UPDATES

സിനിമ

കാളിദാസ്/അഭിമുഖം: പൂമരം ലൈവാക്കി നിര്‍ത്തിയ ട്രോളര്‍മാര്‍ക്ക് നന്ദി; ഇന്ന് തീയേറ്ററില്‍

എന്തൊരു ക്രീയേറ്റീവാണ് ചില ട്രോളുകള്‍

Avatar

വീണ

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത് കാത്തിരുന്ന ഒരു ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ചിത്രം പൂമരം. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വന്‍ ഹിറ്റായെങ്കിലും പൂമരം പ്രദര്‍ശനത്തിന് എത്താന്‍ വൈകിയത് പലപ്പോഴും ട്രോളന്‍മാര്‍ക്ക് അവസരമൊരുക്കുന്നതായി. ഏതായാലും എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ പൂമരം മാര്‍ച്ച് 15 ന് തീയേറ്ററില്‍ എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷയും വിശേഷങ്ങളുമായി കാളിദാസ് സംസാരിക്കുന്നു.

ഒടുവില്‍ പൂമരം പ്രദര്‍ശനത്തിനെത്തുകയാണ്. നായകനായുള്ള ആദ്യ മലയാള ചിത്രമെന്ന നിലയിലുള്ള പ്രതീക്ഷ?

എല്ലാവരും കാത്തിരുന്ന ചിത്രമാണ് എന്നതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും പ്രതീക്ഷക്കൊപ്പം എത്തട്ടെ എന്നതില്‍ കവിഞ്ഞൊരു പ്രതീക്ഷയൊന്നുമില്ല. പിന്നെ ഞാനും കാത്തിരിക്കുകയാണ്, തീയേറ്ററില്‍ കാണാനും പ്രേക്ഷകരുടെ പ്രതികരണം അറിയാനും.

എന്തുകൊണ്ടാണ് പൂമരം ഇത്രയും വൈകിയത് ?

പൂമരം ശരിക്കും ഈ ഒരു സമയം വേണ്ട ചിത്രമാണ്. ആ പാട്ട് ഹിറ്റായപ്പോള്‍ വേണമെങ്കില്‍ തട്ടിക്കൂട്ടി ഒരു സിനിമ ഇറക്കാമായിരുന്നു, പക്ഷെ അങ്ങനെ ചെയ്യാതെ പെര്‍ഫെക്ഷന്‍ ആഗ്രഹിച്ച് ഓരോ ഫ്രെയിമും നോക്കി ചെയ്തതാണ്.

എന്താണ് പൂമരം ?

ഒരു പക്കാ ക്യാംപസ് മൂവിയാണ്. കലോത്സവുമായി ബന്ധപ്പെട്ട വളരെ റിയലിസ്റ്റിക്കായി എടുത്തിട്ടുള്ള ഒരു ചിത്രമാണ്. ഷൈന്‍ ചേട്ടന്‍ വളരെ ഫ്രഷായി ചെയ്തിട്ടും ഉണ്ട്.

നായകനായിട്ടുള്ള ആദ്യ മലയാള ചിത്രത്തിലെ അനുഭവം?

നല്ല സിനിമയുടെ ഭാഗമായി എന്നത് തന്നെയാണ് വലിയ അനുഭവം. ഷൈന്‍ ചേട്ടനെ പോലുള്ള നല്ല സംവിധായകനൊപ്പം ചെയ്യാന്‍ പറ്റിയതില്‍ സന്തോഷം. പിന്നെ വളരെ ടാലന്റഡായിട്ടുളള അമ്പതോ അറുപതോ പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു ആ ചിത്രത്തില്‍, അതൊരു നല്ല അനുഭവമായിരുന്നു. അവരുടെ ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ട്രോള്‍ ഇറങ്ങിയത് പൂമരം വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു… പലതും കാളിദാസ് ഷെയറും ചെയ്തിരുന്നു…

ഞാന്‍ അതിനെയൊക്കെ ആ സ്പിരിറ്റില്‍ ആണ് കാണുന്നത്. എന്തൊരു ക്രീയേറ്റീവാണ് ചില ട്രോളുകള്‍. പലതും കണ്ടാല്‍ ടെന്‍ഷനൊക്കെ മറന്ന് നമ്മള്‍ പൊട്ടിച്ചിരിച്ച് പോകും. ശരിക്കും അവര്‍ക്കാണ് നന്ദി പറയേണ്ടത്, പൂമരം ഇത്രയും ലൈവാക്കി നിര്‍ത്തിയതിന്.

ബാലതാരം നായകനായപ്പോള്‍ ?
വലിയ വ്യത്യാസം ഒന്നും തോന്നിയില്ല എന്നതാണ് വാസ്തവം. എല്ലാം അഭിനയം തന്നെയാണല്ലോ. കുറെ വര്‍ഷങ്ങളായി കാണുന്ന ആള്‍ക്കാരൊക്കെ തന്നെയാണ് കൂടെ അഭിനയിക്കുന്നതും. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ല.

പൂമരത്തിന്റെ സെറ്റിലുണ്ടായ മറക്കാനാവാത്ത അനുഭവം?

സെറ്റ് മൊത്തത്തില്‍ രസമായിരുന്നു. പുറത്തുള്ളവര്‍ക്കാണ് വലിയ ഒരു കാലയളവായി തോന്നിയത്. പക്ഷെ ഞങ്ങള്‍ ഒരു കുടുംബം പോലെ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും .

ജയറാം, പാര്‍വതി, മാളവിക കുടുംബത്തിന്റെ പിന്തുണ?

അമ്മയാണ് ശരിക്കും കഷ്ടപ്പെട്ടത്. എനിക്ക് എന്ത് ടെന്‍ഷന്‍ ഉണ്ടെങ്കിലും വീട്ടിലാണ് കാണിക്കുക. പുറത്ത് കാണിക്കാറില്ല. ചക്കി (മാളവിക) ആണ് വീട്ടിലെ ക്രിട്ടിസൈസര്‍. പക്ഷെ അവള്‍ ഇപ്പോള്‍ യു.കെയില്‍ പഠിക്കുകയാണ്. ഉടനെ നാട്ടില്‍ വരും, അപ്പോള്‍ ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ്.

മമ്മൂട്ടി, മോഹന്‍ ലാല്‍, ജയറാം, സുരേഷ് ഗോപി… ഒരു കാലത്ത് മലയാള സിനിമ സഞ്ചരിച്ചിരുന്നത് ഇവരിലൂടെയായിരുന്നു. ഇപ്പോള്‍ ദുല്‍ഖര്‍, പ്രണവ്, കാളിദാസ്, ഗോകുല്‍ എന്നിങ്ങനെ ഒരു നിര വളര്‍ന്ന് വരുന്നു..

വളരെ സന്തോഷമുണ്ട്. സമയം കിട്ടുമ്പോഴൊക്കെ എല്ലാവരുടേയും സിനിമകള്‍ കാണാറുണ്ട്. എല്ലാവരുടേയും എല്ലാ നല്ല സിനിമകളും വിജയിക്കട്ടെ എന്ന് മാത്രമാണ് അതിനെ കുറിച്ച് പറയാനുള്ളത്

അടുത്ത സിനിമ?

അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കുകയുള്ളു. ഒരുപാട് വലിച്ച് വാരി ചെയ്യുന്നില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. വളരെ കുറച്ച് സമയത്തേക്ക് നില്‍ക്കുന്ന നാലോ അഞ്ചോ സിനിമകള്‍ ചെയ്യുന്നതിലല്ലല്ലോ, നല്ല സിനിമകള്‍ ചെയ്യുന്നതല്ലേ നല്ലത്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍