UPDATES

സിനിമ

ദിലീപും ബോബി ചെമ്മണ്ണൂരും; മാധ്യമങ്ങളുണ്ടാക്കുന്നത് ഇല്ലാക്കഥകളാണെന്നും വിമര്‍ശനം

മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന ആരോപണവുമായി ആസിഫ് അലിയും കലാഭവന്‍ ഷാജോണും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെതിരേ ചലച്ചിത്ര മേഖലയില്‍ നിന്നു തന്നെ പ്രതികരണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാധ്യമ വാര്‍ത്തകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെയാണെന്ന വിമര്‍ശനവും താരങ്ങള്‍ ഉയര്‍ത്തുന്നു. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പോലും വാര്‍ത്തകളായി വരുന്നുവെന്ന പരാതിക്കൊപ്പം ഒരു ചലച്ചിത്രതാരം അകപ്പെട്ട കേസിന് ഇല്ലാത്ത സെന്‍സേഷണലിസം കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും താരങ്ങളില്‍ പലരും ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അമ്മ സംഘടനയുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ ആസിഫ് അലിയുമായി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ സംഭാഷണത്തില്‍ ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്നു നടന്‍ പറഞ്ഞതായാണു വാര്‍ത്ത വന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന തിരുത്തലുമായി ഇപ്പോള്‍ ആസിഫ് രംഗത്തു വന്നിരിക്കുകയാണ്. വാക്കുകള്‍ വളച്ചൊടിക്കരുത്. ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് എന്നായിരുന്നു ഈ വാര്‍ത്തയ്ക്ക് ആസിഫ് നല്‍കുന്ന വിശദീകരണം. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഇനി ഇനി അദ്ദേഹത്തിന്റെ കൂടെ ചേരാനോ അദ്ദേഹത്തെ ഫെയ്‌സ് ചെയ്യാനോ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ആസിഫ് നല്‍കിയ മറുപടി.

ഇനി ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പറഞ്ഞെന്ന തലക്കെട്ടില്‍ ഈ പ്രസ്താവന വലിയ വാര്‍ത്തയാകാന്‍ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണുണ്ടായിരിക്കുന്നതെന്ന് ഇപ്പോള്‍ ആസിഫ് തന്നെ വ്യക്തമാക്കുന്നു.

ആസിഫിനു മുമ്പ് ദിലീപിന്റെ പേര് ചേര്‍ത്ത് വാര്‍ത്തയായ മറ്റൊരു നടനായിരുന്നു കലാഭവന്‍ ഷാജോണ്‍. ദിലീപ് തനിക്കിഷ്ടമില്ലാത്തവരെ സിനിമയില്‍ നിന്നും ഒതുക്കുന്നതിന്റെ ഉദാഹരണമായാണ് ഷാജോണ്‍ അവതരിപ്പിക്കപ്പെട്ടത്. ദിലീപ് ഇടപെട്ട് ഷാജോണിന്റെ വേഷം മുടക്കുകയും സെറ്റില്‍ നിന്നും ആ നടന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയെന്നുമായിരുന്നു വാര്‍ത്തകള്‍. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ വില്ലന്റെ വേഷത്തിനായി മേക്കപ്പ് വരെ ഇട്ട ശേഷമായിരുന്നു ഷാജോണിനെ റോള്‍ ഇല്ലെന്നു പറഞ്ഞു മടക്കി അയക്കുന്നതും മിമിക്രിക്കാരനായ ഷാജോണ്‍ വില്ലന്‍ വേഷം ചെയ്താല്‍ ശരിയാകില്ലെന്ന ദിലീപിന്റെ തീരുമാനമായിരുന്നു നടന്റെ കണ്ണീരിനു കാരണമെന്നുമാണ് മാധ്യമങ്ങള്‍ പറഞ്ഞത്. രണ്ടുദിവസത്തോളം വലിയ പ്രചാരം ലഭിച്ച ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നു പറഞ്ഞു ഒടുവില്‍ ഷാജോണ്‍ തന്നെ രംഗത്തു വന്നു. വീണുപോയൊരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതേ എന്നായിരുന്നു ഷാജോണ്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ദിലീപ് തന്റെ വേഷം മുടക്കിയെന്നത് തെറ്റാണെന്നും ആ സിനിമയിലേക്ക് തന്നെ വിളിക്കുന്നതുപോലും ദിലീപ് പറഞ്ഞിട്ടായിരുന്നുവെന്നും ഷാജോണ്‍ വ്യക്തമാക്കി. ഷാജോണിന്റെ വിശദീകരണം ഇതായിരുന്നു; ‘വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്. പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്.

ദിലീപ് കേസില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് നടന്‍ സിദ്ദിഖ് രംഗത്തെത്തിയത്. മാധ്യമങ്ങള്‍ നിക്ഷിപ്ത താത്പര്യം ഉള്ളതുപോലെയാണ് ദിലീപിനെതിരേയുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു സിദ്ദിഖിന്റെ വിമര്‍ശനം. ബോബി ചെമ്മണൂരിനെതിരേ ലൈംഗികാരോപണവുമായി ഒരു സ്ത്രീ രംഗത്തു വന്നിട്ടു മിണ്ടാതിരുന്നവരാണ് മാധ്യമങ്ങളെന്നായിരുന്നു സിദ്ദിഖിന്റെ പരിഹാസം. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെയെഴുതി; ‘തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. അതിനെതിരെ ഒരു ചെറുവിരലനക്കാന്‍, ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല . അന്ന് അതൊന്നും കാണാത്ത മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരും കേരളത്തിലെ സമ്പൂര്‍ണ്ണ സാക്ഷര പൗരന്മാരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്. കോടതി കുറ്റവാളിയായി വിധിക്കാത്ത, കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാളുടെ സ്ഥാപനങ്ങളിലും മറ്റും ഇന്നലെ ആക്രമണം നടത്തിയ കേരളത്തിലെ യുവജന രാഷ്ട്രീയ സംഘടനകളോട് ഒരു ചോദ്യം, അന്ന് ബോബി ചെമ്മണ്ണൂരിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മുന്നില്‍ പോയ് രണ്ട് മുദ്രാവാക്യം വിളിക്കാനോ അടിച്ചു തകര്‍ക്കാനോ എന്തേ അന്ന് നട്ടെല്ല് നിവര്‍ന്നില്ലേ. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതിന് മുന്‍പുള്ള മാധ്യമ വിചാരണ അല്‍പ്പത്തരമാണ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ല കുറ്റാരോപിതാന്‍ മാത്രമാണെന്ന ഞാന്‍ പഠിച്ച മാധ്യമ ധര്‍മ്മം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.’

ദിലീപ് കുറ്റക്കാരനാണെന്നു വിശ്വസിക്കുമ്പോള്‍ തന്നെ ചാനലുകളിലും പത്രങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലുമെല്ലാം കേസുമായും ദിലീപുമായും ബന്ധപ്പെട്ട നിറംപിടിച്ചതും അയഥാര്‍ത്ഥ്യങ്ങളുമായ വാര്‍ത്തകള്‍ നിറയുന്നതിനെതിരേ പൊതുവില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ തെളിവെടുപ്പിനായി അബാദ് പ്ലാസയില്‍ കൊണ്ടുവന്നപ്പോള്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടറോട് ‘വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയാതെ ചേട്ടാ’ എന്നു ദിലീപ് തന്നെ പറഞ്ഞത് മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കായാണ് സോഷ്യല്‍ മീഡിയയില്‍ പോലും ഉപയോഗിക്കപ്പെട്ടത്. താരങ്ങളുടെ ഇടയില്‍ നിന്നുണ്ടാകുന്ന വിമര്‍ശനത്തിനൊപ്പം മാധ്യമങ്ങളുടെ അമിത സെന്‍സേഷണലൈസേഷനെക്കുറിച്ച് പൊതുസമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍