UPDATES

സിനിമ

ഗൂഡാലോചന… സര്‍വത്ര ഗൂഡാലോചന! ഇതിപ്പോള്‍ ഇരയാര്? പ്രതിയാര്?

ഒരു വശത്ത് ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുന്ന കുറച്ചു സ്ത്രീകള്‍, മറുവശത്ത് നടനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേയേറെപ്പേര്‍

തെന്നിന്ത്യന്‍ താരമായ ഒരു നടി കൊച്ചി എന്ന മഹാനഗരത്തില്‍ ഓടുന്ന കാറില്‍ ലൈംഗികാക്രമണത്തിനു വിധേയയാകുന്നു. കേരളത്തെ ഞെട്ടിച്ച സംഭവം. താന്‍ ആക്രമിക്കപ്പെട്ട വിവരം സധൈര്യം നടി പൊലീസിനെ അറിയിക്കുന്നു. പൊലീസ് കുറ്റവാളികള്‍ക്കെതിരേ അന്വേഷണം തുടങ്ങുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട ദുരനുഭവത്തില്‍ അനുശോചിക്കാനും ‘ അവള്‍ക്കൊപ്പം’ എന്നു ഗദ്ഗദമാനസരായി പ്രഖ്യാപിക്കാനും മലയാള ചലച്ചിത്ര മേഖല എറണാകുളം ദര്‍ബാര്‍ ഹാളിന്റെ പുല്‍മൈതാനത്ത് കസേരകളിട്ട് വട്ടംകൂടിയിരുന്നു. ഓരോരുത്തരായി മുറയനുസരിച്ച് മൈക്കിനു മുന്നില്‍ വന്നു വിമ്മിട്ടപ്പെട്ടു. തിരക്കഥയോ പ്രോംപ്റ്റിങോ ഇല്ലാതെ നടീനടന്മാര്‍ ഡയലോഗുകള്‍ പറഞ്ഞു. സംവിധായകര്‍, രചയിതാക്കള്‍… ആരും തന്നെ തങ്ങളുടെ ഭാഗം മോശമാക്കിയില്ല. അമ്മ ജനറല്‍ ബോഡി മീറ്റിംഗിലോ ട്വന്റി-ട്വന്റി സിനിമയിലോ കാണാന്‍ സാധിച്ചിട്ടില്ലാത്തവിധം സിനിമയുടെ മുന്നിലും/പിന്നിലും നില്‍ക്കുന്ന ഒട്ടുമിക്കപേരെയും ഒറ്റ ഫ്രെയിമില്‍ കാണാനായതിന്റെ സന്തോഷത്തോടെ പ്രേക്ഷകര്‍ അങ്ങനെയിരുന്നു.

ആ സെന്റിമെന്റല്‍ ഡ്രാമ അങ്ങനെയങ്ങ് അവസാനിക്കും എന്നു കരുതിയിരിക്കുമ്പോഴാണ്-ആ പ്രമുഖ അഭിഭാഷകയുടെ വാക്കുകള്‍ കടമെടുത്താല്‍ – മാധ്യമ കാമറകളുടെ മുന്നില്‍ നിന്ന് ഈറനണിഞ്ഞ കണ്ണുകളോടെ മേക്കപ്പ് ഇല്ലാത്ത മുഖത്തോടെ നിന്നുകൊണ്ട് ഒരു നായിക നടി ചില കാര്യങ്ങള്‍ പറഞ്ഞത്. ‘ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

ആദ്യ ട്വിസ്റ്റ്

ആരാണ് ഗൂഢാലോചന നടത്തിയത്?

ഇരയാക്കപ്പെട്ട നടി, നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഡാലോചനയുണ്ടെന്നു പറഞ്ഞ നടി, ഈ നടിമാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നടന്‍; അനുമാനങ്ങളും ഊഹാപോഹങ്ങളും സംശയങ്ങളുമെല്ലാം ഇങ്ങനെ പാറിപ്പറന്നു. അതിനിടയില്‍ തന്നെ സംശയിക്കരുത്, താനും വല്ലതും ചെയ്തുപോകുമെന്നൊക്കെ ജനപ്രിയ നായകന്‍ അങ്ങോട്ട്‌ വിളിച്ചു കൊടുത്ത അഭിമുഖത്തില്‍ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നു.

ഇതിനിടയില്‍ നടിയെ നേരിട്ട് ആക്രമിച്ചവരില്‍, അതിനു നേതൃത്വം കൊടുത്ത പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ സകലരെയും പിടിച്ചു.

അതിനും ശേഷമാണ് ഗൂഡാലോചനക്കാരന്‍ അറസ്റ്റിലാകുന്നത്. അതേ ആള്‍ തന്നെ; ജനപ്രിയ നായകന്‍. കേസിലെ പ്രധാന പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പോയ നായകന്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ആലുവ സബ് ജയിലില്‍. സാധാരണക്കാര്‍ ഞെട്ടി. സിനിമാക്കാര്‍ അതിലേറെ ഞെട്ടി. ചിലര്‍ക്ക് ശ്വാസം നിലച്ചു, ചിലര്‍ രോഷം കൊണ്ടു, ചിലര്‍ സ്വകാര്യമായി കരഞ്ഞു. പുകഞ്ഞ കൊള്ളി പുറത്തെന്നു പറഞ്ഞ് യുവരക്തം തിളച്ചു. കൊട്ടാരവിപ്ലവം ഉണ്ടാവരുതെന്ന് ആഗ്രഹിച്ച രാജാക്കന്മാര്‍ ദര്‍ബാര്‍ വിളിച്ചു കൂട്ടി. യുവാക്കളുടെ ഇംഗിതത്തിനു വഴങ്ങാന്‍ തീരുമാനിച്ചു. മടിശീലക്കാരനെ പുറത്താക്കി. നായകന്റെ അവസ്ഥ അദ്ദേഹത്തിന്റെ തന്നെ ചില സിനിമകളുടേതിനു സമാനമായി; വന്‍ ദുരന്തം!

വീണ്ടും ട്വിസ്റ്റ്

രണ്ടുമാസത്തിലേറെയായി നായകന്‍ ആലുവ സബ് ജയിലില്‍ ആണ്. വിചാരണ തടവുകാരനായി. മൂന്നുവട്ടം ജാമ്യാപേക്ഷ നല്‍കി. മൂന്നുവട്ടവും തള്ളി. നാലാംതവണയും നല്‍കിയിരിക്കുകയാണ്. രണ്ടു തവണ തള്ളിയ ഹൈക്കോടതിയില്‍ അല്ല, ആദ്യതവണ തളളിയ മജിസ്‌ട്രേറ്റ് കോടതിയില്‍. ഇത്തവണ സാഹചര്യങ്ങള്‍ നടന് അനുകൂലമാണെന്ന വിധമാണ് പറയുന്നത്. അതിനനുസരിച്ചുള്ള കാറ്റ് വീശല്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. മൊത്തത്തില്‍ ഒന്നു പരിശോധിച്ചാല്‍ വിമന്‍ കളക്ടീവിലുള്ളവര്‍ (പ്രമുഖ നടി പറഞ്ഞ കണക്കനുസരിച്ചാണെങ്കില്‍ 20 പേര്‍) ഒഴിച്ച് ബാക്കിയെല്ലാവരും തന്നെ (അന്ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കണ്ടവരുള്‍പ്പെടെ) ‘ക്രൂശിതനായ ക്രിസ്തുവിനൊപ്പം’ എന്നപോലെ ജയിലില്‍ കിടക്കുന്ന നായകന്റെ കണ്ണീരൊപ്പാന്‍ തൂവാല തയ്ച്ചുകൊണ്ടിരിക്കുകയാണ്. എനിക്കറിയുന്ന നായകന്‍ ഇങ്ങനെ ചെയ്യില്ലെന്നു നിരാശപൂണ്ടവര്‍ എനിക്കറിയുന്ന നായകന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നു ഉറപ്പിക്കുന്ന നിലയിലേക്ക് എത്തി. അവള്‍ക്കൊപ്പം എന്ന് ആദ്യം പറഞ്ഞവര്‍ അവള്‍ എവിടെയെന്നുപോലും ആലോചിക്കുന്നില്ലെന്നായി. അവള്‍ക്ക് ഓണമുണ്ടോ എന്നു തിരിക്കിയില്ലെങ്കിലും അവന് ഓണമുണ്ടുമായി ജയിലില്‍ പോയി. ഔദാര്യലിസ്റ്റ് നോക്കി ഓരോരുത്തരുടെയും പേരു വിളിക്കുമെന്നും വിളിക്കുന്നതിനനുസരിച്ച് വിശ്വാസം പ്രഖ്യാപിച്ചു പോകണമെന്നും അറിയിപ്പുണ്ടായി. രാജ തിട്ടൂരത്തെ ധിക്കരിക്കാന്‍ തക്കശേഷിയുള്ള റിബലുകളൊന്നും ഈ കൂട്ടത്തില്‍ ഇല്ല.

ഇനി മറ്റൊരു ശരിയാക്കല്‍ കൂടിയുണ്ട്. നിവൃത്തിയില്ലാതെ ചെയ്തുപോയ അബദ്ധം തിരുത്തണം. അമ്മ ഉള്‍പ്പെടെയുള്ള സംഘടനകളിലേക്ക് നായകനെ തിരികെ കൊണ്ടുവരണം. ഒതുക്കത്തില്‍ ചെയ്യാവുന്നതേയുള്ളൂ. വലിയ എതിര്‍പ്പൊന്നും ഉണ്ടാകില്ല. ചിലര്‍ ഉടക്കു വയ്ക്കുമായിരിക്കും. ശുചീന്ദ്രത്തെ കൈമുക്ക് സമ്പ്രദായം ഇവിടെയും വേണോ? എന്നങ്ങ് അമര്‍ത്തി ചോദിച്ചിട്ടും പിന്നെയും ആരെങ്കിലും മുറുമുറുക്കുന്നുണ്ടെങ്കില്‍ റോസിക്ക് ഇഷ്ടമില്ലെങ്കില്‍ റോസി ഈ വീട്ടീന്നു പോയ്‌ക്കോ എന്ന തമാശ അവരോട് പറഞ്ഞാല്‍ മതി.

ഗംഭീര തിരക്കഥ

ലോജിക്ക് പറയരുതാത്ത കഥകളാണ് സാധാരണ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. പക്ഷേ ഇവിടെ അതു പറ്റില്ല. അതുകൊണ്ട് തന്നെ വേണ്ടിയിരുന്നത് പെര്‍ഫെക്ട് തിരക്കഥയായിരുന്നു. അഭിനേതാക്കളെ തെരഞ്ഞെടുത്തതു പോലും ബുദ്ധിപൂര്‍വം ആയിരുന്നു. മാര്‍ക്കറ്റിംഗ് കൃത്യമായി നടത്തി. പണം അതിനൊരു പ്രശ്‌നമായി കണ്ടില്ല. സിനിമയില്‍ നിന്നുള്ളവര്‍ തന്നെ ആയാല്‍ ഉണ്ടാകുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ പുറത്തു നിന്നും പ്രമുഖരെ കൊണ്ടുവന്നു. അവരാകട്ടെ തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്യുന്നു. ക്യാരക്ടര്‍ റോളില്‍ തിളങ്ങിയിരുന്നവര്‍ തൊട്ട്, ആക്ഷന്‍ ഹീറോയായി തകര്‍ത്തുകൊണ്ടിരിക്കുന്നവര്‍ പോലും ഭേഷാക്കി.

ചിത്രം: കടപ്പാട്- ഏഷ്യനെറ്റ് ന്യൂസ്

സ്ഥലജലവിഭ്രമം (കാണികള്‍ക്ക്)
ഇന്ദ്രപ്രസ്ഥത്തിലെത്തിയ സുയോധനന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ഒരു വിഭാഗം കാണികളെങ്കിലും. എവിടെ ചവിട്ടണമെന്ന് അറിയില്ല (ആരെ ചവിട്ടണമെന്നും വായിക്കാം). നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞ നടിയെ ഇപ്പോള്‍ ഗൂഡാലോചനക്കാരിയായി മാറ്റിയിരിക്കുന്നു. മാധ്യമ ധര്‍മവും നിയമവും അറിയുന്നവര്‍, നിയമം ‘മാത്രം’ അറിയുന്നവര്‍, രാഷ്ട്രീയമുള്‍പ്പെടെ എല്ലാമറിയുന്നവര്‍; അവരെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും ഗൂഡാലോചനക്കാരിയായി മാറ്റിയിരിക്കുന്നത് അതേ നടിയേയാണ്.

ഇതിലിപ്പം ആരെ വിശ്വസിക്കണം? നടനെയോ നടിയേയോ (ആക്രമിക്കപ്പെട്ട നടിയല്ല)? ആരാണ് ഗൂഡാലോചന നടത്തിയത്; നടനോ നടിയോ? നടന്‍ അല്ലേ ശരിക്കും ഇര? അപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോ? – ഇതാണ് ഭൂരിഭാഗം ജനത്തിന്റെ അവസ്ഥ.

ക്ലൈമാക്‌സ്

ഒരു വശത്ത് ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ധൈര്യപൂര്‍വം പ്രവര്‍ത്തിക്കുന്ന കുറച്ചു സ്ത്രീകള്‍, മറുവശത്ത് നടനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേയേറെപ്പേര്‍. മറ്റൊരു വശത്ത് പേപ്പട്ടികളെന്നും ഭീഷണിക്കാരെന്നും എല്ലാം ഭത്സനം കേട്ടിട്ടും അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാമായി ഓടിനടന്ന് അവസാനവട്ടത്തിനായി കോപ്പുകളൊരുക്കുന്ന പൊലീസുകാര്‍. ഇതിനിടയില്‍ ചിലര്‍ക്ക് നെഞ്ചുവേദന വരുന്നു. മറ്റു ചിലര്‍ പ്രതിഷേധങ്ങളുയര്‍ത്തി വേദികളില്‍ കയറുന്നു. ഓരോ സിനിമ കാണുമ്പോഴും പ്രേക്ഷകന്‍ മനസില്‍ അതിനൊരു ക്ലൈമാക്‌സ് ചിന്തിക്കാറുണ്ട്. മിക്കവാറും ആദ്യം പകുതി കഴിയും മുന്നേ അവസാനം പിടികിട്ടും. ഇവിടെയും അങ്ങനെയൊരു ധാരണയിലാണ് ഭൂരിപക്ഷം പേരും. പക്ഷേ പ്രേക്ഷക ധാരണകള്‍ തെറ്റിച്ചും ചില സിനിമകള്‍ അവസാനിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍