UPDATES

സിനിമാ വാര്‍ത്തകള്‍

‘അത് വ്യാജ പ്രചരണം, ഏതെങ്കിലും പാർട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല ഞാൻ’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടൻ കൃഷ്ണകുമാര്‍

സുഹൃത്തുക്കളിൽ ചിലർ ഫോർവേര്‍ഡ് ചെയ്താണ് ഈ മെസേജ് ആദ്യം എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഷൂട്ടിങ്ങ് തിരക്കിലായിരുന്നതിനാൽ ഇത്തരത്തിലൊരു ചർച്ച നടക്കുന്നത് ശ്രദ്ധിച്ചിരുന്നതേ ഇല്ല

തന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ളൊരു പ്രസ്താവന വ്യാജമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയതായും താരം വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരു ഹിന്ദു ആയ എന്‍റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍.ഡി.എഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അതു തെറ്റാണ്, മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ’ എന്ന കുറിപ്പോടെയാണ് സിനിമാ സീരിയൽ താരമായ കൃഷ്ണകുമാറിന്‍റെ ചിത്രം വെച്ചുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കൃഷ്ണകുമാറിപ്പോള്‍ നിയമനടപടിക്കൊരുങ്ങി രംഗത്തെത്തിയിരിക്കുന്നത്.

‘സുഹൃത്തുക്കളിൽ ചിലർ ഫോർവേര്‍ഡ് ചെയ്താണ് ഈ മെസേജ് ആദ്യം എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഷൂട്ടിങ്ങ് തിരക്കിലായിരുന്നതിനാൽ ഇത്തരത്തിലൊരു ചർച്ച നടക്കുന്നത് ശ്രദ്ധിച്ചിരുന്നതേ ഇല്ല. പോസ്റ്റിൽ മതപരവും രാഷ്ട്രീയപരവുമായ ആംഗിളുകളുണ്ട്. പ്രസ്താനവനയിൽ മത, രാഷ്ട്രീയ ആംഗിളുകൾ കൊണ്ടുവരാന്‍ ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അത്ര വ്യക്തമായൊരു പ്രസ്താവനയുമല്ല. പലരോടും ചോദിച്ചാണ് എന്താണ് ഇതിൽ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹൻലാലിന്‍റെയോ ഒക്കെ പേരിൽ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാൽ അത് വ്യാജമാണോ യഥാർത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാൽ എന്നെപ്പോലെയുള്ള നടീനടൻമാരുടെ അവസ്ഥ അതല്ല. ആളുകൾ ചിലപ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസിലാകില്ല.
ഇതിന്‍റെ അപകടം മനസിലായതിനു ശേഷം സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്’- കൃഷ്ണകുമാർ പറയുന്നു

‘എനിക്കുണ്ടായ ഈ ആക്രമണം പുറത്തുനിന്നല്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇൻഡസ്ട്രിക്ക് അകത്തുനിന്നു എന്നെ അറിയാവുന്ന ആരെങ്കിലും തന്നെയാണെന്നാണ് കരുതുന്നത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാനുള്ള മനപൂർവമായ ശ്രമമാണിത്. അറിയപ്പെടുന്നവരുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ അവർക്ക് ഇതിന്‍റെ ഗുണം കിട്ടും. മകളുടെ (അഹാന) മൂന്ന് സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. അത്തരത്തിലുള്ള സംശയങ്ങളും ഉണ്ട്.

ഞാൻ ഏതെങ്കിലും പാർട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാർട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതാണ്’- കൃഷ്ണകുമാർ കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍