UPDATES

സിനിമാ വാര്‍ത്തകള്‍

‘അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും ഫീൽ ആയിരുന്നു ഓരോരുത്തരുടെയും ഉള്ളിൽ’; ‘വൈറസി’നെ കുറിച്ച് മഡോണ സെബാസ്റ്റ്യൻ

‘വൈറസിൽ ഞങ്ങൾ താരങ്ങളല്ല, മനുഷ്യരായിരുന്നു. ഇത്രയും വലിയൊരു താരനിരയുണ്ടെന്ന ത്രിൽ ആയിരുന്നില്ല സെറ്റില്‍’

നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്. ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ സ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് എന്നുള്ളതും പ്രസക്തമാവുകയാണ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി യുവ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എന്നാൽ വൈറസിൽ ഞങ്ങൾ താരങ്ങളല്ല, മനുഷ്യരായിരുന്നെനും. ഇത്രയും വലിയൊരു താരനിരയുണ്ടെന്ന ത്രിൽ ആയിരുന്നില്ല സെറ്റിലെന്നും പറയുകയാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഡോണ സെബാസ്റ്റ്യൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം വൈറസിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചത്.

‘വൈറസിൽ ഞങ്ങൾ താരങ്ങളല്ല, മനുഷ്യരായിരുന്നു. ഇത്രയും വലിയൊരു താരനിരയുണ്ടെന്ന ത്രിൽ ആയിരുന്നില്ല സെറ്റില്‍. ആ കഥയുടെ ആത്മാവ് ഉൾക്കൊണ്ട് അഭിനയിക്കുകയായിരുന്നു പലരും. നിപ്പ വന്ന സമയത്തെ യാഥാര്‍ഥ്യമുൾക്കൊണ്ടിരുന്നു എല്ലാവരും. അത് കഥയുടെ പ്രത്യേകതയാണോ, സെറ്റിന്‍റെ പ്രത്യേകതയാണോ എന്നറിയില്ല. അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും  ഫീൽ ആയിരുന്നു ഞങ്ങൾ ഓരോരുത്തരുടെയും ഉള്ളിൽ’- മഡോണ സെബാസ്റ്റ്യൻ പറയുന്നു.

‘വൈറസിന്‍റെ ഷൂട്ടിങ്ങ് തീർന്ന ദിവസം ഭയങ്കര സങ്കടം തോന്നി. മെഡിക്കൽ കോളേജ് പരിസരങ്ങളിലാണ് എൻറെ ഭാഗങ്ങൾ കൂടുതലും ഷൂട്ട് ചെയ്തത്. ഞാന്‍ അഭിനയിച്ചുള്ളതിൽ വെച്ച് ഏറ്റവും നല്ല സെറ്റുകളിൽ ഒന്നായിരുന്നു വൈറസിന്‍റേത്. പുതിയ ഒരു സെറ്റിൽ വന്ന് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സാധാരണയായി എടുക്കാറുള്ള സമയമൊന്നും വേണ്ടിവന്നില്ല. അവിടെ എത്തിയപ്പോൾ മുതല്‍ ആ സിനിമയുടെ ഭാഗമായി.

മറ്റു ഭാഷകളിലൊക്കെ അഭിനയിച്ച് തിരികെ എത്തിയപ്പോള്‍ ഉണ്ടായ സന്തോഷം വലുതാണ്. വീട്ടിൽ തിരിച്ചെത്തിയ ആനന്ദം. അഭിനയവും എളുപ്പമായിരുന്നു. അവിടുത്തേതുപോലെ തലേന്ന് ഉറക്കമില്ലാതെ സംഭാഷങ്ങൾ പഠിക്കേണ്ടതില്ല, ഭാഷയുടെ ബുദ്ധിമുട്ടുകളില്ല.. അങ്ങനെ എല്ലാ രീതിയിലും ആസ്വദിച്ച ഷൂട്ട് ആയിരുന്നു’- മഡോണ പറഞ്ഞു.

സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, റഹ്മാൻ, ജോജു, പൂർണിമ ഇന്ദ്രജിത്, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്. ചിത്രം നാളെ വേൾഡ് വൈഡ് റിലീസായി തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍