UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിന്റെ പുറത്താക്കല്‍; മമ്മൂട്ടിക്കെതിരേ കരുനീക്കം നടക്കുന്നുവെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ധാര്‍മികമായ തീരുമാനത്തിന്റെ പേരില്‍ മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ടെന്നും ഉണ്ണിത്താന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയുടെ പേരില്‍ മമ്മൂട്ടിക്കെതിരേ ഉണ്ടാകുന്ന നീക്കങ്ങളെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ധാര്‍മികതയുടെ പേരില്‍ എടുത്ത തീരുമാനമായിരുന്നു ദിലീപിന്റെ പുറത്താക്കലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിക്കെതിരേ കരുനീക്കം ആരംഭിച്ചിരിക്കുകയാണെന്നും ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഒരു സംഘടനയുടെ അകത്തുള്ളയാള്‍ കുറ്റം ചെയ്താല്‍ സംഘടനയുടെ തലപ്പത്തുള്ളയാളെന്ന നിലയില്‍ അയാള്‍ക്ക് ചില സാമൂഹിക പ്രതിബദ്ധതയില്ലേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു, അത് മാത്രമാണ് മമ്മൂട്ടി ചെയ്തിട്ടുള്ളൂവെന്നും അതിനു മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

അമ്മയിലെ ഒരംഗത്തെ പീഢിപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു വിശ്വസിക്കുന്നയാളെ അവസാനശ്വാസം വരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്തതോടെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കാനും പുറത്താക്കല്‍ തീരുമാനമെടുക്കാനും മമ്മൂട്ടി നിര്‍ബന്ധിതനായതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മമ്മൂട്ടിയെ ആരും തെറ്റ് പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അതുപോലൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്കു മനസിലാകും. അത് അമ്മയെന്നല്ല ഏത് സംഘടനയായാലുമെന്നും ഉണ്ണിത്താന്‍ പറയുന്നു.

ദിലീപ് ജാമ്യത്തില്‍ പുറത്തു വന്നതിനു പിന്നാലെയാണ് കെ ബി ഗണേഷ് കുമാര്‍ അമ്മയില്‍ നിന്നും നടനെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നത്. നിയമാവലിയനുസരിച്ച് ദിലീപിനെ പുറത്താക്കിയതിന് അംഗീകാരം ഇല്ലെന്നും മമ്മൂട്ടിയുടെ തീരുമാനം അടിസ്ഥാനമില്ലാത്തതുമാണെന്നും ഗണേഷ് പറഞ്ഞിരുന്നു. മമ്മൂട്ടി അങ്ങനെയൊരു തീരുമാനം പ്രഖ്യാപിച്ചത് പ്രഥ്വിരാജിനെ സന്തോഷിപ്പിക്കാനായിരിക്കുമെന്ന ആരോപണവും പത്തനാപുരം എംഎല്‍എയും അമ്മയുടെ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍