UPDATES

സിനിമാ വാര്‍ത്തകള്‍

മലയാള സിനിമ ഇപ്പോഴും നായകന്‍മാര്‍ക്കു ചുറ്റും തന്നെയാണ് കറങ്ങുന്നത്: ഹണി റോസ്

‘ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതാണ്’

മലയാളം- തെലുങ്ക്- തമിഴ് സിനിമകളിൽ ശ്രദ്ധേയമായ താരമാണ്
ഹണി റോസ്. മലയാള സിനിമ ഇപ്പോഴും നായകന്മാർക്ക് ചുറ്റും കറങ്ങുകയാണെന്ന് പറയുകയാണ് താരം. ഉയരെ പോലെയുള്ള സ്ത്രീകേന്ദ്രീകൃത സിനിമകളിലും മുൻ നിര നായകന്മാരെ തന്നെയാണ് അഭിനയിപ്പിക്കേണ്ടി വരുന്നതെന്നും ഹണി റോസ് കൂട്ടിചേർത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘നായകന്‍മാര്‍ക്കു ചുറ്റും തന്നെയാണ് ഇപ്പോഴും ഇന്‍ഡസ്ട്രി കറങ്ങുന്നത്. അവര്‍ക്കു മാത്രമേ സാറ്റലൈറ്റ് വാല്യൂ ഉള്ളൂ. ഒരു സിനിമയില്‍ കഥയുടെ ഇതിവൃത്തത്തില്‍ നായകന്‍ മുന്തി നില്‍ക്കണമെന്നു തന്നെയാണ് ബഹുപൂരിപക്ഷം പ്രേക്ഷകര്‍ക്കും താത്പര്യം. അതേസമയം മഞ്ജു ചേച്ചിയും (മഞ്ജു വാര്യര്‍) പാര്‍വതിയും സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഉയരെയില്‍ ആസിഫ് അലിയും ടൊവിനോ തോമസും അഭിനയിച്ചിട്ടുണ്ട്. പാര്‍വ്വതി നല്ല കഴിവുള്ള അഭിനേത്രിയാണ്. എങ്കിലും അത്തരം സിനിമകളില്‍ പോലും മുന്‍നിരയില്‍ നില്‍ക്കുന്ന നായകന്‍മാരെ തന്നെ അഭിനയിപ്പിക്കുന്നു’- ഹണി റോസ് പറയുന്നു

‘എല്ലായിടത്തും ഉള്ള പോലെയുള്ള വിവേചനം ഇവിടെയുമുണ്ട്. അതൊരു സത്യമാണ്. സ്ത്രീ വിവേചനം പ്രമേയമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് എന്റെ അടുത്ത പ്രൊജക്ട്. എഴുത്തുകാരിയും ഡോക്ടറുമായ വീണയാണ് ഈ ആശയം പറഞ്ഞ് എന്നെ സമീപിച്ചത്. മാധ്യമരംഗത്ത് നല്ല പ്രവൃത്തി പരിചയമുള്ളയാളാണ് വീണ. അവര്‍ക്ക് ഈ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ കഥയെക്കുറിച്ചും ഒരോ ഫ്രെയിമിനെക്കുറിച്ചു പോലും അവര്‍ക്കു നല്ല ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് എന്നോടു കഥ വിവരിച്ചു തന്നത്. അതുകൊണ്ടു തന്നെ അവര്‍ കാണാന്‍ ചെന്ന നിര്‍മ്മാതാക്കള്‍ക്കൊക്കെ കഥ നന്നെ ഇഷ്ടപ്പെട്ടു. എന്നാല്‍ പലരും ചോദിച്ച ഒരു ചോദ്യം. അവരൊരു സ്ത്രീയല്ലേ എന്നതായിരുന്നു. ഒരു സ്ത്രീ സംവിധാനം ചെയ്യുന്നുെവന്നത് അവര്‍ക്കൊന്നും വിശ്വസിക്കാനായില്ല. സിനിമാ ബിസിനസും സാറ്റലൈറ്റ് വാല്യൂ ഒന്നും സ്ത്രീകള്‍ക്ക് നോക്കാന്‍ പറ്റില്ല എന്നാണ് ഇന്‍ഡസ്ട്രിയില്‍ തന്നെ പൊതുവെ പറയാറുള്ളത്. ഇന്ന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതാണ്. അതും ലിംഗത്തിന്റെ പേരിലാണ് പലപ്പോഴും വിവേചനം’- ഹണി റോസ് കൂട്ടിചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍