UPDATES

സിനിമാ വാര്‍ത്തകള്‍

ജൂനിയര്‍ ലാലിനെതിരെ നടി കേസുകൊടുത്തത് ചിത്രത്തില്‍ തന്റേതെന്ന രീതിയില്‍ മറ്റൊരാളുടെ ശരീരം പ്രദര്‍ശിപ്പിച്ചതിന്

പരസ്യമായി മാപ്പ് പറയണം, 10 ലക്ഷം രൂപ നഷ്ടപരിഹാരവും അഭിനയിക്കാനുള്ള പ്രതിഫലമായി പറഞ്ഞിരുന്ന ഒരു ലക്ഷം രൂപയും തരണം.

നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാലിനെതിരെ നടി കേസ് കൊടുത്തത് അശ്ലീല സംഭാഷണം നടത്തിയതിനല്ലെന്നതിന്റെ തെളിവുകള്‍ കൊച്ചിപോസ്റ്റ്.കോം പുറത്തുവിട്ടു. നടി നല്‍കിയ പരാതിയുടെ പകര്‍പ്പും നടിയുടെ വിശദീകരണവും അടക്കമാണ് വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.

ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹണീ ബീ2 എന്ന ചിത്രത്തിലെ ചില രംഗങ്ങളില്‍ തന്റേതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വ്യാജമായി ശരീര പ്രദര്‍ശനം നടത്തിയെന്നും താന്‍ അക്കാര്യം പാടില്ല എന്നു പറഞ്ഞിട്ടും അനുവാദമില്ലാതെ ഇത്തരത്തില്‍ ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് നടിയുടെ പരാതില്‍ പറയുന്നത്. ബോഡി ഡബിള്‍ എന്നാണ് ഇതിന് സാങ്കേതികമായി പറയുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെയും ഒരു ചാനലിലെ അവതാരക എന്ന നിലയിലും പ്രശസ്തയായ മേഘന നായരാണ് പരാതിക്കാരി. ലാല്‍ ജൂനിയറിനും ലാല്‍ ക്രിയേഷന്‍സിനുമെതിരെയാണ് മേഘനയുടെ പരാതി. മാധ്യമ വാര്‍ത്തകളില്‍ പറയുന്നതുപോലെ തന്നോട് അശ്ലീല പരാമര്‍ശം നടത്തിയതിനല്ല പകരം താന്‍ അഭിനയിച്ച രംഗങ്ങളില്‍ അനുവാദമില്ലാതെ ബോഡി ഡബിള്‍ നടത്തിയതിനാണ് പരാതി നല്‍കിയതെന്നും നടി കൊച്ചി പോസ്റ്റിനോട് പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്നതിന് താനെതിരാണെന്നും തന്റേതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പിന്‍ഭാഗവും വയറും പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളോടാണ് താനെതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. തന്റെ മുഖം കാണിക്കുന്ന രംഗം ആ രീതിയിലല്ല താന്‍ അഭിനയിച്ചത്. ആ രീതിയില്‍ അഭിനയിക്കാന്‍ തനിക്കാകില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അതോടെ തന്നോട് സെറ്റില്‍ നിന്നും പോകാനും മറ്റൊരു രംഗത്തിനായി വിളിക്കാമെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീടൊരിക്കലും അവരുടെ വിളി വന്നില്ലെന്നും മേഘന വ്യക്തമാക്കി. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ താന്‍ അഭിനയിക്കാത്ത രംഗത്ത് തന്റെ മുഖം ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായെന്നും ഇവര്‍ പറയുന്നു.

ദിലീപ് ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാല്‍ ക്രിയേഷന്‍സിന്റെ പേരില്‍, സ്ത്രീയെ അപമാനിച്ച കേസുണ്ടായത് വിരോധാഭാസമാണെന്ന് സിനിമ വൃത്തങ്ങളിലെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരാള്‍ വ്യക്തമാക്കി. അതേസമയം മേഘനയ്ക്ക് സിനിമയോടുള്ളത് തീര്‍ത്തും പ്രൊഫഷണലല്ലാത്ത സമീപനമാണെന്നും മോശം അഭിനയമാണ് അവരുടേതെന്നുമാണ് ലാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. അങ്ങനെയാണെങ്കില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ചിത്രത്തില്‍ എന്തിന് ഉള്‍പ്പെടുത്തിയെന്ന ചോദ്യമാണ് മേഘന ഉയര്‍ത്തുന്നത്. ചിത്രത്തില്‍ മേഘനയുടെ ഏതാനും രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നടി അഭിനയിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഭാഗത്ത് ഇവരുടേത് എന്ന രീതിയില്‍ പിന്‍ഭാഗവും വയറും പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇത് തനിക്ക് അങ്ങേയറ്റം അപമാനകരമാണെന്നും അവര്‍ പരാതിയില്‍ പറയുന്നു.

അതേസമയം തന്റെ പരാതി സംവിധായകനും ടെക്‌നീഷ്യന്മാരായ അനൂപിനും അനിരുദ്ധിനും ലാല്‍ ക്രിയേഷനും എതിരെ മാത്രമാണെന്നും ശ്രീനാഥ് ഭാസിയെക്കിതെരെ കേസ് കൊടുത്തിട്ടില്ലെന്നും നടി സ്ഥിരീകരിച്ചു. മേക്ക് അപ്പിനിടയ്ക്ക് തന്റെ മുറിയിലെത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഈ വേഷം ധരിച്ചാല്‍ കുനിയുമ്പോള്‍ എന്തെങ്കിലും കാണാന്‍ പറ്റുമോയെന്ന് കോസ്റ്റ്യൂം ഡയറക്ടറോട് ചോദിച്ചത് തന്നെ ഞെട്ടിച്ചെന്ന് അവര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരു ടാക്‌സിയില്‍ വന്നിറങ്ങുന്ന മേഘനയുടെ കഥാപാത്രം ഡ്രൈവര്‍ ഇറക്കിവച്ച ബാഗുകള്‍ എടുക്കാനായി കുനിയുന്നതാണ് ചിത്രത്തിലെ വിവാദ രംഗം. അതേസമയം ഈ രംഗം ആദ്യം ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നുമാണ് മേഘന ആരോപിക്കുന്നത്. ഇത് അഭിനയിക്കാന്‍ തനിക്കാകില്ലെന്നാണ് അവര്‍ സംവിധായകനോട് പറഞ്ഞത്. തന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നതിനാല്‍ ഈ രംഗം അഭിനയിക്കാനില്ലെന്നായിരുന്നു നടിയുടെ തീരുമാനം.

അതേതുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെടുകയും ഡബ്ബിംഗിന് പോലും വിളിക്കാതിരിക്കുകയും ചെയ്തു. പിന്നീട് ചിത്രം പുറത്തിറങ്ങിയപ്പോഴാണ് തന്നെ ഉപയോഗിച്ച് തന്നെ ഈ രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നടിക്ക് മനസിലായത്. സീനിലെ ബാഗുകളെടുക്കാനായി കുനിയുന്നതും പിന്‍ഭാഗവും വയറും പ്രദര്‍ശിപ്പിക്കുന്നതുമായ ഭാഗം മാത്രം മറ്റൊരു നടിയെ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു. എഡിറ്റ് ചെയ്ത ഈ സീന്‍ കാഴ്ചയില്‍ മേഘനയുടെ ശരീര പ്രദര്‍ശനമാണ്. ഇതാണ് താരത്തെ പ്രകോപിതയാക്കിയതും കേസിലേക്ക് നയിച്ചതും.

ചിത്രം റിലീസ് ചെയ്തതിനു ശേഷവും സംവിധായകനും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും മേഘന ആരോപിക്കുന്നു. പരസ്യമായി മാപ്പ് പറയുകയും ആ രംഗത്തില്‍ അഭിനയിച്ചത് താനല്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നും മേഘന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം 10 ലക്ഷം രൂപ നഷ്ടപരിഹാരമായും ചിത്രത്തില്‍ അഭിനയിക്കുന്നതിന് തരാമെന്നേറ്റിരുന്ന ഒരു ലക്ഷം രൂപയും നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

മേഘന, ലാല്‍ മീഡിയ്ക്കും ലാല്‍ ജൂനിയറിനുമെതിരെ നല്‍കിയ ലീഗല്‍ നോട്ടീസ്‌ (കൊച്ചി പോസ്റ്റ് പ്രസിദ്ധീകരിച്ചത്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍