UPDATES

സിനിമ

മലയാള സിനിമാക്കാരും കഥയറിയാതെ ആട്ടം കാണുന്ന മാധ്യമങ്ങളും

മാധ്യമപ്രവര്‍ത്തകര്‍ക്കൊരു ധാരണയുണ്ട്, അവര് വല്യ ബുദ്ധിമാന്മാരാണെന്ന്

നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെയെല്ലാമാണ് വഴിതിരിഞ്ഞു പോകുന്നത്! ബ്ലാക്‌മെയിലിംഗ് എന്നിടത്തു നിന്നും അതിപ്പോള്‍ സിനിമാക്കാരുടെ ഭൂമിക്കച്ചവടത്തിലേക്കു വരെ വന്നെത്തി നില്‍ക്കുന്നു. താരലോകത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു, ആക്രമിക്കപ്പെട്ട പെണ്‍കുട്ടി അവള്‍ സുഹൃത്തുക്കളെന്നും കൂടെയുള്ളവരെന്നും വിശ്വസിച്ചവരില്‍ നിന്നുപോലും അപമാനിക്കപ്പെടുന്നു. പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു/സൃഷ്ടിച്ചെടുക്കുന്നു… കൃത്യമായൊരു ക്ലൈമാക്‌സ് കണ്ടുകൊണ്ടു തന്നെയായിരിക്കും ആ പെണ്‍കുട്ടിക്കു വേണ്ടി ക്വട്ടേഷന്‍ തയ്യാറക്കപ്പെട്ടത്. പക്ഷേ എവിടെയോ പിഴച്ചു, ഇനിയെന്തെന്ന് ആര്‍ക്കുമങ്ങോട്ട് നിശ്ചയിക്കാന്‍ പറ്റാത്ത അവസ്ഥ.

പക്ഷേ, ചില യാഥാര്‍ത്ഥ്യങ്ങള്‍, സംഭവിക്കാന്‍ ഏറെ സാധ്യതയുള്ളത്- ഈ കേസില്‍ പ്രതികള്‍ ശിക്ഷപ്പെടും. ആരൊക്കെയാണോ ഇപ്പോള്‍ പൊലീസിന്റെ കൈവശമുള്ളവര്‍ അവര്‍. അതിനപ്പുറം ആരെയും പ്രതീക്ഷിക്കണ്ട.

ആ നടി ആക്രമിക്കപ്പെട്ടത് എന്തിനായിരിക്കുമെന്ന് ഇപ്പോള്‍ ഏകദേശം എല്ലാവര്‍ക്കും വ്യക്തമായിക്കാണും. അവരെ ഫീല്‍ഡ് ഔട്ടാക്കാനോ, പണം തട്ടാനോ, നിശബ്ദയാക്കാനോ ഒന്നിനുമല്ല. അത്ര ലാഘവത്തോടെയോ അന്ധമായോ ചിന്തിക്കുന്ന വില്ലന്‍മാര്‍ സിനിമാക്കാര്‍ക്കിടയില്‍ ഇല്ല. കൊച്ചിയില്‍ അന്നു നടന്നത് ബുദ്ധിയില്ലായ്മയുടെ പ്രവൃത്തിയല്ല, അതിബുദ്ധിയുടേതാണ്. ലൈംഗികാതിക്രമം, ഫോട്ടോയെടുക്കല്‍, ബ്ലാക്ക്‌മെയിലിംഗ് എല്ലാം യഥാര്‍ത്ഥ കാരണത്തെ മറയ്ക്കാനുള്ള തന്ത്രങ്ങളായിരിക്കണം. അപ്പോള്‍ നടി ആക്രമിക്കപ്പെട്ടത് എന്തിനാണ്? ആ കാരണത്തിലേക്കായിരിക്കാം പൊലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പക്ഷേ അവിടെ പൊലീസ് കുഴയും. എത്ര സമര്‍ത്ഥനായ പൊലീസുകാരനാണെങ്കിലും പരിമിതികള്‍ എന്നുന്നുണ്ടല്ലോ, ഇതൊരു ജനാധിപത്യരാജ്യവും അവിടെയൊരു സര്‍ക്കാരും ആ സര്‍ക്കാരിന് താത്പര്യങ്ങളുമുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് ചിന്തിച്ചു നോക്കൂ, ചാനല്‍ സ്‌ക്രോളുകളും ഓണ്‍ലൈന്‍ ഹെഡ്ഡിംഗുകളും വിശ്വസിക്കേണ്ട. സാമാന്യബുദ്ധിക്കു ചിന്തിക്കൂ. സിനിമാക്കാരുടെ കച്ചവടത്തിലേക്കാണ് പൊലീസ് കയറാന്‍ പോകുന്നതെങ്കില്‍ അവര്‍ തിരിച്ചു പള്‍സര്‍ സുനിയിലേക്ക് തന്നെ മടങ്ങേണ്ടി വരും.

"</p

കലയ്ക്കുവേണ്ടി മാത്രം ജീവിക്കുകയും ഒന്നുമില്ലാത്തവനായും ആരുമില്ലാത്തവനായും മരിക്കുകയും ചെയ്ത ഒത്തിരി കലാകാരന്മാര്‍ നമുക്കുണ്ട്. ആ വംശാവലിയുടെ ബാക്കിപത്രങ്ങളായി ചിലരൊക്കെ ഇപ്പോഴും ജീവിക്കുന്നുമുണ്ട്. രണ്ടുവരിയില്‍ കവിയാത്ത അനുസ്മരണവാചകങ്ങള്‍ക്കപ്പുറം അവരാരുമാകുന്നില്ല. പക്ഷേ അത്തരം ബുദ്ധിശൂന്യരല്ല, ഇക്കാല കലാകാരന്മാര്‍… പ്രത്യേകിച്ച് സിനിമാക്കാര്‍. കല പണത്തിനുവേണ്ടിയെന്നു വിശ്വസിക്കുന്നവരാണവര്‍. സിനിമ ഒരു ചൂതാട്ടമാണെന്നും എന്നും നേട്ടങ്ങള്‍ മാത്രമല്ല ഉണ്ടാകുന്നതെന്നും തോറ്റുപോയാല്‍ ഒന്നുമല്ലാതെ തൂത്തെറിയപ്പെടുമെന്നും അറിയാവുന്ന ബുദ്ധിമാന്മാരായ കളിക്കാര്‍. അതുകൊണ്ട് അവര്‍ കാറ്റുള്ളപ്പോള്‍ കഴിയാവുന്നത്ര തൂറ്റും. പപ്പടവും അച്ചാറും ബിസിനസ് ചെയ്യും. ഹോട്ടലുകളും റിസോര്‍ട്ടുകളും കെട്ടിയുണ്ടാക്കും. ഭൂമി വാങ്ങിച്ചിടും, വാഹനങ്ങള്‍ വാങ്ങിക്കും, തുണിക്കടകളും ജ്വല്ലറികളും ആരംഭിക്കും, സിനിമയ്ക്കില്ലാത്ത കോള്‍ഷീറ്റ് ഉദ്ഘാടനങ്ങള്‍ക്കു കൊടുക്കും, പോയതിനു കൂലിയായി പണ്ടോം വാങ്ങും പണോം വാങ്ങും, നാട്ടിലും മറുനാട്ടിലും പുറംനാട്ടിലും കച്ചവടോം ചെയ്യും കച്ചോടക്കാരുമായി കൂട്ടുമുണ്ടാക്കും… അങ്ങനങ്ങനെ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും; അതാണു പ്രാക്ടിക്കല്‍ സിനിമാക്കാരന്‍. ആ ജനുസില്‍പ്പെട്ടവരാണ് ഇന്നത്തേതില്‍ ഭൂരിപക്ഷവും.

പറഞ്ഞുവരുന്നത് കേസിന്റെ കാര്യം തന്നെയാണ്. ഏതെങ്കിലുമൊരു നടന്റെയും അയാളുടെ ബിനാമിയെന്നു പറയുന്ന സംവിധായകന്റെയോ സ്വത്തുവിവരം തിരക്കി പൊലീസ് ഇറങ്ങിയാല്‍ അതവരില്‍ തന്നെയങ്ങൊതുങ്ങുമെന്നു കരുതരുത്. ഇവരുടെ ബിസിനസ് ഒരു വള്ളിപ്പടര്‍പ്പുപോലെയാണ്, ചോടൊട്ടു കാണത്തുമില്ല, കാലാണേല്‍ കുരുങ്ങ്യേം ചെയ്യും. അല്ലെങ്കില്‍ പറ, മുക്കിയും മൂളിയുമൊക്കെയാണെങ്കിലും ഭൂമിക്കച്ചവടക്കാരും കയ്യേറ്റക്കാരുമൊക്കെയായ സിനിമാതാരങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നായിരുന്നല്ലോ, പൊലീസ് അന്വേഷണവും പറഞ്ഞുകേട്ടാരുന്നു, എന്തു പറ്റി അതിനൊക്കെ? അപ്പോള്‍ പിന്നെ ഇപ്പോഴത്തെ വീരസ്യം പറച്ചിലുകള്‍ (അതുപോലും മാധ്യമങ്ങള്‍ പറയുന്നതാണേ, പൊലീസ് മിണ്ടോയോന്നോ പറഞ്ഞോന്നോ നേരറിവില്ല) എവിടെച്ചന്നു നിക്കുമെന്നും നമുക്ക് ഊഹിക്കാലോ…

"</p

ബോളിവുഡ് ഭരിക്കുന്നത് ഡി കമ്പനിക്കാരാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഏതാണ്ട് തൊണ്ണൂറുകള്‍ കഴിഞ്ഞതോടെ അതുപോലത്തെ കമ്പനികള്‍ മലയാള സിനിമയിലും സ്ഥാപിക്കപ്പെട്ടു. ഒരു വ്യത്യാസം- പുറംപാര്‍ട്ടിയല്ല, ഉള്ളിലുള്ളവര്‍ തന്നെയാണ് കമ്പനിക്കാര്‍. എന്നാലും, രീതിയും ചെയ്തിയുമെല്ലാം ഏതാണ്ട് ഒരുപോലെ. തോക്കെടുക്കില്ലെന്നതായിരുന്നു പറയാനുള്ള ഒരു വ്യത്യാസം. ഇനിയിപ്പം അങ്ങനേം പറയാന്‍പറ്റില്ല. അങ്ങനെയുള്ള കമ്പനിക്കാര്‍ ആകെ ചെയ്യുന്ന പണി മുഖത്ത് ചായം തേച്ച് കാമറയ്ക്കു മുന്നില്‍ വന്നു നില്‍ക്കുന്നതാണെന്ന തെറ്റിദ്ധാരണ നമുക്കാര്‍ക്കുമില്ലേ! അവര്‍ എന്തൊക്കെ എവിടെയൊക്കെ ചെയ്യുന്നുണ്ടെന്നത് അത്രകണ്ടല്ലെങ്കിലും പരസ്യമാണേ… ഇമ്മാതിരി പരിപാടികളൊക്കെ നടത്തണമെങ്കില്‍ അവര്‍ക്ക് ആരുടെയെങ്കിലുമൊക്കെ കൈസഹായം വേണേ… രാഷ്ട്രീയക്കാരെപ്പോലെ സഹായമനസ്‌കര്‍ മറ്റാരുമില്ലെന്നതും ശരിയാണേ… ഈ രാഷ്ട്രീയക്കാരാണ് നാട് ഭരിക്കുന്നതെന്നും പൊലീസിനെ നിയന്ത്രിക്കുന്നതെന്നതും ഉള്ളകാര്യമാണേ… അപ്പോ പിന്നെ ഈ സിനിമാക്കാര്‍ ചില്ലറക്കാരല്ല എന്നതു സമ്മതിക്കാമേ… എങ്കിപ്പറ ഈ പൊലീസുകാര്‍ എത്രത്തോളം കുഴിച്ചു ചെല്ലും?

ഈ മാധ്യമപ്രവര്‍ത്തകര്‍ക്കൊരു ധാരണയുണ്ട്, അവര് വല്യ ബുദ്ധിമാന്മാരാണെന്ന്. ദിലീപിനേം മുകേഷിനേം ഇന്നസെന്റിനേയുമെല്ലാം അവരിപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖനടനും മറ്റു ചില പ്രമുഖന്മാരുമൊക്കെ കുടുങ്ങുമെന്ന് അവരെഴുതിയും പറഞ്ഞും വയ്ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുമെന്നും. 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്യുന്നതിനു കാവലായി, പ്രസവത്തിനു കേറ്റിയ ഭാര്യയെപ്പോലും മറന്ന് കര്‍മിനിരതരായി ഉറക്കമൊഴിച്ച മാധ്യമപ്രവര്‍ത്തകന്മാരോട്, ദിലീപ് പറഞ്ഞ അതേ മറുപടിയാണ് ആവര്‍ത്തിക്കേണ്ടത്. 13 മണിക്കൂറുകൊണ്ട് ദിലീപില്‍ നിന്നും നാദിര്‍ഷയില്‍ നിന്നും സകലവിവരങ്ങളും പൊലീസ് ഊറ്റിപ്പിഴിഞ്ഞെടുത്തെന്നാണല്ലോ കണ്ടെത്തല്‍. തന്റെ മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന ദിലീപിനെയും നാദിര്‍ഷായേയും കാത്ത് ഉറക്കമൊഴിച്ചിരിക്കുന്ന മജിസട്രേറ്റിന്റെ കഥപോലും എഴുതിപ്പിടിപ്പച്ചവര്‍ സാമന്യബുദ്ധി ഉപയോഗിച്ചു തിരിച്ചൊന്നു ചിന്തിച്ചേ! ആ 13 മണിക്കൂറില്‍ പൊലീസിന് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയാക്കാനുള്ള എന്തെങ്കിലും വിവരം കിട്ടിയോ? ആവശ്യംവന്നാല്‍ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിക്കുമെന്നുമാത്രമാണല്ലോ പൊലീസ് പറഞ്ഞത്. അത് തന്നെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വിളമ്പിയതല്ലാതെ ഈ ചോദ്യം ചെയ്യല്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരു മനുഷ്യനെ നാലഞ്ച് പൊലീസുകാര്‍ അരദിവസത്തോളം മാറിയും മറിച്ചും ചോദ്യം ചെയ്തിട്ടും അയാള്‍ അപരാധിയെന്നു തെളിയിക്കാന്‍ പറ്റുന്ന ഒരു തെളിവും കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് അയാള്‍ക്കെതിരേയുള്ള ഗൂഢാലോചനയും വിചാരണയുമല്ലേ? അങ്ങനെയാണെന്ന് അയാള്‍ക്കു പറയാലോ… കട്ടവനെ കിട്ടിയിട്ടും കിട്ടിയവനെക്കൂടി കള്ളനാക്കാനാണേ ഇവരെല്ലാം ചേര്‍ന്നു ശ്രമിക്കുന്നതെന്നു പറയാന്‍ ആലുവ പൊലീസ് ക്ലബിലെ 13 മണിക്കൂറിന്റെ കഥമാത്രം മതി ആ ‘ഇര’യ്ക്ക്.

"</p

ആവശ്യമായി വരുമ്പോള്‍ ഇര എന്നത് ഒരു ഇമേജാക്കി ഉപയോഗിക്കും ചിലര്‍. അതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കൂടെ നില്‍ക്കാന്‍ ആളുണ്ടാകും. ആ ആളുകള്‍ക്ക് സ്വയം ന്യായീകരിക്കാനും ‘ഇര’ ഇമേജ് ഉപയോഗപ്പെടും. മുകേഷിനോടോ ഗണേശിനോടെ ഇന്നലത്തെ പ്രകമ്പനം കൊള്ളലിന്റെ കാരണം ചോദിച്ചു നോക്കൂ, അവര്‍ പറയുന്നത്, തങ്ങളുടെ കൂട്ടത്തിലെ ഒരു ഇരയേയോര്‍ത്ത് ഇമോഷണലായി പോയതാണെന്നായിരിക്കും. ഇരകളോട് ലിംഗം നോക്കിയേ സിമ്പതി കാണിക്കാവൂ എന്നില്ലല്ലോ. അവര്‍ പറയുന്നതിലെ ന്യായം നോക്കിയാല്‍ ക്രൗണ്‍ പ്ലാസയില്‍ ഇന്നലെ നടന്നതൊക്കെ തികച്ചും മാനുഷികപ്രതികരണങ്ങള്‍ അല്ലേ, അതിനെയല്ലേ മാധ്യമങ്ങള്‍ പര്‍വ്വതീകരിക്കുന്നത്. അതുകൊണ്ട് മാധ്യമങ്ങളേ… നിങ്ങള്‍ ഈ ഇരയെ വെറുതേ വിടണം… പിന്നാലെ പൊലീസും വിട്ടോളും…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍