UPDATES

സിനിമ

ദിലീപിന്റെ ഭാര്യമാരുടെ എണ്ണമല്ല, കുറ്റവാളിയാണോ എന്നാണ് അറിയേണ്ടത്

സദാചാര പൊലീസ് അല്ലല്ലോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നത്

സിനിമാക്കാരനെ കരിവാരി തേച്ചാല്‍ സാധാരണക്കാരന് കിട്ടുന്ന സുഖമാണ് ദിലീപിനെതിരേയുള്ള മാധ്യമവാര്‍ത്തകളും വിമര്‍ശനങ്ങളുമെന്നുമൊക്കെ നടി ഊര്‍മിള ഉണ്ണി ഒരാക്ഷേപം ഉന്നയിച്ചിരുന്നു. അന്നതിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആ നടിക്ക് ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. സിനിമാക്കാരൊക്കെ അസാധാരണക്കാരാണെന്ന ധാരണ ഊര്‍മിള ഉണ്ണിയെപോലുള്ള പലര്‍ക്കുമുണ്ട്; അതങ്ങനെ തന്നെയിരിക്കട്ടെ. എന്നാല്‍ ‘സാധാരണക്കാരെ’ ക്കുറിച്ച് അവര്‍ ധരിച്ചുവച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ തിരുത്തപ്പെടേണ്ടതാണ്. കാരണം, ദിലീപ് എന്ന സിനിമാനടനെക്കുറിച്ചല്ല ജനം അഥവ സിനിമാക്കാരുടെ കണ്ണിലെ സാധാരണക്കാര്‍, സംസാരിക്കുന്നതും എഴുതുന്നതും; അത് ദിലീപ് എന്ന പ്രതിയെക്കുറിച്ചാണ്. അയാള്‍ കുറ്റം ചെയ്‌തോ, ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യം ഇപ്പോള്‍ ഒന്നുകൂടി ആവര്‍ത്തിക്കാനുണ്ടായ സാഹചര്യം കേസ് അന്വേഷിക്കുന്ന സംഘം ഓരോ ദിവസം പുറത്തുവിടുന്ന ‘ബ്രേക്കിംഗ് ന്യൂസുകള്‍’ കാണുമ്പോഴാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയടക്കം നല്‍കിയ മൊഴികളില്‍ നിന്നും പൊലീസ് കണ്ടെത്തിയ തെളിവുകളില്‍ നിന്നും ദിലീപിന് നടി ആക്രമിക്കപ്പെട്ടതില്‍ പങ്കുണ്ടെന്നു തന്നെയാണ് കരുതേണ്ടി വരുന്നത്. ഹൈക്കോടതിയില്‍ നിന്നടക്കം അയാള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളും അതു ശരിവയ്ക്കുന്നു. അയാള്‍ കുറ്റക്കാരനാണെങ്കില്‍ ഇനി വേണ്ടത് ഈ കേസില്‍ അയാള്‍ക്ക് ബന്ധമുണ്ടെന്നതിനു കൃത്യവും ശക്തവുമായ തെളിവുകള്‍ പരാമവധി ശേഖരിച്ച് അവയെല്ലാം കോടതിക്കു മുന്നില്‍ അവതരിപ്പിച്ച് നിയമപ്രകാരമുള്ള ശിക്ഷ വാങ്ങിക്കൊടുക്കുകയാണ്. അങ്ങനെ സംഭവിക്കുക വഴി സ്റ്റേറ്റ് അതിന്റെ ജനത്തോട് നീതി ചെയ്യുകയാണ്. അതോടെയേ ഊര്‍മിള ഉണ്ണിയെപ്പോലുള്ളവര്‍ വിശ്വസിക്കുന്ന തരത്തില്‍ സിനിമാക്കാരെന്ന അസാധാരണ വിഭാഗവും ജനമെന്ന സാധാരണ വിഭാഗവും ഇവിടെയില്ലെന്നും എല്ലാവരും തുല്യരാണെന്നും തെളിയിക്കപ്പെടുകയും ചെയ്യൂ.

എന്നാല്‍ കാര്യങ്ങള്‍ ഈ തരത്തില്‍ പോകാതെ, ഏതാണ്ട് ഊര്‍മിള ഉണ്ണിയടക്കം ആരോപിക്കുന്നതുപോലെ സിനിമാക്കാരനെക്കുറിച്ചുള്ള ഇക്കിളി വാര്‍ത്തകളില്‍ അഭിമരിച്ചിരിക്കുന്ന മാധ്യമങ്ങളും ജനങ്ങളുമാണ് ഇവിടെയുള്ളതെന്ന് തോന്നിപ്പിക്കുകയാണ് ഈ കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ മനസിലാകുന്നത്. ഇവിടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് പലരും. പക്ഷേ ഈ വാര്‍ത്തകള്‍ പലതും മാധ്യമങ്ങള്‍ക്ക് എവിടെ നിന്നു കിട്ടുന്നു എന്നിടത്താണ് അതിശയം. സോഴ്‌സ്, പൊലീസ് ആണ്. കേസ് അന്വേഷിക്കുകയാണോ അട്ടിമറിക്കുകയാണോ എന്ന സംശയം ഉയര്‍ത്തേണ്ടി വരുന്നതും അവിടെയാണ്.

നടി ആക്രമിക്കപ്പെട്ടത് ദിലീപ് പറഞ്ഞിട്ടാണോ? ദിലീപിനു നടിയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്ത്? നടി ആക്രമിക്കപ്പെടുന്നത് ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ കൈവശം ഉണ്ടോ? ഈ കേസില്‍ ഇനിയും പ്രതികളുണ്ടോ? ദിലീപിന്റെ സാമ്പത്തിക സ്രോതസ്സുകളും ബിസിനസ് സംരംഭങ്ങളും നിയമവിരുദ്ധമായവയാണോ? തുടങ്ങി കേസുമായി ബന്ധപ്പെട്ടതും അയാള്‍ മറ്റ് നിയമവിരുദ്ധപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ കാര്യങ്ങളുമാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. അല്ലാതെ ദിലീപ് എത്ര കല്യാണം കഴിച്ചു എന്നതല്ല. എന്നാല്‍ ഇപ്പോള്‍ പൊലീസ് വഴി പുറത്തുവരുന്ന വിവരങ്ങള്‍ കേട്ടാല്‍ ദിലീപിനെതിരേ നടക്കുന്നത് സദാചാര അന്വേഷണങ്ങളാണോ എന്ന് ന്യായമായും സംശയമുയരും. സ്വാഭാവികമായും ഇക്കിളി വാര്‍ത്തകളോട് താത്പര്യമുള്ള സമൂഹം ഇത്തരം വാര്‍ത്തകളില്‍ കിടന്ന് അഭിരമിക്കും, അതറിയാവുന്ന മാധ്യമങ്ങള്‍ തങ്ങളുടെ കൈവശമുള്ള മസാലപ്പൊടികള്‍ കൂടി ചേര്‍ത്ത് വാര്‍ത്തകള്‍ വിളമ്പും. ഇവിടെ സംഭവിക്കുന്ന അബദ്ധമെന്തെന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസ് വഴിമാറിപ്പോവുകയും ഇരയ്ക്ക് നീതി കിട്ടിയോ എന്നുള്ള ചോദ്യത്തില്‍ ഒടുവില്‍ അതങ്ങ് അവസാനിക്കുകയും ചെയ്യും.

"</p

ദിലീപ് ഒരു ക്രിമിനല്‍ ആണോ, അയാള്‍ നിയമത്തെ വെല്ലുവിളിച്ച് എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പൊലീസിന് അവകാശമുണ്ട്. അയാള്‍ മൂന്നുകെട്ടിയോ ഇനിയും കെട്ടുമോ എന്നൊക്കെ അന്വേഷിക്കാന്‍ ഇറങ്ങിയാല്‍ അപ്പോള്‍ പൊലീസിനെ സദാചാരപൊലീസ് എന്നു വിളിക്കേണ്ടി വരും. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ഒരു അസിസ്റ്റന്റ് കമ്മിഷണര്‍ക്കും അവകാശമില്ലല്ലോ? അതല്ലെങ്കില്‍ അയാള്‍ക്ക് ഉണ്ടെന്നു പറയുന്ന ആദ്യഭാര്യയായ യുവതിയെ ഏതെങ്കിലും വിധത്തില്‍ ചതിക്കുകയോ അല്ലെങ്കില്‍ ആ വിവാഹം നിയമപ്രകാരം വേര്‍പ്പെടുത്താതെ അടുത്ത വിവാഹം കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കാം, നടപടിയെടുക്കാം. ഇവിടെ അതൊന്നും നടന്നിട്ടില്ല. അപ്പോള്‍ പിന്നെ പൊലീസ് ഈ ചെയ്യുന്നതൊക്കെ സദാചാര പൊലീസ് കളിയല്ലേ? ദിലീപിന്റെ സ്വഭാവം ഇതൊക്കെയാണെന്ന് തെളിയിച്ചെടുക്കാനാണോ ശ്രമം? കോടതി ഒരാളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണോ അയാള്‍ കുറ്റക്കാരെന്നു വിധിക്കുന്നത്. തെളിവ്, അതാണ് പ്രധാനം. മൂന്നു കെട്ടിയവനായതുകൊണ്ട് ഇയാള്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ സാധ്യതയുണ്ടെന്നൊക്കെ കേസ് ഡയറില്‍ എഴുതി വയ്ക്കാന്‍ പൊലീസ് തയ്യാറാകുമോ?

പൊലീസ് മാത്രമല്ല, മാധ്യമങ്ങളും ദിലീപിന്റെ ജാതകം തോണ്ടി നടക്കുന്നുണ്ടെന്നത് പറയാതെവയ്യാ. അയാള്‍ മാത്രമാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്ന മട്ടില്‍ കുറെ രഹസ്യകഥകള്‍ ഓരോ ദിവസവും എഴുതി വിടുന്നുണ്ട്. ഇന്നിപ്പോള്‍ ഒരു യുവാവിനെ പറ്റിച്ച കഥയാണ്. വീണു കിടക്കുന്നവന്റെ മുതുകത്ത് ഓടിക്കയറുന്ന അല്‍പ്പത്തരം. സെലിബ്രിറ്റികളുടെ ഇമേജ് വര്‍ദ്ധിപ്പിക്കല്‍ കഥകള്‍ എത്രയെത്രയോ ആണ് പറയാന്‍ ഉള്ളത്. ഇത്തരം കഥകളൊക്കെ നമ്മള്‍ ആഘോഷിച്ചു നടക്കുമ്പോള്‍ ഇതൊക്കെ തന്റെ കക്ഷിക്ക് കോടതിയില്‍ അനുകൂലമാക്കിയെടുക്കാന്‍ മിടുക്ക് ദിലീപിന്റെ വക്കീലിന് ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റുമോ?

തനിക്കെതിരേ നടക്കുന്നത് ഗൂഢാലോചനയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ് ഇപ്പോഴും. ഇപ്പോള്‍ അയാള്‍ക്കെതിരേ പടച്ചുവിടുന്ന കഥകളൊക്കെ ചൂണ്ടിക്കാട്ടി അയാളത് കോടതിയേയും ബോധ്യപ്പെടുത്താന്‍ നോക്കും. പൊലീസിനെവരെ അയാള്‍ക്കതില്‍ പ്രതിചേര്‍ക്കാം. ഈ കൂത്തുകളൊക്കെ കാണുമ്പോള്‍ അങ്ങനെയൊക്കെ തന്നെ വരികയും ചെയ്യുമെന്ന് തോന്നിപ്പോകും. ഒരു പള്‍സര്‍ സുനിയുടെയും അപ്പുണ്ണിയുടെയും മൊഴിയുംവച്ച് ബാക്കി സദാചാരകഥകളും നിറച്ച് ഒരു കുറ്റപത്രവുമായി കോടതിക്കു മുന്നില്‍ ചെന്നാല്‍ കഥയുടെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന് ഇപ്പോഴേ ഊഹിക്കാം.

അതുകൊണ്ട് ഇത്തരമൊരു പ്രമാദമായ കേസില്‍ ദിലീപ് കുറ്റവാളിയാണോ, ആണെങ്കില്‍ അതിനുള്ള ശക്തമായ തെളിവുകള്‍ കണ്ടെത്തുക; ഒറിജനല്‍ പോലീസ് ചെയ്യേണ്ടത് അതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍