UPDATES

സിനിമാ വാര്‍ത്തകള്‍

ഇപ്പോഴാണ് കൂടുതൽ ചെറുപ്പമായതെന്ന് തോന്നുന്നത്; ‘ലേഡി മമ്മൂട്ടി’ എന്ന വിളി ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമെന്ന് ലെന

’20 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു’

പ്രായമായ അമ്മയുടെ വേഷം മുതല്‍ കോളേജ് കുമാരി വരെ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ നടിയാണ് ലെന.വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഇപ്പോൾ നൂറു സിനിമകൾ തികക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും ലെനയ്ക്ക് പ്രായം കുറഞ്ഞ് വരികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ‘ലേഡീ മമ്മൂട്ടി’ എന്ന വിളിപ്പേരും താരം നേടി കഴിഞ്ഞു. അടുത്ത കാലത്തായി നടന്ന 10 ഇയര്‍ ചലഞ്ച് ചിത്രം കൂടി വന്നതോടെ എല്ലാവരും അക്കാര്യം സ്ഥിരികരിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ നടിയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആരാധകര്‍ കണ്ടെത്തി. എന്നാല്‍ ഈ മമ്മൂട്ടി വിളി അവസാനിച്ചിട്ടില്ല. അക്കാര്യത്തില്‍ ലെന ഒരു വിശദീകരണം നൽകുകയാണ്. ലേഡി മമ്മൂട്ടി എന്ന് വിളിക്കുന്നത് ഒരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് ലെന പറയുന്നത്. ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്’- ലെന പറയുന്നു

‘ഇപ്പോഴാണ് ഞാന്‍ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ വീണ്ടും കൂടുതല്‍ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു’- ലെന കൂട്ടിചേർത്തു

‘ഒന്നുമുതല്‍ നൂറുവരെ എണ്ണിക്കഴിയുമ്പോള്‍ പിന്നെയും ഒന്നുമുതല്‍ എണ്ണാന്‍ തോന്നില്ലേ. ഞാന്‍ ഇപ്പോള്‍ അത്തരമൊരു മാനസികാവസ്ഥയിലാണ്. നൂറ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിനെക്കാള്‍ ഇനി വരാനിരിക്കുന്ന വ്യത്യസ്തമായ പുതിയ കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്’- ലെന പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍