UPDATES

സിനിമ

കീരി വാസവന്‍, രാജക്കാട് കണ്ണയ്യ, അമ്പത്തൂര്‍ സിംഹം; മോഹന്‍ ജോസ് ഇവരൊക്കെയാണ്

Avatar

മോഹന്‍ ജോസ്/ അഭിമന്യു

വാറ്റുകാരന്‍ കീരി വാസവന്‍, രാജക്കാട് കണ്ണയ്യ, അമ്പത്തൂര്‍ സിംഹം തുടങ്ങിയ പേരുകള്‍ മലയാളിക്ക് സുപരിചിതമാണ്. ഈ കഥാപാത്രങ്ങളെല്ലാം സിനിമയ്‌ക്കൊപ്പം നമ്മുടെ മനസിലും ചേക്കേറിയിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം അവിസ്മരണീയമായി അവതരിപ്പിച്ച നടന്‍ മോഹന്‍ ജോസിനെക്കുറിച്ച് എത്ര പേര്‍ക്കറിയാം. 35 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് മോഹന്‍ ജോസ്. മോഹന്‍ ജോസ് സംസാരിക്കുന്നു. 

കഥാപാത്രങ്ങളും വ്യക്തി ബന്ധങ്ങളും

രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, കെ. മധു തുടങ്ങിയവരായി നല്ല സൗഹൃദമാണുള്ളത്. എന്റെ മികച്ച കഥാപാത്രങ്ങള്‍ മിക്കതും ചെയ്തിരിക്കുന്നത് ഇവരുടെ ചിത്രത്തിലാണ്. ലേലത്തിലെ വാറ്റുകാരന്‍ കീരിവാസവന്റെ കാര്യം ആദ്യം പറഞ്ഞത് സംവിധായകന്‍ ജോഷിയാണ്. കഥാപാത്രത്തെക്കുറിച്ച് രണ്‍ജി വ്യക്തമാക്കി തരുമെന്നും അദ്ദേഹത്തെ പോയി കാണാനും ജോഷി പറഞ്ഞു. രണ്‍ജി പണിക്കരാണ് കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കി തന്നത്. വളരെ കുറച്ച് സീനുകള്‍ മാത്രമാണ് ലേലത്തില്‍ കീരിവാസവനുള്ളത്. ഇപ്പോഴും ആളുകള്‍ കാണുമ്പോള്‍ ലേലത്തിലെ കീരിവാസവന്റെ കാര്യം പറയും. ലേലത്തിന്റെ സിഡി എടുത്ത് കീരിവാസന്റെ സീന്‍ മാത്രം കാണുമെന്നു പറഞ്ഞവരുമുണ്ട്. 35 വര്‍ഷമായി സിനിമാ ലോകത്ത് എത്തിയിട്ട്. ഇതുവരെ ആരുടെ പുറകെയും ചാന്‍സ് ചോദിച്ചു നടന്നിട്ടില്ല. വലിച്ചു വാരി സിനിമകള്‍ ചെയ്യാറില്ല. ചെറിയ വേഷമാണെങ്കിലും പ്രാധാന്യമുള്ള വേഷത്തില്‍ മാത്രമേ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ലോഹമാണ് ഒടുവില്‍ റിലീസായത്.

ശക്തമായ കഥാപാത്രങ്ങള്‍
ചെറുതാണെങ്കിലും ശക്തമായ കഥാപാത്രങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ഇതുവരെ ചെയ്തത്. വലിയ ഭാഗ്യമായി കരുതുന്നു ഇത്. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല. സ്വന്തം പേരിലൂടെ അല്ല ഒരു കലാകാരന്‍ നിലനില്‍ക്കേണ്ടതെന്നാണ് വിശ്വസിക്കുന്നത്. വിശ്വചിത്രകാരനായ മൈക്കല്‍ ആഞ്ചലോയുടെ കാര്യം തന്നെ നോക്കാം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രകാരനാണ് മൈക്കിള്‍ ആഞ്ചലോ. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ആഞ്ചലോ വരച്ചിരിക്കുന്നത്. മൈക്കിള്‍ ആഞ്ചലോയെ ലോകം ഓര്‍ക്കുന്നത് അദ്ദേഹം വരച്ച ചിത്രങ്ങളിലൂടെയാണ്. ഒരു കലാകാരന്‍ ഓര്‍മിക്കേണ്ടത് സ്വന്തം സൃഷ്ടിയിലൂടെയാണ്. എന്റെ പേരു പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ വാറ്റുകാരന്‍ കീരിവാസവനെയും അമ്പത്തൂര്‍ സിങ്കത്തെയും പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു കലാകാരനു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണിത്. ലേലം, രൗദ്രം, ക്രൈം ഫയല്‍, കൊച്ചിരാജാവ് എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ്. ക്രൈം ഫയലില്‍ ആദ്യം മറ്റൊരു കഥാപാത്രത്തെയാണ് എനിക്കു വേണ്ടി തയാറാക്കിയിരുന്നത്. പിന്നീട് കെ. മധുവാണ് പള്ളീലച്ചന്റെ കഥാപാത്രം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഒന്നാം പകുതിക്ക് ശേഷം നിരവധി സീനുകളിലാണ് ഈ കഥാപാത്രമുള്ളത്. പ്രത്യേക രീതിയിലുള്ള സംഭാഷണമൊക്കെ ഈ വേഷത്തിനായി ഉപയോഗിച്ചു. സംവിധായകനും ഇത് ഇഷ്ടപ്പെട്ടു. കഥാപാത്രത്തിന്റെ ഡബിങ് ആദ്യം മറ്റൊരാളെക്കൊണ്ടാണ് ചെയ്യിച്ചത്. ആറുമാസമെടുത്തു ഷൂട്ടിങ് തീരാന്‍. എന്നാല്‍ മൂന്നു പേരെ പരീക്ഷിച്ചിട്ടും ഡബിങ് ശരിയായില്ല. ഒടുവില്‍ എന്നെ തന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചു.

കൊച്ചി രാജാവിന് ശേഷം കോമഡിയും 
കൊച്ചി രാജാവില്‍ ചെറിയ വേഷമാണ് ചെയ്തത്. അമ്പത്തൂര്‍ സിങ്കം തമിഴ് സംസാരിക്കുന്ന ആളാണ്. തമിഴില്‍ ഞാന്‍ ഡബ് ചെയ്താല്‍ ശരിയാകില്ലെന്നു സംവിധായകന്‍ ജോണി ആന്റണിയോട് ആദ്യമേ പറഞ്ഞു. ഷൂട്ടിങ് തീര്‍ന്നാല്‍ എന്റെ പ്രതിഫലം തരാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് കഴിഞ്ഞ് ഡബിങ്ങിനായി ഇവര്‍ ചെന്നൈയിലേക്ക് പോയി. ഞാന്‍ ഉടയോന്റെ സെറ്റിലും ജോയ്ന്‍ ചെയ്തു. കൊച്ചിരാജാവിന്റേയും ഉടയോന്റേയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരാളായിരുന്നു. ഉടയോന്റെ ചിത്രീകരണത്തിന് ഇടയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നു ചേട്ടന് വിമാന ടിക്കറ്റ് എടുത്തു തന്നു ചെന്നൈയിലേക്ക് വിടാന്‍ ജോണി ആന്റണി പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു. ഇവിടെയും എന്റെ ശബ്ദത്തില്‍ മറ്റൊരാളെക്കൊണ്ട് ഡബ് ചെയ്യിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശരിയായില്ല. ഇതോടെയാണ് എന്നെ തന്നെ വിളിക്കാന്‍ ജോണി ആന്റണി നിര്‍ദേശിച്ചത്. കൊച്ചി രാജാവിന് ശേഷമാണ് കോമഡി കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്.

ന്യൂ ജനറേഷനും ഓള്‍ഡ് ജനറേഷനും
പുതിയ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ വേരുറപ്പിക്കുന്നതു കാണുന്നില്ല. സിനിമയിലേക്ക് നിരവധി പേര്‍ വരുന്നുണ്ട്. ഇന്നു വന്ന പലരെയും പിന്നെ കാണുന്നുമില്ല. വ്യക്തി ബന്ധങ്ങളും മറ്റും സിനിമ തെരഞ്ഞെടുക്കുന്നതിനെ ബാധിക്കും. അടുത്ത ബന്ധമുള്ളവര്‍ സിനിമ ചെയ്യാന്‍ വിളിച്ചാല്‍ എതിര്‍പ്പു പറയാന്‍ പറ്റില്ല. രണ്ടു മൂന്നു സിനിമകള്‍ തേടിയെത്തിയിരുന്നു. എന്നാല്‍ അവയിലെ കഥാപാത്രങ്ങളോട് താത്പര്യം തോന്നിയില്ല. ജീവിതത്തിലും സിനിമയിലും മിതമായ ആഗ്രഹങ്ങളേ എനിക്കുള്ളൂ. ഭക്ഷണം, ഭക്തി തുടങ്ങി എല്ലാ കാര്യങ്ങളിലും മിതത്വം പുലര്‍ത്തുന്നു. ഇതിനാല്‍ സെലക്റ്റീവായി മാത്രം കഥാപാത്രങ്ങളെ സ്വീകരിക്കുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളെ മാത്രം സ്വീകരിക്കുന്നു. ആരുടേയും അടുത്ത് അനാവശ്യമായി കൈനീട്ടാന്‍ പോകാറില്ല. സ്വദേശം വൈപ്പിനാണെങ്കിലും എറണാകുളം കടവന്ത്രയിലാണ് ഇപ്പോള്‍ താമസം. ഭാര്യയ്ക്കും ഏക മകള്‍ക്കുമൊപ്പം സുഖ ജീവിതം. കുറച്ചു കാലമായി ഫെയ്‌സ്ബുക്കില്‍ സജീവമാകാന്‍ തുടങ്ങിയത്. കുറച്ചുകാലം മുന്‍പ് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയെങ്കിലും സജീവമായിരുന്നില്ല. രാഷ്ട്രീയവും മതവുമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നിരുന്നത്. ഇതില്‍ വലിയ താത്പര്യമില്ലാത്തതിനാല്‍ ആദ്യമൊന്നും ഫെയ്‌സ്ബുക്ക് ഉപയോഗിക്കില്ലായിരുന്നു. ചുരുക്കം സുഹൃത്തുക്കള്‍ മാത്രമാണ് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം മുതല്‍ സജീവമാകാന്‍ തുടങ്ങി. സിനിമയിലെ ചില സംഭവങ്ങളൊക്കെ എഴുതിയിട്ട് കുറെ പേര്‍ ലൈക്ക് ചെയ്യുകയും കമന്റ് ഇടുകയും ചെയ്തു. ഇപ്പോള്‍ അയ്യായിരത്തോളം പേര്‍ സുഹൃത്തുക്കളായി ഫെയ്‌സ്ബുക്കിലുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍