UPDATES

സിനിമാ വാര്‍ത്തകള്‍

‘കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട് ഒരു നടനാണ് തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല’; വെളിപ്പെടുത്തലുമായി നടൻ സുധീർ

ജീവിതത്തിൽ ഒരിക്കലും മദ്യപിക്കാത്തൊരാളാണെന്ന് താനെന്നും,സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നതേ താൻ
ചെയ്തൊള്ളൂവെന്നും നടൻ പറയുന്നു

ആലപ്പുഴയിൽ നടു റോഡിൽ നാട്ടുകാരുമായി മദ്യപിച്ച് തല്ലുണ്ടാക്കിയ കേസിൽ നടൻ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കലും മദ്യപിക്കാത്തൊരാളാണ്‌ താനെന്നും, സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നതേ താൻ
ചെയ്തൊള്ളൂവെന്നും നടൻ പറയുന്നു. കൂടാതെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും സുധീർ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് സുധീർ ഇക്കാര്യങ്ങൾ സംസാരിച്ചത്.

‘ഞാൻ മദ്യപിച്ച് നാട്ടുകാരോട് തല്ലുണ്ടാക്കി രണ്ടുപേര്‍ ആശുപത്രിയിലാണെന്നാണ് മാധ്യമങ്ങളിൽ വരുന്ന വാർ‍ത്തകൾ. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാൽ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കൾ സത്യാവസ്ഥ അറിയണം, ഞാൻ മദ്യപിക്കാറില്ല.

ശരീരത്തെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല എന്റെ നാട് ആണ് കണിച്ചുകുളങ്ങര. എന്റെ അച്ഛനെയും അമ്മയെയും കണ്ട് സുഹൃത്ത് താമസിക്കുന്ന ഒരു ഹോട്ടലിൽ നിന്നും തിരിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെയും കൂട്ടി ആലപ്പുഴയിൽ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവിടെ എത്തിയത്. രണ്ട് വണ്ടിയിലായിരുന്നു യാത്ര. എന്റെ കാറിൽ മൂന്നുപേർ. പുറകിലെ കാറിലും മൂന്നുപേർ. ആ ഹോട്ടലി‍ൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാറിൽ നിന്നിറങ്ങിയ ഒരാൾ കുടിച്ച് ബോധമില്ലാതെ വണ്ടിക്ക് വിലങ്ങായി നിൽക്കുന്നു. ഹോണടിച്ചപ്പോൾ മാറാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞുതന്നെ നിന്നു.

ഇടയ്ക്ക് തിരിഞ്ഞ് വണ്ടിയുടെ റജിസ്ട്രേഷൻ നമ്പർ നോക്കി. നമ്പർ കണ്ടപ്പോൾ വെളിനാട്ടുകാരനാണെന്ന് തോന്നിക്കാണും. രണ്ടാമതും ഹോണടിച്ചതോടെ വണ്ടിയുെട ബോണറ്റിൽ ഒറ്റയടി. ഇതുകണ്ടതും എന്റെ സുഹൃത്ത് മനോജ് വണ്ടിയിൽ നിന്നും ചാടിയിറങ്ങാൻ തുടങ്ങി. എന്നാൽ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാരണം അയാൾ അത്രയ്ക്ക് ഫിറ്റായിരുന്നു. ചോദിക്കാൻ ചെന്നാല്‍ കൂടുതൽ കുഴപ്പം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. രണ്ട് മിനിറ്റ് നോക്കിനിന്നിട്ടും മാറാതായതോടെ മനോജ് വണ്ടിയിൽ നിന്നിറങ്ങി അയാളോട് മാറാൻ ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ നീ എന്തുചെയ്യും എന്നുപറഞ്ഞ് അസഭ്യം പറയാൻ തുടങ്ങി. അത് പിന്നീട് ഉന്തുംതളളുമായി. തൊട്ടടുത്തായി പൊലീസും നിൽക്കുന്നുണ്ടായിരുന്നു, അടി ഉണ്ടായതോടെ അവരും ഓടിയെത്തി. ഇവർ ഓടി വരുന്നതുകണ്ടതോടെ പുറകിലെ കാറിൽ വന്ന അനിയനും കൂട്ടുകാരും വണ്ടിയിൽ നിന്നിറങ്ങി. ഇത്രയും പേർ കൂടിയതോടെ അത് വലിയ ആൾക്കൂട്ടമായി. പിന്നെ മദ്യപിച്ച ആളുടെ കൂടെ കുറേപേർ കൂടി. അത് വീണ്ടും ബഹളത്തിനിടയാക്കി. പൊലീസുകാർ എല്ലാവരെയും പിടിച്ച് പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് അവിടെ തല്ലും ബഹളവും കൂടിയത്.

എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് പൊലീസ് ജീപ്പിൽ മാന്യമായി കയറിയിരുന്ന ഞാൻ അവിടേയ്ക്ക് ചെല്ലുന്നത്. അനിയന്റെ ഉടുതുണി പറിച്ചായിരുന്നു അവർ ആക്രമിച്ചത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവർ എന്നെ തിരിച്ചുതല്ലിയപ്പോൾ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്. പൊലീസുകാരെയും ഇവർ അസഭ്യം പറഞ്ഞു. ഭയങ്കര ബഹളമായിരുന്നു. അവസാനം പൊലീസുകാർ എല്ലാവരെയും പിടിച്ചുകൊണ്ടുപോയി. കള്ളുകുടിച്ചിട്ടാണ് ഞാൻ പ്രശ്നമുണ്ടാക്കിയതെങ്കിൽ പൊലീസ് എന്റെ മെഡിക്കൽ എടുക്കില്ലേ, അത് പിന്നീട് വലിയ പ്രശ്നമാകില്ല. ഈ സംഭവം അവര്‍ ഉണ്ടാക്കിയതാണ്. എറണാകുളംകാരാണെന്നു കരുതിയാണ് ബഹളം തുടങ്ങുന്നത്. എന്നാൽ ‍ഞാൻ നടനാണെന്ന് മനസ്സിലാക്കിയിട്ടുപോലും അവർ വെറുതെ വിട്ടില്ല. ഞങ്ങളുടെ മനോബലവും ആത്മധൈര്യവും കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഞാൻ ഇറങ്ങി ചെന്നില്ലായിരുന്നെങ്കിൽ അനിയനെ അവർ കൊന്നേനെ.

ആ വിഡിയോ എങ്ങനെയൊക്കെ വൈറലാക്കിയാലും, എന്നെ മനസ്സിലാക്കുന്ന കുറച്ച്പേരെങ്കിലും സത്യം അറിയണം.നടനാകുന്നതിനു മുമ്പ് തന്നെ ഞാൻ സാധാരണക്കാരനെപോലെ ജീവിച്ചുപോകുന്ന ആളാണ്, ഇപ്പോഴും അങ്ങനെ തന്നെ. നിങ്ങൾ പരമാവധി നാറ്റിക്കൂ, കൊലപാതകിയാക്കൂ, പെണ്ണ് പിടിയനാക്കൂ. രണ്ട് പേരെങ്കിലും വാസ്തവം അറിയട്ടെ എന്നുകരുതിയാണ് ഇത്രയും പറഞ്ഞത്’ –
സുധീർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍