UPDATES

സിനിമാ വാര്‍ത്തകള്‍

നടി വിജയലക്ഷ്മി ആശുപത്രിയില്‍; ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി

സിനിമയിലെ സുഹൃത്തുക്കള്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും സഹോദരി

മോഹന്‍ലാലിനൊപ്പം ദേവദൂതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരിക്കുന്ന വിജയലക്ഷ്മിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു. ബംഗളൂരു മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടിയുടെ ചികിത്സ ചെലവുകള്‍ തങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ലെന്നും സിനിമയിലുള്ളവരുടെ സഹായം വേണമെന്നും വിജയലക്ഷ്മിയുടെ സഹോദരി ഉഷ ദേവി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. വിജയലക്ഷ്മിയുടെ സുഹൃത്തുക്കളായിരുന്നവര്‍ ഈ അവസ്ഥയില്‍ അവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും സഹോദരി ഉയര്‍ത്തുന്നുണ്ട്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലാണ്.

ബംഗളൂരു സ്വദേശിയായ വിജയലക്ഷ്മി കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് വിജയും സൂര്യയും ഒന്നിച്ച ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പില്‍ ശ്രദ്ധേയമായ വേഷമായിരുന്നു വിജയലക്ഷ്മി ചെയ്തത്. ആര്യ നായകനായ ബോസ് എങ്കിര ഭാസ്‌കറിലും പ്രധാന വേഷം ചെയ്തിരുന്നു. മീസയെ മുറുക്ക് എന്ന ചിത്രമായിരുന്നു തമിഴില്‍ അവസാനം ചെയ്തത്. കന്നഡത്തിലായിരുന്നു തുടക്കം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ സീരിയലുകളിലേക്ക് മാറിയിരുന്നു വിജയലക്ഷ്മി.

നേരത്തെ കന്നഡ നടന്‍ സുര്‍ജന്‍ ലോകേഷുമായി പ്രണയത്തിലായിരുന്നു വിജയലക്ഷ്മി. വിവാഹനിശ്ചയത്തില്‍ വരെയെത്തിയ ഈ ബന്ധം പക്ഷേ തകര്‍ന്നു. ഇതിനുശേഷം തമിഴ് സംവിധായകന്‍ സീമാനുമായി വിജയലക്ഷ്മി അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

അച്ഛന്റെ മരണത്തിനു പിന്നാലെ വിജയലക്ഷ്മി ആത്മഹത്യ ശ്രമം നടത്തിയിരുന്നതായും വാര്‍ത്തകളുണ്ട്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതും വ്യക്തി ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ടതും അവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണവും ഇതൊക്കെയാണെന്നു പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനും കാരണമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍