UPDATES

സിനിമ

ഈ കഥയില്‍ ട്വിസ്റ്റുകള്‍ മാത്രമേയുള്ളോ, ക്ലൈമാക്‌സ് ഇല്ലേ?

ദിലീപിനെ മനഃപൂര്‍വം കുടുക്കാന്‍ സിനിമയിലെ പലരും ശ്രമിക്കുന്നതായാണ് ഈ ഫോണ്‍വിളി സംഭാഷണത്തില്‍ നിന്നും സൂചന കിട്ടുന്നതെന്നാണ് നാദിര്‍ഷ പറയുന്നത്.

കഥയിതുവരെ…

ഫെബ്രുവരി 17, മലയാള സിനിമയെ പിടിച്ചു കുലുക്കി മലയാളത്തിലെ പ്രമുഖ നടി കൊച്ചിയില്‍വച്ച് അതിക്രൂരമാം വിധം ആക്രമിക്കപ്പെടുന്നു. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുംവഴി കാറില്‍ അതിക്രമിച്ചു കയറിയവര്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു (നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍). അക്രമികളുടെ ലക്ഷ്യം ബ്ലാക്‌മെയിലിംഗ് ആണെന്നായിരുന്നു നിഗമനം. നാണക്കേട് ഭയന്നു സംഭവിച്ച കാര്യങ്ങള്‍ നടി പുറത്തു പറയില്ലെന്നായിരുന്നു കൃത്യം നടത്തിയവരുടെ വിചാരം. പക്ഷേ കഥയില്‍ ട്വിസ്റ്റ് സംഭവിച്ചു. നടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലക്കാണ് പോയത്. നടന്ന കാര്യങ്ങളെല്ലാം അവിടെ പറഞ്ഞു. വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. മാധ്യമങ്ങള്‍ വലിയതോതില്‍ വാര്‍ത്തയെഴുതി. ആക്രമിക്കപ്പെടുമ്പോള്‍ നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാള്‍ കൂടി ഉള്‍പ്പെടുന്ന ഗൂഢാലോചനയാണ് നടന്നതെന്ന് പൊലീസ് മനസിലാക്കി. മാര്‍ട്ടിനില്‍ നിന്നും അന്വേഷണം മുഖ്യപ്രതിയും ഫിലിം യൂണിറ്റ് ഡ്രൈവറുമായിരുന്ന (ഇതേനടിയുടെ ഡ്രൈവറായും ജോലി നോക്കിയിരുന്നയാള്‍) പള്‍സര്‍ സുനിയെന്ന അങ്കമാലി സ്വദേശി സുനില്‍ കുമാറിലേക്ക് എത്തി. പക്ഷേ സുനിയെ പിടികൂടാന്‍ പൊലീസ് കുറച്ചു കഷ്ടപ്പെട്ടു. ഇതിനിടയില്‍ നടന്നതെല്ലാം ഒരു കച്ചവട സിനിമയിലെ സാഹസികരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍. ഒടുവില്‍ രഹസ്യമായി കോടതിയില്‍ ഹാജരാകാന്‍ ശ്രമിച്ച സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നും പൊലീസ് പിടികൂടി. ഒച്ചയും ബഹളവുമൊക്കെ നടന്നെങ്കിലും സി ഐ അനന്തലാലും സംഘവും സുനിയെ ജീപ്പില്‍ കയറ്റി. നടി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം ഏഴുപേരെ അറസ്റ്റ് ചെയ്ത് (സംഭവത്തില്‍ നേരിട്ട് പങ്കുള്ളവര്‍) പൊലീസ് കഴിവു തെളിയിച്ചു. കേസ് ക്ലൈമാക്‌സിലേക്ക് എത്തിയെന്ന് എല്ലാവരും വിചാരിച്ചു.

ട്വിസ്റ്റുകള്‍… ട്വിസ്റ്റുകള്‍…
സുനിയും കൂട്ടരും ചേര്‍ന്നു നടത്തിയ പദ്ധതിയല്ല നടിയെ ആക്രമിക്കലെന്നും അതൊരു ക്വട്ടേഷന്‍ വര്‍ക്കായിരുന്നുവെന്നും പിറുപിറുപ്പുകള്‍ ഉയര്‍ന്നു. വൈകാതെയത് ശക്തമാവുകയും മാധ്യമങ്ങള്‍ ആ തരത്തില്‍ വാര്‍ത്തകളെഴുതാനും തുടങ്ങിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. വിരലുകളെല്ലാം ഒരു നടന്റെ നേര്‍ക്കുയര്‍ന്നു. ഒരു കാലത്ത് ആക്രിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന ദിലീപിലേക്കാണ് ആരോപണങ്ങള്‍ എത്തിയത്. ദിലീപില്‍ നിന്നും വിവാഹമോചനം നേടിയ മഞ്ജു വാര്യര്‍ ആക്രമണത്തിനിരയായ നടിക്കൊപ്പം നില്‍ക്കുകയും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ ക്രിമിനലുകളെ പുറത്തുകൊണ്ടുവരണമെന്നും നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് താരങ്ങള്‍ സംഘടിപ്പിച്ച ചടങ്ങളിലടക്കം മഞ്ജു ശബ്ദമുയര്‍ത്തി പറഞ്ഞു.

ക്വട്ടേഷന്‍ തന്നെയെന്നു നടിയും
താന്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ പറയുന്നതനുസരിച്ച് അന്നു നടന്നത് ഒരു ക്വട്ടേഷന്‍ തന്നെയാണ്. തന്നെ ആക്രമിച്ചവര്‍ ഇക്കാര്യം പറഞ്ഞെന്നും അവര്‍ മറ്റു ചിലരാല്‍ (ഒരു നടിയുള്‍പ്പെടെ) നിയോഗിക്കപ്പെട്ടവരാണെന്നും തന്റെ ഫോട്ടോ അവര്‍ക്കു കൈമാറുമെന്നും ബാക്കി ഡീലിംഗ്സ് എല്ലാം അവരുമായിട്ടായിരിക്കുമന്നും സുനി പറഞ്ഞതായാണു നടി വെളിപ്പെടുത്തുന്നത്. കേസുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നും നടി വ്യക്തമാക്കി.

പണമോ പകയോ?
നടി ആക്രമിക്കപ്പെട്ടത് സിനിമയിലെ പ്രമുഖരുടെ നിര്‍ദേശപ്രകാരമാണെന്നു വാര്‍ത്തകള്‍ വന്നതോടെ അതിനു പിന്നിലെ കാരണമാണ് പിന്നീട് ചര്‍ച്ചയായത്. നടിയോട് ചിലര്‍ക്കുണ്ടായ പകയാണ് കാരണമെന്നാണ് ഒരു വാദം. കഴിഞ്ഞ കുറെ നാളുകളായി നടി മലയാള സിനിമ ഇന്‍ഡസ്ട്രയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് നേരിടുകയാണ്. തനിക്കു വരുന്ന അവസരങ്ങള്‍ ചിലര്‍ ചേര്‍ന്ന് മനഃപൂര്‍വം മുടക്കുകയാണെന്നു നടി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. അന്നു നടി പരോക്ഷമായി പ്രതിസ്ഥാനത്തു നിര്‍ത്തിയത് നടന്‍ ദിലീപിനെയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളാണ് നടിക്കെതിരേ തിരിയാന്‍ കാരണമെന്നും പറഞ്ഞുകേട്ടു. ആ വിദ്വേഷം പ്രതികാരമായി തീര്‍ന്നതാണ് കൊച്ചിയില്‍ കണ്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും യഥാര്‍ത്ഥകാരണം കോടികള്‍ വിലവരുന്ന റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കങ്ങളാണെന്ന തരത്തില്‍ മറ്റൊരു വാര്‍ത്തയും പുറത്തു വന്നു. നടിയുടെ പേരില്‍ ബിനാമിയായി വാങ്ങിയിരിക്കുന്ന സ്വത്ത് തിരിച്ചു കിട്ടാന്‍ വേണ്ടി നടത്തിയ കളിയുടെ ഭാഗമാണ് ആക്രമമെന്നായിരുന്നു ആ വാര്‍ത്ത. 20 കോടി മുതല്‍ 100 കോടി രൂപവരെ ഈ ഭൂസ്വത്തിന് മാധ്യമവാര്‍ത്തകളില്‍ വിലയിട്ടു. നടി താരകുടുംബത്തിന്റെ അടുത്തയാളായി നിന്നിരുന്ന കാലത്താണ് നടിയെ ബിനാമിയാക്കി ഭൂമി വാങ്ങിയതെന്നും പിന്നീട് താരങ്ങള്‍ പരസ്പരം പിരഞ്ഞപ്പോള്‍ നടി അതിലൊള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയും അയാളുടെ പേരില്‍ സ്വത്തുക്കള്‍ മാറ്റിയെഴുതാമെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണ് എതിരാളിയെ പ്രകോപിച്ചതെന്നും വാര്‍ത്തകള്‍ വന്നു.

വനിത സംഘടന
നടി ആക്രമിക്കപ്പെട്ട കേസ് നടക്കുന്നതിനിടയിലാണ് മലയാള സിനിമയില്‍ ഒരപ്രതീക്ഷിത സംഭവം ഉണ്ടായത്. വിമണ്‍ കളക്റ്റീവ് ഇന്‍ സിനിമ എന്ന പേരില്‍ മലയാള സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് ഒരു സംഘടനയ്ക്ക് രൂപം നല്‍കി. സ്ത്രീകള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം എന്നാണ് സംഘടനയുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യരും റിമ കല്ലിങ്കലുമൊക്കെ പറയുന്നതെങ്കിലും അവരുടെ പ്രധാനലക്ഷ്യം ഒരു പ്രതിരോധ സംവിധാനം തന്നെയായിരുന്നു എന്നാണ് മനസിലാകുന്നത്. മുഖ്യമന്ത്രിയെ കണ്ട് സംഘടനയെക്കുറിച്ച് സംസാരിച്ചപ്പോഴും അവരുടെ പ്രധാന ആവശ്യം നടി ആക്രമിക്കപ്പെട്ടതില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടണം എന്നതു തന്നെയായിരുന്നു. പക്ഷേ ഇങ്ങനെയൊരു നീക്കം നടത്തിയതിന്റെ പേരില്‍ പ്രസ്തുത നടിമാര്‍ ഉള്‍പ്പെടെ സംഘടനയുമായി ബന്ധമുള്ളവര്‍ക്കെല്ലാം എതിരേ ആണ്‍ശക്തികള്‍ തിരിഞ്ഞതായും സിനിമയില്‍ നിന്നും ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള പ്രതികാരനടപടികള്‍ തുടങ്ങിയതായും വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. പക്ഷേ പ്രതിരോധവും പ്രതിഷേധവും ഒരുപോലെ ഉയര്‍ത്തി ചിലരുടെ ജനപ്രിയമുഖം മൂടികള്‍ വലിച്ചെറിയുമെന്നു തന്നെയാണ് തങ്ങള്‍ തീര്‍ച്ചപ്പെടുത്തിയതെന്നു വിമണ്‍ കളക്റ്റീവ് ഇന്‍ സിനിമ പ്രവര്‍ത്തകര്‍ പറയുന്നു.

നായകനോ വില്ലനോ
കേസില്‍ തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായത് നടന്‍ ദിലീപാണ്. വൈകാരികമായും പൊട്ടിത്തെറിച്ചും ദിലീപ് ഇതിനെതിരേ പ്രതികരിച്ചു. പക്ഷേ എല്ലാമടങ്ങിയെന്ന് ഉറപ്പു വരുത്താന്‍ മാത്രം ദിലീപിന് സാധിച്ചിരുന്നില്ല. ദിലീപ് ആരോപിക്കുന്നതുപോലെയോ, അതല്ലെങ്കില്‍ നേരറിയാന്‍ വേണ്ടിയോ ചില കോണുകള്‍ ഈ കേസിന്റെ പുറകില്‍ സാദാ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ കലിപ്പ് മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമടക്കം ദിലീപ് തീര്‍ക്കുകയുമുണ്ടായി. പക്ഷേ വീണ്ടും സംഭവിച്ച ട്വിസ്റ്റുകള്‍ ദിലീപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി തന്റെ സഹതടവുകാരനായിരുന്ന അങ്കമാലിക്കാരന്‍ ജിന്‍സനോട് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചു എന്ന് പുതിയ വാര്‍ത്തകളാണ് വീണ്ടും വഴിത്തിരിവാകുന്നത്. കേസില്‍ ഒരു നടനും സംവിധായകനും പങ്കുണ്ടെന്നായിരുന്നു ജിന്‍സനോട് സുനി പറഞ്ഞത്. ഈ കാര്യങ്ങള്‍ ജിന്‍സന്‍ പൊലീസിനോടു പറഞ്ഞതായും ആവശ്യമെങ്കില്‍ കോടതിയില്‍ പറയാമെന്നും സമ്മതിച്ചിട്ടുമുണ്ട്. നടനും സംവിധായകനും ആരാണെന്ന് ജിന്‍സന്‍ വ്യക്തമാക്കിയില്ല.

അന്വേഷണം തുടരുന്നു
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരുന്നു. അന്വേഷണം അവസാനിച്ചെന്നു തന്നെ എല്ലാവരും കരുതി. എന്നാല്‍ കേസില്‍ പുനരന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുകയാണ് പൊലീസ് ഇപ്പോള്‍. ജിന്‍സന്റെ മൊഴിയെടുത്ത അന്വേഷണസംഘം ഇയാളെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാനും ആലോചിക്കുന്നു. കൂടാതെ എഡിജിപി ബി. സന്ധ്യ നടിയുടെ മൊഴി വീണ്ടുമെടുത്തതായും അറിയുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ കൃത്യമായ തെളിവുകള്‍ കിട്ടിയതാണ് പൊലീസിനെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ഒന്നും പുറത്തുപറയാന്‍ അന്വേഷകര്‍ തയ്യാറാകുന്നില്ല

ബ്ലാക്‌മെയിലിംഗ്
കേസില്‍ വളരെ നിര്‍ണായകമായ മറ്റൊരു ട്വിസ്റ്റാണ് ശനിയാഴ്ച രാവിലെ ഉണ്ടായിരിക്കുന്നത്. സംവിധായകന്‍ നാദിര്‍ഷയ്ക്കു വന്ന ഫോണ്‍കോള്‍ കേസില്‍ ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു എന്നയാളാണ് വിളിക്കുന്നതെന്നാണു പറഞ്ഞത്. സിനിമയിലെ പല പ്രമുഖരും കേസില്‍ ദിലീപിന്റെ പേര് പറയാന്‍ വേണ്ടി രണ്ടുകോടി രൂപവരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപ് നിരപരാധിയാണെന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും പണം പ്രധാനമായതുകൊണ്ട് പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ വേണമെന്നും ഇല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് അനുസരിക്കുമെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത് (നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞത്). ഈ ഫോണ്‍ കോള്‍ റെക്കോര്‍ഡ് സഹിതം ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ദിലീപിനെ മനഃപൂര്‍വം കുടുക്കാന്‍ സിനിമയിലെ പലരും ശ്രമിക്കുന്നതായാണ് ഈ ഫോണ്‍വിളി സംഭാഷണത്തില്‍ നിന്നും സൂചന കിട്ടുന്നതെന്നാണ് നാദിര്‍ഷ പറയുന്നത്. ദിലീപ് നേരത്തെ തന്നെ പറയുന്നതും ഇതേ കാര്യമാണ്. നിര്‍മാതാക്കളും നടിമാരും ഈ സംഘത്തില്‍ ഉണ്ടെന്നും ഇവരുടെയെല്ലാം പേരുകളും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞെന്നാണ് നാദിര്‍ഷ പറയുന്നത്. പല പേരുകളും തങ്ങളെ ഞെട്ടിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു. ദിലീപും നാദിര്‍ഷയും ഒരുപോലെ വിരല്‍ ചൂണ്ടുന്നത് സിനിമ മേഖലയ്ക്കുള്ളില്‍ നടന്നുവരുന്ന ഒരു ഗൂഢാലോചനയ്‌ക്കെതിരേയാണ്. പോലീസ് ഇപ്പോള്‍ കേസില്‍ പുനരന്വേഷണം ആരംഭിച്ചതുപോലും തന്റെ പരാതിപ്രകാരമാണെന്നും എന്നാല്‍ അതും മറുഭാഗത്തിന്റെ ക്രെഡിറ്റിലാണ് പോകുന്നതെന്നും ദിലീപ് പറയുന്നു.

ട്വിസ്റ്റുകള്‍ തുടരുമോ, ക്ലൈമാക്‌സില്‍ എത്തുമോ?
ഇപ്പോഴത്തെ ഫോണ്‍കോള്‍ ഭീഷണിക്കു മുന്നേ പള്‍സര്‍ സുനി ദിലീപിനെഴുതിയതെന്ന പേരില്‍ ഒരു കത്ത് പുറത്തു വന്നിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നും എന്നാല്‍ സംഭവം കഴിഞ്ഞപ്പോള്‍ ദിലീപ് തങ്ങളെ തിരിഞ്ഞുനോക്കാതായി എന്നുമാണ് കത്തില്‍ പറയുന്നത്. കൂടെയുള്ള അഞ്ചുപേരെ പുറത്തിറക്കണമെന്നും പറഞ്ഞ പണം നല്‍കണമെന്നും സുനി എഴുതിയെന്നു പറയുന്ന കത്തില്‍ ആവശ്യപ്പെടുന്നു. കത്ത് കിട്ടിയകാര്യം ദിലീപും സമ്മതിക്കുന്നു. മറ്റൊരു ഭീഷണായിയിട്ടാണ് അദ്ദേഹമത് കാണുന്നത്. സുനിയായിരിക്കാം എഴുതിയതെന്നു കരുതാം എന്നു പറയുമ്പോഴും അതും തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള അടവാണെന്നാണ് നടന്‍ പറയുന്നത്.

ഇതിങ്ങനെ ട്വിസ്റ്റുകളോട് ട്വിസ്റ്റുകളായി കഥ തുടരുമ്പോള്‍ ഒരു സംശയം മാത്രമാണ് ബാക്കി; ഇതിനൊരു ക്ലൈമാക്‌സ് ഉണ്ടാകുമോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍