UPDATES

സിനിമാ വാര്‍ത്തകള്‍

മിഖായേലില്‍ പ്രാധാന്യമുള്ള വേഷമല്ല, മലയാള സിനിമയുടെ കാര്യത്തില്‍ അസ്വസ്ഥയാണ്; മഞ്ജിമ മോഹന്‍

ചില തീരുമാനങ്ങള്‍ ഉണ്ടായിരുന്നു, അതൊന്നും യാഥാര്‍ത്ഥ്യമായില്ല

നിവിന്‍ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ മഞ്ജിമ മോഹന്റെ രണ്ടാമത്തെ മലയാള സിനിമ മാത്രമാണ്. നിവിനൊപ്പം തന്നെ ‘ഒരു വടക്കന്‍ സെല്‍ഫി’ ചെയ്തശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രണ്ടാമതൊരു സിനിമ മഞ്ജിമ മലയാളത്തില്‍ ചെയ്യുന്നതും. ഇതിനിടയില്‍ മറ്റ് ഭാഷകളില്‍ നടിക്ക് ചിത്രങ്ങളുമുണ്ടായിരുന്നു. ഇതര ഭാഷ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ടായിരിക്കും മലയാളത്തില്‍ മഞ്ജിമ സജീവമാകാത്തതെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ദി ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ വ്യക്തമാക്കുന്നത്.

മലയാളത്തില്‍ സിനിമകള്‍ കിട്ടാത്തതില്‍ താന്‍ വളരെ അസ്വസ്ഥയാണെന്നാണ് മഞ്ജിമ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ കണ്ട് വളര്‍ന്നൊരാളാണ് താനെന്നും സിനിമയില്‍ എത്തിയതിനു പിന്നാലെ തന്റെ ആദ്യതീരുമാനം കൊച്ചിയിലേക്ക് താമസം മാറ്റുകയും മലയാളം സിനിമകള്‍ മാത്രം ചെയ്യുക എന്നതുമായിരുന്നുവെന്നും ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്ന മഞ്ജിമ പറയുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെ ഒന്നും സംഭവിച്ചില്ലെന്നാണ് താരം പറയുന്നത്. മറ്റ് ഭാഷകളിലേക്കാള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്നും പറയുന്നു മഞ്ജിമ.

അതേസമയം തന്റെ രണ്ടാമത്തെ മലയാളം ചിത്രമായ മിഖായേലിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. വളരെ സത്യസന്ധമായി തന്നെ പറയാം, മിഖായേലില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കഥാപാത്രമൊന്നും അല്ല; ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍. സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള ഒരു ടീമാണ് മിഖായേലില്‍ ഉള്ളതെന്നും നിവിന്‍ സിനിമയിലെ പ്രധാനഘടകമെന്നും മഞ്ജിമ മോഹന്‍ പറയുന്നു. ബോളിവുഡ്ചിത്രമായ ക്വീനിന്റെ മലയാളം റീമേക്കായ സംസം ഏറെ പ്രതീക്ഷയോടെ മഞ്ജിമ കാത്തിരിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിലെ നായിക വേഷം മലയാളത്തില്‍ മഞ്ജിമയുടെ മാര്‍ക്കറ്റ് ഉയര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍