UPDATES

സിനിമ

ജിംസിയും മലരും രണ്ടുപേരാണ്; നിമിര്‍ അനുഭവങ്ങളുമായി നമിത പ്രമോദ്/ അഭിമുഖം

പ്രിയന്‍ സാര്‍ ഒരു ഫാദര്‍ ഫിഗര്‍, ഉദയനിധി വളരെ ഡൗണ്‍ ടു എര്‍ത്ത്

Avatar

വീണ

ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കര്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ തമിഴ് പതിപ്പാണ് ‘നിമിര്‍’. ഈ മാസം 26-നാണ് ചിത്രത്തിന്റെ റിലീസ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. മലയാളിയായ നമിത പ്രമോദാണ് നായിക. പാര്‍വതി നായരാണ് അനുശ്രീ ചെയ്ത കഥാപാത്രം ചെയ്യുന്നത്. മലയാളത്തിലും തെലുങ്കിലും ചിത്രങ്ങള്‍ ചെയ്തിട്ടുള്ള നമിതയുടെ ആദ്യ തമിഴ് ചിത്രമാണ് നിമിര്‍. ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളുമായി നമിത അഴിമുഖത്തിന് നല്‍കിയ അഭിമുഖം.

മലയാളത്തില്‍ ഹിറ്റ് ചിത്രമെന്ന് മാത്രമല്ല ദേശിയ അംഗീകാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം… അപര്‍ണ ബാലമുരളി മനോഹരമാക്കിയ കഥാപാത്രം… വലിയ വെല്ലുവിളി തന്നെയായിരുന്നില്ലേ?

അങ്ങനെ വെല്ലുവിളിയായിട്ടൊന്നും തോന്നിയില്ല. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ കഥാസാരം മാത്രമാണ് എടുത്തിട്ടുള്ളത്. സിനിമ മൊത്തത്തില്‍ റീമേക്ക് ചെയ്യുകയായിരുന്നില്ല. ആ കഥ തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി റീ ക്രീയേറ്റ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിമിറിന് മഹേഷിന്റെ പ്രതികാരത്തില്‍ നിന്ന് കാതലായ മാറ്റം തന്നെയുണ്ട്. മാത്രമല്ല, മലയാള ചിത്രങ്ങളും തമിഴ് ചിത്രങ്ങളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അവിടെ എക്‌സ്പ്രഷന്‍ കൂടുതലാണ്. കുറച്ചുകൂടി കളര്‍ഫുള്‍ ആയിരിക്കും. അങ്ങനെ ടോട്ടല്‍ ഔട്ട് പുട്ട് വ്യത്യാസപ്പെട്ടിരിക്കും. മലയാളത്തില്‍ റിയലിസ്റ്റിക്കാണ് ചിത്രങ്ങള്‍. പുതിയ ഒരു കഥാപാത്രമായി തന്നെയാണ് ചെയ്തിരിക്കുന്നത്. ആ ഫ്രഷ്‌നെസ് ആ കഥാപാത്രത്തിനുണ്ട്.

നിമിറിലെ കഥാപാത്രം?

കഥാപാത്രത്തിന്റെ പേര് മലര്‍ എന്നാണ്. മലര്‍ തന്റേടിയായിട്ടുള്ള ഒരു പെണ്‍കുട്ടിയാണ്. നമ്മള്‍ പറയില്ലേ കുരുത്തക്കേട് എന്നൊക്കെ, അങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത് മുഴുവനും.

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയും ഇതു പോലെ തന്നെയായിരുന്നില്ലേ?

പക്ഷെ നിമിറിലെ സാഹചര്യങ്ങളും സീനും ഒക്കെ വ്യത്യാസമുണ്ട്. അതുകൊണ്ട് ആ കഥാപാത്രത്തിലും നമുക്ക് ആ വ്യത്യാസം മനസിലാകും. ഏതായാലും ഞാന്‍ ഹാപ്പിയാണ്.

ആദ്യ തമിഴ് ചിത്രം, അതും പ്രിയദര്‍ശനോടൊപ്പം?

ഞാന്‍ ഒക്കെ ജനിക്കും മുമ്പ് തുടങ്ങിയതാണ് സാര്‍ ഈ ഫീല്‍ഡില്‍. മാത്രമല്ല മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്ന ഒട്ടേറെ നല്ല സിനിമകള്‍ തന്നിട്ടുള്ള ഹിറ്റ് മേക്കര്‍. അത്രയും സീനിയര്‍ ആയിട്ടുള്ള ആള്‍. ആദ്യം കണ്ടപ്പോള്‍ പേടിയായിരുന്നു. ആ പൊക്കമൊക്കെ കണ്ടപ്പോള്‍. പക്ഷെ കുറച്ചു നേരം സംസാരിച്ച് കഴിഞ്ഞപ്പോഴാ മനസിലായേ എന്തൊരു സ്വീറ്റാണെന്ന്. കുറെ കാലത്തെ പരിചയമുള്ള പോലെ തോന്നി. പിന്നെ കംഫര്‍ട്ടബിള്‍ ആയി. ഒരു ഫാദര്‍ലി ഫിഗര്‍ എന്നൊക്കെ പറയില്ലേ, അതു പോലെ. ഷൂട്ടിംഗിന്റെ 35 ദിവസവും ഹോം എവെ ഹോം തന്നെയായിരുന്നു. പ്രിയന്‍ സാറിനും അങ്ങനെ ആയിരുന്നു എന്നു പറഞ്ഞു. കല്ല്യാണി (പ്രിയദര്‍ശന്റെ മകള്‍)യുടെ കൂടെ അവധിക്കാലം ആഘോഷിച്ച പോലെ തോന്നുന്നു എന്ന് സാര്‍ പറഞ്ഞപ്പോള്‍ ഞാനും ഹാപ്പിയായി. പക്ഷെ സാര്‍ എങ്ങനെയാ എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സാറിന്റെ കോ-ഓര്‍ഡിനേറ്ററാണ് വിളിച്ച് അച്ഛനോട് സംസാരിച്ചതും ഡേറ്റൊക്കെ ചോദിച്ചതും.

"</p

ഉദയനിധി സ്റ്റാലിനെ കുറിച്ച്?

രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം… വലിയ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമ, തമിഴിലെ വളര്‍ന്ന് വരുന്ന യുവതാരം. പക്ഷെ ഇതൊക്കെയാണെങ്കിലും ഉദയ് ഡൗണ്‍ ടു എര്‍ത്താണ്. ജാഡയോ അഹങ്കാരമോ ഒന്നും ഇല്ല. എല്ലാം തുറന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്… അതുകൊണ്ട് നമ്മളും കംഫര്‍ട്ടബിളാണ് ഉദയ്ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍.

നമിത ഇതുവരെ ചെയ്തതെല്ലാം ഒരു നെക്സ്റ്റ് ഡോര്‍ പെണ്‍കുട്ടി എന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. പക്ഷെ അതില്‍ ഒന്നു പോലും നമിതയുടെ എന്ന് പറയാന്‍ കഴിയുന്നവയല്ല… അത്തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമില്ലേ?

അത് എല്ലാ ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്നതല്ലേ. പക്ഷെ എല്ലായ്‌പ്പോഴും കിട്ടണമെന്നില്ല…അങ്ങനെ കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷെ പ്രതീക്ഷിക്കാറില്ല. പിന്നെ മലയാളത്തില്‍ മിക്കവാറും എല്ലാ യുവതാരങ്ങളുടേയും കൂടെ അഭിനയിക്കാന്‍ സാധിച്ചു. അതൊരു ഭാഗ്യമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കണം എന്നുണ്ട്. അവരൊക്കെ നമ്മുടെ എക്കാലത്തെയും ഫേവറേറ്റ് അല്ലേ. ഇപ്പോഴും ഇവരുടെയൊക്കെ കട്ടഫാനാണ് ഞാന്‍ .പിന്നെ ഈ ലെജെന്‍ഡ്സിന്റെയും കൂടെ അഭിനയിക്കുമ്പോഴല്ലേ നമ്മുടെ ഒരു learning process പൂര്‍ണമാകൂ.

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ ഇറങ്ങുന്ന കാലമാണ്.

ശരിയാണ്. എല്ലാ സിനിമയെയും പറ്റി കേള്‍ക്കുന്നുണ്ടെങ്കിലും മായാനദി മാത്രമാണ് കാണാന്‍ സാധിച്ചത്. എന്തൊരു സിനിമയാണ് അത്. അവരുടെ ലൈഫ്. അപ്പൂന്റെ quality… എന്ത് മനോഹരമായിട്ടാണ് ആ സിനിമ എടുത്തിരിക്കുന്നത്. തീയേറ്റര്‍ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ കൂടെ ഉണ്ടായിരുന്നു അവര്‍. ഇപ്പോള്‍ എന്റെ പ്ലേ ലിസ്റ്റിലെ ഒന്നാമത്തെ പാട്ട് മായാനദിയിലെയാണ്. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ആ സിനിമ.

"</p

തമിഴ്, തെലുങ്ക്, മലയാളം സിനിമകള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍?

മലയാള സിനിമകള്‍ റിയലിസ്റ്റിക് ആണ്. അത് മെയ്ക്ക് അപ്പിലും പാട്ടുകളിലും എല്ലാ രീതിയിലും… തമിഴ് സിനിമ കുറച്ച് കൂടി കളര്‍ ഫുള്‍ ആണ്. തെലുങ്ക് ഇതിന്റെ ഒക്കെ ഒരു എക്‌സ്ട്രീം ആണ്. പിന്നെ മലയാള സിനിമയുടെ സെറ്റ് കുടുംബം പോലെയാണ്. മറ്റ് രണ്ട് ഇന്‍ഡസ്ട്രിയും പ്രൊഫഷണലാണ്. മലയാളത്തിന് സിനിമ ഒരു കല കൂടിയാണെങ്കില്‍ തെലുങ്കിലും തമിഴിലും സിനിമ ഒരു വലിയ ബിസിനസാണ്. ഇതൊക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പക്ഷെ കഴിഞ്ഞ കുറേ നാളുകളായി നമിതയെ മലയാളത്തില്‍ അധികം കാണാറില്ല. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് റോള്‍ മോഡല്‍ വന്നത്?

ഞാന്‍ തെലുങ്കില്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു. പിന്നെ കമ്മാര സംഭവം ഉടനെത്തും. അതൊക്കെ നേരത്തെ തുടങ്ങിയതാണ്. സമയമെടുത്ത് ചെയ്യേണ്ട സിനിമയായിരുന്നു. എങ്കിലും ഇടയില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായി. ഫെബ്രുവരിയില്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെ കഥാപാത്രത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അതൊരു സസ്‌പെന്‍സാണ്. പിന്നെ പ്രൊഫസര്‍ ഡിങ്കന്‍, ആ ചിത്രം നാലു ദിവസം മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ബാക്കി മാര്‍ച്ചില്‍ തുടങ്ങും. രണ്ടിലും ദിലീപ് ആണ് നായകന്‍. ഇപ്പോള്‍ നിമിര്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണ്. പ്രിയന്‍ സാറിന്റെ കുറച്ച് എന്റര്‍ടെയ്‌മെന്റ് എലമെന്റൊക്കെയുള്ള ഒരു നല്ല ചിത്രമാണ് നിമിര്‍. പക്ഷെ നമുക്ക് ഒന്നും ജഡ്ജ് ചെയ്യാന്‍ പറ്റില്ലല്ലോ. ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ മാത്രമേ നമുക്ക് അതിന്റെ റിസള്‍ട്ട് അറിയാന്‍ പറ്റൂ. പ്രതീക്ഷയിലാണ്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍