാം എന്നായതുകൊണ്ട് എന്നതു പോലുള്ള ‘മാസ്’ മറുപടിയൊക്കെ നായകനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട് സംവിധായകൻ. ഇടയ്ക്ക് അത്യാവശ്യം ഇഴയലും ബോറടിയും ഒക്കെ ഉണ്ടെങ്കിലും സിനിമയ്ക്കൊടുവില്‍ വരുന്ന ട്വിസ്റ്റാണ് സിനിമയെ പിന്നീട് മുന്നോട്ട് കൊണ്ടുപോകുന്നത്.  പതിവ് സിനിമകളിലെന്ന പോലെ സിനിമയിൽ നായകന് എതിരായുള്ള സഹപ്രവർത്തകർ, നായകൻറെ ഇൻട്രോ സീനീനായി മന:പൂർവമുള്ള ക്ലീഷേകൾ ഇവിടെയും സാധാരണമാണ്. ഇടയ്ക്ക് എത്തുന്ന കനിഹയുടെ കഥാപാത്രം വെറും നോക്കുകുത്തിയായി മാറുന്നുമുണ്ട്.

മഹാമാരിയെ വെല്ലുന്ന മഹാനടനം കാണാന്‍ ആഹ്വാനം ചെയ്യുന്ന ‘അബ്രഹമിന്റെ സന്തതികള്‍’ എന്ന സിനിമയുടെ ടാഗ് ലൈൻ ഇതിനിടെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനും വിധേയമായി. വന്‍ വരവേൽപ്പും ഉത്സവ പ്രതീതിയോടെ ഡെറിക് അബ്രഹാമിന്റെ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും കൊണ്ട് ആഘോഷത്തോടെയാണ് ഫാന്‍സ്‌ സിനിമയെ വരവേറ്റത്.  സസ്പെന്‍സും ആകാംക്ഷയും നിറഞ്ഞ കഥയുടെ വഴികളിൽ എവിടെയൊക്കെ മുഷിപ്പിക്കല്‍ ഉണ്ടാകുമ്പോഴും കൈത്താങ്ങായി ആരാധകര്‍ ഒച്ചവിളികളുമായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെ നായകനെ പിന്താങ്ങുന്ന കാഴ്ചയും പലതവണ തീയേറ്ററുകളിൽ കാണേണ്ടി വന്നു. രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവർ പ്രധാന താരങ്ങൾ സിനിമയിൽ തരക്കേടില്ലാത്ത വിധത്തിൽ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി തീർത്തിരിക്കുന്നു. ഫിലിപ്പ് എബ്രഹാം എന്ന കഥാപാത്രമായി എത്തുന്ന ആന്‍സണ്‍ പോൾ പ്രതീക്ഷ തരുന്ന നടനാകുമ്പോൾ തന്നെ കലാഭവൻ ഷാജോണ്‍ പ്രകടനത്തിൽ മുന്നിട്ടു നിൽക്കുന്നു.

ഹനീഫ് അദേനിയുടെ തിരക്കഥ ചിലപ്പോഴൊക്കെ കൈവിട്ടു പോകുന്നുണ്ട്. ഗ്രേറ്റ് ഫാദറിനപ്പുറത്തേക്കുള്ള പ്രതീക്ഷയോടെയാണ് ചിത്രം കാണാന്‍ പോകുന്നത് എങ്കില്‍ നിരാശപ്പെടേണ്ടിയും വരും. ഗുഡ് വില്‍ എന്റര്‍ടെയ്മന്റ്സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. മഹേഷ് നാരായണന്റെ എഡിറ്റിംഗ്‌ സിനിമയുടെ സസ്പെൻസ് നിലനിർത്താൻ സഹായകരമാണ്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, സന്തോഷ് രാമന്റെ കലാസംവിധാനം, വീണ സ്യമന്തകിന്റെ വസ്ത്രാലങ്കാരം, റോണക്സ് സേവിയറിന്റെ ചമയം എന്നിവ തരക്കേടില്ല. വളരെ അനായാസതയോടെ വൈകാരിക രംഗങ്ങളും മാസും മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികൾ ഒരു മികച്ച സിനിമയാണോ എന്നു ചോദിച്ചാല്‍ പുതുമകൾ ഒന്നും പറയാനില്ല എന്നത് തന്നെയാണ് കുറവായി ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍